29 March Friday

നിറങ്ങളിൽ നീരാടി...

നേഹ സത്യൻUpdated: Tuesday Feb 26, 2019


പഠിച്ചു നേടിയ തൊഴിൽ ഉപേക്ഷിച്ച് സംരംഭക മേഖലയിലേക്ക് കടക്കുമ്പോൾ പലരും രണ്ടാമതൊന്ന് ആലോചിക്കും. എന്നാൽ മയ്യിൽ തായംപൊയിൽ സ്വദേശിനി സൗമ്യയ്ക്ക് തീരുമാനമൊന്നേ ഉണ്ടായിരുന്നുള്ളൂ. ഡിസൈനിങ്ങാണ് തന്റെ വഴിയെന്ന തിരിച്ചറിവ്. നിറങ്ങളോടും വരയോടുമുള്ള തന്റെ പ്രണയം പ്രിയപ്പെട്ടവർ കൂടി പ്രോത്സാഹിപ്പിച്ചതോടെ ഇരട്ടി സന്തോഷം.

എൻജിനീയറിങിൽ ഡിപ്ലോമ കഴിഞ്ഞ് സ്വകാര്യ കമ്പനിയിൽ കൺസൾട്ടന്റായി ജോലി ചെയ്യുമ്പോഴാണ് ചില്ലു കുപ്പികളിലും പാത്രങ്ങളിലും പെയിന്റുപയോഗിച്ച് ഡിസൈൻ ചെയ്ത് സൗമ്യയുടെ കലാ ജീവിതം ആരംഭിക്കുന്നത്. ചെറുപ്പം മുതലേ ബ്രഷും നിറങ്ങളും സന്തത സഹചാരികളായിരുന്നെങ്കിലും തിരക്കിട്ട ഔദ്യോഗിക ജീവിതത്തിനിടയിലാണ് ഇവർ തന്റെ  കഴിവുകളെ വീണ്ടും പൊടി തട്ടിയെടുക്കുന്നത്. സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരം നടത്തിയ പോട്ട് പെയിന്റിംഗ് പ്രദർശനം വിജയമായതോടെ ജോലി ഉപേക്ഷിച്ച് കലാരംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങി. പോട്ട് ഇന്റീരിയർ ഡെക്കറേഷന് കൂടുതൽ ആവശ്യക്കാർ വന്നതോടെ വസ്ത്രങ്ങളിലും എന്തുകൊണ്ട്  ചിത്രപണികൾ ആയിക്കൂടാ എന്ന് ചിന്തിച്ചുതുടങ്ങി. ഇപ്പോൾ, മുണ്ട്, കുർത്ത, കുട്ടികളുടെ വസ്ത്രങ്ങൾ ഇവയിലെല്ലാം ഡിസൈൻ ചെയ്ത് വിൽപ്പന നടത്താറുണ്ട്.

മ്യൂറൽ പെയിന്റിങ്‌, പുരാണ കഥാപാത്രങ്ങൾ, കേരളീയ കലകൾ, ഗോൾഡൻ ടെമ്പിൾ, ഉത്തരേന്ത്യൻ ആഘോഷങ്ങൾ ഇവയെല്ലാം സാരിയിൽ വരച്ചു നൽകാറുണ്ട്. ഉപഭോക്താവിന്റെ ആവശ്യാനുസരണം ഏത് രീതിയിലുള്ള ചിത്രങ്ങൾ വേണമെങ്കിലും വരച്ചു നൽകും. സാരിയിൽ കല്ലുകളുപയോഗിച്ചും മോടിപിടിപ്പിക്കാറുണ്ട്.

നെയ്ത്തുകാരിൽ നിന്നും നേരിട്ട് വാങ്ങി ഡിസൈൻ ചെയ്യുന്ന ഈ വസ്ത്രങ്ങൾക്ക് ഇന്ത്യക്കകത്തും പുറത്തും നിരവധി ആവശ്യക്കാരാണ്. സമൂഹമാധ്യമങ്ങൾ വഴിയാണ് ഓർഡറുകൾ സ്വീകരിക്കുന്നത്. പുതിയ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്താൻ സയ ഡിസൈനർ ബുട്ടീക്ക് (SAYA Designer Boutique) എന്ന പേരിൽ ഫെയ്സ്ബുക്ക് പേജുമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top