ഹൗസ് ഫുൾ ആയി കൊച്ചി നഗരസഭയുടെ ഷീ ലോഡ്‌ജും സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടലും. കൊച്ചി നഗരസഭയുടെ കീഴിൽ കുടുംബശ്രീ ആരംഭിച്ച രണ്ട് സ്‌ത്രീ സംരംഭങ്ങൾ സൂപ്പർഹിറ്റ്. കൊച്ചി കോർപറേഷന്റെ ഉടമസ്ഥതയിൽ കലൂർ പരമാര റോഡിൽ ഉണ്ടായിരുന്ന ലിബ്ര ഹോട്ടൽ കാടുപിടിച്ച് വർഷങ്ങളായി സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായിരുന്നു. നഗരത്തിന്റെ കണ്ണായ സ്ഥലത്ത് ഉള്ള ഈ സൗകര്യം ജനോപകാര പ്രദമാക്കാമെന്ന കൊച്ചി മേയർ എം അനിൽകുമാറിന്റെ ചിന്തയിൽനിന്നാണ് സമൃദ്ധി @ കൊച്ചി എന്ന ജനകീയ ഹോട്ടൽ.
2021 ഒക്ടോബർ ഏഴിന് നടി മഞ്ജു വാര്യരാണ് സമൃദ്ധി കിച്ചൻ ഉദ്ഘാടനം ചെയ്തത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ 13 പേരുമായി തുടങ്ങിയ പദ്ധതിയിൽ ഇപ്പോൾ രണ്ട് ഷിഫ്റ്റുകളിലായി 70 സ്ത്രീകൾ പണിയെടുക്കുന്നു. 10 രൂപ ഊണും 15 രൂപ പാഴ്‌സലുമായിട്ടായിരുന്നു തുടക്കം. രാവിലെ 11 മുതൽ വൈകിട്ട് നാലുവരെയായിരുന്നു പ്രവർത്തനം. പിന്നീട് പ്രഭാതഭക്ഷണം, ഫിഷ് ഫ്രൈ, കറി, ചിക്കൻ സ്‌പെഷ്യൽ, വെജ്, നോൺ വെജ് പൊതിച്ചോർ, കാറ്ററിങ് സർവീസ്, അത്താഴം എന്നിങ്ങനെ വിപുലമായ മെനുവും സേവനങ്ങളുമായി സമൃദ്ധി ഭക്ഷണപ്രിയരുടെ മനസ്സിൽ സ്ഥാനംപിടിച്ചു.
ഷീ ലോഡ്‌ജ്
സമൃദ്ധി ഹോട്ടൽ തുടങ്ങിയശേഷം ബാക്കി വന്ന ലിബ്ര ഹോട്ടലിന്റെ ഭാഗം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്ന ചോദ്യത്തിൽനിന്നാണ് ഷീ ലോഡ്‌ജ് ഉടലെടുക്കുന്നത്. സമീപത്തുള്ള എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിൽ ദിനംപ്രതി നിരവധി സ്‌ത്രീകളാണ് പല ആവശ്യങ്ങൾക്കായി നഗരത്തിൽ വന്നിറങ്ങുന്നത്. ഇവർക്ക് താമസിക്കാൻ സുരക്ഷിതവും വൃത്തിയുള്ളതുമായ ഒരിടം ആവശ്യമാണെന്ന് മനസ്സിലാക്കിയാണ് കൊച്ചി നഗരസഭ ഷീ ലോഡ്‌ജ് എന്ന തീരുമാനത്തിൽ എത്തുന്നത്.
ആരംഭിച്ച് മൂന്നു മാസം പിന്നിടുമ്പോൾ ഷീ ലോഡ്ജിലെ മുറികൾ മിക്കദിവസങ്ങളിലും ഹൗസ്‌ഫുള്ളാണ്. ഒരു മുറിപോലും ഒഴിവില്ലാത്തത്ര തിരക്കാണ് ഇവിടെയെന്ന് ആരംഭകാലംമുതൽ ഇടയ്‌ക്കിടെ ഇവിടെയെത്തുന്ന കാസർകോട് സ്വദേശി അസ്‌മിന പറയുന്നു. ചികിത്സയ്‌ക്കായി 28 ദിവസത്തെ ഇടവേളകളിൽ എറണാകുളത്ത് എത്താറുണ്ട് അസ്‌മിന. ഷീ ലോഡ്‌ജ് വരുന്നതിനുമുമ്പ് 10 ദിവസത്തെ ചികിത്സയ്‌ക്കായി 15,000 രൂപ മുടക്കിയാണ് മറ്റ് ലോഡ്‌ജുകളിൽ മുറിയെടുത്ത് താമസിച്ചത്. ഇപ്പോ ൾ താമസത്തിന് 2000 രൂപ മതിയെന്നത് വലിയ ആശ്വാസമാണെന്നും അസ്‌മിന പറയുന്നു. നോർത്ത് റെയിൽവേ സ്‌റ്റേഷനു സമീപമായതിനാലും നേരത്തേ ബുക്ക് ചെയ്‌ത് എത്തുന്നതിനാലും അസ്‌മിനയെപ്പോലെയുള്ളവർക്ക് ഷീ ലോഡ്‌ജ് വലിയ സഹായമാണ്.
ഇന്റർവ്യൂ, ഇന്റേൺഷിപ്, ചികിത്സ, മീറ്റിങ്ങുകൾ എന്നിവയ്‌ക്കായി നഗരത്തിലെത്തുന്നവരാണ് ഷീ ലോഡ്‌ജിലെത്തുന്നവരിൽ അധികവും. 96 മുറിയാണുള്ളത്. ഇതിൽ 30 മുറി ഡോർമിറ്ററികളാണ്. ഡോർമിറ്ററിക്ക് 100, സിംഗിൾ റൂമിന് 200, ഡബിൾ റൂമിന് 350 എന്നിങ്ങനെയാണ് നിരക്ക്. മുറികളെല്ലാം ബാത്ത് അറ്റാച്ച്ഡാണ്. എല്ലാ മുറിയിലും ചൂടുവെള്ളവും ലഭിക്കും. ഡ്രസിങ് ടേബിൾ, മേശ, കസേര തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുമെങ്കിലും സുരക്ഷാകാരണങ്ങളാൽ രാത്രി 12നുശേഷമുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. രാത്രി വൈകിയെത്തുന്ന ട്രെയിനിൽ വരുന്നവർക്കും പോകുന്നവർക്കും മുൻകൂട്ടി അറിയിച്ചാൽ ഇളവ് ലഭ്യമാണ്.
ഷീ ലോഡ്ജിന്റെ നടത്തിപ്പും കോർപറേഷനിലെ കുടുംബശ്രീക്കാണ്. രണ്ട് മേട്രന്മാരും മൂന്ന് ക്ലീനിങ് സ്റ്റാഫുകളുമുണ്ട്. താമസത്തിന് എത്തുന്നവർ ആധാർ കാർഡ്, നഗരത്തിൽ എത്തിയതിന്റെ കാരണം തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കണം. ഒരാൾക്ക് മൂന്നുദിവസംവരെ താമസിക്കാം. ഇന്റർവ്യൂ, പരീക്ഷകൾ എന്നിവയ്ക്കാണ് എത്തിയതെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ ഏഴുദിവസംവരെ താമസിക്കാം. ഹ്രസ്വകാല കോഴ്സുകൾ ചെയ്യുന്നവർക്ക് ഒരുമാസംവരെ താമസം അനുവദിക്കും. നഗരത്തിൽ മറ്റ് ആവശ്യങ്ങൾക്കെത്തുന്ന സ്ത്രീകളും ഷീ ലോ ഡ്ജിനെ ആശ്രയിക്കാറുണ്ട്. യാത്രാസൗകര്യം, കുറഞ്ഞ നിരക്ക് എന്നിവയ്‌ക്കൊപ്പം താഴത്തെ നിലയിലെ സമൃദ്ധി ഹോട്ടലും ഷീ ലോഡ്‌ജിന്റെ പെരുമയ്‌ക്ക് മുതൽക്കൂട്ടാണ്. ലിബ്ര ഹോട്ടലിന്റെ ഒരുഭാഗം 4.80 കോടി രൂപ ചെലവിൽ നവീകരിച്ചാണ് ഷീ ലോഡ്ജ് ഒരുക്കിയത്.
കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം വിമർശം നേരിട്ട വിഷയങ്ങളാണ് സ്‌ത്രീകൾക്ക് താമസിക്കാൻ സൗകര്യവും തൊഴിലും സംരംഭകത്വവും എന്നത്. ഭരണത്തിൽ വന്നതിനുശേഷം എൽഡിഎഫ് ഏറ്റവും മുൻഗണന നൽകിയതും ഇവയ്‌ക്കായിരുന്നു. സ്‌ത്രീ സൗഹൃദവും ഭാവനാ സമ്പന്നവും പാവപ്പെട്ടവർക്ക് അനുകൂലവുമായ സമൃദ്ധി @കൊച്ചി ജനകീയ ഹോട്ടലും ഷീ ലോഡ്‌ജും കോർപറേഷൻ അന്ന് നേരിട്ട ചോദ്യങ്ങൾക്കുള്ള മറുപടിയാണ്. സംസ്ഥാനത്തിനുതന്നെ മാതൃകയായി മാറിയിരിക്കുന്നു രണ്ടു സംരംഭങ്ങളും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..