20 April Saturday

സ്ത്രീജീവിതത്തിന്റെ ശ്രുതി മീട്ടി

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Jun 4, 2023


ശ്രുതി രാമചന്ദ്രൻ ടൈറ്റിൽ കഥാപാത്രമായ രാജേഷ്‌ കെ രാമൻ ചിത്രം ‘നീരജ’ വെള്ളിയാഴ്‌ച തിയറ്ററിൽ എത്തി. ഒരു പതിറ്റാണ്ടിനോട്‌ അടുക്കുകയാണ്‌ ശ്രുതിയുടെ സിനിമാ ജീവിതം. ഇക്കാലത്തിനിടയിൽ  പ്രേക്ഷക സ്വീകാര്യത നേടിയ കഥാപാത്രങ്ങൾ. തമിഴ്‌ ആന്തോളജി പുത്തൻ പുതുകാലെയിൽ ‘ഇളമൈ ഇധോ ഇധോ’ എന്ന ചിത്രത്തിനായി ഭർത്താവ്‌ ഫ്രാൻസിസ്‌ തോമസിനൊപ്പം തിരക്കഥ എഴുതി. തന്റെ സിനിമാ വഴികളെക്കുറിച്ച്‌ ശ്രുതി രാമചന്ദ്രൻ സംസാരിക്കുന്നു:

സമൂഹത്തിൽ എത്തേണ്ട വിഷയം
എന്റെ ജീവിതത്തിൽ നടന്നതല്ലെങ്കിലും എനിക്ക്‌ അറിയുന്നവരുടെ  ജീവിതവുമായി ബന്ധപ്പെട്ട കഥയാണ്‌ നീരജയുടേത്‌. ഒരുപാട് സുഹൃത്തുക്കൾ വിവാഹിതരാണ്‌. അതിൽ ചിലർ വിവാഹമോചിതരാണ്. ചിലർ പങ്കാളിയെ നഷ്ടമായവരാണ്. പങ്കാളിയെ നഷ്ടമായ സ്ത്രീയുടെ ജീവിതമാണ് സിനിമ പറയുന്നത്. അത്തരം സ്ത്രീകൾക്കും വൈകാരികവും ശാരീരികവുമായ ആവശ്യങ്ങളുണ്ട്‌. അതിനെക്കുറിച്ച്‌ സംസാരിക്കുമ്പോഴുള്ള സമൂഹത്തിന്റെ കാഴ്‌ചപ്പാടാണ്‌ സിനിമ പറയുന്നത്. ഇത്തരത്തിലുള്ള സ്ത്രീകളുടെ വൈകാരികവും ശാരീരികവുമായ ആവശ്യങ്ങളെക്കുറിച്ച്‌ നാണക്കേടില്ലാതെ സംസാരിക്കാൻ പറ്റുന്നില്ല. എന്നാൽ, അതിനു കഴിയണം. സിനിമ നീരജയെ കേന്ദ്രീകരിച്ചാണെങ്കിലും സഹ അഭിനേതാക്കൾക്കും അവരുടേതായ ഇടമുണ്ട്‌. അത്തരത്തിൽ ഏഴ്‌ പേരാണുള്ളത്‌. ജിനു ജോസഫ്‌ ഇതുവരെ ചെയ്യാത്ത തരം കഥാപാത്രമാണ്‌. ഗുരു സോമസുന്ദരവും പ്രധാന വേഷത്തിലുണ്ട്‌. നാടക പശ്ചാത്തലമുള്ളവരും സിനിമയുടെ ഭാഗമാണ്‌. അവരിൽനിന്ന്‌ കുറെ കാര്യങ്ങൾ പഠിക്കാനായി.

കഥയിലും വിഷയത്തിലും വിശ്വാസം
നായിക കേന്ദ്രീകൃതമായ സിനിമയെന്ന് പറയുന്നതിനോട് യോജിക്കുന്നില്ല. സമൂഹത്തിൽ പുരുഷന്മാരുള്ളതുപോലെ തന്നെ സ്ത്രീകളുമുണ്ട്. പക്ഷേ, ഈ സിനിമ എല്ലാ ആളുകൾക്കും അവരുടെ ജീവിതമായി ബന്ധപ്പെടുത്താൻ പറ്റുന്നതല്ല. അതിനു കൂടുതൽ കഴിയുക സ്ത്രീകൾക്കായിരിക്കും. ഇതൊരു ചെറിയ സിനിമയാണ്. ആദ്യ ദിവസംതന്നെ വലിയ രൂപത്തിൽ ആളുകൾ വരുമെന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷേ, സിനിമ സംസാരിക്കുന്ന വിഷയം ആളുകളിലേക്ക്‌ എത്തിക്കണമെന്നുണ്ട്. കാണുന്നവരുടെ മനസ്സിൽ സിനിമ തട്ടുമെന്നാണ് പ്രതീക്ഷ. അതാണ് ഈ സിനിമയുടെ വിജയമെന്നാണ് വിശ്വസിക്കുന്നത്. കണ്ടവരിലൂടെ, മൗത്ത്‌ പബ്ലിസിറ്റിയിലൂടെ കൂടുതൽ ആളുകളിലേക്ക്‌ എത്തുമെന്നാണ് പ്രതീക്ഷ. ഈ സിനിമയുടെ വിഷയത്തിലും കഥയിലും വിശ്വാസമുണ്ട്. നമ്മുടെ ചുറ്റിലും നടക്കുന്ന ഒരു കഥയാണ്.


 

ഇടവേള തോന്നിയിട്ടില്ല
2014ലാണ് ആദ്യ സിനിമ ചെയ്തതെങ്കിലും 2016നു ശേഷമാണ്‌ സിനിമയുടെ ഭാഗമായതെന്ന്‌ പറയാനാണ് ആഗ്രഹം. 2014ൽ ‘ഞാൻ’ ചെയ്‌ത ശേഷം പഠിക്കാൻ പോയി. 2016 മുതലാണ് സിനിമയിൽ സജീവമാകുന്നത്. അതുകൊണ്ടുതന്നെ സിനിമയിൽ എത്തിയിട്ട് ആറുകൊല്ലമേ ആയിട്ടുള്ളൂ. പ്രേതം സിനിമ കഴിഞ്ഞ്‌ അധികം അവസരങ്ങൾ വന്നില്ല. പിന്നീട് കിട്ടിയ നല്ലൊരു അവസരം സൺഡേ ഹോളിഡേ ആയിരുന്നു. ഒരു സിനിമ ചെയ്‌താൽ പിന്നെ പെട്ടെന്ന് ചറപറ അവസരങ്ങൾ കിട്ടുമെന്നെല്ലാം പറയുന്നത്‌ വെറുതെയാണ്‌.  അത്തരത്തിൽ ഒന്നുമല്ല യാഥാർഥ്യം. പിന്നെ ഇതിനിടയിൽ വന്ന എല്ലാ സിനിമയും ചെയ്തു എന്നല്ല, എനിക്ക് പറ്റുന്ന കഥാപാത്രങ്ങളാണ് ചെയ്തത്‌. എന്നാൽ, തന്നെയും സിനിമകൾക്കിടയിൽ വലിയ ഇടവേള വന്നുവെന്ന് തോന്നിയിട്ടില്ല.

പാച്ചുവിലെ അതിഥിവേഷം
പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിൽ അതിഥിവേഷം ചെയ്യാനുള്ള പ്രധാന കാരണം സംവിധായകൻ അഖിൽ സത്യൻ കഥാപാത്രത്തെക്കുറിച്ച്‌ എന്നോടു പറഞ്ഞപ്പോൾ കാണിച്ച 100 ശതമാനം സത്യസന്ധമായ ഇടപെടലാണ്. സിനിമയിൽ ഒരു ഡയലോഗ് പോലുമില്ല. അതുകൊണ്ട് സിനിമ ചെയ്യില്ലെന്ന് പറയാമെന്നു പറഞ്ഞിട്ടാണ്‌ ഇതിനെക്കുറിച്ച് പറയുന്നത്. ഈ സത്യസന്ധമായ ഇടപെടലാണ്‌ സിനിമ ചെയ്യാൻ പ്രേരിപ്പിച്ചത്. മൂന്നു മണിക്കൂറിന്റെ കാര്യമേ ഉണ്ടായിരുന്നുള്ളൂ. ആ വേഷം ചെയ്യാൻ കഴിഞ്ഞെന്നത് സന്തോഷമുള്ള കാര്യമാണ്. കാണാക്കാണെയിലും മധുരത്തിലുമാണ്‌ പ്രേക്ഷകർ ഇതിനുമുമ്പ്‌ എന്നെ കണ്ടത്‌. അതിനുശേഷം വീണ്ടും എന്റെ മുഖം പ്രേക്ഷകരിലെത്തി.

തിരക്കഥ എഴുതിയ മലയാള സിനിമ
സംവിധായക സുധ കൊങ്കാരയുമായി ഭർത്താവ്‌ ഫ്രാൻസിസ്‌ മറ്റൊരു സിനിമയുടെ കാര്യം ചർച്ച ചെയ്യുന്ന സമയത്താണ്‌ ആമസോൺ സുധയെ ആന്തോളജി സിനിമയ്‌ക്കായി സമീപിക്കുന്നത്‌. അങ്ങനെയാണ്‌ ഞങ്ങൾ ഇളമൈ ഇധോ ഇധോയുടെ തിരക്കഥ എഴുതുന്നത്‌.  റൊമാന്റിക്‌ കോമഡി ജോണറായിരുന്നു സിനിമ. എനിക്ക്‌ അഭിനയിക്കാനും എഴുതാനും ഇഷ്ടമുള്ള ജോണറാണത്‌. അതിനുശേഷമാണ്‌ ഒരുമിച്ച് ഇനിയും എഴുതാൻ  കഴിയുമെന്ന് മനസ്സിലാക്കുന്നത്‌. തെലുങ്ക് വെബ് സീരീസ് എഴുതി. അതിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.  മലയാളത്തിൽ രണ്ട്‌ സിനിമയുടെ തിരക്കഥ എഴുതി. അതിൽ ഒരെണ്ണത്തിന്റെ പ്രീ പ്രൊഡക്‌ഷൻ നടന്നുകൊണ്ടിരിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top