20 April Saturday

പറയുന്നത് കഥയല്ല , ജീവിതം

അജില പുഴയ്ക്കൽUpdated: Sunday Jun 26, 2022


ajilaramachandran@gmail.com

സ്‌നേഹലത കഥയല്ല പറയുന്നത്‌, ജീവിതമാണ്‌. സമൂഹത്തെ മാറ്റിമറിക്കുന്ന സംഭവബഹുലമായ ജീവിത ഏടുകൾ. രാജ്‌ഭവനു മുന്നിൽ  കർഷകസമരം കൊടുമ്പിരി കൊള്ളുന്ന സമയം. അവിടെ സ്‌നേഹലതയുടെ കഥാപ്രസംഗം, ‘രണ്ടിടങ്ങഴി’. കൂലിക്ക് പകരം നെല്ല് കൊടുക്കാതെ മാറ്റിവയ്ക്കുന്ന ജന്മിയോട്‌ കൂലി നെല്ല് മതിയെന്ന കോരന്റെ അവകാശപ്രഖ്യാപനം. വീടില്ലാത്ത കോരന്‌ വീടു നൽകാൻ സർക്കാരിന്റെ  ലൈഫ്‌ എന്ന ബൃഹത്‌ പദ്ധതി.  കഥയും പ്രസംഗവും സംഗീതവും യാഥാർഥ്യവും ഒത്തുചേരുന്ന മാജിക്കാണ്‌ സ്‌നേഹലതയുടെ കഥാപ്രസംഗം. സ്‌നേഹലതയുടെ മറുപേരാണ്‌ ജനകീയ കാഥിക.

കവിതയും കഥയും ഒത്തുചേർത്താണ്‌ തിരുവനന്തപുരം മലയിൻകീഴ്‌ കരിപ്പൂര്‌ സ്വദേശി സി എൻ സ്‌നേഹലത തെരുവുകളിൽ എത്തുക. ചിലപ്പോൾ കുമാരനാശാന്റെ ദുരവസ്ഥയായിരിക്കും. മറ്റു ചിലപ്പോൾ ചങ്ങമ്പുഴയുടെ വാഴക്കുല. അതുമല്ലെങ്കിൽ തകഴിയുടെ രണ്ടിടങ്ങഴി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ജോലിപോലെ തന്നെ സ്‌നേഹലതയ്ക്ക്‌ വളരെ പ്രിയപ്പെട്ടതാണ്‌ കഥാപ്രസംഗവും. ഏതു കൃതിയാണെങ്കിലും കഥപറയുമ്പോൾ അതിന്‌ ഒരു സ്‌നേഹലത ടച്ച്‌ ഉണ്ടാകും. കഥാപ്രസംഗ രചനയും ആവിഷ്‌കാരവുമെല്ലാം സ്വന്തമായി ചെയ്‌താണ്‌ ഈ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിസ്റ്റ്‌ ശ്രദ്ധേയമാകുന്നത്‌. ഓരോ ദിവസത്തിന്റെയും പ്രത്യേകത അനുസരിച്ചാണ്‌ കഥാപ്രസംഗം. തെരഞ്ഞെടുപ്പുപ്രചാരണകാലത്ത്‌ എൽഡിഎഫ്‌ വേദികളിൽ രണ്ടിടങ്ങഴി അവതരിപ്പിച്ചു.  മലബാർ കലാപത്തിന്റെ 100 വർഷം ആചരിക്കുന്നതിന്റെ ഭാഗമായി ദുരവസ്ഥയും.

തൊഴിലാളികളുടെ പൊതുപണിമുടക്കിന്‌ പാളയത്തെ സമരവേദിയിൽ വാഴക്കുലയാണ്‌ അവതരിപ്പിച്ചത്‌. പരിസ്ഥിതിദിനത്തിൽ ഭോപാൽ ദുരന്തത്തെ മുൻനിർത്തി ഫൈവ്‌ പാസ്‌ മിഡ്‌നൈറ്റ്‌ എന്ന കഥാപ്രസംഗം. 18 കഥയാണ്‌ ഇതുവരെ രചിച്ച്‌ അവതരിപ്പിച്ചത്‌.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പഠിക്കുമ്പോൾ കഥാപ്രസംഗത്തിന്‌ സമ്മാനം കിട്ടിയിട്ടുണ്ടെങ്കിലും 2018 മുതലാണ്‌ വേദിയിൽ സജീവമാകുന്നത്‌. വയലാറിന്റെ ആയിഷയാണ്‌ ആദ്യമായി വേദിയിൽ അവതരിപ്പിച്ചത്‌. കഥാപ്രസംഗം ഏറ്റവും മികച്ച പ്രചാരണ കലയാണെന്നാണ്‌ സ്‌നേഹലതയുടെ പക്ഷം. 2019ൽ ദേവകീവാര്യർ ട്രസ്റ്റുമായി സഹകരിച്ച്‌ നന്മ എന്ന കഥാപ്രസംഗം അവതരിപ്പിച്ചു. അർബുദരോഗികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടായിരുന്നു കഥ.

അതിനെത്തുടർന്ന്‌ നിരവധിപേർ അർബുദരോഗികളെ ദത്തെടുക്കാൻ തയ്യാറായത്‌ കഥാപ്രസംഗ ജീവിതത്തിലെ മികച്ച അനുഭവമായി. ദേവകീവാര്യരുടെ ജീവിതം ആസ്പദമാക്കി സബർമതിയിലെ ചെന്താരകം എന്ന കഥയും അവതരിപ്പിച്ചു. പെരുമാൾ മുരുകന്റെ അർധനാരി എന്ന നോവൽ കഥാപ്രസംഗമാക്കുന്നതിന്റെ തിരക്കിലാണ്‌ ജനിതകവിദഗ്‌ധയും കവിയും കഥാകൃത്തുംകൂടിയായ സ്‌നേഹലത.  ഭർത്താവ്‌ കെ ബാലചന്ദ്രനാണ്‌ ഇഫക്ട്‌മേക്കറായി ഒപ്പമുള്ളത്‌. മക്കൾ ഡോ. അരവിന്ദ്‌ ചന്ദ്രുവും ഡോ. ഗോവിന്ദ്‌ ബാലചന്ദ്രനും അമ്മയ്‌ക്ക്‌ പിന്തുണയുമായി കൂടെയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top