24 April Wednesday

ഗോത്രതാളം ഹൃദയതാളം

എം ശ്രീനേഷ്‌Updated: Sunday Mar 22, 2020


അട്ടപ്പാടിയുടെ മനസ്സറിഞ്ഞ അധ്യാപികയാണ്‌ സിന്ധു സാജൻ. ആദിവാസി വിഭാഗത്തിന്റെ ഭാഷാപ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ്‌ അവ പരിഹരിക്കാൻ ശ്രമിച്ച അധ്യാപിക. 1995ൽ അട്ടപ്പാടിയിലെ സാരംഗ്‌ ബദൽ വിദ്യാലയത്തിലാണ്‌ ആദ്യമായി സിന്ധു എത്തുന്നത്‌. അട്ടപ്പാടി മേഖലയിലുള്ളവർ സംസാരിക്കുന്നത്‌ പ്രത്യേകഭാഷയിലായതിനാൽ ആശയവിനിമയം പ്രശ്‌നമായി. 2000ൽ തിരൂർ ബിപി അങ്ങാടി സ്‌കൂളിൽ പിഎസ്‌സിവഴി അധ്യാപികയായി ജോലി ലഭിച്ചതോടെ അട്ടപ്പാടി വിട്ടു. എന്നാൽ, മനസ്സുനിറയെ ആ നാടായിരുന്നു. ആ  സ്‌നേഹം 2003ൽ അഗളി ഗവൺമെന്റ്‌ എൽപി സ്‌കൂളിലേക്കെത്തിച്ചു.

ഇരുള, മുഡുഗ, കുറുമ്പ എന്നീ ഗോത്രവിഭാഗങ്ങളാണ്‌ അട്ടപ്പാടിയിൽ ഉള്ളത്‌. മൂന്നുവിഭാഗത്തിനും വ്യത്യസ്‌ത ഭാഷ. മലയാളവുമായി വലിയ അന്തരമുണ്ട്‌. മിക്ക വാക്കുകളും മലയാളത്തിൽ ഉപയോഗിക്കുന്നതിന്റെ എതിർ വാക്കുകളാണ്‌. അച്ഛന്‌ അമ്മെയെന്നും പുഴയ്‌ക്ക്‌ കെരെയെന്നുമാണ്‌ പറയുക. ആദിവാസി ഭാഷയ്‌ക്ക്‌ ലിപിയുണ്ടാക്കിയ ആളാണ്‌ അഗളിയിലെ നാരായണൻ. ഇദ്ദേഹവുമായി സംസാരിച്ചത്‌ വഴിത്തിരിവായി.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നഞ്ചിയമ്മ ആദ്യമായി ഈ ചിത്രത്തിലാണ്‌ പാടിയത്‌. സിനിമയെത്തുടർന്നുള്ള ചർച്ച അട്ടപ്പാടിയുടെ വിദ്യാഭ്യാസമുന്നേറ്റത്തിന്റെ വ്യത്യസ്‌തമായ മാനം പകർന്ന ‘സെളിമെ കാല’ എന്ന പദ്ധതിയിൽ എത്തിച്ചേർന്നു.

ക്ലാസിൽ കുട്ടികൾ സജീവമാകുന്നില്ലെന്നു കണ്ടതോടെ  ഇതിന്‌ പരിഹാരം കാണാൻ ആർട്‌സ്‌ ഗ്രൂപ്പുണ്ടാക്കി. ഗോത്രഭാഷയിൽ  കലാപരിപാടികൾ അവതരിപ്പിച്ചു. യുനിസെഫ്‌ അധികൃതർ പങ്കെടുത്ത യോഗത്തിൽ ഈ ഭാഷാപ്രശ്‌നം അവതരിപ്പിച്ചു. ഇതിനുശേഷമാണ്‌ ഭാഷാപ്രശ്‌നം കൈകാര്യം ചെയ്യുന്ന ഹ്രസ്വചിത്രം ഒരുക്കിയത്‌. 2015ൽ ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ ‘അഗ്ഗേദ്‌ നായാഗ’ എന്ന പേരിൽ അരമണിക്കൂർ സിനിമ ചെയ്‌തു. സിനിമയുടെ രചനയും തിരക്കഥയും സംവിധാനവും നിർവഹിച്ച സിന്ധു അഭിനേതാവായും എത്തി.  മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ നിരവധി മേളകളിൽ ചിത്രം പ്രദർശിപ്പിച്ചു. 2015ലെ സംസ്ഥാന ടെലിവിഷൻ അവാർഡ്‌ ലഭിച്ചു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നഞ്ചിയമ്മ ആദ്യമായി ഈ ചിത്രത്തിലാണ്‌ പാടിയത്‌. സിനിമയെത്തുടർന്നുള്ള ചർച്ച അട്ടപ്പാടിയുടെ വിദ്യാഭ്യാസമുന്നേറ്റത്തിന്റെ വ്യത്യസ്‌തമായ മാനം പകർന്ന ‘സെളിമെ കാല’ എന്ന പദ്ധതിയിൽ എത്തിച്ചേർന്നു. ഗോത്രവിദ്യാർഥികളുടെ പഠനം ആകർഷകമാക്കുന്നതിന്‌ അധ്യാപകർക്ക്‌ ആദിവാസി ഭാഷയിൽ അറിവ്‌ നൽകുന്ന പദ്ധതിയാണ്‌ സെളിമെ കാല. ആദിവാസികളുടെ പാട്ടുകൾ, കഥകൾ, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ എന്നിവയുൾപ്പെടുത്തി അഗളി ബിആർസി സെളിമകാല എന്ന പുസ്‌തകം തയ്യാറാക്കിയപ്പോൾ പത്രാധിപരായും പ്രവർത്തിച്ചു.

2015 മുതൽ 2017 വരെ സ്റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റ്‌ പ്രോജക്ട്‌ ഓഫീസറായി തിരുവനന്തപുരത്തായിരുന്നു. 2017ൽ വീണ്ടും അഗളി സ്‌കൂളിലേക്ക്‌. 2017 മാർച്ചിൽ ബിആർസി ട്രെയ്‌നറായി.  ആദിവാസി ഭാഷാപഠന പ്രവർത്തനങ്ങളെക്കുറിച്ച്‌ സ്‌കൂളുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാറുണ്ട്‌. ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ അഡ്വാൻസ്‌ഡ്‌ സ്റ്റഡീസിലും പ്രബന്ധം അവതരിപ്പിച്ചു. അധ്യാപിക, സംഘാടക, സിനിമാ സംവിധാനം, എഡിറ്റർ, എഴുത്തുകാരി, നാടകപ്രവർത്തക എന്നീ മേഖലയിലെല്ലാം തിളങ്ങിയിട്ടുണ്ട്‌.

എസ്‌സിഇആർടി നടത്തുന്ന വിവിധ പരിശീലനങ്ങളിൽ റിസോഴ്‌സ്‌ പേഴ്‌സണായും പാഠപുസ്‌തക രചനയിലും പങ്കെടുക്കാറുണ്ട്‌. അഗ്ഗെദ്‌ നായാഗ എന്ന ഹ്രസ്വചിത്രത്തിന്റെ തിരക്കഥ തായ്‌മൊഴി എന്ന പേരിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്‌ പ്രസിദ്ധീകരിച്ചു. തളിരിൽ കുട്ടികൾക്കായി ലേഖനങ്ങൾ എഴുതാറുണ്ട്‌. അട്ടപ്പാടിയിലെ ആദിവാസി തനതുസംഗീതത്തെക്കുറിച്ചുള്ള ഫീച്ചർ സിനിമയുടെ തയ്യാറെടുപ്പിലാണ് ഇപ്പോൾ.

മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിനിയായ സിന്ധു സാജൻ അഗളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയാണ് ഇപ്പോൾ. കുടുംബസമേതം അഗളിയിലാണ്‌ താമസം. അട്ടപ്പാടിയിൽ നേച്ചർ ക്യാമ്പ്‌ സെന്റർ നടത്തുന്ന സാജനാണ്‌ ഭർത്താവ്‌. പരിസ്ഥിതി പ്രവർത്തകനും ചിത്രകാരനുമായ സാജൻ അനിമേഷൻ ചിത്രങ്ങളൊരുക്കിയിട്ടുണ്ട്‌. പക്ഷിനിരീക്ഷകൻകൂടിയായ മകൻ മാനവ്‌ ഡിഗ്രി ഒന്നാംവർഷവും മകൾ മിത്ര ഏഴിലും പഠിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top