09 June Friday

സുൽത്താന രാജകുമാരിക്ക്‌ ‘കണ്ണുനീരിനിയും ബാക്കി’

ഗീത അരിക്കാട്ട്Updated: Tuesday Oct 16, 2018

സൗദി അറേബ്യ – പുരുഷനും കാറ്റിനും മാത്രം പൂര്‍ണ സ്വാതന്ത്ര്യം ലഭ്യമായിരുന്ന നാട്. എണ്ണപ്പണം നല്‍കിയ ആധുനികതയുടെ പകിട്ട് വളരെയുണ്ടെങ്കിലും സ്ത്രീ സ്വാതന്ത്ര്യം ഇപ്പോഴും ഒമ്പതാം നൂറ്റാണ്ട് വിട്ട് കടന്നിട്ടില്ല. ബഹുഭാര്യാത്വം സാധാരണം... അങ്ങനെ ആര്‍ക്കും വേണ്ടാത്തവരായി പിറക്കുന്ന പെണ്‍കുട്ടികള്‍ക്ക് കുടുംബം തന്നെ തീര്‍ക്കുന്ന വിലങ്ങുകള്‍ ഒട്ടേറെ...

സൗദി അറേബ്യയിലെ സുൽത്താന അൽ സൗ ഉദ് രാജകുമാരി,    തന്റെ  കഥ എഴുതിക്കുകയുണ്ടായി. രാജകുമാരി....അറിയില്ലേ...? ഉന്നതസ്ഥാനീയ, അളവറ്റ സമ്പത്തിനുടമ. എങ്കിലും ചിലരുടെ ജന്മനിയോഗം സ്വയമറിയാതെ തന്നെ നിറവേറ്റപ്പെടും. അതിന്റെ ഭാഗമെന്നോണം, എഴുതിപ്പിച്ച സ്വന്തം ജീവചരിത്ര പരമ്പരയിലെ മൂന്നാമത്തെ പുസ്തകം: “ കണ്ണുനീരിനിയും ബാക്കിയുണ്ട്” എന്ന പേരിൽ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച വിവര്‍ത്തനം, ആരുടെ മനസ്സിനെയും ചുട്ടു പൊള്ളിക്കുന്ന യാഥാര്‍ത്ഥ്യങ്ങൾ. സ്ത്രീ സമത്വത്തിന്റെ വഴിയിൽ പത്തിലേറെ പുസ്തകങ്ങൾ എഴുതിക്കഴിഞ്ഞ   ജീൻ സാസ്സൺ ആണ്‌ പുസ്‌തകം എഴുതിയത്‌. ഏറെയും ബെസ്റ്റ് സെല്ലറുകൾ!.  

സൗദി അറേബ്യ – പുരുഷനും കാറ്റിനും മാത്രം പൂര്‍ണ സ്വാതന്ത്ര്യം ലഭ്യമായിരുന്ന നാട്. എണ്ണപ്പണം നല്‍കിയ ആധുനികതയുടെ പകിട്ട് വളരെയുണ്ടെങ്കിലും സ്ത്രീ സ്വാതന്ത്ര്യം ഇപ്പോഴും ഒമ്പതാം നൂറ്റാണ്ട് വിട്ട് കടന്നിട്ടില്ല. ബഹുഭാര്യാത്വം സാധാരണം... അങ്ങനെ ആര്‍ക്കും വേണ്ടാത്തവരായി പിറക്കുന്ന പെണ്‍കുട്ടികള്‍ക്ക് കുടുംബം തന്നെ തീര്‍ക്കുന്ന വിലങ്ങുകള്‍ ഒട്ടേറെ... ( അച്ഛനമ്മമാര്‍ക്കു പോലും മകള്‍ വേണ്ട; മകന്‍ മതി; ). ഇതെല്ലാം ലോകം അറിയണം ; മാറ്റം ഉണ്ടാകണം എന്നതായിരുന്നു സുൽത്താന രാജകുമാരിയുടെ ലക്‌ഷ്യം. അത്യധികം സങ്കീർണ്ണവും യാതനാപൂര്‍ണ്ണവുമായ സാമൂഹിക വ്യവസ്ഥയിൽ നിന്ന് ഒരു മാറ്റം... ഒട്ടും എളുപ്പമല്ല അത് എന്ന് അവര്‍ക്കറിയാം. പക്ഷെ മാറ്റം അനിവാര്യമാണ്.

 ഇപ്പോഴേ പറയട്ടെ; സൗദിയിൽ ഇന്ന് ഡോക്ടർ, വ്യാപാരി, ഉദ്യോഗസ്ഥ, സാമൂഹ്യ പ്രവര്‍ത്തക തുടങ്ങിയ സ്ഥാനങ്ങളിൽ അന്നാട്ടുകാരായ സ്ത്രീകളുണ്ട്. തന്റെ വിവാഹത്തെ കുറിച്ച് അഭിപ്രായം പറയുന്ന പെൺകുട്ടികളുമുണ്ട് അവിടെ. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയും, വിദ്യാഭ്യാസം നല്‍കിയും, മാറുന്ന ലോകത്തിന്റെ  പുരോഗതിക്കൊപ്പം  നാട്ടിലെ സ്ത്രീജനങ്ങളെക്കൂടി പ്രാപ്തരാക്കുകയും അതിന് വേണ്ടി തന്റെ സമ്പത്ത് വിനിയോഗിക്കുകയും ചെയ്യുന്ന രാജകുമാരി, ഒരു സുൽത്താനയിൽ മാത്രം ഒതുങ്ങുന്നുമില്ല. വിശാലവീക്ഷണത്തോടെ, ക്രിയാത്മകമായ മാറ്റങ്ങൾ തങ്ങളുടെ നാട്ടിൽ കൊണ്ടുവരാനും പഠിപ്പുള്ള സ്ത്രീകള്‍, വീടിനും നാടിനും സമ്പത്താകും എന്ന ധാരണ സമൂഹത്തിൽ ഉരുത്തിരിയാനും അനവധി രാജകുടുംബാംഗങ്ങൾ യത്നിച്ചിട്ടുണ്ട്; ശ്രമം തുടരുന്നുമുണ്ട്. അതുല്യമായ വ്യക്തിത്വത്തിനവകാശിയായ അബ്ദുള്ള രാജാവ്‌, രാജ്യത്തിന്റെ  പുരോഗതിക്കു ചുക്കാന്‍ പിടിച്ചു. അദ്ദേഹം സ്ത്രീകളെ സംബന്ധിക്കുന്ന വിഷയങ്ങള്‍ക്ക്‌ മുന്തിയ പരിഗണന നല്‍കുകയും അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തു പോന്നു. അതിന്റെ  തുടര്‍ച്ചയാണ് സ്ത്രീകള്‍ക്ക് വാഹനമോടിക്കാൻ സമ്മതം കൊടുക്കുന്ന, ഡ്രൈവിംഗ് ലൈസന്‍സ് കരഗതമാക്കാൻ അനുവാദം നല്‍കുന്ന വലിയ തീരുമാനം. നമുക്കിത് ഇപ്പോള്‍ അത്ര പുതുമയല്ലായിരിക്കാം.

     സുൽത്താന രാജകുമാരിയുടെ കുടുംബത്തിലും ഏകസ്വരമായിരുന്നില്ല. വിദേശവാസിയായ മൂത്ത മകൾ മഹാപരിഷ്കൃതാശയയും ഇളയ മകൾ അമാനി കടുത്ത യാഥാസ്ഥിതികയും. വായനാശീലമുള്ള സാറ, ലാളിത്യമുള്ള നൂറ, ആഭരണഭ്രമം മൂത്ത് സൈക്യാട്രിസ്‌റ്റിന്റെ ചികിത്സയിലായ മുനിയ തുടങ്ങിയ സഹോദരിമാർ! വ്യത്യസ്തമായ ഇത്തരം ചുറ്റുപാടുകളിൽ നിന്നുകൊണ്ട് രാജകുമാരി തൊട്ടറിഞ്ഞ ചില ജീവിതങ്ങളുടെ ചിത്രങ്ങളും ജീൻ സാസ്സൺ വരച്ചിടുന്നുണ്ട്.  

കാലം പോകെ, തന്റെ പിതാവിന്റെ പക്ഷപാതം കുറയുന്നതും പേരമകളെ അദ്ദേഹം ലാളിക്കുന്നതും കണ്ട് “ ജീവിതത്തിലെ തെരഞ്ഞെടുത്ത നിമിഷങ്ങളിൽ ഒന്ന് “ എന്ന കൃതാർത്ഥത സുൽത്താനയ്ക്കുണ്ടായി. തന്റെ ദീപശിഖ ഏറ്റുവാങ്ങാൻ മകൾ അമാനി പ്രാപ്തയായെന്നും അതിന്നുശേഷം സദ്ഗുണങ്ങളുള്ള ശ്രേഷ്ഠ ബാലികയായ കൊച്ചു സുല്‍ത്താനയുടെ തലമുറ അതേറ്റെടുക്കുമെന്നുമുള്ള പ്രതീക്ഷയും സന്തുഷ്ടിയും അവർ പ്രകടമാക്കുന്നുണ്ടെന്ന് ജീൻ സാസൺ സാക്ഷ്യപ്പെടുത്തുന്നു. ഒരു രത്നഹാരം ഒരിക്കലും അവരെ ഭ്രമിപ്പിക്കില്ല. ആര്‍ക്കെങ്കിലും ആ പണം കൊണ്ടു പഠനമോ ചികിത്സയോ സാദ്ധ്യമായാൽ അതിലാണ് രാജകുമാരിയുടെ സംതൃപ്തി. ഈ ഒരു ചിന്തയിലല്ലേ യഥാര്‍ത്ഥ സ്ത്രീത്വം കുടികൊള്ളുന്നത്.

സത്യമായ സന്തോഷമുണ്ടാകണമെങ്ങിൽ സ്വാതന്ത്ര്യം അനിവാര്യമാണ് എന്ന തിരിച്ചറിവും അസമത്വം പാടേ തുടച്ചുമാറ്റപ്പെട്ടു കഴിഞ്ഞിട്ടില്ലല്ലോ എന്ന വേവലാതിയുമാണ് തന്നെക്കുറിച്ച് മൂന്നാമത് ഒരു പുസ്തകം കൂടി എഴുതാൻ ജീന്‍ സാസ്സണിനോട് രാജകുമാരി ആവശ്യപ്പെടാൻ കാരണം.

വളരെ മിതത്വത്തോടെ മാത്രമേ പരിവര്‍ത്തനങ്ങൾ സാദ്ധ്യമാകൂ എന്ന് ശാന്തശീലയായ അവർക്ക് കൃത്യമായി അറിയാമായിരുന്നു. ആരേയും നിന്ദിക്കുന്ന ഒരു വാക്ക് അവർ പറയില്ല. ഒന്നിനേയും പഴിക്കില്ല. വിവേകം വളരെയുണ്ട്. അതുകൊണ്ടുതന്നെയാണ് ആരെയും എതിര്‍ത്തു നില്‍ക്കാതെ സ്കോളര്‍ഷിപ്പുകളും ചികിത്സാലയങ്ങളും വഴി സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്ന ശുഭകരമായ മാറ്റങ്ങള്‍ക്ക് അവർ നാന്ദി കുറിച്ചത്. കോംഗോ, നേപ്പാള്‍, മാലി, സോമാലിയ തുടങ്ങിയ വിവിധ രാജ്യങ്ങളിലേക്കും അവരുടെ സഹായം എത്തിക്കുന്നുണ്ട്.

     പക്ഷേ.......

ഇന്നും ദിവസത്തിൽ ഒരിക്കലെങ്കിലും രാജകുമാരി ഉരുവിടുന്ന ഒരു വാക്യമുണ്ട്... “ അന അമല്‍ “... ഞാൻ അമല്‍... അന്നാട്ടില്‍ സുപരിചിതയാണ് അമല്‍. ഈജിപ്തിലെ ഒരു പഴമൊഴിയുണ്ട്. അതറിയുന്ന സുൽത്താന രാജകുമാരി എന്നും ചൊല്ലുന്നു ആ പേര്. അന – അമല്‍...  എന്തിന്...? അതറിയണ്ടേ... വായിച്ചുനോക്കൂ... ജീൻ സാസ്സൺ എഴുതിയ പുസ്തകം :  “ കണ്ണുനീരിനിയും ബാക്കിയുണ്ട് ” ...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top