26 April Friday

വാഴനാരുകള്‍ കോര്‍ക്കുന്ന സഖ്യം, സുരക്ഷ

പി ആർ ദീപ്‌തി prdeepthy@gmail.comUpdated: Sunday Jul 3, 2022

വേഷത്തിൽ എന്നോ ഇറ്റുവീണ രക്തത്തുള്ളികളും, അതിനൊപ്പം കരഞ്ഞുകലങ്ങിയ കണ്ണുകളുമെല്ലാം ഓരോ സ്‌ത്രീയുടെയും സ്വകാര്യ ഓർമകളുടെ താളിലുണ്ടാകും.  ആദ്യാർത്തവത്തിന്റെ ഭയാശങ്കയകറ്റാനുള്ളതോ,  നാലാളെ വിളിച്ചുകൂട്ടി മഞ്ഞളിൽ കുളിച്ച് തിരണ്ട്‌ കല്യാണമെന്ന ചടങ്ങിൽ ഇരുന്നതോ ആയ  കുറേ വർണാഭവും  വർണമറ്റതുമായ ചിത്രങ്ങളും കാണും മായാതെ. കാലം മാറി. ഇപ്പോൾ ആർത്തവം മറയില്ലാതെ പറയുന്നതായി. സ്‌ത്രീസഹജമായ ജൈവികതയായി എല്ലാവരും അതിനെ കാണുന്നു. പക്ഷേ, സ്ത്രീ എന്ന പൂർണതയ്‌ക്കൊപ്പം വൻ പരിസ്ഥിതി മലിനീകരണത്തിന്‌  കൂടിയാണ്‌ സ്ത്രീകൾ  പങ്കാളിയാകുന്നത്‌.   ആർത്തവകാലത്തുപയോഗിക്കുന്ന സാനിറ്ററി പാഡുകളെക്കുറിച്ചാണ്‌ പറയുന്നത്‌.  

ഓരോ സ്ത്രീയുടെയും ജീവിതത്തിൽ ഏകദേശം നാനൂറിലധികം ആർത്തവ കാലങ്ങൾ ഉണ്ടെന്നാണ് കണക്ക്.  ഇതിനായി 5000 മുതൽ 7000 വരെ സാനിറ്ററി നാപ്‌കിൻ (പാഡ്‌) ഓരോരുത്തരും ഉപയോഗിക്കുന്നു. ജീർണിക്കാത്ത വസ്‌തുക്കളാൽ നിർമിതമായ ഇവ   ആരോഗ്യ  പാരിസ്ഥിതിക പ്രശ്നങ്ങൾക്കാണ്‌  വഴി വയ്‌ക്കുന്നത്‌.  രാജ്യത്ത്‌  ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന സാധനങ്ങളിൽ ഒന്നായ പാഡുകളുടെ ഉപയോഗവും സംസ്‌കരണവും കനത്ത  വെല്ലുവിളിയാണ്. സുരക്ഷയ്‌ക്ക്‌ എന്ന്  കരുതി ഉപയോഗിക്കുന്ന ഇവ   സ്‌ത്രീകളെ തള്ളിവിടുന്നത്‌ അനാരോഗ്യത്തിലേക്കുമാണ്.
പാഡിന്‌  നിറം നൽകുന്നതിനും  സുഗന്ധം നൽകുന്നതിനും ഒക്കെ  ഉപയോഗിക്കുന്ന രാസവസ്തുക്കൾ ഗർഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നതായും  കുഞ്ഞിന്‌ ജനിതക വൈകല്യം ഉണ്ടാക്കുന്നതായും  റിപ്പോർട്ടുണ്ട്‌.   ഇവിടെയാണ്‌ പഞ്ചാബ്‌ കാരിയായ   ‘ദി പാഡ് വുമൺ ഓഫ് ഇന്ത്യ’, അഞ്ജു ബിസ്റ്റ്‌ മാതൃകയാകുന്നത്‌.

നിതി ആയോഗിന്റെ  വുമൺ ട്രാൻസ്ഫോമിങ് ഇന്ത്യ അവാർഡ് ജേതാവും അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയുമായ  അഞ്ജു ബിസ്റ്റ്‌ അവതരിപ്പിക്കുന്ന  പ്രകൃതി സൗഹൃദ പുനരുപയോഗ പാഡുകളായ    ‘സൗഖ്യം റീയൂസബിൾ പാഡ്‌’  ബദലാണ്‌. വാഴനാരുകളാൽ നിർമിക്കുന്ന ‘സൗഖ്യം’ ഉപയോക്താക്കൾക്കും പ്രകൃതിക്കും ഒരു പോലെ സൗഖ്യവും സുരക്ഷയുമാണ്‌.  അഞ്ച്‌  വർഷം മുമ്പാണ്    അഞ്ജു ബിസ്റ്റ്‌ ഇതിന്‌ രൂപം നൽകിയത്.
സാധാരണ  പാഡുകളിലെ പ്ലാസ്റ്റിക് കോട്ടിങ്ങാണ് യഥാർഥ വില്ലൻ. ഇവ മണ്ണിൽ ലയിക്കാൻ കുറഞ്ഞത് 500 മുതൽ 800 വർഷം വരെ   വേണ്ടി വരുമെന്ന്‌  പഠനങ്ങൾ. കത്തിക്കാമെന്ന് കരുതിയാൽ ഇവയിലടങ്ങിയിട്ടുള്ള  ഡയോക്സിനുകളും ഫ്യൂറോണുകളുമൊക്കെ അന്തരീക്ഷത്തിൽ  വ്യാപിച്ച്‌  അർബുദം ഉൾപ്പെടെയുള്ള മാരകരോഗങ്ങൾ പടർത്തും.    ഈ പ്രതിസന്ധി എങ്ങനെ മറികടക്കാം എന്ന  ചിന്തയാണ് വാഴനാരിൽ നിന്നൊരു സാനിറ്ററി പാഡ് എന്ന ആശയത്തിലേക്ക് എത്തിയതെന്ന്‌ അഞ്ജു ബിസ്റ്റ്‌ പറഞ്ഞു. ഇരുപത് വർഷമായി  അമൃതാനന്ദമയീ മഠത്തിൽ  കുടുംബസമേതം കഴിയുകയാണ്‌ അഞ്ജു.

കപ്പ വാഴയുടെ നാര്‌

 ചുവന്ന വാഴ(കപ്പവാഴ) യുടെ നാരും കോട്ടൺ തുണിയും മാത്രമാണ്‌  സൗഖ്യം പാഡിലുള്ളത്‌. നീരു കളഞ്ഞ് ചതച്ചെടുക്കുന്ന നാര്‌ പുളി വെള്ളത്തിൽ പ്രത്യേകം  സംസ്കരിച്ച്‌  കട്ടി കുറച്ച് ഉണക്കി  നേർപ്പിച്ചെടുക്കും. നാരുകൾ പരുവമായാൽ  തുന്നൽ  ആരംഭിക്കും.   വർണ്ണാഭമായ സൗഖ്യം പാഡുകളാണ്‌ ഇവിടെ തയ്യാറാകുന്നത്‌.  
 കഴുകി ഉണക്കി ഉപയോഗിക്കാമെന്നതാണ്‌ പ്രത്യേകത.  രാത്രി  ഉപയോഗത്തിനും പകലുപയോഗത്തിനും കൂടുതൽ ഒഴുക്കുണ്ടായാൽ തടയുന്നതിനുമൊക്കെ പല അളവിലും നിറത്തിലുമായി ആറുലക്ഷത്തോളം പാഡുകൾ വിപണിയിലെത്തിക്കഴിഞ്ഞു.

വില തുച്ഛം

സൗഖ്യം പാഡുകളുടെ പ്രധാന വിപണി   ഓൺലൈൻ സൈറ്റുകളാണ്. ഇതിന്‌ പ്രത്യേക വെബ്സൈറ്റുണ്ട്. ഓർഡർ അനുസരിച്ച് ലോകത്തെവിടെയും  പാഡ് എത്തിക്കും. നാലെണ്ണം അടങ്ങിയ പായ്‌ക്കറ്റിന്‌ 320രൂപയാണ്‌ വില. വിവിധ ശ്രേണിയിൽ ലഭ്യമാണ്‌.

146പേരുടെ അധ്വാനം

അമൃതപുരി  ആശ്രമത്തോട് ചേർന്നാണ് സൗഖ്യം പാഡുകളുടെ നിർമാണ യൂണിറ്റ്.  ആശ്രമ  അന്തേവാസികളായ സന്നദ്ധ പ്രവർത്തകർ, പ്രദേശവാസികളായ  വനിതകൾ എന്നിവരുൾപ്പെടെ 146പേർ  പ്രവർത്തിക്കുന്നു. ജമ്മു, പഞ്ചാബ്‌, പശ്ചിമ ബംഗാൾ, ഒഡിഷ, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളിലും വിപുലമായ യൂണിറ്റുണ്ട്‌.അമൃതസർവകലാശാല  വികസിപ്പിച്ച യന്ത്രങ്ങളാണ്‌ നിർമാണത്തിനുള്ളത്‌.   അമൃതശ്രീയുമായി ചേർന്ന് കൂടുതൽ യൂണിറ്റുകൾ ആരംഭിച്ച് നിരവധി വനിതകൾക്ക് തൊഴിലവസരങ്ങൾ ഒരുക്കാനുള്ള    ശ്രമത്തിലാണ്‌ സൗഖ്യം ടീം.

അവാർഡ്‌ തിളക്കം

പുനരുപയോഗ സാനിറ്ററി പാഡിന്റെ  കണ്ടുപിടിത്തത്തോടെ  നിരവധി ദേശീയ അന്തർദേശീയ അവാർഡുകളാണ്‌  അഞ്ജു ബിസ്റ്റയെ തേടിയെത്തിയത്‌.  നിതി ആയോഗിന്റെ  വുമൺ ട്രാൻസ്ഫോമിങ് ഇന്ത്യ അവാർഡ്‌,  യുഎൻ അവാർഡ്‌,  ദേശീയ ഗ്രാമീണ വികസന മന്ത്രാലയ  അവാർഡ്‌  എന്നിവ ഇതിൽ ചിലത്‌ മാത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top