29 March Friday

ഷിറീൻ പലസ്‌തീൻ പോരാട്ടത്തിന്റെ ശബ്‌ദം

എസ്‌ ശ്രീലക്ഷ്‌മി sreelakshmis473@gmail.comUpdated: Sunday May 22, 2022

പലസ്‌തീൻ വിമോചന പോരാട്ടങ്ങളുടെ ധീരമായ ശബ്‌ദമാണ്‌ കഴിഞ്ഞ ദിവസം ഒരു വെടിയുണ്ടയുടെ മുഴക്കത്തിൽ നിലച്ചുപോയത്‌. അൽ ജസീറയിലെ മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്‌ലയെ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈന്യം വെടിവച്ചു കൊന്നപ്പോൾ ഇല്ലാതാകുന്നത്‌ സത്യസന്ധമായ വാർത്താപ്രവാഹം. പലസ്‌തീൻ പോരാട്ടത്തിന്റെയും ആ നാടിനെ നശിപ്പിക്കുന്ന ഇസ്രയേൽ അധിനിവേശത്തിന്റെയും സത്യസന്ധമായ റിപ്പോർട്ടിങ്ങിലൂടെ ശ്രദ്ധേയയായ ഷിറീൻ വെസ്റ്റ്‌ ബാങ്കിലെ ഓരോ വീട്ടിലും സുപരിചിതയായിരുന്നു. ജെനിൻ അഭയാർഥിക്യാമ്പിൽ ഇസ്രയേലിന്റെ സൈനിക നടപടി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഇസ്രയേൽ സൈന്യം ഷിറീനെ അതിദാരുണമായി കൊലപ്പെടുത്തിയത്. പ്രസ് എന്നെഴുതിയ ജാക്കറ്റും ഹെൽമറ്റും ധരിച്ചിട്ടും ഇസ്രയേൽ സൈന്യത്തിന്റെ തോക്കുകൾ അവരുടെ നെഞ്ചു പിളർന്നു.

അൽ ജസീറ ആരംഭിച്ച്‌ ഒരു വർഷത്തിനുശേഷം 1997ലാണ് ഷിറീൻ റിപ്പോർട്ടറായത്‌. ഗാസയിലെ അഞ്ച് യുദ്ധവും 2006ലെ ഇസ്രയേൽ–-ലെബനൻ യുദ്ധവും റിപ്പോർട്ട് ചെയ്‌തു. 2000–-2005ൽ രണ്ടാം പലസ്‌തീൻ ഇൻതിഫാദ റിപ്പോർട്ട് ചെയ്‌തതോടെയാണ് ഷിറീൻ പ്രശസ്‌തയാകുന്നത്. ഇസ്രയേൽ നടത്തിയ നിർബന്ധിത കുടിയൊഴിപ്പിക്കലുകളും പലസ്‌തീൻ യുവാക്കളെ കൊന്നൊടുക്കുന്നതും നിരപരാധികളായ പലസ്‌തീൻ പൗരരെ ഇസ്രയേൽ ജയിലിൽ തടവിലാക്കുന്നതുമെല്ലാം ധീരതയോടെ ഷിറീൻ ലോകത്തിന് മുമ്പിൽ തുറന്നു കാണിച്ചു. എത്ര സമ്മർദത്തിലും സംയമനം പാലിക്കാൻ കഴിയുന്ന വ്യക്തിയായിരുന്നു ഷിറീനെന്ന് സഹപ്രവർത്തകർ പറയുന്നു. മുമ്പും പലസ്‌തീനിൽ റിപ്പോർട്ട്‌ ചെയ്യുന്നതിനിടയിൽ ഇസ്രയേൽ സൈന്യം ബുദ്ധിമുട്ടിച്ചിട്ടുണ്ട്‌. ഒരിക്കൽ കാറിൽ കണ്ണീർവാതകം നിറഞ്ഞ്‌ ശ്വാസം ലഭിക്കാത്ത അവസ്ഥയുണ്ടായി. പലസ്തീന്റെ പോരാട്ടത്തിനൊപ്പം നിലയുറപ്പിച്ച ഷിറീൻ ഇസ്രയേലിന്റെ തന്ത്രങ്ങൾ മനസ്സിലാക്കാൻ ഹീബ്രു ഭാഷ പഠിച്ചു.


യുഎസ്‌ പൗരത്വമുള്ള ഷിറീൻ ജനിച്ചത്‌ കിഴക്കൻ ജറുസലേമിൽ. വെസ്റ്റ്‌ ബാങ്കിലും കിഴക്കൻ ജറുസലേമിലുമായിരുന്നു റിപ്പോർട്ടിങ്‌. 2005ൽ റിപ്പോർട്ടിങ്ങിനിടെ അവർ പറഞ്ഞു: ‘‘യാഥാർഥ്യം നമുക്ക്‌ തിരുത്താനാകില്ല, പക്ഷേ ജനങ്ങളുടെ ശബ്‌ദം ലോകത്തിനുമുമ്പിലെത്തിക്കാൻ എനിക്ക്‌ കഴിഞ്ഞു. ഞാൻ മാധ്യമപ്രവർത്തനം തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ ജനങ്ങൾക്കൊപ്പമാണ്‌ നിൽക്കേണ്ടത്‌.’’ അതുതന്നെയാണ്‌ മാധ്യമപ്രവർത്തനം തുടങ്ങിയതുമുതൽ തന്റെ 51–-ാം വയസ്സുവരെ ചെയ്‌തതും. ഷിറീന്റെ സംസ്‌കാര സമയത്തുപോലും ഇസ്രയേൽ പൊലീസ്‌ അക്രമം അവസാനിപ്പിച്ചില്ല. ജറുസലേമിലെ പഴയപട്ടണപ്രദേശത്തെ സെന്റ്‌ ജോസഫ്സ് ആശുപത്രിയിൽനിന്ന്‌ ശവമഞ്ചവും വഹിച്ച്‌ അടുത്തുള്ള കത്തോലിക്കാ പള്ളിയിലേക്ക് പോവുകയായിരുന്ന പലസ്‌തീൻ പതാകയേന്തിയ ആയിരക്കണക്കിനു പേരുടെ നേരെയായിരുന്നു അക്രമം.

അക്രമത്തെ ആശുപത്രിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കത്തോലിക്കാ പൗരോഹിത്യ നേതൃത്വം അപലപിച്ചു. അടിസ്ഥാന മനുഷ്യാവകാശമായ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം അടക്കമുള്ള അന്താരാഷ്ട്ര നിയമങ്ങളുടെയും തത്വങ്ങളുടെയും ലംഘനമാണ്‌ പൊലീസ്‌ അക്രമമെന്ന്‌ അദ്ദേഹം പറഞ്ഞു. മറ്റു സഭാവിഭാഗങ്ങളിലെ പുരോഹിതരും പങ്കെടുത്തു. പലസ്‌തീനിലെ ഇസ്രായേൽ അധിനിവേശം മതപ്രശ്‌നമായി മാത്രം കാണുന്നവരെ പുനരാലോചനയ്‌ക്ക്‌ പ്രേരിപ്പിക്കുന്നതാണ്‌ വാർത്താ സമ്മേളനം.

ഒടുവിൽ, മെയ്‌ 11ന്‌ പലസ്‌തീൻ പതാകയിൽ പൊതിഞ്ഞ, പൂക്കൾമൂടിയ ഷിറീന്റെ മൃതദേഹം ചുവന്ന സ്‌ട്രെച്ചറിൽ റാമെല്ല നഗരത്തിലൂടെ കൊണ്ടുപോകുമ്പോൾ നൂറുകണക്കിനാളുകൾ ഒരുമിച്ച്‌ പറഞ്ഞു –- "ഷിറീൻ, ഞങ്ങളുടെ ആത്മാവുകൊണ്ട്‌, ഞങ്ങളുടെ രക്തംകൊണ്ട്‌ ഞങ്ങൾ നിന്നെ വീണ്ടെടുക്കും'


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top