06 June Tuesday

സൂസമ്മ പൊളിയാണ്; അറിഞ്ഞിരിക്കണം അതിജീവന കഥ

ആനി അന്ന തോമസ് anieannathomas3@gmail.comUpdated: Sunday May 15, 2022

ഫോട്ടോ: സനൂപ്‌ സാം മാത്യു

എന്തിന്റെയെങ്കിലുംപേരിൽ നിങ്ങളെ ആളുകൾ മാറ്റിനിർത്താറുണ്ടോ? മറ്റുള്ളവരുടെ വാക്കുകളിൽ നിരാശരായി എല്ലാം അവസാനിപ്പിച്ച്‌  തളർന്നിരുന്നിട്ടുണ്ടോ? ഒരിക്കലും വിജയിക്കാനാകില്ലെന്ന്  സ്വയം കുറ്റപ്പെടുത്താറുണ്ടോ? ഒന്ന്‌ ഉയിർത്തെണീക്കാൻ പ്രചോദനമാകുന്നൊരു അതിജീവന കഥ കേൾക്കാൻ ആ​ഗ്രഹിക്കുന്നവരാണോ? എങ്കിൽ തീർച്ചയായും സൂസൻ എബ്രഹാമിന്റെ കഥ അറിഞ്ഞിരിക്കണം. സോഷ്യൽ മീഡിയ ജീവികൾക്ക് സൂസനെ പരിചയമുണ്ടാകും. സൂസമ്മ ടോക്‌സ്‌ എന്ന യുട്യൂബ് ചാനലിലും ഇൻസ്റ്റ​ഗ്രാമിലും ഫെയ്‌സ്ബുക്കിലും  ഇം​ഗ്ലീഷ് പഠിപ്പിക്കുന്ന സൂസന് ലക്ഷക്കണക്കിനാണ്‌ ഫോളോവേഴ്‌സ്‌.   

ബാഹ്യസൗന്ദര്യത്തിന്റെ പേരിൽ  ഒരുപാടുകാലം മാറ്റിനിർത്തപ്പെട്ട ഒരു ഭൂതകാലം സൂസനുണ്ടായിരുന്നു. ബാഹ്യസൗന്ദര്യമെന്ന്‌ ഉദ്ദേശിക്കുന്നത് വേഷവിധാനമല്ല, വണ്ണമാണ്. തടി കൂടിയവരെ കാണുമ്പോൾ തന്നെ ഭൂരിഭാ​ഗം പേർക്കും  ശ്വാസംമുട്ടലാണ്. ഇത്തരക്കാർ ഒപ്പമുണ്ടായാൽ എന്തോ അധികച്ചെലവ്‌ ഉണ്ടാകുന്നതുപോലെ. റസ്റ്റോറന്റിൽ പോകുമ്പോൾ കൂടുതൽ ഭക്ഷണം കഴിക്കുമോ, ഒപ്പംനടത്തുമ്പോൾ നാണക്കേടാകുമോ എന്നിങ്ങനെ ഭയം. ചെറുപ്പംമുതൽ ഇത്തരം ഭയങ്ങളെയും അവ​ഗണനകളെയും അതിജീവിച്ചാണ് താനിതുവരെ എത്തിയതെന്ന് സൂസൻ പറയുന്നു.  അധ്യാപകർ, ഒപ്പംപഠിച്ചവർ, എന്തിന് വഴിയിൽ കാണുന്നവർ പോലും ശരീരപ്രകൃതത്തിന്റെ പേരിൽ അപമാനിച്ചിട്ട് പോകുന്നൊരു കാലമുണ്ടായിരുന്നു.    

എന്നാൽ, ഇന്ന് അതേ രൂപംകൊണ്ടുതന്നെ ഇന്ന് നിരവധി മലയാളികളുടെ മനസ്സിൽ സൂസൻ ഇടംനേടിക്കഴിഞ്ഞു. ജ്വല്ലറികളുടെയും തുണിക്കടകളുടെയും മോഡലായത്‌ വണ്ണംകുറച്ച് "മെലിഞ്ഞു സുന്ദരി’യായതിനു ശേഷമായിരുന്നില്ല. സൂസൻ മുമ്പ്‌ എങ്ങനെയാണോ, അങ്ങനെ തന്നെയാണ്‌ ഇപ്പോഴും, മാറിയത് മനോഭാവമാണ്. ആദ്യം സ്വന്തം മനോഭാവം മാറ്റി, അതിനൊപ്പം സൂസനെ കാണുന്നവരുടെ മനോഭാവവും മാറി. 

ബാഹ്യരൂപത്തിന്റെ പേരിൽ സമൂഹം നമ്മളെ എന്താക്കിമാറ്റാൻ ശ്രമിക്കുന്നുവോ അതാകാൻ നമ്മളും തയ്യാറാകുന്നതാണ് പ്രശ്നം–- സൂസൻ  പറയുന്നു. ഒരുപാട് കഴിവ് ഉണ്ടായിട്ടും സമൂഹം എന്തുകരുതും എങ്ങനെ പ്രതികരിക്കും എന്നൊക്കെ ചിന്തിച്ച് വായടച്ചിരുന്നു. എത്ര നല്ല വസ്‌ത്രം ധരിച്ചാലും മുഖത്ത് എപ്പോഴും ആത്മവിശ്വാസക്കുറവ് മുഴച്ചുനിൽക്കും. ആളുകളുടെ മുന്നിൽ തോറ്റുകൊടുക്കലാണ് അത്.  തോൽവി മണക്കുമ്പോൾ ചുറ്റുമുള്ളവർക്ക് നമ്മെ ചവിട്ടിമെതിക്കാനുള്ള ആവേശം കൂടും. ഇതൊക്കെ അനുഭവിച്ചയാളാണ് താൻ. കുറ്റപ്പെടുത്തുന്നവരുടെയും മാറ്റിനിർത്തുന്നവരുടെയും നിർവചനങ്ങളിലെ നമ്മളല്ല യഥാർഥ നമ്മളെന്ന് തെളിയിക്കുകയാണ് വേണ്ടത്. തന്റെ ശരീരപ്രകൃതിയിലൂടെ തന്നെയാണ് താനിന്ന് അറിയപ്പെടുന്നതെന്ന് സൂസൻ പറയുന്നു. തടി ഒരു പ്രശ്നമായി മാറുന്നത് അത് നമ്മുടെ ആരോ​ഗ്യത്തെ ബാധിക്കുമ്പോഴാണ്, അല്ലാത്തപക്ഷം അതൊരു അലങ്കാരമാണ്‌.

നർമംനിറച്ച ഇംഗ്ലീഷ്‌ പാഠങ്ങൾ
നവമാധ്യമങ്ങളിലൂടെ ഇം​ഗ്ലീഷ് പഠിപ്പിക്കുന്ന ഒരുപാട് പേരുണ്ട്. എന്നാൽ, അവർക്കിടയിൽ സൂസൻ വ്യത്യസ്‌തയാകുന്നത് അവതരണശൈലി കൊണ്ടാണ്. നർമവും വിമർശവും നിത്യജീവിതത്തിലെ സാഹചര്യങ്ങളുമൊക്കെ കോർത്തിണക്കി വീഡിയോകൾ തയ്യാറാക്കാൻ സൂസന് ധൈര്യമായത് ഭർത്താവും വ്ളോഗറുമായ മാർക് ആന്റണിയാണ്. ആളുകൾക്കിടയിൽ താനൊരു കോമാളിയാകുമോ എന്ന ഭയത്തിന്റെ തുടക്കത്തിൽ ആന്റണിയുടെ ഉപദേശങ്ങളെ സൂസൻ തള്ളിക്കളഞ്ഞു. എന്നാൽ, ഭാര്യയുടെ കഴിവു തിരിച്ചറിഞ്ഞ അദ്ദേഹം പിന്മാറാൻ തയ്യാറായില്ല. 

നിർബന്ധത്തിനു വഴങ്ങിയാണ് വീഡിയോകൾ ചെയ്യാൻ തുടങ്ങിയത്‌.  അതിനു കിട്ടിയ പ്രോത്സാഹജനകമായ പ്രതികരണങ്ങൾ അതുവരെ സൂസന്റെ  ഉള്ളിൽ തന്നെക്കുറിച്ച് ഉണ്ടായിരുന്ന മോശം ചിത്രത്തെ മാറ്റിമറിച്ചു.  കുറ്റപ്പെടുത്തൽ ഉണ്ടാക്കിയ മുറിവുകളെ അത് ഉണക്കാൻ തുടങ്ങി. തന്റെ വിജയത്തിനു പിന്നിലെ ഏറ്റവും വലിയ കാരണം മാർക് ആന്റണിയാണെന്ന് സൂസൻപറയുന്നു. ഒപ്പം ഏതു സാഹചര്യത്തിലും കൂടെനിൽക്കാൻ തയ്യാറായ കുറച്ചു സുഹൃത്തുക്കൾ, ഒരുപാട് സഹായിച്ചിട്ടും ഇനിയൊരിക്കൽക്കൂടി സഹായം അഭ്യർഥിച്ച് ചെല്ലുമ്പോഴും കൈനീട്ടി സ്വീകരിക്കുന്നവർ, അവരാണ് എന്നും ധൈര്യം.

സൂസൻ‌ മറ്റുള്ളവർക്ക് ‌പാഠമാണ്. അവ​ഗണനകളെ  കരുത്താക്കാമെന്ന് ഇവരുടെ ജീവിതം പഠിപ്പിക്കും. ഓരോ തവണ മാറ്റിനിർത്തപ്പെടുമ്പോഴും നമ്മൾ കൂടുതൽ പ്രതീക്ഷയോടെ ശക്തരായി മുന്നോട്ടുതന്നെ പോകണം. എനിക്ക്‌ ഇങ്ങനെയൊക്കെ ജീവിച്ചാൽ മതിയെന്നു ചിന്തിച്ച് ഒരിക്കലും ഒരു സാഹചര്യത്തിലും ഉറച്ചുപോകരുത്. ഇനിയും ഒരുപാട് മുന്നോട്ടു പോകാനുണ്ടെന്ന് ചിന്തിക്കണം. എപ്പോഴും സ്വയം നവീകരിച്ചുകൊണ്ടിരിക്കണം, നിങ്ങൾ വിജയിക്കുകതന്നെ ചെയ്യും–-സൂസൻ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top