26 April Friday

മായാത്ത സ്‌നേഹസ്‌പർശം

ഡോ. ഗൗരി ലക്ഷ്‌മിUpdated: Sunday Apr 5, 2020


എന്റെ പത്താംക്ലാസ് അവധിക്കാലം. അന്നാണ് എനിക്ക് പുതിയ ഒരു കൂട്ടുകാരിയെ കിട്ടിയത്‌–-ആനി സിസ്റ്റർ. അവർക്കന്ന് പ്രായം അറുപതിനുമേൽ. ഏതുതരക്കാരോടാണോ അടുപ്പം സ്ഥാപിക്കുക അവരുടെ പ്രായത്തിലേക്കിറങ്ങിച്ചെന്ന് അവരോട് സൗഹൃദമുണ്ടാക്കാനുള്ള കഴിവ് സിസ്റ്ററിനുണ്ട്. പരിചയപ്പെട്ട് ഏതാനും ദിവസംകൊണ്ടുതന്നെ സിസ്റ്റർ എന്റെ "ബെസ്റ്റ് ഫ്രണ്ട്' ആയിമാറി. അവരെ നിരന്തരം കാണണമെന്ന എന്റെ ആ വാശിപിടിക്കൽ എന്റെ മാതാപിതാക്കളെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. കാരണം ഞങ്ങൾ അന്ന് താമസം തിരുവനന്തപുരം പരുത്തിപ്പാറയിലും സിസ്റ്റർ ശംഖുംമുഖത്ത് സെന്റ് റോക്സ് കോൺവെന്റിലുമാണ്‌. മൊബൈൽ സുലഭമല്ലാത്ത അക്കാലത്ത് ഞങ്ങളുടെ ബന്ധം സുദൃഢമായത്‌ നേരിട്ടുള്ള കൂടിക്കാഴ്ചയിലൂടെയായിരുന്നു.

സിസ്റ്ററുടെ ഇടപെടലുകളിലൂടെയാണ്‌ എന്റെ ഹയർ സെക്കൻഡറിയും തുടർന്നുള്ള ആയുർവേദപഠനവുമെല്ലാം കടന്നുപോയത്.  കലാരംഗങ്ങളിൽ സിസ്റ്ററുടെ പ്രോത്സാഹനം ഒരു നർത്തകി മാത്രമായിരുന്ന എന്റെ ആത്മവിശ്വാസത്തെ മറ്റു പല തലങ്ങളിലും എത്തിക്കാൻ സാധിച്ചു. സ്‌കൂളിൽ ഒരു ചെറുകഥപോലും എഴുതാത്ത എനിക്ക് കഥ, തിരക്കഥ, സംവിധാനം തുടങ്ങിയ മേഖലകളിൽ ചുവടുവയ്‌ക്കാൻ സാധിച്ചു. സിസ്റ്റർ ആനി പുന്നൂസിനും ബ്രിട്ടോ അങ്കിളിനും എന്നിലുള്ള സ്വാധീനം അത്രമേൽ വലുതാണ്. (സിസ്റ്റർ ആനി പുന്നൂസിന്റെ ഒരു ആത്മമിത്രംകൂടിയായിരുന്നു സഖാവ് സൈമൺ ബ്രിട്ടോ. അദ്ദേഹത്തെയും ഞാൻ ഈ അവസരത്തിൽ സ്‌മരിക്കുന്നു). - പ്ലസ് ടു കഴിഞ്ഞ് ആയുർവേദപഠനത്തിനായി 2004-ൽ ഞാൻ കർണാടകത്തിലെ സുള്ളിയയിലേക്കു പോയി. അപ്പോഴും  പഠനത്തിനും കലാജീവിതത്തിനും പിന്തുണയായി സിസ്റ്ററുണ്ടായിരുന്നു. അക്കാലത്താണ് ഏവരെയും വിഷമിപ്പിക്കുന്ന ആ ദുഃഖവാർത്ത - ഞങ്ങളിലേക്കെത്തുന്നത്. സിസ്റ്റർ ആനി പുന്നൂസിന് ക്യാൻസറാണ് എന്നത്.  വളരെ വിഷമത്തോടെ സിസ്റ്ററിനെ കാണാൻ ഞാൻ എത്തി. പക്ഷേ, ആത്മവിശ്വാസമായിരുന്നു അവരുടെ വാക്കുകളിൽ.

കാലം കടന്നുപോയി. എന്റെ ഫൈനൽ ഇയർ പരീക്ഷയ്‌ക്കുള്ള സമയമായി. പരീക്ഷ തുടങ്ങിയ ആ അവസരത്തിലാണ് സിസ്റ്ററിന്റെ രോഗം മൂർച്ഛിക്കുന്നത്. സിസ്റ്റർ എന്റെ പരീക്ഷ മുടക്കി ഒന്നും ചെയ്യുന്നതിനോട് താൽപ്പര്യം കാണിക്കാത്ത ആളായിരുന്നു.  എന്റെ പരീക്ഷാസമയത്തായിരുന്നു സിസ്റ്ററിന്റെ മരണവും. അവസാനം ഒരു നോക്കുകാണാൻ പറ്റാത്ത വേദന മനസ്സിൽ ബാക്കി. അവസാനകാലത്ത് അസുഖംമൂലം വല്ലാതെ വേദന അനുഭവിച്ചിരുന്നുവത്രേ. സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും കരുണയുടെയും പ്രതിരൂപമായ സിസ്റ്റർ ആനി പുന്നൂസ് അന്നും ഇന്നും ഇനി എന്നും എന്റെ, അല്ല -ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ കെടാത്ത ഒരു മെഴുകുതിരി നാളമായി നിൽക്കും, നയിക്കും. സിസ്റ്ററുടെ ആത്മീയജീവിതത്തിലെ ഭൗതികമായ ഒരു ഓർമപ്പെടുത്തൽ പോലെയാണ് സിസ്റ്റർ എനിക്കുവേണ്ടി കാത്തുവച്ച് ഒരു ഡയമണ്ട് പെന്റന്റ് ഇന്നും എന്റെ പൂജാമുറിയിൽ ഒരു നിധിപോലെ ഞാൻ കാത്തുസൂക്ഷിക്കുന്നത്.  ഈ ഉപഹാരം എന്റെ കല്യാണത്തിന്  സമ്മാനമായി നൽകാൻ കരുതിയിരുന്നതാണത്രെ. പരീക്ഷ ജയിച്ചുവന്നപ്പോൾ ഒരു സർപ്രൈസ് ഗിഫ്റ്റുപോലെ ആനി സിസ്റ്ററുടെ മരണശേഷം സിസ്റ്റർ സെലിൻ എന്നെ അത് ഏൽപ്പിക്കുകയായിരുന്നു. 

അതുപോലെ സിസ്റ്ററിന്റെ ജീവിച്ചിരിക്കുന്ന സാമീപ്യമാണ് റൊസാരിയോ. ജന്മനാ ബധിരയും മൂകയുമായ ചേച്ചി ഒരു നല്ല ചിത്രകാരിയാണ്.  ഇന്നും മാസത്തിലൊരിക്കൽ "സാതസി'ന്റെ മുന്നിലൂടെ സെന്റ് റോക്‌സ്‌ കോൺവെന്റിൽ  പോകാറുണ്ട്. കടലിന്റെ ആഴങ്ങളിൽനിന്നും ആർത്തിരമ്പി വരുന്ന ആ കടൽക്കാറ്റും റൊസാരിയോ ചേച്ചിയുടെ സാന്നിധ്യവും സെന്റ് റോക്‌സ്‌ കോൺവെന്റിന്റെ ശാന്തതയും സിസ്റ്ററുടെ സാമീപ്യം എന്നിലേക്ക് ഇന്നും ഏറെ അടുപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top