28 March Thursday

നാദഗംഗ ഒഴുകും ഖാൻ ഹൃദയം

എ പി സജിഷUpdated: Sunday Feb 13, 2022

"അന്ന് എന്റെ ഉപ്പ മരിച്ച ദിവസമായിരുന്നു. മൃതദേഹം കണ്ട് അവർ ഒന്ന് നോക്കി. ഒട്ടും കരഞ്ഞില്ല, ഒന്നും മിണ്ടിയില്ല. പെട്ടെന്ന്  നിലത്തേക്ക് വീണു പിടഞ്ഞു, തല നിലത്തിടിച്ചു. പിന്നെയൊരിക്കലും ചേച്ചി പഴയ ജീവിതത്തിലേക്ക് വന്നില്ല'. ഭൂതകാലത്തിലെ ആളുന്ന ഒരു വേദനയുടെ കഥ ഒരിക്കൽ ഷാരൂഖ് ഖാൻ പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്. കിങ് ഖാന് ഒരു സഹോദരിയുണ്ട്. ഷെഹനാസ്. ഷാരൂഖ് ഖാന്റെ പതിനഞ്ചാം വയസ്സിലാണ് ഉപ്പ താജ്‌ മുഹമ്മദ്‌ ഖാന്റെ മരണം. അന്ന് സഹോദരിയുടെ മനസ്സും പാതി മരിച്ചു. കുറച്ചു കാലത്തിനുശേഷം അമ്മയും മരിച്ചു.  ഏറെ സ്‌മാർട്ടായ ഷഹനാസ് പിന്നെയൊരിക്കലും പഴയ ജീവിതത്തിലേക്ക് വന്നില്ല. അവർ ഡിപ്രഷനിൽ മുങ്ങി.

ഷാരൂഖ് സിനിമയിൽ ചുവടുറപ്പിക്കുമ്പോഴും ഈ സഹോദരി രോഗിയാണ്. മഹാഗായിക ലതാ മങ്കേഷ്‌കർ അനശ്വരമാക്കിയ ‘തുജേ ദേഖാ തോയെ ജാനാ സനം...'  എന്ന പാട്ടിന്റെ ഷൂട്ടിങ് കാലം പോലും കിങ് ഖാന് പെങ്ങളുടെ ചികിത്സാക്കാലമാണ്. ബോളിവുഡ് ചരിത്രം തന്നെ മാറ്റിയ ‘ദിൽവാലെ ദുൽഹാനിയ ലെ ജായെംഗേ ' എന്ന ചിത്രത്തിൽ ഷാരൂഖ് അഭിനയിക്കുമ്പോൾ സഹോദരി വീണ്ടും ആശുപത്രിയിലായി. തുജേ ദേഖാ തോയെ ജാനാ സനം.. എന്ന പാട്ടിന്റെ ചിത്രീകരണത്തിനായി സ്വിറ്റ്സർലൻഡിലേക്ക് പോകുമ്പോൾ കിങ് ഖാൻ ചേച്ചിയെ ഒപ്പം കൂട്ടി.
ഡോക്ടർമാർ പറഞ്ഞു, ഇനി പ്രതീക്ഷ വേണ്ട. അച്ഛനും അമ്മയും ചെറുപ്പത്തിലേ നഷ്ടമായ ഷാരൂഖിന്റെ ഉള്ളിലെ വലിയൊരു വേദനയാണ് സഹോദരിയുടെ ദുരന്തം. അവർ ഇന്നും അയാളുടെ വീട്ടിലുണ്ട്.

കുമാർ സാനുവിനോപ്പം ലത പാടിയ ‘തുജേ ദേഖാ തോയെ...’ രാജ്യമെങ്ങും അലയടിച്ചു. പാടുമ്പോൾ അന്ന് ലത എന്ന സ്വരസഞ്ചാരത്തിന്‌ പ്രായം 67! തന്റെ ഉള്ളിലെ ഡിപ്രഷൻ മറി കടന്ന് ഷാരൂഖ്, ബോളിവുഡിന്റെ സാമ്രാജ്യത്തിലെ കിങ് ഖാനായി മാറി. പ്രണയവും വിരഹവും ഈണത്തിൽ കോർത്ത് എത്രയെത്ര പാട്ടുകളാണ് ലതാ മങ്കേഷ്‌കർ ഷാരൂഖ് ചിത്രത്തിൽ പാടിയത്.
നെഗറ്റീവ് ഇമേജുമായി ഹൃദയം കീഴടക്കിയ ഭ്രാന്തൻ കാമുകനായി ഷാരുഖ് ഖാൻ വേഷമിട്ട ഡർ എന്ന ചിത്രത്തിലും ലതയുടെ വിസ്‌മയ ശബ്ദം പിറന്നു. ഈ ചിത്രത്തിൽ അവർ പാടിയ ‘തൂ മേരെ സാംനേ...' എന്ന ഗാനവും ഹിറ്റായി. അൽക്കാ യാഗ്‌നിക്കിന്റെ ശബ്ദം  തരംഗം സൃഷ്ടിക്കുന്ന കാലമാണിതെന്ന്‌ ഓർക്കണം. അൽക്കയുടെ ശബ്ദമാധുര്യം ബോളിവുഡിനെ കീഴടക്കി നിൽക്കുമ്പോഴാണ് പ്രായത്തെ തോൽപ്പിച്ച് ലതയുടെ ഹിറ്റുകൾ ഇടയ്‌ക്കിടെ പിറന്നത്.

1997ൽ ഷാരൂഖ് നായകനായ ദിൽ തോ പാഗൽ ഹെയിൽ പാടുമ്പോൾ ലതയ്‌ക്ക്‌ പ്രായം 68. പാട്ടും നൃത്തവും യുവത്വത്തിന്റെ ചുറുചുറുക്കുമെല്ലാം ഒത്തിണങ്ങിയ ഈ ചിത്രത്തിലെ മിക്ക ഗാനവും പാടിയത് ലതയാണ്. അതുംകഴിഞ്ഞ് കിങ് ഖാന്റെ അഭിനയ സപര്യ പുതുനായികമാർക്കൊപ്പം തുടരുമ്പോഴും ലതയുടെ ശബ്‌ദം ഇടയ്‌ക്കൊക്കെ ഹിറ്റുകൾ സമ്മാനിച്ചു.
ആസ്വാദകന് വിരഹത്തിന്റെ നോവും നീറ്റലും സമ്മാനിച്ച വീർ -സാറയിലുമുണ്ട് ലതയുടെ പാട്ട്. ഇന്ത്യ -പാക് അനശ്വര പ്രണയ കഥ പറയുന്ന ചിത്രം ഷാരൂഖ് ഖാന്റെ തകർപ്പൻ പ്രകടനംകൂടി തുളുമ്പുന്നതാണ്.  പതിറ്റാണ്ടുകൾക്ക് ശേഷം നായകനും നായികയും കോടതിമുറിയിൽ കണ്ടുമുട്ടുന്ന അവിസ്‌മരണീയ രംഗത്തിൽ ‘തേരെ ലിയെ' എന്ന ഹൃദയരാഗം പാടിയതും ഇന്ത്യയുടെ പൂങ്കുയിൽ തന്നെ. പ്രീതി സിൻതയാണ് ചിത്രത്തിലെ നായിക.

ഷാരൂഖ് ചിത്രമായി ദിൽസേയിൽ എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ‘ജിയാ ജലെ' എന്ന ഹിറ്റ് ഗാനവും ലത പാടി. നഷ്‌ടപ്രണയത്തിന്റെ കഥ പറയുന്ന ഷാരൂഖ് - ഐശ്വര്യ റായി സിനിമ മുഹബത്തെയിലുമുണ്ട് മഹാഗായികയുടെ സ്വരമാധുരി.  കഭി ഖുഷി... കഭി ഗം എന്ന ചിത്രത്തിൽ അതേ പാട്ടും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുമെല്ലാം ലതയുടെ പാട്ടുകളാണ്.
എത്രയെത്ര പാട്ടുകൾ.. ഷാരൂഖ്  ചിത്രങ്ങളിൽ ആ നാദഗംഗ വീണ്ടുമൊഴുകി. ഷാരൂഖിന്റെ മകനെ ലഹരിക്കേസിൽ അറസ്റ്റ്‌ചെയ്‌തപ്പോഴും ലതാ മങ്കേഷ്‌കർ ട്വിറ്ററിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കൗമാരകാലത്ത് തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരാൾ പിന്നെങ്ങനെ മഹാഗായികയ്‌ക്ക്‌ മുന്നിൽ പ്രാർഥനാനിരതനാകാതിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top