04 July Friday

സൗമ്യ ഭാഗ്യംപിള്ള സിനിമയിലേക്ക്

ആർ ഹേമലത hemalathajeevan@gmail.comUpdated: Sunday Jul 30, 2023


നൃത്തത്തെ സ്‌നേഹിച്ച്‌ കോമഡി സ്‌കിറ്റുകളിലൂടെ സിനിമയിൽ ചുവടുവച്ച്‌ സൗമ്യ ഭാഗ്യംപിള്ള. സൗമ്യ അഭിനയിച്ച രണ്ടാമത്തെ ചിത്രം ‘പാപ്പച്ചൻ ഒളിവിലാണ്‌’ തിയറ്ററിൽ എത്തി.

ബാല്യം
ആലപ്പുഴ കൊമ്മാടി സ്വദേശിയായ സൗമ്യയുടെ അച്ഛൻ ഭാഗ്യം പിള്ള അറിയപ്പെടുന്ന നാടക നടനായിരുന്നു. പ്രശസ്‌ത നാടക പ്രവർത്തകനായ പി എം ആന്റണിയുടെ സൂര്യകാന്തി തിയറ്റേഴ്‌സിലെ പ്രധാന നടനായിരുന്നു അദ്ദേഹം. നാട്ടുകാരുടെ നാനിച്ചേട്ടനായിരുന്നു ഭാഗ്യം പിള്ള. സ്‌പാർട്ടക്കസ്‌ എന്ന നാടകത്തിലെ പ്രധാന കഥാപാത്രം സ്പാർട്ടക്കസായുള്ള നാനിയുടെ വിസ്മയ പ്രകടനം  ഇന്നും പലരുടെയും മനസ്സിൽ മായാതെ നിൽക്കുന്നു.

നാനിച്ചേട്ടന്റെ നാല്‌ പെൺമക്കളിൽ മൂന്നാമത്തെ കുട്ടിയാണ്‌ സൗമ്യ. രശ്‌മി, രമ്യ, സരിത എന്നിവരാണ് സഹോദരിമാർ.  അച്ഛനെക്കാൾ അമ്മ അമ്മിണിക്കായിരുന്നു മകളെ നൃത്തം പഠിപ്പിക്കാൻ താൽപ്പര്യം. മൂന്നു വയസ്സിൽ മകളുടെ കാലിൽ ചിലങ്കകെട്ടി നൽകി. നാലു വയസ്സിൽ അരങ്ങേറ്റവും നടത്തി. ചെറിയ ക്ലാസിൽ തന്നെ നാടോടി നൃത്തത്തിൽ പങ്കെടുത്ത്‌ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. ആദ്യ ഗുരുവായിരുന്ന മേഴ്‌സി ടീച്ചറിൽനിന്ന്‌ പിന്നീട്‌ ഗുരുക്കന്മാർ മാറിമാറി വന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ  മറ്റ്‌ കുട്ടികൾക്ക്‌ പറഞ്ഞുകൊടുത്ത്‌ നൃത്താധ്യാപികയുടെ റോളും സൗമ്യ കൈകാര്യം ചെയ്യാൻ തുടങ്ങി. ഏഴാം ക്ലാസ്‌ വിജയിച്ചപ്പോൾ കലാമണ്ഡലത്തിൽ അഡ്‌മിഷൻ ലഭിച്ചു. എന്നാൽ അച്ഛനെ പിരിഞ്ഞു നിൽക്കാൻ സാധിക്കാത്തതിനാൽ ഏതാനം ദിവസത്തിനുള്ളിൽ അവിടം വിട്ടു. തിരിച്ചെത്തി ഹൈസ്‌കൂൾ പഠനം തുടരുന്നതിനിടയിൽ ഡാൻസ്‌ പഠിക്കുന്ന സുഹൃത്തിന്റെ വീട്ടിൽ പോയത്‌ വഴിത്തിരിവായി. സുഹൃത്തിനെ പഠിപ്പിച്ച നൃത്താധ്യാപകൻ സൗമ്യയിലെ പ്രതിഭയെ തിരിച്ചറിഞ്ഞു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയും നാടോടി നൃത്തത്തിനൊപ്പം പഠിക്കാൻ ആരംഭിച്ചു. സ്‌കൂൾതലത്തിലും അല്ലാതെയും നടന്ന മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടി. ക്ലബ്ബുകളും സ്‌റ്റേജുകളും സജീവമായിരുന്ന ആ കാലഘട്ടത്തിൽ എന്നും കൈനിറയെ പ്രോഗ്രാമുകൾ ലഭിച്ചു. ചെറുതാണെങ്കിലും സാമ്പത്തിക വരുമാനം കുടുംബത്തിന്‌  പിന്തുണയായി. ഒരു ദിവസം അഞ്ചു സ്ഥലത്ത്‌ നൃത്തം അവതരിപ്പിച്ച കാലം വരെയുണ്ടായിരുന്നു. അന്ന്, വീട്‌ വർഷാവർഷം ഓല മേയുമ്പോൾ ട്രോഫികളും സമ്മാനങ്ങളും ചാക്കിൽ ചുമന്ന്‌ മാറ്റുന്നതും ഓർമകളിലെ ചേർത്തുവയ്‌ക്കലാണ്‌.

കൊച്ചിൻ ഗിന്നസിൽ
പ്ലസ്‌ ടു കഴിഞ്ഞ്‌ ആർഎൽവിയിൽ ബിഎയും എംഎയും ചെയ്‌തു. ബിഎ പൊളിറ്റിക്‌സ്‌ ചെയ്യാനും  ശ്രമം നടത്തി പരാജയപ്പെട്ടു. ഇതിനിടയിലാണ്‌ കെ എസ്‌ പ്രസാദിന്റെ കൊച്ചിൻ ഗിന്നസിൽ എത്തുന്നത്‌. നൃത്തത്തിൽനിന്നും കോമഡി സ്‌കിറ്റുകളിലേക്ക്‌ ചുവട്‌ മാറിയത്‌ അവിടെ എത്തിയപ്പോഴാണ്‌. അഞ്ച്‌ വർഷം ഗിന്നസിൽ നിന്നു. കോമഡി മിമിക്‌സ്‌, സിനിമാല, ക്രേസി ടിവി എന്നിവയുടെ ഭാഗമായി. വിവാഹ ശേഷം ട്രൂപ്പ്‌ വിട്ടു. നാലാം ക്ലാസുകാരനായ മകൻ പാർഥിവിനൊപ്പം ആലപ്പുഴ തുമ്പോളിയിലാണ്‌ താമസം.

കരിയർ ഗ്രാഫ്‌
ആലപ്പുഴ പള്ളാത്തുരുത്തിയിൽ സിട്രസ്‌ റിസോർട്ടിലെത്തുന്ന അതിഥികൾക്കായി നൃത്തം അവതരിപ്പിക്കാൻ അവസരം ലഭിച്ചത്‌  സാമ്പത്തിക പിൻബലം നൽകിയെങ്കിലും കരിയറിലെ വളർച്ചയ്‌ക്ക്‌ ഒരു പരിധിവരെ അത്‌ തടസ്സമായി. ഏഴുവർഷമാണ്‌ സ്ഥിരമായി റിസോർട്ടിൽ നൃത്തം അവതരിപ്പിച്ചത്‌. 2018ലെ മഹാപ്രളയം തുടങ്ങുന്നതിന്‌ തലേദിവസം വരെ റിസോർട്ടിൽ പോയി. 2018 ആഗസ്‌ത്‌ 16നാണ്‌ ആ എപ്പിസോഡ്‌ അവസാനിപ്പിച്ചത്‌. ഈ കാലത്ത്‌ പകൽ സമയങ്ങളിൽ മറിമായത്തിൽ അഭിനയിച്ചു. അളിയൻ വേഴ്‌സസ്‌ അളിയൻ, കോമഡി മാസ്‌റ്റേഴ്‌സ്‌, കോമഡി സർക്കസ്‌, തകർപ്പൻ കോമഡി തുടങ്ങിയവയിലും മികച്ച പ്രകടനം കാഴ്‌ചവച്ചു. കോമഡി ഫെസ്‌റ്റിവൽ എന്ന റിയാലിറ്റി ഷോയിൽ മികച്ച ഹാസ്യ നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

സിനിമ
എല്ലാ കലാകാരികളെയും പോലെ സിനിമ തന്നെയാണ്‌ സ്വപ്‌നം. കോമഡി പരിപാടികളും നൃത്തവും മാറ്റിവച്ച്‌ സിനിമയ്‌ക്കായി കാത്തിരിക്കാൻ സാധിക്കുന്ന സാഹചര്യമില്ലെങ്കിലും എന്നെങ്കിലും സിനിമയിൽ ശ്രദ്ധിക്കപ്പെടും എന്നു തന്നെയാണ്‌ വിശ്വാസം. ആദ്യ സിനിമ മാസ്‌ക്‌ ശ്രദ്ധിക്കപ്പെട്ടില്ല. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ‘പാപ്പച്ചൻ ഒളിവിലാണ്‌’ എന്ന സിനിമയിൽ നല്ല കഥാപാത്രമാണ്‌. നായകൻ സൈജു കുറുപ്പിന്റെ സഹോദരിയായി സ്‌ക്രീനിൽ എത്തുന്നു. മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ പാപ്പച്ചൻ എന്ന ഡ്രൈവറുടെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ ഏതാനും മുഹൂർത്തങ്ങൾ നർമത്തിൽ പൊതിഞ്ഞ്‌ അവതരിപ്പിക്കുന്ന ചിത്രമാണ്‌ ഇത്‌. തോമസ്‌ തിരുവല്ല നിർമിച്ചിരിക്കുന്ന ചിത്രം കുടുംബ പ്രേക്ഷകരെ ആകർഷിക്കുമെന്ന് കരുതുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top