വെള്ളക്കൊടിയിലെ നക്ഷത്രം ചോര കൊടുത്ത് ചുവപ്പിച്ചവരെ.. ധീരരാം സഖാക്കളെ നിങ്ങള്‍ക്കായിരം അഭിവാദ്യങ്ങള്‍... ഇത് കേവലം ഒരു മുദ്രാവാക്യമല്ല, എന്നുമെന്നും വിദ്യാര്‍ഥി സമൂഹം അവരുടെ സിരകളില്‍ ആവേശത്തുടിപ്പോടെ കൊണ്ടുനടക്കുകയും ഏറ്റുവിളിക്കുകയും ചെയ്ത സംഘഗാഥയാണ്. ഈ വഴിത്താരയില്‍ പടയണി തീര്‍ത്തവരുടെ പിന്‍ഗാമികളായി ഇതാ ഇവിടൊരു പെണ്‍പട.
ഇവര്‍ ഇന്നിന്റെയും നാളെയുടെയും വിപ്ലവ നക്ഷത്രങ്ങള്‍. കലാലയങ്ങളില്‍ സര്‍ഗാത്മകതയുടെ കളിത്തട്ടിന് നേതൃത്വം നല്‍കാന്‍ ശുഭ്രപതാകയുടെ തണലില്‍ ആവേശം തീര്‍ക്കുന്നവര്‍. പുതിയ കാലത്തിന് ദിശാബോധം പകര്‍ന്നവര്‍. കൊല്ലം ജില്ലയിലെ വിവിധ കോളേജ് യൂണിയന് നേതൃത്വം നല്‍കുന്ന ഈ പെണ്‍കൊടികള്‍ എസ്എഫ്ഐയുടെ സാരഥികളാണ്. കൊല്ലം എസ്എന്‍ കോളേജില്‍ ആശാലത, പുനലൂര്‍ എസ്എന്‍ കോളേജില്‍ താര, കൊല്ലം എസ്എന്‍ ലോ കോളേജില്‍ ആഷ്ലി ജയിംസ്, ചവറ ബേബിജോണ്‍ ഗവ. കോളേജില്‍ ഹരിത ശശിധരന്‍, നിലമേല്‍ എന്‍എസ്എസ് കോളേജില്‍ എസ് ഐ അപര്‍ണ, കൊല്ലം എസ്എന്‍ വുമണ്‍സ് കോളേജില്‍ ആര്യ അജിത്ത് എന്നിവരാണ് കോളേജ് യൂണിയനുകളെ നയിക്കുന്ന ധീരവനിതകള്‍. പഠനത്തിലും കലാ സാംസ്‌ക്കാരിക രംഗത്തും മിടുക്കികളായ ഇവര്‍ കോളേജ് യൂണിയനുകള്‍ക്ക് മികവുറ്റ നേതൃത്വമാകും.
നാളെയുടെ പ്രതീക്ഷ
കാലം അടയാളപ്പെടുത്തുന്ന ചരിത്ര നിയോഗമാണിത്. പുനലൂര്‍ എസ്എന്‍ കോളേജ്, കൊല്ലം എസ്എന്‍ ലോ കോളേജ്, നിലമേല്‍ എന്‍എസ്എസ് കോളേജ് യൂണിയനുകളുടെ തലപ്പത്തേക്ക് വനിതകള്‍ എത്തുന്നത് ഇതാദ്യം. രാഷ്ട്രീയ കേരളത്തിന്റെ ഭൂപടത്തില്‍ തിളങ്ങുന്ന കൊല്ലം എസ്എന്‍ കോളേജില്‍ യൂണിയനെ നയിക്കാന്‍ വനിത എത്തുന്നത് ആദ്യമല്ല. 2001 ല്‍ മെര്‍ളിന്‍ ഇവിടെ ചെയര്‍പേഴ്സണായി. എന്നാല്‍ 200203 ല്‍ വിജയിച്ച ജി എസ് സരിതയാണ് എസ്എഫ്ഐയുടെ ആദ്യ ചെയര്‍പേഴ്സണ്‍. ഒഎന്‍വിയുടെ അനന്തരവളാണ്. ഇവരുടെ പിന്‍ഗാമിയാണിപ്പോള്‍ ആശാലത.
കൊല്ലം എസ്എന്‍ കോളേജിലെ ആദ്യ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സാക്ഷാല്‍ ഒ മാധവന്‍. പില്‍ക്കാലത്ത് നാടകത്തട്ടിലെ കുലപതിയായി മാറിയ ഈ കമ്യൂണിസ്റ്റുകാരന്‍ 1948 ല്‍ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീടും ദീര്‍ഘനാള്‍ യൂണിയനെ നയിച്ചത് പുരുഷകേസരികള്‍. ഡോ. എന്‍ ജയദേവന്‍, അഡ്വ. വെളിയം കെ എസ് രാജീവ്, നിലവിലെ കൊല്ലം മേയര്‍ അഡ്വ. വി രാജേന്ദ്രബാബു ഇങ്ങനെ നീളുന്നു ആ പട്ടിക. ഒഎന്‍വി, വെളിയം ഭാര്‍ഗവന്‍, വി സാംബശിവന്‍, തിരുനല്ലൂര്‍ കരുണാകരന്‍ തുടങ്ങിയ നിരവധിപേരെ രാഷ്ട്രീയ സാഹിത്യ സാംസ്‌ക്കാരിക രംഗത്തേക്ക് സംഭാവന ചെയ്തതും ഈ കലാലയം. സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി ആര്‍ട്സ് ക്ലബ് സെക്രട്ടറിയും മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ വൈസ് ചെയര്‍മാനുമായിരുന്നു. ഇവരുടെയെല്ലാം തുടര്‍ച്ച സൃഷ്ടിക്കാനുള്ള അവസരമാണ് ആശക്ക് കൈവന്നത്.
പുതിയ കാലം, പ്രതിരോധം
വളരെ അസ്വസ്ഥമായ കാലഘട്ടമാണിതെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ചുറ്റുപാടുകളെ നന്നായി മനസിലാക്കിയുള്ള തിരിച്ചറിവാണിത്. ചെറുത്തുനില്‍പ്പ് അനിവാര്യമാണെന്ന മുന്നറിയിപ്പും നാളെയുടെ പ്രതീക്ഷയായ ഈ വനിതാ നേതൃത്വം പങ്കുവയ്ക്കുന്നു. മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമം, ജാതിയുടെ അതിപ്രസരം, വര്‍ഗീയതയുടെ നീരാളിപ്പിടുത്തം, നന്മകളെ ഇല്ലാതാക്കി തിന്മയെ പ്രതിഷ്ഠിക്കാനുള്ള നീക്കം ഇതൊന്നും കാണാതെ വിദ്യാര്‍ഥി സമൂഹത്തിന് മുന്നോട്ടുപോകാനാകില്ലെന്ന ഇവരുടെ വ്യക്തത സമൂഹത്തിന് കരുത്തുപകരുന്നതാണ്. പഠനത്തോടൊപ്പം സമൂഹത്തില്‍ ഇടപെടുന്നവരായി വിദ്യാര്‍ഥികള്‍ മാറണമെന്നതും പെണ്‍താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മികവുറ്റതാകണം കോളേജ് യൂണിയന്‍
സര്‍ഗാത്മകത വെറും വാക്കില്‍ പോരെന്നും പ്രവര്‍ത്തിച്ചുകാണിക്കണമെന്നും ഇവര്‍ പറയുന്നു. അതിനായി ഒരുപിടി പരിപാടികളും ആശയങ്ങളുമാണ് മനസുനിറയെ. കക്ഷി രാഷ്ട്രീയത്തിനപ്പുറം കലാലയത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പങ്കാളിത്തമുള്ള വേദിയാക്കി യൂണിയന്‍ പ്രവര്‍ത്തനത്തെ മാറ്റുക എന്നതാണ് ഇവരുടെ ലക്ഷ്യം.
അനുമോദിക്കാന്‍ മുന്‍ വിദ്യാര്‍ഥി നേതാക്കളും
കോളേജ് യൂണിയന്‍ വനിതാ ചെയര്‍പേഴ്സണ്‍മാരെ ഉള്‍പ്പെടെ അനുമോദിക്കാന്‍ ആ പഴയ വിദ്യാര്‍ഥി നേതാവെത്തി. എസ്എന്‍ കോളേജിലെ ആര്‍ട്സ് ക്ലബ് സെക്രട്ടറിയും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന എം എ ബേബിയുടെ സാന്നിധ്യം തീര്‍ത്തത് ആവേശപ്പെരുമഴ. കൊല്ലത്തായിരുന്നു ചടങ്ങ്. കലാലയങ്ങളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ അനിവാര്യത ചൂണ്ടികാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍, സംസ്ഥാന കമ്മിറ്റിയംഗം കെ രാജഗോപാല്‍, കെ സോമപ്രസാദ് എംപി ഉള്‍പ്പെടെ പങ്കെടുത്തു.
കുടുംബം
കരുനാഗപ്പള്ളി മുഴങ്ങോടി ത്രിവേണി ഭവനില്‍ തങ്കമണിയുടെയും ത്രിവേണിയുടെയും മകളായ ആശ കൊല്ലം എസ്എന്‍ കോളേജില്‍ എംഎ ഇംഗ്ലീഷ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ്. കൊല്ലം കോട്ടാത്തല പണയില്‍ ഉതൃട്ടാതിയില്‍ ആര്‍ രഘുനാഥന്റെയും സുജയുടെയും മകളായ താര പുനലൂര്‍ എസ്എന്‍ കോളേജില്‍ ബിഎ ഇംഗ്ലീഷ് ആന്‍ഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് രണ്ടാംവര്‍ഷ വിദ്യാര്‍ഥി. കോട്ടയം കാഞ്ഞിരപ്പള്ളി വയലിറക്കത്ത് ജയിംസിന്റെയും റമിയുടെയും മകളാണ് ആഷ്ലി ജയിംസ്. എസ്എന്‍ ലോ കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനി.
ഹരിത ശശിധരന്‍ ചവറ ഗവ. കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റാണ്. മരുത്തടി റോപ്ഭവനില്‍ ശശിധരന്റെയും ലതികയുടെയും മകള്‍. സഹോദരി ഹരീഷ്മ കൊല്ലം എസ്എന്‍ കോളേജില്‍ വൈസ് ചെയര്‍പേഴ്സനാണ്. ചാത്തന്നൂര്‍ സിന്ധുവിലാസത്തില്‍ അജിത്കുമാറിന്റെയും സിന്ധുവിന്റെയും മകളായ ആര്യ അജിത്ത് കൊല്ലം എസ്എന്‍ വുമണ്‍സില്‍ ബിഎ സയന്‍സ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ്. മടവൂര്‍ സദനത്തില്‍ സദാശിവകുമാറിന്റെയും ഇന്ദുലേഖയുടെയും മകളാണ് നിലമേല്‍ എന്‍എസ്എസ് കോളേജ് ചെയര്‍പേഴ്സണ്‍ അപര്‍ണ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..