29 March Friday

ലോകമേ കാണു ഈ കാമറ

ആദിത്യ കെ ജിഷ്ണുUpdated: Sunday Jun 12, 2022


സന്ന ഇർഷാദ് മട്ടു. ആരാണ് സന്ന ഇർഷാദ് മട്ടു? അവളെക്കുറിച്ച് ഈ ലോകം മുഴുവൻ ഇന്ന് പ്രശംസിക്കുന്നത് എന്തിനാണ്? ഇസ്ലാമിക സമുദായത്തിൽ ജനിച്ചുവളർന്ന ധീരയായ യുവതി. സാമുദായിക വെല്ലുവിളികളെയും വിലക്കുകളെയും മറികടന്ന് ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന ജേർണലിസ്റ്റ്. പുലിറ്റ്സർ പുരസ്കാരം നേടുന്ന ആദ്യ കശ്മീരി വനിതാ ഫോട്ടോഗ്രാഫർ. 2022ലെ ഫീച്ചർ ഫോട്ടോഗ്രഫി വിഭാഗത്തിൽ കോവിഡ് മഹാമാരി ദുരിതത്തിന്റെ നേർക്കാഴ്ചയൊരുക്കിയതാണ്‌ സന്നയുടെ  നേട്ടം.

കശ്മീരിലെ ഫ്രീലാൻസ് ഫോട്ടോ ജേർണലിസ്റ്റ് എന്നതിനു പുറമെ ഡോക്യുമെന്ററി ഫോട്ടോഗ്രാഫർ കൂടിയാണ് സന്ന. റോയിട്ടേഴ്സ് വാർത്താ ഏജൻസിക്കു വേണ്ടിയാണ് സന്ന പ്രവർത്തിക്കുന്നത്. സന്ന ഉൾപ്പെടെ ഇന്ത്യക്കാരായ നാല്‌ റോയിട്ടേഴ്സ് ഫോട്ടോ ജേർണലിസ്റ്റുകളാണ് ലോകത്തിലെ തന്നെ വലിയ ബഹുമതിയായ പുലിറ്റ്സർ പുരസ്കാരം നേടുന്നത്. അഫ്‌ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖി, അദ്‌നാൻ അബിദി, അമിത് ഡേവ് എന്നിവരാണ് പുരസ്‌കാരം നേടിയ മറ്റു മൂന്നുപേർ.

‘വളരെ വലിയ പുരസ്കാരം, ഞങ്ങൾക്ക് ഇത് അഭിമാന നിമിഷമാണ്. ഞങ്ങളെപ്പോലെയുള്ള ചെറുപ്പക്കാരായ മാധ്യമപ്രവർത്തകർക്ക് പുലിറ്റ്സർ പോലെയുള്ള പുരസ്‌കാരങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. കശ്മീരി വനിതാ ജേർണലിസ്റ്റ് എന്നനിലയിൽ ഈ പുരസ്‌കാരം എനിക്ക് മുന്നോട്ടുള്ള യാത്രയിൽ ആത്മവിശ്വാസം നൽകുന്നു'- –-സന്ന പറയുന്നു. കുട്ടിക്കാലംമുതൽ സന്ന ഇർഷാദ് മട്ടുവിന് കാമറയോട് കൗതുകമായിരുന്നു. അങ്ങനെ അവളിലുണർന്നിരുന്ന കാമറയോടുള്ള ഭ്രമം ഒരു ഫോട്ടോഗ്രാഫറാക്കി മാറ്റുകയായിരുന്നു.

കശ്മീരിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിലായിരുന്നു സന്ന പഠിച്ചത്. അവിടെനിന്ന് കൺവെർജന്റ് ജേർണലിസത്തിൽ ബിരുദാനന്തരബിരുദം നേടി. 2021ൽ മാഗ്നം ഫൗണ്ടേഷന്റെ ‘ഫോട്ടോഗ്രഫി ആൻഡ് സോഷ്യൽ ജസ്റ്റിസ്' ഫെലോഷിപ്പും നേടി. അൽ ജസീറ, ടൈം, കാരവൻ തുടങ്ങിയ അന്തർദേശീയ മാധ്യമങ്ങളിൽ സന്നയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കശ്മീരിൽ കോവിഡ് മഹാമാരി സൃഷ്ടിച്ച ഭീകരതയുടെയും വേദനകളുടെയും മരണങ്ങളുടെയും സന്ന പകർത്തിയ ചിത്രങ്ങളായിരുന്നു കുറച്ചുകാലമായി ഏറെ ശ്രദ്ധിക്കപ്പെട്ടത്.

കശ്മീരാണ് സന്നയുടെ ലോകം. ആദ്യം സന്ന പകർത്തിയത് കശ്മീർ താഴ്‌വരകളിലെ സൗന്ദര്യമായിരുന്നു. പിന്നീട് കശ്മീരിന്റെ ഇരുട്ടുമൂടിയ ഉള്ളറകളിലേക്ക് കാമറക്കണ്ണുകൾ എത്തി. കശ്മീരിന്റെ ഭീകരതയും കശ്മീർ ജനതയുടെ വേദനകളും  നിസ്സഹായാവസ്ഥയും അവർ നേരിടുന്ന വെല്ലുവിളികളുമെല്ലാം കാമറയിൽ പകർത്തി. ഫോട്ടോഗ്രഫി എന്നത് പുരുഷാധിപത്യമുള്ള മേഖലയാണ്. അതുകൊണ്ടുതന്നെ പല വെല്ലുവിളിയും നേരിടുന്നുണ്ട്. എന്നാൽ, വനിതാ ഫോട്ടോ ജേർണലിസ്റ്റ് എന്നനിലയിൽ സന്ന ഇതിനെക്കുറിച്ച് ആകുലപ്പെടുന്നില്ല.

കശ്മീരിൽ 370–-ാം വകുപ്പ് റദ്ദാക്കിയതിനെത്തുടർന്ന് കേന്ദ്ര സർക്കാർ വാർത്താവിനിമയ മാർഗങ്ങൾ തടസ്സപ്പെടുത്തിയ സമയത്ത് സന്ന പകർത്തിയ ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു.  സൈനിക ചുറ്റുപാടുകളിൽ കഴിയുന്ന കശ്മീർ ജനതയുടെ മാനസിക സംഘർഷങ്ങളും ഭരണകൂട വിലക്കുമെല്ലാം വിളിച്ചോതുന്നതായിരുന്നു  ചിത്രങ്ങൾ. ലക്ഷ്യബോധമുണ്ടെങ്കിൽ ഒരു സാമുദായിക വിലക്കും തടസ്സമല്ലെന്ന് മനസ്സിലാക്കിത്തരുന്നതാണ് സന്നയുടെ ജീവിതകഥ.


 adithyak011@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top