21 June Friday

പുസ്‌തക പ്രസാധനരംഗത്തെ സ്‌ത്രീമുന്നേറ്റം

കെ ബിജി ബാലകൃഷ്‌ണൻUpdated: Tuesday Jan 8, 2019


പെൺകൂട്ടായ്മയിലൂടെ രൂപം കൊണ്ട ലോകത്തിലെതന്നെ ആദ്യത്തെ പുസ്തകപ്രസാധന വിതരണ വിഭാഗമായ ‘സമത’  പെൺതിയറ്റർരംഗത്തു മാത്രമല്ല, നവോത്ഥാന കേരളത്തിന്റെ വീണ്ടെടുപ്പിനുവേണ്ടിയും പ്രവർത്തിക്കുന്നു. ഓർമ്മക്കുറിപ്പുകൾ, ആത്മകഥ, ജീവിതരേഖ, പഠനം/ചരിത്രം, ഗോത്രസ്മൃതി, കഥകൾ, ജനകീയഗാനങ്ങൾ, ബാലസാഹിത്യം, പ്രകൃതിപാഠം തുടങ്ങി സമസ്ത മേഖലകളിലും സമതയുടെ കൈയൊപ്പുണ്ട്. ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ, കൃതി പുസ്തകോത്സവം തുടങ്ങി അന്താരാഷ്ട്ര നിലവാരമുള്ള പുസ്തകോത്സവങ്ങളിലൊക്കെ സമതയ്ക്ക് സ്റ്റാളുകളുണ്ട്. വടകര സ്വദേശിനിയായ പ്രൊഫ. ടി എ ഉഷാകുമാരി തൃശൂരിന്റെ പുത്രിയായി മാറിയതോടെ അങ്ങനെ ‘സമത’ എന്ന കൂട്ടായ്മയും രൂപം കൊണ്ടു.

സവിശേഷമായ സാമൂഹിക ഇടപെടലുകൾകൊണ്ടും സംസ്കാരം കൊണ്ടും സ്ത്രീ മുന്നേറ്റ രംഗത്ത്് 1987 മുതൽ 1997 വരെ തൃശൂർ കേന്ദ്രമായി കലാപ്രവർത്തനം നടത്തിയ പെൺതിയറ്റർ ഗ്രൂപ്പായിരുന്നു "സമത'. കോളേജ് പഠനകാലത്ത് തന്നെ വിദ്യാർഥി രാഷ്ട്രീയത്തിന്റെ സജീവപ്രവർത്തകയായിരുന്നു ഉഷാകുമാരി. പിന്നീട് എസ് എഫ് ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി മെമ്പറുമായി. ബ്രണ്ണൻ കോളേജിൽനിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി കേരള വർമ്മ കോളേജിൽ ചരിത്ര ഡിപ്പാർട്ട്മെന്റിലെ അധ്യാപികയായി.

സ്ത്രീ‐പ്രകൃതി‐ദളിത് പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയ സമതയുടെ പ്രവർത്തനങ്ങൾ തികച്ചും വൈവിധ്യമേറിയതും വിപ്ലവാത്മകവുമായിരുന്നു. കേരളത്തിലെ പ്രധാന തീയേറ്റർ സംഘങ്ങളുമായും സാമൂഹികകൂട്ടായ്മയുമായും സമത ബന്ധം പുലർത്തി. സമകാലിക സ്ത്രീ പ്രശ്നങ്ങളെ ഗൗരവപൂർണവും വിമോചനാത്മകവുമായി നോക്കിക്കണ്ടു. ഇതിന്റെ ഭാഗമായി കുട്ടികളെയും സ്ത്രീകളെയും സമുദ്ധരിക്കാൻ അനേകം നാടകങ്ങളും രംഗത്ത് ആവിഷ്കരിച്ചു. 1998‐ൽ കോലഴി നാടകപഠനക്യാമ്പിൽ 10 ദിവസം നീളുന്ന നാടകപ്രവർത്തനങ്ങളുടെ ഭാഗമായി അവതരിപ്പിച്ച സ്ത്രീനാടകങ്ങൾ  ജനശ്രദ്ധ ആകർഷിച്ചു. അതിലെ നാടകഗാനങ്ങൾ ഏറെ ജനപ്രിയമായി.

ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് സാഹിത്യസാംസ്കാരികരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച 29 സ്ത്രീകൾ ഒത്തുചേർന്ന് ‘എ കളക്ടീവ് ഫോർ ജന്റർ ജസ്റ്റീസ്’ രൂപീകരിക്കുന്നത്. ലിംഗനീതിക്കുവേണ്ടിയുള്ള ഈ കൂട്ടായ്മയിലാണ് സമത പുസ്തകപ്രസാധനവും വിതരണവും ഏറ്റെടുക്കുന്നത്. പുസ്തകവില്പനയിലൂടെ സമാഹരിക്കപ്പെടുന്ന തുകയിൽനിന്ന് 1,000 രൂപ വീതം രണ്ട് പ്രതിമാസപെൻഷനുകൾ തുടങ്ങി.  മുക്കാട്ടുകര‐നെല്ലങ്കര കർഷകസമരനായിക ഇറ്റ്യാനത്തിനും 1948‐ൽ "തൊഴിൽകേന്ദ്രത്തിലേക്ക്' എന്ന അന്തർജനങ്ങളുടെ നാടകത്തിലഭിനയിച്ച കാവുങ്കര ഭാർഗ്ഗവിയമ്മയ്ക്കുമുള്ള പെൻഷൻ. ഏകദേശം 60 പുസ്തകങ്ങൾ സമതയിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരണലാഭമെല്ലാം സാമൂഹിക സേവനങ്ങൾക്ക് വിനിയോഗിക്കുന്നു.

"തൊഴിൽകേന്ദ്രത്തിലേക്ക്' എന്ന പുസ്തകം പ്രൊഫ. ടി കെ ഉഷാകുമാരി എഡിറ്റ് ചെയ്തുകൊണ്ടാണ് സമതയുടെ പുസ്തകപ്രസാധനം ആരംഭിക്കുന്നത്. "തൊഴിൽ കേന്ദ്രത്തിലേക്ക്' എന്ന നാടകം ആരുമറിയാതെ അനേകം നാളുകളായി ഇരുട്ടിലായിരുന്നു. ഡോ. എൻ ആർ  ഗ്രാമപ്രകാശ് കണ്ടെടുത്ത ഈ നാടകം ഉഷാകുമാരി എഡിറ്റ് ചെയ്തതോടെ സ്ത്രീ നാടകവേദിക്കും സ്ത്രീ മുന്നേറ്റ പ്രവർത്തനങ്ങൾക്കും ഒരു പ്രചോദനമായി. അതിന്റെ വിജയമാണ് മറ്റു പുസ്തകങ്ങളുടെ പ്രസാധനത്തിന് വിളക്കായത്. സമത പ്രസിദ്ധീകരിച്ച കെ രാജഗോപാലിന്റെ "ചുകന്ന റോസയ്ക്ക്' അബുദാബി ശക്തി അവാർഡ് ലഭിച്ചിട്ടുണ്ട്. സാഹിത്യചരിത്രത്തിൽ അർഹിക്കുന്ന പ്രാധാന്യത്തോടെ അടയാളപ്പെടുത്താതെ പോയ കഥാകാരി വസന്തയുടെ ഓർമ്മയ്ക്കായി ‘വസന്തസ്മൃതി കലാലയകഥകൾ’ എന്ന പേരിൽ 2017‐ൽ തിരഞ്ഞെടുക്കപ്പെട്ട 20 കഥകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. മികച്ച ഒരു ക്യാമ്പസ് കഥയ്ക്ക് 10000 രൂപയുടെ വസന്തസ്മാരക ക്യാമ്പസ് കഥാപുരസ്കാരവും ഏർപ്പെടുത്തി. 2018‐ൽ സമത ലോകാദരണീയശാസ്ത്രജ്ഞൻ ഡോ. കെ എസ് മണിലാലിന് ജൈവജാഗ്രത പുരസ്കാരവും നൽകി.

2019‐ൽ സമത മൂന്ന് പുരസ്കാരങ്ങൾ നൽകാനാണ് ഉദ്ദേശിക്കുന്നത്. വങ്കാരിമാതായിയുടെ ഓർമ്മയ്ക്കായി ജൈവവൈവിധ്യസംരക്ഷകരായ വ്യക്തികൾക്ക് അഖിലേന്ത്യാ അടിസ്ഥാനത്തിൽ ജൈവസമൃദ്ധി പുരസ്കാരം,  ഡോ. കെ. എസ് മണിലാലിന്റെ ബഹുമാനാർത്ഥം കേരളത്തിലെ യൂണിവേഴ്സിറ്റി ‐ കോളേജ് നാഷണൽ ക്ലബുകൾക്കും സയൻസ് ഫോറങ്ങൾക്കും ജൈവജാഗ്രതാപുരസ്കാരം, ഇട്ടി അച്ചുതൻ വൈദ്യരുടെ ഓർമ്മക്കായി ഹൈസ്കൂൾ‐ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്ക് ജൈവകീർത്തി  പുരസ്കാരവും നൽകാൻ തീരുമാനിച്ചിരിക്കുന്നു.

പ്രൊഫ. ടി എ ഉഷാകുമാരി 1995‐2001 കാലയളവിൽ കേരളസംഗീതനാടക അക്കാദമിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായിട്ടുണ്ട്. കേരള സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ കൗൺസിലിലും കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസിലും അംഗമായിരുന്നു. കോസ്റ്റ് ഫോർഡിന്റെ ഉപദേശകസമിതിയിലും കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണാർത്ഥം സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ആസൂത്രണകമ്മീഷനിലും പ്രധാന അംഗമായിരുന്നു. മുസരീസ് പൈതൃക പ്രോജക്ട് അംഗം, കേരളസ്റ്റേറ്റ് റസ്ക്യൂ സെന്ററിലെ അംഗം എന്നീ നിലകളിലും സജീവസാന്നിധ്യം പുലർത്തി. കൂടാതെ പുരോഗമന കലാ സാഹിത്യസംഘത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗവും വനിതാ സാഹിതിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും ആയിരുന്നു.

ഭർത്താവ് കെഎസ്ഇബി റിട്ട. ചീഫ് എൻജിനീയർ പത്മരാജൻ, ഐ ടി രംഗത്ത് പ്രവർത്തിക്കുന്ന രണ്ട് ആൺമക്കൾ എന്നിവരും ടീച്ചറിന്റെ പ്രവർത്തനങ്ങൾക്ക് തുണയേകുന്നു. അധ്യാപകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും അവരുടെ കർത്തവ്യങ്ങളെക്കുറിച്ചും വിലയിരുത്തുന്ന അക്കാദമിക് സമൂഹത്തിനും സാമൂഹികപ്രവർത്തകർക്കും ഒരു മാതൃക തന്നെയാണ് പ്രൊഫ. ടി എ ഉഷാകുമാരിയുടെ പ്രവർത്തനങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top