27 September Wednesday

ഷഫാലി തുടങ്ങിയിട്ടേയുള്ളൂ

അജില പുഴയ്‌ക്കൽUpdated: Sunday Mar 15, 2020


ട്വന്റി –ട്വന്റി വനിതാ ലോകകപ്പിൽ തോറ്റതിനുശേഷം ടീം അംഗങ്ങളെ കെട്ടിപ്പിടിച്ച്‌ പൊട്ടിക്കരയുന്ന ഒരു കൊച്ചു പെൺകുട്ടി.  അവൾ കരയുന്നത്‌ കണ്ടപ്പോൾ ഹൃദയം തകർന്നെന്ന്‌ ഓസ്‌ട്രേലിയൻ ഇതിഹാസം  ബ്രറ്റ്‌ ലീ.   ഇന്ത്യൻ ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം ഷഫാലി വർമയെപ്പറ്റിയാണ്‌.    കലാശപ്പോരാട്ടത്തിനുമുമ്പുള്ള പരിശീലന സമയത്ത്‌ സ്‌മൃതി മന്ദാനയോട്‌ ദീദി നിങ്ങൾ ബാറ്റ്‌ ചെയ്യുമ്പോൾ എങ്ങനെയാണ്‌ ചിരിക്കുകയെന്ന്‌ ഞാൻ കാണിച്ചുതരാമെന്ന്‌ കുസൃതി കാണിച്ച്‌ നടന്നവൾ. ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ കൗറും സ്‌മൃതി മന്ദാനയും വേദ കൃഷ്‌ണമൂർത്തിയുമടക്കം ഉണ്ടായിരുന്നെങ്കിലും ഈ പതിനാറുകാരി വലംകൈ ബാറ്റ്‌സ്‌ വുമണിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ.  ഭയമില്ലാതെ എല്ലാ പന്തും നേരിടുന്ന ഷഫാലി. ലോകകപ്പിലെ ആദ്യ മത്സരം മുതൽക്കുതന്നെ ഷഫാലിയുടെ ബാറ്റിന്റെ ചൂടറിഞ്ഞു ബൗളർമാർ. നിർഭയമായി ഓരോ പന്തും നേരിടുക.

ഹരിയാനയിലെ റോഹ്‌തക്കിൽ 2004 ജനുവരി 28നാണ്‌ ജനനം. അച്ഛൻ സഞ്ജീവ്‌ വർമയ്‌ക്ക്‌ ചെറിയ ഒരു ആഭരണക്കടയാണ്‌. വലിയ ക്രിക്കറ്റ്‌ ആരാധകൻ. ഷഫാലിയുടെ ആദ്യ കോച്ചും അദ്ദേഹംതന്നെ. ഒമ്പതാം വയസ്സിൽ ലാഹ്‌ലിയിലുള്ള ബൻസി ലാൽ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിൽ ആദ്യമായി പോയതാണ്‌  ഷഫാലിയുടെ ജീവിതം മാറ്റിമറിച്ചത്‌. ഹരിയാനയും മുംബൈയും തമ്മിൽ രഞ്ജി ട്രോഫി  മത്സരം. സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറും അന്ന്‌ കളിക്കുന്നുണ്ടായിരുന്നു. അവിടെവച്ച്‌ താനൊരു ക്രിക്കറ്ററാകുമെന്ന്‌ ഷഫാലി ഉറപ്പിച്ചു. എന്നാൽ, അതത്ര എളുപ്പമായിരുന്നില്ല. അതേ വർഷംതന്നെ ശ്രീ രാം നരൈൻ ക്രിക്കറ്റ്‌ അക്കാദമിയിൽ ചേർന്നുവെങ്കിലും പെൺകുട്ടി ആയതിനാൽ ടൂർണമെന്റിൽ കളിക്കാൻ അനുവദിച്ചില്ല.


 

തോൽക്കാൻ മനസ്സില്ലായിരുന്നു. എന്തിനും പിന്തുണയുമായി സഞ്ജീവ്‌ വർമയുണ്ട്‌ ഒപ്പം.  അവളുടെ മുടി മുറിച്ചു. ചിലപ്പോൾ വേഷംമാറി ചില പ്രാദേശിക ടൂർണമെന്റുകളിൽ കളിച്ചു. പിന്നീട്‌ ഹരിയാനയ്‌ക്കായി കളിച്ചു. ഏറ്റവും ഒടുവിൽ മിതാലി രാജ്‌ വിരമിച്ച ഒഴിവിലേക്ക്‌ ടി–-ട്വന്റി ലോകകപ്പിനുള്ള  ഇന്ത്യൻ സ്ക്വാഡിലേക്ക്‌. മിന്നുന്ന പ്രകടനമാണ്‌ ഷഫാലി ലോകകപ്പിൽ കാഴ്‌ചവച്ചത്‌. 18 മാച്ചിൽ നിന്നായി 485 റൺസ്‌ നേടി ഈ മിടുക്കി. ബംഗ്ലാദേശിനെതിരെ 17 പന്തിൽ 39 റൺസ്‌ നേടി പ്ലെയർ ഓഫ്‌ ദി മാച്ച്‌ ആകുമ്പോൾ ഷഫാലിയുടെ പ്രായം 16 വയസ്സും 27 ദിവസവും. ടി–-ട്വന്റി ലോകകപ്പിൽ  പ്ലെയർ ഓഫ്‌ ദി മാച്ച്‌ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരി. ഫൈനൽ മത്സരത്തിൽ മാത്രമാണ്‌  കാലിടറിയത്‌. തന്റെ ജേഴ്‌സിയിൽ കണ്ണീരുതുടച്ച്‌ നിൽക്കുന്ന ഷഫാലിയും അവളെ സമാധാനിപ്പിക്കാൻ പാടുപെടുന്ന ടീം അംഗങ്ങളും. അതായിരുന്നു ഫൈനൽ മത്സരത്തിലെ കരളലിയിപ്പിക്കുന്ന കാഴ്‌ച. എന്നാൽ, പോകാൻ ഇനിയും ഏറെ ദൂരമുണ്ട്‌. ഇനിയും വെടിക്കെട്ട്‌ ബാറ്റിങ്ങുമായി അത്ഭുത പെൺകുട്ടിയെ ഫീൽഡിൽ കാണാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top