04 February Saturday

'ഭൂമിയുടെ അവകാശികള്‍'; സ്മിതയുടെ ക്യാന്‍വാസില്‍ നിറയുന്നത്

ഡോ. ബിജി ബാലകൃഷ്ണൻUpdated: Tuesday Jul 17, 2018

 നാമാവശേഷമാകാനിടയുള്ള ജീവജാലങ്ങളെയാണ് സ്മിത കൂടുതലും വരയ്ക്കുന്നത്. പ്രകൃതിയോടൊപ്പം നിൽക്കാനുള്ള സമരം കൂടിയാണിത്. പ്രകൃതിയിലെ ഓരോ സൂക്ഷ്മജീവിയും ഭൂമിയുടെ അവകാശികളാണെന്നും അവയെ സഹാനുഭൂതിയോടെയും സ്നേഹത്തോടെയും കാണാൻ മറ്റുള്ളവരെ പഠിപ്പിക്കുന്നതാണ് സ്മിതയുടെ ചിത്രങ്ങൾ. തിരസ്കൃതരായ, അതിജീവനത്തിന് പോരാടുന്ന സൂക്ഷ്മജീവികളാണ് സ്മിതയുടെ ചിത്രങ്ങളിൽ ഏറെയുള്ളത്. കോഴിക്കോട് സ്വദേശിയായ ഇവർ തന്റെ വർണലോകത്തെക്കുറിച്ച് സംസാരിക്കുന്നു.

'രാത്രിയിലാണ് ചിത്രങ്ങൾ വരച്ചു തുടങ്ങുന്നത്. പുലർച്ച വരെ അത് മിക്കപ്പോഴും നീളുന്നു. രാത്രിയുടെ യാമങ്ങളിൽ അനന്തമറ്റ നക്ഷത്രങ്ങളെയും മിന്നാമിന്നുങ്ങുകളെയും തൂവെള്ളപേപ്പറിലാക്കുവാൻ ശ്രമിക്കുമ്പോൾ എന്റെ മനസ്സുതന്നെയാണ് ആകാശത്ത് മിന്നിത്തെളിയുന്നത്. വരയ്ക്കുന്ന ഓരോ ചിത്രവും അച്ഛനെ കാണിക്കാറുണ്ടായിരുന്നു. അച്ഛന്റെ മുഖത്ത് വിടരുന്ന പുഞ്ചിരി തന്നെയാണ് ഏറ്റവും വലിയ പ്രോത്സാഹനവും. എന്റെ വർണങ്ങൾക്ക് ജീവൻ നല്കുവാൻ അമ്മയും പങ്കാളിയായിട്ടുണ്ട്. അമ്മയോടൊപ്പം പറമ്പിൽ പച്ചക്കറികൃഷി ചെയ്യുന്ന സമയത്തായിരുന്നു വെണ്ടക്ക തിന്നുന്ന പുഴുവിനെ ശ്രദ്ധിച്ചത്. ഞാൻ വരച്ച ആദ്യചിത്രവും പുഴു തിന്നുന്ന വെണ്ടക്കയുടേതായിരുന്നു. വഴുതനയുടെ കളറായിരുന്നു ആദ്യകാലങ്ങളിൽ ഇഷ്ടപ്പെട്ടിരുന്നത്. പൂക്കളും പൂമ്പാറ്റകളും തുമ്പിയും എന്നുവേണ്ട ചെറുജീവജാലങ്ങളുടെ വർണങ്ങളും താമസിയാതെ എന്റെ കടലാസുകൾക്ക് പ്രിയപ്പെട്ടതായി. ചെറുജീവികളെ തൊടികളിലൊക്കെ തെരഞ്ഞുപിടിക്കലായിരുന്നു ചെറുപ്പകാലത്തുള്ള പ്രധാന ജോലി. രാത്രികാലങ്ങളിലെ ചിവീടുകളുടെയും രാപ്പാടികളുടെയും തവളകളുടെയും ശബ്ദങ്ങൾക്കൊപ്പം തൊടിയിലെ പൂമ്പാറ്റകളും തുമ്പിയും മനസ്സിൽ ഇടം പിടിച്ചു. ഓരോ ജീവികളും അവയുടേതായ കർമ്മങ്ങൾ ചെയ്തു തീർക്കാനാണ് ഈ ഭൂമിയിൽ വന്നുചേർന്നിരിക്കുന്നത് എന്ന സത്യം മനസ്സിലാകുമ്പോൾ വല്ലാത്ത കൗതുകം തോന്നിപ്പോകും. ആ കൗതുകം തന്നെയാണ് ഞാൻ ചിത്രരൂപത്തിലും ആവിഷ്കരിക്കുന്നത്. സത്യത്തിൽ വളരെ ചുരുക്കിപ്പറയാൻ പറ്റുന്ന ഒരു പ്രവർത്തിയല്ല ചിത്രരചന. തനതായ അനുഭവങ്ങളെ സന്ദർഭോചിതമായ മനസ്സിലൂടെ നിറങ്ങളായി പകർത്തുമ്പോൾ അതിതീവ്രമായ സംഘർഷങ്ങളും ഒപ്പം നിതാന്തശാന്തതയും അനുഭവപ്പെടും. മനസ്സിന്റെ അടിത്തട്ടിൽ നിന്നും ഉയരുന്ന മൂല്യങ്ങൾ, സങ്കൽപങ്ങൾ, വീക്ഷണങ്ങൾ, പ്രേരണകൾ, പല പ്രകാരത്തിലുള്ള അതിസൂക്ഷ്മമായ വാസനകൾ, ജീവജാലങ്ങളുടെ പരമോദ്ദേശ്യങ്ങൾ എല്ലാം വരയിലൂടെ ആവിഷ്കരിക്കുവാൻ ശ്രമിക്കാറുണ്ട്. മനുഷ്യമനസ്സിന് പ്രകൃതിയെ മെരുക്കിയെടുക്കാനുള്ള പ്രവണത എന്നിലുമുണ്ട്. ജീവിതത്തിന്റെ മുഖ്യാവശ്യങ്ങൾ പ്രകൃതിയാണ് നടത്തിത്തരുന്നത്. അതിനാൽത്തന്നെ മനസ്സും വാക്കും കർമ്മവും എല്ലാം പ്രകൃതിയോട് ബന്ധപ്പെട്ടാണ് കിടക്കുന്നത്. അങ്ങനെയുള്ള പ്രകൃതിയെയാണ് അടുത്തറിയാനും വർണങ്ങളായി പകർത്താനും ശ്രമിക്കുന്നത്. ചുരുക്കത്തിൽ പ്രകൃതിയെക്കുറിച്ചുള്ള ബോധവും ബോധ്യവുമാണ് ചിത്രങ്ങളായി പരിണമിക്കുന്നത്.'

അധികമാരും കൈവയ്ക്കാത്ത പോയിന്റിലിസമാണ് സ്മിത പിന്തുടരുന്നത്. 1886‐ൽ ജോർജ്ജ് സ്യൂറട്ടും പോൾ സിഗാഗുമാണ് ഈ രീതി അവലംബിച്ചുതുടങ്ങിയത്. നിറങ്ങൾ അടുത്തടുത്ത് വച്ച് കുത്തുകളായി തോന്നിപ്പിക്കുന്ന രീതിയിലുള്ള ആവിഷ്കാരക്രമമാണ്. പ്രകാശവ്യതിയാനത്തിനനുസരിച്ച് രൂപങ്ങളുടെ ചലനത്തെയും ഭാവത്തെയും ചിത്രങ്ങളായി ഒരുക്കുന്ന ശൈലി അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് കൂടുതൽ താൽപര്യം. കോഴിക്കോട് ജില്ലയിലെ കാവുന്തമാണ് സ്മിതയുടെ സ്വദേശം. പോസ്റ്റ് ഓഫീസ് ജീവനക്കാരനായ ഗോപാലന്റെയും ശ്രീമതിയുടെയും രണ്ടാമത്തെ മകൾ. ജയന്തി, സോണിമ എന്നീ രണ്ട് സഹോദരിമാർ. കോഴിക്കോട്ടെ യൂണിവേഴ്സൽ ആർട്സിലും ബിഎഫ്എ മൈസൂരിലുമായിട്ടായിരുന്നു പഠനം. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി ചിത്രപ്രദർശനങ്ങളും ചിത്രകലാക്യാമ്പുകളും നടത്തിയിട്ടുണ്ട്.
ചിത്രകലാരംഗത്ത് സ്മിതയുടെ വിഷയങ്ങൾ വൈവിധ്യം നിറഞ്ഞതും വ്യത്യസ്തവുമാണ്. അതുവരെ അപ്രസക്തമാണെന്ന് കരുതി തള്ളിക്കളഞ്ഞിരുന്ന പൂക്കളും പുഴുക്കളും ചെടികളുമാണ് സ്മിതയുടെ പ്രധാന വിഷയങ്ങൾ.  പലതവണ കണ്ണുകൾ തമ്മിൽ ഉടക്കിയാലേ അവയുടെ അർത്ഥവും ആഴവും വ്യാപ്തിയും തിരിച്ചറിയാനാകൂ. ജീവിതത്തെക്കുറിച്ച് ശരിയായ ധാരണ ഉള്ളവർക്ക് സ്മിതയുടെ ചിത്രങ്ങളിലെ സത്യം മനസ്സിലാക്കാൻ സാധിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top