25 June Saturday

പുതിയ ചരിത്രത്തിന്‌ ചായമിട്ട്‌ സത്യഭാമ

സയൻസൺUpdated: Sunday May 1, 2022

സത്യഭാമയെന്ന അറുപത്തിനാലുകാരി ബ്രഷും പെയിന്റും എടുക്കുമ്പോൾ ചിത്രകലയിൽ പുതിയ ചരിത്രത്തിന്‌  ചായം പുരളുകയാണ്‌. കോവിഡ്‌ ദുരിതത്തിന്റെ വിരസദിനങ്ങളിലാണ്‌ മറ്റു പലരെയുംപോലെ സത്യഭാമയും നിറങ്ങളിൽ ജീവിതഭാരമിറക്കിവയ്‌ക്കാൻ തുടങ്ങിയത്‌.     
അനന്തരവൻ  വിഷ്‌ണുപ്രിയനൊപ്പം രണ്ട്‌ വർഷം മുമ്പ്‌ വെറും രസത്തിനാണ്‌ മലപ്പുറം പാങ്ങ്‌ സ്വദേശിനിയായ സത്യഭാമ നിറങ്ങളുമായി ചങ്ങാത്തം തുടങ്ങുന്നത്‌. ഭർത്താവ്, മക്കൾ, ഉദ്യോഗം തുടങ്ങിയ  തുണയൊന്നുമില്ലെങ്കിലും കെട്ടിടപ്പണിക്ക്‌ സഹായിയായും ചുമടെടുത്തും  സ്വയം തുണച്ച്‌ അതിൽ ആനന്ദവുമായി ജീവിച്ച ഒരുവളുടെ ജീവിതം കലാബന്ധത്തിലേക്ക്‌ അവരറിയാതെ ഉയരുകയായിരുന്നു. എങ്ങനെ, എന്ത്‌ വരയ്‌ക്കണമെന്ന്‌ സുഹൃത്തുക്കളുമായി ചർച്ചയില്ല.

രസിക്കുന്നത്‌ വരയ്‌ക്കുക എന്നതാണ്‌ രീതി.  ബ്രഷ്, നിറങ്ങൾ, മൊബൈലിലെ പടംവരപ്പ് സോഫ്‌റ്റ്‌വെയർ, ശിൽപ്പങ്ങൾ, ക്യാൻവാസ്, പേപ്പർ, വിഷയങ്ങൾ, ബിംബങ്ങൾ, ചിത്ര ശിൽപ്പ നിർമാണ രീതികൾ ഇതൊന്നും അത്രകാര്യമാക്കാതെ രസമുള്ള വരയിൽ മാത്രമാണ്‌ ശ്രദ്ധ.ചുമടെടുക്കുന്ന തൊഴിലാളി സ്‌ത്രീയുടെ ഭാവങ്ങൾ ചിത്രങ്ങളിൽ ഇടയ്‌ക്കിടെ നിറഞ്ഞു നിൽക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ ജീവിതഭാരം ചുമന്നുള്ള നടത്തത്തിനിടയിലും സത്യഭാമയുടെ തലയ്‌ക്കുള്ളിൽ  പുതിയ ചിത്രത്തിന്റെ ചിന്തകളാണ്‌.

സത്യഭാമ ആദ്യം ചിത്രമാക്കിയത് താൻ തന്നെ ഉണ്ടാക്കി ഉണക്കാൻ വച്ച കയ്‌പ്പക്കാ നുറുക്കുകളെയാണ്.  കറുപ്പിലും വെളുപ്പിലും നിറങ്ങളിലും ജീവിതത്തിന്റെ തീക്ഷ്‌ണതയൊട്ടും ചോരാതെ അവതരിപ്പിക്കാൻ  സത്യഭാമയ്‌ക്ക്‌ ഇത്തിരി നേരം മാത്രംമതി.  നെരിപ്പോടുപോലെരിയുന്ന ജീവിതാവസ്ഥയിൽനിന്നുള്ള മോചനത്തിനായി വെറുതെ വരച്ചിടുന്ന കുത്തിവരകൾപോലും എങ്ങനെയാണ്‌ അതിജീവനമെന്ന്‌ പറയുന്നുണ്ട്‌. ജീവിതത്തിന്റെ കയ്‌പ്പേറിയ നിമിഷങ്ങളെ അലിയിച്ചുകളയാൻ കലയ്‌ക്ക്‌ കഴിയുമെന്ന്‌ തെളിയിക്കുകയാണ്‌  ഒരോ ചിത്രങ്ങളും.  കുത്തുകളാണ്‌ സത്യഭാമ വരകളിലെ സവിശേഷത.

ചിത്രത്തിൽ താൻ വരയ്‌ക്കുന്ന രൂപം ഒഴികെയുള്ള കുറെ ശൂന്യസ്ഥലങ്ങൾ വരുമ്പോൾ അത് കൈകാര്യം ചെയ്യാനുള്ള ഒരു ഉപാധിയായിരിക്കാം ഈ കുത്തുകൾ. അതുകൊണ്ടുതന്നെ പ്രത്യേകിച്ചു അർഥമൊന്നും ഇത്‌ ഉൽപ്പാദിപ്പിക്കുന്നില്ല. എഴുത്തും വായനയും കാര്യമായി അറിയാത്ത സത്യഭാമ അക്ഷരങ്ങളെ തിരിച്ചും മറിച്ചും പകുതിയായും ഒക്കെ എഴുതിക്കൊണ്ടും ചിത്രത്തിലെ ശൂന്യത നികത്തുന്നുണ്ട്‌.  ചിന്തിക്കാൻ തുടങ്ങേണ്ടിയിരിക്കുന്നു എന്ന് ബോധ്യപ്പെട്ടപ്പോഴാണ്‌ ചുമടെടുത്ത്‌ ചെറിയ കൂലിവാങ്ങി ജീവിച്ചിരുന്ന സത്യഭാമയും ചിത്രം ആനന്ദത്തിന്റെ  മാർഗമായി തിരിച്ചറിഞ്ഞത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top