18 April Thursday

'സുഭിക്ഷമാക്കാന്‍ സുഭിക്ഷ': ഇന്ത്യയിലെ ആദ്യ വനിത പ്രൊഡ്യുസര്‍ കമ്പനി സുഭിക്ഷയുടെ വിജയ വഴികള്‍

മിഥുന്‍ കൃഷ്ണUpdated: Wednesday Jan 3, 2018

 കേരളത്തിലെ ആദ്യത്തെ നാളികേരാധിഷ്ഠിത പദ്ധതിയും ഇന്ത്യയിലെ ആദ്യത്തെ വനിത പ്രൊഡ്യുസര്‍ കമ്പനിയുമായി സുഭിക്ഷ മുന്നേറുകയാണ്........
 

    മറന്നുപോയ ചിരി നസീറയുടെയും സീനത്തിന്റെയും മുഖത്ത് വീണ്ടും തെളിയുന്നു; അഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ചിരി. താങ്ങും തണലുമായവന്‍ ഓര്‍മയായതു മുതല്‍ ഇരുളടഞ്ഞ വഴികളിലേക്ക് പറിച്ചുനട്ട രണ്ട് സ്ത്രീകളാണിവര്‍. മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രങ്ങള്‍... കൊച്ചു സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കാന്‍ അവര്‍ക്കിന്ന് കഴിയുന്നു. ജോലിക്കും കുടുംബത്തിനുമൊപ്പം അവര്‍ മുന്നേറുകയാണ് സുഭിക്ഷക്കൊപ്പം. 

ഭര്‍ത്താവ് ഇബ്രാഹിം മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചതു മുതല്‍ മകനുവേണ്ടിയാണ് നസീറയുടെ ജീവിതം. ഇരുട്ടില്‍ തപ്പിയ ദുരിതങ്ങള്‍ക്കൊടുവില്‍ സുഭിക്ഷയിലെത്തി.''ഇവിടെ എത്തിയതോടെയാണ് ഞാന്‍ സമൂഹവുമായി ബന്ധപ്പെടാന്‍ തുടങ്ങിയത്. വിവിധ മേളകളിലൂടെ കേരളം മുഴുവന്‍ സന്ദര്‍ശിക്കാന്‍ എനിക്ക് കഴിഞ്ഞു. വീടിന്റെ പണി പൂര്‍ത്തിയാക്കി. സുഭിക്ഷ എനിക്ക് ജീവിക്കാനുള്ള തന്റേടമാണ് തരുന്നത്.'' സുഭിക്ഷ കൊപ്ര ഡ്രയര്‍ യൂണിറ്റില്‍ ജോലി ചെയ്യുന്ന എടവരാട് മുണ്ടയോട്ട് വീട്ടില്‍ നസീറ പറയുന്നു.

ഏകമകള്‍ കൈക്കുഞ്ഞായിരിക്കുമ്പോഴാണ് എരവട്ടൂര്‍ ഏലത്ത്മീത്തല്‍ സീനത്തിന്റെ ഭര്‍ത്താവ് ലത്തീഫ് വിടപറഞ്ഞത്. ഹൃദ്രോഗത്തെ തുടര്‍ന്നായിരുന്നു മരണം. ജീവിതം വഴിമുട്ടിനിന്നപ്പോള്‍ ആശ്വാസത്തിന്റെ കിരണമായാണ് അവള്‍ക്ക് സുഭിക്ഷയില്‍ ജോലി കിട്ടിയത്. 'ഇപ്പോള്‍ എനിക്കെല്ലാം തരുന്നത് സുഭിക്ഷയാണ്. മകളേയും പ്രായമായ ഉമ്മയേയും നോക്കാന്‍ എനിക്ക് കഴിയുന്നു.'' സുഭിക്ഷയുടെ ഫുഡ് പ്രോസസിങ് യൂണിറ്റില്‍ ജോലി ചെയ്യുന്ന സീനത്തിന്റെ വാക്കുകളില്‍ ആത്മവിശ്വാസം.

നൊച്ചാടുളള പി റീനയ്ക്കും പറയാനുണ്ട് സുഭിക്ഷ കരുത്തേകിയ കഥ. പത്തുവര്‍ഷമായി റീന സുഭിക്ഷയിലാണ്. നിര്‍ധനരായ തനിക്കും ഭര്‍ത്താവിനും മകളെ അവളുടെ ഇഷ്ടത്തിന് വിട്ട് പഠിപ്പിച്ച് ഡോക്ടര്‍ ആക്കാന്‍ കഴിഞ്ഞത് സുഭിക്ഷയിലൂടെ ലഭിച്ച വരുമാനം കൊണ്ട് മാത്രമാണെന്ന് റീനയുടെ സാക്ഷ്യം.

ഇവരെ പോലെ നൂറുകണക്കിന് സ്ത്രീകള്‍ക്ക്  നവജീവിതമാണ് സുഭിക്ഷ നല്‍കുന്നത്. സ്ത്രീയുടെ കരുത്ത് എന്തെന്ന് കാണിച്ചും വാണിജ്യകുത്തകകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയും സുഭിക്ഷയുടെ ഉത്പന്നങ്ങള്‍ നവകമ്പോളവ്യവസ്ഥയെ ചെറുത്തുതോല്‍പ്പിക്കുമ്പോള്‍ ശോഭിക്കുന്നത് ഒറ്റപ്പെട്ടുപോയ നിരവധി സ്ത്രീകളുടെ ജീവിതമാണ്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന  നാളികേരാധിഷ്ഠിത പദ്ധതിയായ സുഭിക്ഷ ഒന്നരദശകം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ നാളികേരാധിഷ്ഠിത പദ്ധതിയും ഇന്ത്യയിലെ ആദ്യത്തെ വനിത പ്രൊഡ്യുസര്‍ കമ്പനിയുമായി സുഭിക്ഷ മുന്നേറുകയാണ്.

സ്ത്രീ ശാക്തീകരണത്തിന്റെ നവമുഖം

ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വീട്ടമ്മമാരെ അടുക്കളയില്‍ നിന്നും കമ്പോള അരങ്ങിലേക്ക് പറിച്ചുനടുകയാണ് സുഭിക്ഷ. നവഉദാരവത്കരണ നയങ്ങളില്‍ കുടുങ്ങി ജീവിതത്തില്‍ ദുരിതമഴ പെയ്തിറങ്ങുമ്പോള്‍ സ്ത്രീ ശാക്തീകരണത്തിന്റെയും ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെയും സാമൂഹ്യവികസനത്തിന്റെയും കാര്‍ഷിക സൗഹൃദമായ കൂട്ടായ്മയുടെയും പുത്തന്‍ അധ്യായമാണ് സുഭിക്ഷ രചിക്കുന്നത്. തേങ്ങയില്‍ നിന്നും വെളിച്ചെണ്ണയും ചകിരിയും മാത്രമുണ്ടാക്കുന്ന സംസ്‌കാരത്തെ മാറ്റിമറിക്കുകയാണ് ഈ സ്ത്രീ മുന്നേറ്റം. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പുത്തന്‍ സ്വദേശീയകമ്പോളവ്യവസ്ഥ തന്നെ കെട്ടിപ്പടുക്കുകയാണ് കരിവളയിട്ട കൈകള്‍. നൂറുകണക്കിന് സ്ത്രീകള്‍ക്ക് നേരിട്ടും അത്രത്തോളം പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുകയാണിവിടെ.  ദിവസേന 250 മുതല്‍ 500 രൂപ വരെ വരുമാനമുണ്ടാക്കാനും ഓരോ വീട്ടമ്മക്കും കഴിയുന്നു. കുടുംബശ്രീ, സ്വയം സഹായസംഘങ്ങള്‍ എന്നിവ നേതൃത്വം നല്‍കുന്ന നിരവധി യൂണിറ്റുകള്‍ സുഭിക്ഷ ഉത്പന്ന നിര്‍മാണത്തിലൂടെ  സ്ത്രീകള്‍ക്ക്  ത്രാണിയാവുകയാണ്. സ്ത്രീകള്‍ തന്നെ നേതൃത്വം നല്‍കി വിജയഗാഥ രചിക്കുന്ന ആദ്യ പദ്ധതിയെന്ന ഖ്യാതിയും സുഭിക്ഷക്ക് മാത്രം സ്വന്തം.

നാടിന്റെ സ്വപ്ന സാക്ഷാത്കാരം

സുഭിക്ഷയുടെ വിജയം ഒരു നാടിന്റെ സ്വപ്ന സാക്ഷാത്കാരമാണ്. നൊച്ചാട് പഞ്ചായത്തില്‍ ആരംഭിച്ച കൊപ്ര ഡ്രയര്‍ യൂണിറ്റില്‍ നിന്നാണ് സുഭിക്ഷയുടെ തുടക്കം. ആവശ്യമായ തേങ്ങ കിട്ടാതായപ്പോള്‍ തേങ്ങ സംഭരിക്കാന്‍ പഞ്ചായത്തിലെ 50 കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 5,000 രൂപ വീതം ബ്ലോക്ക് പഞ്ചായത്ത് നല്‍കി. പ്രവര്‍ത്തനം മുന്നോട്ടുപോകുമ്പോള്‍ ചകിരിയും ചിരട്ടയും തേങ്ങാവെള്ളവും പാഴാകുന്നത് കണ്ടപ്പോള്‍ അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞമ്മദ് മുന്നോട്ട് വെച്ച ആശയമാണിന്ന് വളര്‍ന്ന് പന്തലിക്കുന്നത്. തേങ്ങയുടെ ഒരു ഭാഗവും പാഴാകാതെ ഉത്പന്നമായി വിപണിയിലെത്തിക്കുക എന്നതായിരുന്നു സുഭിക്ഷയുടെ ലക്ഷ്യം. തുടര്‍ന്ന് 2000ല്‍ പദ്ധതി വിഭാവനം ചെയ്തു. കോഴിക്കോട് ഐഐഎമ്മുമായി ചേര്‍ന്ന് പദ്ധതിയുടെ രൂപരേഖയുണ്ടാക്കി. 2002ല്‍ കേന്ദ്ര സര്‍ക്കാറിന് പദ്ധതിയുടെ കരട് സമര്‍പ്പിച്ചു. തുടര്‍ന്ന് പ്രത്യേക പരിഗണന നല്‍കി എസ്ജിഎസ്വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2003ല്‍ ഗ്രാമീണ വികസന മന്ത്രി സി എഫ് തോമസ് ഉദ്ഘാടനം ചെയ്തു. ഗൃഹകേന്ദ്രീകരണ നിര്‍മാണ യൂണിറ്റുകളിലൂടെയായിരുന്നു തുടക്കം. സോപ്പ്, അച്ചാര്‍ തുടങ്ങിയവയായിരുന്നു ആദ്യ ഉത്പന്നങ്ങള്‍. അത് വിജയം കണ്ടതോടെ സുഭിക്ഷ എസ്ജിഎസ്വൈ യൂണിറ്റുകള്‍ രൂപീകരിച്ച് പ്രാദേശിക മാര്‍ക്കറ്റുകളിലെത്തി. 2006 ല്‍ പ്രൊഡ്യുസര്‍ കമ്പനിയായി രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ സുഭിക്ഷയെ നിര്‍വഹണാനന്തര നടത്തിപ്പ് ചുമതലയേല്‍പ്പിച്ചു.

സുഭിക്ഷയുടെ മാര്‍ക്കറ്റിങ്ങ് ഓഫീസ്

സുഭിക്ഷയുടെ മാര്‍ക്കറ്റിങ്ങ് ഓഫീസ്



തേങ്ങ വെറും തേങ്ങയല്ല

ചകിരിയില്‍ നിന്ന് ഫൈബറും കയറും മാറ്റും ചൂടിയും. ചിരട്ടയില്‍ നിന്ന് ഷെല്‍ ചാര്‍കോളും കരകൗശല വസ്തുക്കളും. തേങ്ങവെളളത്തില്‍ നിന്ന് വിനാഗിരിയും സ്‌ക്വാഷുകളും. ഇളനീരില്‍ നിന്ന് ജ്യൂസും ടെന്‍ഡര്‍ കോക്കനട്ട് സ്നോബോളും. തേങ്ങകാമ്പില്‍ നിന്ന് അച്ചാറും വെന്തവെളിച്ചെണ്ണയും വെര്‍ജിന്‍ കോക്കനട്ട് ഓയിലും സോപ്പും ബേബി ഓയിലും... അങ്ങനെ 50 ഉത്പന്നങ്ങളാണ് സുഭിക്ഷ കോക്കനട്ട് പ്രൊഡ്യുസര്‍ കമ്പനി ലിമിറ്റഡ് വിപണിയിലെത്തിക്കുന്നത്.

നാളീകേര സിര്‍ക്ക, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, ഇളനീര്‍ ജാം, തേങ്ങാചിപസ് തുടങ്ങിയ ഉത്പന്നങ്ങള്‍ ആദ്യമായി വിപണിയിലെത്തിച്ചതും സുഭിക്ഷയാണ്. ഇപ്പോള്‍ പാചകത്തിനുള്ള വെളിച്ചെണ്ണ നിര്‍മാണത്തിലേക്കും കടന്നു. ദിവസേന ആറുമുതല്‍ പത്ത് ടണ്‍ വരെ വെളിച്ചെണ്ണയാണ് ഉല്‍പാദിപ്പിക്കുന്നത്.  ഇന്ത്യന്‍ സ്പൈസസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് മഞ്ഞള്‍, മുളക്, മല്ലി പൊടികളും വിപണിയിലെത്തിക്കുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്വന്തമായി ഉത്പാദിപ്പിക്കുന്ന മഞ്ഞള്‍ ഉപയോഗിച്ചാണ് പൊടി നിര്‍മാണം. മായമില്ലാത്ത ഭക്ഷ്യോത്പന്നങ്ങള്‍ എന്ന ഖ്യാതിയില്‍ പുത്തന്‍ വാണിജ്യപരസ്യതന്ത്രങ്ങളില്ലാതെയാണ് ഉത്പന്നങ്ങള്‍ വിറ്റഴിയുന്നത്. ഉത്പന്നങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലടക്കം ഇടം കണ്ടെത്തി കഴിഞ്ഞു. ഗാര്‍ഹികം, ഫാക്ടറി സംവിധാനം എന്നീ രണ്ട് തരത്തിലുള്ള നിര്‍മാണ പ്രക്രിയയിലൂടെയാണ് ഉത്പാദനം. ഹസാര്‍ഡ് അനാലിസിസ് ആന്‍ഡ് ക്രിട്ടിക്കല്‍ കണ്‍ട്രോള്‍ പോയിന്റ് എന്ന ഗുണനിലവാര സംവിധാനത്തിലാണ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ചെറുവണ്ണൂര്‍, നൊച്ചാട്, കായണ്ണ, കൂത്താളി, ചക്കിട്ടപാറ, ചങ്ങരോത്ത്, പേരാമ്പ്ര എന്നീ പഞ്ചായത്തുകളിലാണ് സുഭിക്ഷയുടെ നിര്‍മാണ യൂണിറ്റുകള്‍. മികച്ചയിനം തേങ്ങിന്‍തൈകളടക്കം ലഭിക്കുന്ന സുഭിക്ഷ നേഴ്സറിയുമുണ്ട്. ചിരട്ടകരിയും ചകിരി വളവും അങ്ങനെ നിരവധി മേഖലകളില്‍ സുഭിക്ഷ പന്തലിക്കുകയാണ്.

വെര്‍ജിന്‍ കോക്കനട്ട് ഓയിലിന്റെ നിര്‍മാണത്തോടെയാണ് വിപണിയില്‍ സുഭിക്ഷ ഉത്പന്നങ്ങള്‍ നിറസാന്നിധ്യമാകാന്‍ തുടങ്ങിയത്. ആസ്ത്രേലിയന്‍ കമ്പനിയുടെ സാങ്കേതിക ഉപദേശവും റബ്കോയുമായി ചേര്‍ന്നുള്ള വില്‍പ്പന കരാറും വെര്‍ജിന്‍ കോക്കനട്ട് ഓയിലിനെ വിപണിയില്‍ സുപരിചിതമാക്കി.

ബാങ്ക് വായ്‌പയില്‍ തുടങ്ങി 25 കോടിയുടെ ആസ്‌തിയിലേക്ക്


സുഭിക്ഷ വിപണിയില്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നമായി മാറിയത് ദുര്‍ഘടമായ പാതകളില്‍ കൂട്ടായ്മയുടെ സംഘഗീതം രചിച്ചാണ്. ആറ് കോടി രൂപ ചെലവിലാണ് പദ്ധതി ആരംഭിച്ചത്. നാല് കോടി രൂപ കേന്ദ്ര സര്‍ക്കാരും രണ്ട് കോടി രൂപ സംസ്ഥാന സര്‍ക്കാരും നല്‍കി. 2005ല്‍ 13 ലക്ഷം രൂപയായിരുന്നു വിറ്റുവരവ്. 201617 വര്‍ഷത്തിലത് 4,47,63,122 രൂപ ആയി ഉയര്‍ന്നു. ആരംഭിച്ച് മൂന്ന് വര്‍ഷത്തിനകം ബാങ്ക് വായ്പ അടച്ചുതീര്‍ത്തു. ഇന്ന് 5000 ചതുരശ്രമീറ്റര്‍ കെട്ടിടവും 11 ഏക്കര്‍ ഭൂമിയുമടക്കം 25 കോടി വില മതിക്കുന്ന ഭൂമിയും കെട്ടിടവും കമ്പനിക്കുണ്ട്. കമ്പനിയുടെ ഉടമസ്ഥാവകാശം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിനും നടത്തിപ്പ് അവകാശം സുഭിക്ഷ കോക്കനട്ട് പ്രൊഡ്യുസര്‍ കമ്പനിക്കുമാണ്. 588 വനിതകുടുംബശ്രീ സഹകരണ സംഘങ്ങള്‍ സുഭിക്ഷയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 7000 സ്ത്രീകള്‍ ഓഹരി ഉടമകളായുണ്ട്.
മികവിനുള്ള അംഗീകാരമായി ഇന്ത്യയിലെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള അവാര്‍ഡ് 2012ല്‍ സുഭിക്ഷയിലൂടെ പേരാമ്പ്രക്ക് ലഭിച്ചു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ മികച്ച നാളികേര ഉത്പന്ന നിര്‍മാണ യൂണിറ്റിനുള്ള അവാര്‍ഡ് രണ്ട് തവണയും സുഭിക്ഷ നേടി. കൂടാതെ 2003,2004, 2014 വര്‍ഷങ്ങളില്‍ സ്വരാജ് ട്രോഫിയും തേടിയെത്തി.

ഗവേഷണങ്ങള്‍
ഹൈദരബാദ് ആസ്ഥാനമായുള്ള എന്‍ഐആര്‍ഡി, ഇര്‍മ ഗുജറാത്ത്, സംസ്ഥാന ആസൂത്രണ ബോര്‍ഡ്, കേരള കാര്‍ഷിക സര്‍വകലാശാല, നിരവധി ഗവേഷണ വിദ്യാര്‍ഥികള്‍ എന്നിവര്‍ സുഭിക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ പഠനത്തിന് വിധേയമാക്കിക്കഴിഞ്ഞു. പ്രൊജക്ട് ഉണ്ടാക്കിയ ഐഐഎം കോഴിക്കോട് മുതല്‍ നിരവധി ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുമായി കൈകോര്‍ത്താണ് സുഭിക്ഷയുടെ പ്രവര്‍ത്തനങ്ങള്‍. സിപിസിആര്‍ഐ കാസര്‍കോട്, സിഎഫ്ടിആര്‍ഐ മൈസൂര്‍, എന്‍ഐആര്‍ഡ ഹൈദരാബാദ്, കില തൃശൂര്‍, നാളീകേരവികസനബോര്‍ഡ് കൊച്ചി, കിറ്റ്കോ, എന്‍ഐടി കലിക്കറ്റ്, നബാര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ തേടിയാണ് ഈ സ്ത്രീ കൂട്ടായ്മ കുതിക്കുന്നത്.

15 ാം വയസില്‍

15ാം പിറന്നാളില്‍ കൂടുതല്‍ കരുത്തുള്ള സുഭിക്ഷയാകും. ഒരു വര്‍ഷം നീളുന്ന ബ്രാന്‍ഡ് ബില്‍ഡിങ് ആക്ടിവിറ്റി പ്രവര്‍ത്തനം ജനുവരിയില്‍ തുടങ്ങും. സംസ്ഥാന സര്‍ക്കാരിന്റെ കൈത്താങ്ങുമുണ്ട്. കഴിഞ്ഞ ബജറ്റില്‍ ഒരു കോടി രൂപ അനുവദിച്ചു. പേരാമ്പ്രയില്‍ 25 ഏക്കര്‍ വരുന്ന ഫുഡ് പാര്‍ക്ക് തുടങ്ങാന്‍ കിഎഫ്ബിയിലൂടെ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിന്റെ പ്രോജക്ട് തയ്യാറാക്കാന്‍ കിന്‍ഫ്രയെ ചുതമലപ്പെടുത്തിയിരിക്കുകയാണ്. സുഭിക്ഷയുടെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഈ കാലയളവില്‍ തുടക്കമാകും. ഇതിനായി മന്ത്രിമാരായ തോമസ് ഐസകിന്റെയും ടി പി രാമകൃഷ്ണന്റെയും സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നുകഴിഞ്ഞു. സുരക്ഷിത ഭക്ഷണം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് 15ാം വാര്‍ഷികം ആഘോഷിക്കുക. ഇതിന്റെ ഭാഗമായി ചക്ക, മാങ്ങ, വാഴപ്പഴം എന്നിവയില്‍ അധിഷ്ഠിതമായ പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. ലാഭത്തിന്റെ 20 ശതമാനം ഓഹരി ഉടമകള്‍ക്ക് ഡിവിഡന്റ് ആയി നല്‍കി പ്രവര്‍ത്തനമൂലധനം പത്തുലക്ഷം രൂപയില്‍ നിന്ന് ഒരു കോടി ആയി വര്‍ധിപ്പിച്ച് സുഭിക്ഷ കരുത്തോടെ മുന്നോട്ട്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top