11 December Monday

ഇന്‍സല്‍ട്ടാണ് എന്റെയും ഇന്‍വെസ്റ്റ്‌മെന്റ്‌

ജിഷ അഭിനയ jishaabhinaya@gmail.comUpdated: Sunday Sep 24, 2023

‘ഇൻസൽട്ടാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ ഇൻവെസ്‌റ്റ്‌മെന്റ്‌’. ‘വെള്ളം’ സിനിമയിലെ ഈ ഡയലോഗ്‌ ആവർത്തിച്ചുപറയുന്നൊരാൾ ഇവിടെയുണ്ട്‌. സരിത സഹദേവൻ. പാലക്കാട്‌ പൊൽപ്പുള്ളി സ്വദേശി. ‘ഇൻസൽട്ടിനെ ഇൻവെസ്‌റ്റ്‌മെന്റാക്കിയ വ്യക്തി എന്ന നിലയിൽ  അറിയപ്പെടാനാണ്‌ എനിക്കിഷ്‌ടം’ –- സരിത പറയുന്നു.  ഇതൊരു സമരകഥയാണ്‌. ജീവിത പോരാട്ടത്തിന്റെ സമരകഥ. ഒറ്റയ്‌ക്കൊരു പെൺകുട്ടി പ്രതിസന്ധികളിൽ തളരാതെ മുന്നേറിയപ്പോൾ വർഷങ്ങൾക്കിപ്പുറം അന്നേവരെ പിൻവാങ്ങിയവരെല്ലാം അവൾക്കൊപ്പമെത്തി.

ജീവിതത്തിലെ വലിയ വീഴ്‌ചകളിൽനിന്നും എങ്ങനെ എഴുന്നേൽക്കാമെന്നും ഇവർ കാണിച്ചുതരുന്നു.  ഒരിക്കൽ പാതിവഴിയിൽ മുറിഞ്ഞ പഠനം പൂർത്തിയാക്കി. ഇപ്പോൾ പിഎസ്‌സി പരീക്ഷാ സഹായത്തിന്‌ ആപ്‌ തയ്യാറാക്കി വിദ്യാർഥികൾക്ക്‌ ക്ലാസെടുക്കുകയാണ്‌ സരിത. തുടക്കത്തിൽ 50 കുട്ടികളെങ്കിലും ഉണ്ടെങ്കിൽ എന്ന്‌ ആഗ്രഹിച്ച്‌ ആരംഭിച്ച ക്ലാസിൽ ഇപ്പോൾ എണ്ണായിരത്തിലേറെ പേർ.

പെരുംകടം അഥവാ പശുക്കച്ചവടം

നാടും വീടും വിട്ട്‌ തെരുവിലേക്ക്‌ ഇറങ്ങേണ്ടിവരുന്ന കുടുംബങ്ങളെ സിനിമയിൽ കണ്ടിട്ടുണ്ട്‌. എന്നാൽ അതെല്ലാം എത്രപെട്ടെന്നാണ്‌ സ്വന്തം ജീവിതത്തിലേക്ക്‌ കടന്നുവരുന്നതെന്ന്‌ ആരും അറിയുന്നില്ല. സരിത ജീവിതവഴികളുടെ അധ്യായം തുറന്നു. കുടുംബസ്‌നേഹിയായ അച്ഛൻ എന്നും മറ്റുള്ളവർക്ക്‌ വേണ്ടിയാണ്‌ ജീവിച്ചത്‌. പശുക്കച്ചവടമായിരുന്നു തൊഴിൽ. കിട്ടുന്ന പണമത്രയും ബന്ധുക്കൾക്കായി  ചെലവഴിച്ചു. അതുകൊണ്ടുണ്ടായ കടം ഏറെ വലുതാണ്‌. ലക്ഷങ്ങളുടെ കടം എങ്ങനെ വീട്ടുമെന്നായിരുന്നു എക്കാലത്തേയും പ്രതിസന്ധി. കുട്ടിക്കാലത്ത്‌ ആളുകൾ വീട്ടിൽ വന്ന്‌ കടം വാങ്ങിയ പണം തിരികെ ചോദിക്കും. അപ്പോഴെല്ലാം അച്ഛൻ എന്നെ ചൂണ്ടിക്കാണിച്ച്‌ പറയും, ‘എനിക്കൊരുപക്ഷേ ഈ പണം മടക്കി നൽകാനായെന്ന്‌ വരില്ല. പക്ഷേ എന്റെ മകൾ പഠിച്ച്‌ ജോലി നേടുമ്പോൾ ഞാൻ രക്ഷപ്പെടും. അന്ന്‌ ഞാനും കുടുംബവും കടങ്ങളിൽനിന്നും കരകയറും.’ ഒരുകുഞ്ഞുടുപ്പുകാരിയിൽ അച്ഛൻ അർപ്പിച്ച പ്രതീക്ഷ നിറവേറ്റാൻ മകൾക്ക്‌ ഏറെ പ്രയത്‌നിക്കേണ്ടിവന്നു.

ചില പെൺപാഠങ്ങൾ

പെണ്ണിനെ പഠിപ്പിച്ച്‌ എന്തിനാണ്‌ വെറുതെ പൈസ കളയുന്നത്‌.. എന്തിനാണ്‌ പെണ്ണിനെ വച്ചുകൊണ്ടിരിക്കുന്നത്‌... എന്നിങ്ങനെയുള്ള ചോദ്യശരങ്ങളുമായി എന്നും ബന്ധുക്കൾ ചുറ്റും കൂടി. പെൺകുട്ടികൾ പഠിച്ചിട്ടെന്തിന്‌ എന്നായിരുന്നു.  അച്ഛൻ കൂട്ടിവച്ച  പെരുംകടവും ഒപ്പം ഹൃദ്‌രോഗവും. മറ്റുള്ളവർക്ക്‌ ഞാനൊരു ഭാരമാവരുതല്ലോ. ബന്ധുക്കളുടെ നിർബന്ധത്തെ തുടർന്ന്‌ എന്റെ വിവാഹം നടത്തി. 19–-ാം വയസ്സിൽ. 2008ൽ പാലക്കാട്‌ വിക്‌ടോറിയ കോളേജിൽ ഡിഗ്രിക്ക്‌ പഠിക്കുമ്പോഴാണ്‌ വിവാഹം. വിവാഹാനന്തരം നാസിക്കിലേക്ക്‌. ഭർത്താവിനൊപ്പം അവിടെ താമസം ആരംഭിച്ചു.   20–-ാം വയസ്സിൽ ഇരട്ടക്കുട്ടികളുടെ അമ്മയുമായി. ഇതിനിടെ പ്രൈവറ്റായി പഠനം പൂർത്തിയാക്കി. ഏതൊരു പെൺകുട്ടിയേയുംപോലെ നിറമുള്ള സ്വപ്‌നങ്ങൾ പങ്കിടുന്നതിനിടെ അടുത്ത വീഴ്‌ച. ജീവിതത്തിലെ ചില പ്രശ്‌നങ്ങളെ തുടർന്ന്‌ കുടുംബത്തോടൊപ്പം 2017ൽ നാട്ടിലേക്ക്‌ മടങ്ങേണ്ടിവന്നു. തുടർന്ന്‌ എങ്ങനെ എന്നൊന്നും അറിയാത്ത അവസ്ഥ.  അപ്പോഴേക്കും തലയ്‌ക്ക്‌ മുകളിൽ അച്ഛൻ ഉണ്ടാക്കിവച്ചതുകൂടാതെ  ഭർത്താവിന്റെകൂടെ കടങ്ങൾ. എന്തെങ്കിലും ജോലിക്ക്‌ പോയേ മതിയാകൂ എന്ന തീരുമാനത്തിൽ പാലക്കാട്ടെ പിഎസ്‌സി കോച്ചിങ്‌ സെന്ററിൽ ജോലിക്ക്‌ കയറി. നാസിക്കിൽ ഏഴ്‌ വർഷം അധ്യാപികയായി ജോലി ചെയ്‌ത അനുഭവം ഇവിടെ തുണയായി.  

മലപ്പുറം, കോഴിക്കോട്‌, തൃശൂർ എന്നിവിടങ്ങളിലെല്ലാം ഓടി നടന്ന്‌ പഠിപ്പിച്ചു. ട്രെയിനിലും ബസിലും യാത്ര ചെയ്യുന്ന സമയം മാത്രമാണ്‌ വിശ്രമത്തിനായി കിട്ടുക. സ്വയം പഠിക്കും, പഠിപ്പിക്കാനായി നിരന്തരം വായന. ഇക്കാലത്ത്‌ കുറേ കടങ്ങൾ തീർക്കാനായി.  കൊറോണ വില്ലനായി മുന്നിലെത്തിയ ദിനങ്ങൾ. വീണ്ടും അനിശ്‌ചിതത്വത്തിന്റെ നാളുകൾ. ആ ഘട്ടത്തിലാണ്‌ പിഎസ്‌സി പഠന പുസ്‌തകങ്ങൾ ഓൺലൈൻ മാർക്കറ്റിങ്‌ വഴി വിൽപ്പന ആരംഭിച്ചത്‌. ഓൺലൈൻ പിഎസ്‌സി ക്ലാസ്‌ എന്ന ആശയം ഉദിച്ചത്‌ ജീവിതത്തെ പിന്നെയും മാറ്റിമറിച്ചു. 2021 ജനുവരിയിൽ സുഹൃത്ത്‌ പി പ്രിയദർശനോടൊപ്പം ചാണക്യ പിഎസ്‌സി ലേണിങ്‌ ആപ്‌ തയ്യാറാക്കി. നിലവിൽ റെക്കോഡഡ്‌ ക്ലാസ്‌ ആണ്‌. ലൈവ്‌ ക്ലാസ്‌ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ സരിത. 2020 ഡിസംബർ 30ന്‌ എല്ലാ കടവും വീട്ടി. അന്നാദ്യമായി ഞാൻ വർഷങ്ങൾക്ക്‌ ശേഷം ഉറങ്ങിയെന്ന്‌ പറയാം. ഇതിനിടെ വീടുപണിയും പൂർത്തിയാക്കി. ഭർത്താവ്‌ മണികണ്‌ഠൻ. ഒമ്പതാം ക്ലാസ്‌ വിദ്യാർഥികളായ  അദ്വൈത്‌, ആഭിന്ദ്‌  എന്നിവരാണ്‌ മക്കൾ.  

ഒറ്റയാൾ യാത്ര

ആറാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ ആദ്യത്തെ വീട്‌ വിറ്റു. ഡിഗ്രിക്ക്‌ പഠിക്കുമ്പോൾ രണ്ടാമത്തേയും. സ്വന്തമായി ഒരു നല്ല വീട്‌ എന്ന സ്വപ്‌നം പൂവണിയാൻ വർഷങ്ങൾ വേണ്ടി വന്നു. കുട്ടികളെ പഠിപ്പിച്ചു. ഒറ്റയ്‌ക്ക്‌ കുടുംബം നോക്കി. വീട്‌ വച്ചു. ജീവിതം പഠിപ്പിച്ച അച്ഛനോടുള്ള ആദരമായി വീടിന്‌ ‘ സഹദേവം’ എന്ന പേരും നൽകി. ബന്ധങ്ങളുടെ നിർവചനങ്ങൾ ഏറെയുണ്ടാകം. അത്യന്തികമായി ഒറ്റയാൾ പോരാട്ടമായിരുന്നു എന്നും സരിതയുടെ ജീവിതം. നിറഞ്ഞ ചിരിയോടെ ആ മുപ്പത്തിനാലുകാരി  നടന്നുനീങ്ങുന്നു. സധൈര്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top