26 April Friday

ഓളങ്ങളെ നോവിക്കാതെ സ്വാലിഹ തുഴയട്ടെ

രാജേഷ് കടന്നപ്പള്ളി rajeshkadannappally@gmail.comUpdated: Sunday Jul 3, 2022

സ്വാലിഹയുടെ ജലയാത്രകൾ സാഹസികമാണ്. പൂവും പൂമ്പാറ്റയും കാടും മേടും ആസ്വദിക്കേണ്ട കാലത്ത് തുഴഞ്ഞും നീന്തിയും ആനന്ദിക്കുന്ന സ്വാലിഹ. പുഴ മലിനീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും നീന്തിയും കയാക്കിങ്ങിലൂടെയും ബോധവൽക്കരണം നടത്തുന്ന കൊച്ചു മിടുക്കി അടുത്തിടെ അറബിക്കടലിനെയും കയാക്കിങ്ങിലൂടെ കീഴടക്കി. ആർത്തലച്ച തിരമാലകളും വീശിയടിച്ച കടൽക്കാറ്റും നിശ്ചയദാർഢ്യത്തിനു മുന്നിൽ തോറ്റു. പഴയങ്ങാടി വാടിക്കൽക്കടവിലിൽനിന്നാണ് സ്വാലിഹ യാത്ര തുടങ്ങിയത്. മാട്ടൂൽ അഴിമുഖം കടന്ന് 15 കീലോമീറ്റർ അറബിക്കടലിലൂടെ തുഴഞ്ഞു.

ചുട്ടാടും പാലക്കോടും കടന്ന് ആരംഭകേന്ദ്രമായ വാടിക്കൽ കടവിൽ തിരിച്ചെത്തി.  സാഹസിക ടൂറിസത്തിന്റെ അനുപമ മാതൃകയായി മാറിയ മിടുക്കിയെ ടൂറിസംമന്ത്രി മുഹമ്മദ് റിയാസ് വിളിച്ച് അഭിനന്ദിച്ചു. ജലസമൃദ്ധിയും പൈതൃക പെരുമയും പേറുന്ന സുൽത്താൻ കനാലും പഴയങ്ങാടി പുഴയുടെ സംരക്ഷണവുമാണ് യാത്രകളുടെ ലക്ഷ്യം. ചരിത്ര പ്രസിദ്ധമായ പഴയങ്ങാടി സുൽത്താൻ കനാലിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെയായിരുന്നു ആദ്യ ഉദ്യമം. കവ്വായിക്കായലിൽനിന്ന്‌ സുൽത്താൻതോടുവരെ 15 കിലോമീറ്റർ നീന്തി. ജലാശയങ്ങളെ മാലിന്യമാക്കരുതെന്ന സന്ദേശം എഴുതിയ വസ്ത്രമണിഞ്ഞായിരുന്നു നീന്തൽ.     
അഞ്ചാമത്തെ വയസ്സിൽ നീന്തൽ പഠിച്ചതോടെ സ്വാലിഹ ജലയാത്രകൾക്കും ആരംഭംകുറിച്ചു. അച്ഛൻ ഏണ്ടിയിൽ റഫീഖിന്റെ കൈവശമുണ്ടായിരുന്ന കയാക്കിങ് ബോട്ടിലായിരുന്നു പരിശീലനം.

ജില്ലാ മൗണ്ടനിറിങ് ക്ലബ്ബിന്റെ സെക്രട്ടറിയായ റഫീഖ് മകളുടെ സാഹസിക പ്രണയത്തിന് കൂടെ നിൽക്കാൻ കാരണമുണ്ട്. മലബാർ അഡ്വഞ്ചർ ടൂറിസത്തിന്റെ ഭാഗമായി കാഞ്ഞിരക്കൊല്ലിയിൽ കുട്ടികൾക്കായി മലകയറ്റം സംഘടിപ്പിച്ചു. കുറെ കുട്ടികൾ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും രക്ഷിതാക്കൾ വഴങ്ങിയില്ല. കുട്ടികൾ  സംഘാടകരെ വിളിച്ച്  രക്ഷിതാക്കളുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. "നിങ്ങട കുട്ടികളെ കൂട്ടിക്കോളൂ... നമ്മുടെ കുട്ടികളെ വിട്ടേക്കൂ’ എന്ന രക്ഷിതാക്കളുടെ പ്രതികരണം മനസ്സിൽ ഉടക്കി. അന്ന് പരിഹസിച്ചവർക്കുള്ള മറുപടികൂടിയാണ് സ്വാലിഹയുടെ വിസ്മയത്തിനു പിന്നിൽ.

റോളർ സ്കേറ്റിങ്ങിലൂടെ 2015ൽ പയ്യന്നൂരിൽനിന്ന്‌ പഴയങ്ങാടിയിലേക്ക് സ്വാലിഹ പരിസ്ഥിതി സന്ദേശയാത്ര നടത്തി. വഴിയോരങ്ങളിൽ വൃക്ഷത്തൈ വച്ചുപിടിപ്പിച്ചു. ജലാശയങ്ങൾ മലിനമായി കിടക്കുന്നത് മനസ്സിനെ നോവിച്ചപ്പോൾ കയാക്കിങ് ബോട്ടുമായി ജലാശയ സംരക്ഷണ യാത്രകൾക്കും തുടക്കംകുറിച്ചു.  2020ൽ പയ്യന്നൂർ പാലക്കോട്ടുനിന്ന്‌ പഴയങ്ങാടിയിലേക്കും  മുട്ടം പാലക്കോട്ടുനിന്ന് സുൽത്താൻതോടു വഴി പഴയങ്ങാടിയിലേക്കുമായിരുന്നു കയാക്കിങ്. ആ വർഷം സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്‌കാരവും ലഭിച്ചു. സിബിഎസ്ഇ അഞ്ചാം ക്ലാസ്‌ പരിസ്ഥിതി പഠനത്തിൽ സ്വാലിഹയുടെ സാഹസികതയും പരിസ്ഥിതി സ്നേഹവും പാഠഭാഗമാണ്. നീന്തലിൽ രാജ്യത്തിനുവേണ്ടി മെഡൽ നേടണമെന്നാണ് ആഗ്രഹം. ദിവസവും രണ്ടു മണിക്കൂർ മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാല നീന്തൽക്കുളത്തിൽ പരിശീലനം നേടുന്നു. ഏഴോം കൊട്ടിലയിൽ താമസിക്കുന്ന സ്വാലിഹ പഴയങ്ങാടി വാദിഹുദ സ്കൂൾ ഒമ്പതാം ക്ലാസ്‌ വിദ്യാർഥിയാണ്. ഉമ്മ ജാസ്മിൻ. ആറാം ക്ലാസുകാരി സമീഹയും നാലു വയസ്സുകാരൻ മുഹമ്മദ് സ്വബാഹും സഹോദരങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top