20 April Saturday

'ജ്വാലയായ്' മലയാളത്തിലേക്ക് കടന്നു വന്നൊരു പെണ്‍കുട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Mar 15, 2018

 കദേശം 23 വർഷങ്ങൾക്കുമുൻപ് ഹിന്ദുസ്ഥാൻ കിളിമാർക്ക് കുടയുടെ പരസ്യത്തിൽ അഭിനയിച്ച കുട്ടിക്കൂട്ടത്തിൽ കവിളിൽ മറുകുള്ള സുന്ദരിയായ ഒരു പെൺകുട്ടിയുണ്ടായിരുന്നു. പരസ്യത്തിൽ അഭിനയിക്കുക എന്ന്കേട്ട് അതിശയത്തോടെ ആഹ്ലാദിച്ച പെൺകുട്ടി. പിന്നീട് അവൾപോലും അറിയാതെ പതിയെപതിയെ മലയാളിയുടെ സ്വീകരണമുറിയിൽ അവരിലൊരാളായി ആ കുട്ടി മാറുകയായിരുന്നു. സംഗീതാ മോഹൻ എന്ന അഭിനേത്രിയുടെ വിശേഷങ്ങളിലേക്ക്. എപ്പോഴായാലും താൻ അഭിനയിക്കാൻ റെഡിയാണെന്ന് അവർ നയം വ്യക്തമാക്കുന്നു.

ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ

സംഗീതയുടെ അമ്മ ജയകുമരി ജോലിചെയ്തിരുന്നത് തിരുവനന്തപുരം പിഎസ്സി ഓഫീസിലയിരുന്നു. അവിടുത്തെ ആസ്ഥാന നടനും കലകാരനുമായിരുന്നു ഇബ്രാഹിം കുട്ടി. നിരവധി സിനിമകളിൽ ചെറിയ ചെറിയ റോളുകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. അന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ഒരു പരസ്യചിത്രം എടുക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഹിന്ദുസ്ഥാൻ കിളിമാർക്ക് കുടയ്ക്ക് വേണ്ടി ചെയ്യുന്ന ആ പരസ്യചിത്രത്തിന് ബജറ്റും കുറവായിരുന്നു. കുറച്ച് കുട്ടികളെ വച്ച് ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. അതിനാൽതന്നെ ഓഫീസിലെ ജീവനക്കാരുടെ മക്കളെ വച്ച് ഷൂട്ട് ചെയ്യാനും തീരുമാനിച്ചു. ആ കുട്ടിക്കൂട്ടത്തിൽ സംഗീതയും ചേച്ചിയും ഉണ്ടായിരുന്നു. മ്യൂസിയം വളപ്പിലായിരുന്നു ഷൂട്ടിംഗ്. അവിടെ ആടിയും പാടിയും നടക്കുന്നതിനിടയിൽ ഓരോരുത്തരെയായി മേക്ക്അപ്പ് ഇട്ടു. ആക്ഷൻ പറയുമ്പോൾ കുടനിവർത്തി ക്യാമറയിൽ നോക്കി ചിരിക്കുക എന്നതായിരുന്നു ആദ്യഷോട്ട്. ഒരുപക്ഷെ ആ പരസ്യത്തിൽ വന്നില്ലായിരുന്നെങ്കിൽ അഭിനയ രംഗത്തേക്കേ താൻ വരില്ലായിരുന്നുവെന്ന് സംഗീത പറയുന്നു. കാരണം ഇത്തരം ഒരു പ്രൊഫഷൻ സ്വപ്നത്തിൽപോലും ചിന്തിക്കാത്ത ഒരു കുടുംബമായിരുന്നു സംഗീതയുടേത്. അച്ഛനും അമ്മയും സർക്കാർ ജീവനക്കാർ. അതിനാൽ മക്കളെയും അത്തരത്തിൽ ആക്കണമെന്ന ചിന്താഗതിക്കാരായിരുന്നു അവർ. അതിനാൽതന്നെ വിദ്യാഭ്യാസത്തിനായിരുന്നു പ്രാധാന്യം മുഴുവൻ. ഇപ്പോഴും താൻ ചെയ്യുന്നത് ഒരു ജോലിയാണെന്ന് അംഗീകരിക്കാൻ അവർക്ക് മടിയാണെന്ന് ഒരു ചെറുചിരിയോടെ സംഗീത പറയുന്നു.

തരംഗം

കിളിമാർക്ക് കുടയുടെ  പരസ്യചിത്രത്തിന്റെ  മേക്കപ്പ്മാൻ സുരേഷ് കുണ്ടറയായിരുന്നു. അദ്ദേഹം മേക്കപ്പ് ചെയ്യുന്ന മറ്റൊരു പ്രോജക്ട് വന്നു.  അത് സംവിധാനം ചെയ്യുന്നത് ക്യാമറാമാനായിരുന്ന സണ്ണി ജോസഫായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സംവിധാനസംരംഭം കൂടിയായിരുന്നു അത്. അതിൽ അഭിനയിക്കുന്നതിനായി ഒരു കുട്ടിയെ അന്വേഷിക്കുകയായിരുന്നു അവർ. സുരേഷ് കുണ്ടറയാണ് സംഗീതയെകുറിച്ച് സണ്ണിജോസഫിനോട് പറയുന്നത്. എപ്പിലപ്സി ബാധിച്ച ഒരു കുട്ടിയുടെ കഥയായിരുന്നു ആ ടെലിഫിലിം. നെടുമുടി വേണുവായിരുന്നു അതിലെ ഡോക്ടറുടെ റോൾചെയ്തത്.

ജ്വാലയായ്

ഇപ്പോഴും ചിലർ തന്നെ വിളിക്കുന്നതും തിരിച്ചറിയുന്നതും 'ജ്വാലയായ്' എന്നതിലെ സോഫിയാ ആയിട്ടാണെന്ന് അവർ പറയുന്നു. പ്രത്യേകിച്ച് പ്രായമായ സ്ത്രീകൾ.  പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു സംഗീത ഇതിൽ വേഷമിടുന്നത്. അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ആ സീരിയൽ സംഗീതയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ്. തുടർന്ന് നിരവധി സീരിയലുകളിലും ടെലിഫിലിമുകളിലും വേഷമിടുകയും നൂറുകണക്കിന് പരിപാടികളിൽ ആങ്കറിംഗ് നടത്തുകയും ചെയ്തു. ഏറ്റവും ഒടുവിൽ അഭിനയിച്ചത് പെൺമനസും ദത്തുപുത്രിയുമാണ്. കൂടാതെ ഒരു സീരിയലിന് 415 എപ്പിസോഡുകൾ വരെ കഥ, തിരക്കഥ, സംഭാഷണം മുതലായവ നിർവ്വഹിച്ചത് സംഗീതാ മോഹനായിരുന്നു.

അക്ഷരങ്ങൾ അല്ലെങ്കിൽ എഴുത്ത് എനിക്ക് ഏറെ താൽപര്യമുള്ള ഒരു കാര്യമാണ്. അതിന് ഞാൻ എന്റെ മാതാപിതാക്കളോട് കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ വീട്ടിൽ ഒരു ലൈബ്രറി ഉണ്ടായിരുന്നു. അച്ഛൻ ധാരാളം വായിക്കുന്ന ഒരാളായിരുന്നു. ചെറുപ്പംമുതലേ വായന ഒരു ശീലമാക്കി മാറ്റാൻ പ്രേരിപ്പിച്ചത് അവരായിരുന്നു. ഓരോ പ്രായത്തിനും അനുസരണമായിട്ടുള്ള പുസ്തകങ്ങൾ അവർ ഞങ്ങൾക്ക് വാങ്ങിച്ചുതന്നു. ഷെർലക്ക്ഹോംസ്, ബഷീറിന്റെ കൃതികൾ, ഷേക്സ്പിയർ തുടങ്ങി ഇംഗ്ലീഷിലെയും മലയാളത്തിലെയും ക്ലാസിക്കുകൾ എന്ന് പറയാവുന്ന പുസ്തകങ്ങളിലേക്ക് അത് പരന്നു. അതുകൊണ്ടുതന്നെ വായന എനിക്ക് ഏറെ ഇഷ്ടമാണ്. വായന ഇഷ്ടമായ ആർക്കായാലും ഒരിക്കലെങ്കിലും എഴുതണമെന്നു തോന്നും. പിന്നെ മറ്റൊരു കാര്യം,  എഴുതണം  എന്ന് തോന്നുമ്പോൾ എഴുതരുത്,  എഴുതിയാലോ എന്ന് തോന്നുമ്പോൾ എഴുതരുത്,  എഴുതിയേ പറ്റൂ എന്നു തോന്നുമ്പോഴും എഴുതരുത്, ഇനി എഴുതാതെ വയ്യ എന്ന അവസ്ഥ വരുമ്പോഴേ എഴുതാവൂ. ഇപ്പോൾ മറ്റൊരു പ്രോജക്ടിന്റെ പണിപ്പുരയിലാണ്.

ഒരുപക്ഷെ എഴുതുമ്പോൾ എനിക്കുള്ള ബാക്ക് അപ്പ് എന്താണെന്നുചോദിച്ചാൽ ഒബ്സർവേഷനുണ്ട്.  ഭാഷയോടുള്ള സ്നേഹമുണ്ട്, പക്ഷെ ഒരു തിരക്കഥ എഴുതാൻ ഇതുമാത്രം പോരാ. നമ്മൾ എഴുതുന്നത് എങ്ങിനെ വിഷ്വലൈസ് ചെയ്തു വരും എന്നതിന്റെ സാങ്കേതിക ജ്ഞാനം കൂടി ഉണ്ടെങ്കിലേ അതിന് സാധിക്കൂ. 

സംഗീതാ മോഹന്‍ മാതാപിതാക്കളോടൊപ്പം

സംഗീതാ മോഹന്‍ മാതാപിതാക്കളോടൊപ്പം


റേറ്റിംഗ് കൂട്ടാൻ സീരിയൽ

പലരും പല ടോക് ഷോകളിലും മറ്റും എന്നോട് ഇത് ചോദിക്കാറുണ്ട്. അമ്മായിഅമ്മ ‐ മരുമകൾ പോര്, അസൂയ തുടങ്ങി ഭയങ്കര നെഗറ്റീവ് കാര്യങ്ങളാണ് കാണിക്കുന്നത് എന്നൊക്കെ,  എന്തിനാണ് നിങ്ങൾ ഇങ്ങനെ കാണിക്കുന്നത് എന്ന്. പക്ഷെ ഇതിന് വ്യക്തമായ മറുപടി ഉണ്ട്. ഇത് ഒരു സർക്കിളാണ്. ഉദാഹരണമായി ടി വി കൊച്ചുബാവയുടെ വൃദ്ധസദനമോ അതുപോലെ ക്ലാസായ ഒരു കൃതിയെടുത്ത് മനോഹരമായി വിഷ്വലൈസ് ചെയ്ത് അത് ടിവിയിൽ സംപ്രേഷണം ചെയ്താൽ അതിന് റേറ്റിംഗ് കിട്ടില്ല എന്നതാണ് സത്യം. അതിനർത്ഥം അത് ജനങ്ങൾ കാണുന്നില്ല എന്നതാണ്. റേറ്റിംഗ് ഉള്ള പരിപാടികൾക്ക് എത്ര പരസ്യങ്ങൾ കൊടുക്കാനും മാർക്കറ്റിംഗ് ഏജൻസികൾ തയ്യാറാണ്.  അതാണ് ചാനലിന്റെ വരുമാനം. മാർക്കറ്റിംഗ് ഡിവിഷൻ നോക്കുന്നത് അത് വിൽക്കാൻ പറ്റുമോ എന്നതാണ്. അപ്പോൾ റേറ്റിംഗ് കൂട്ടാനായി  ഇത്തിരി സെന്റിമെന്റ്സ് കൂട്ടിക്കോ സ്പൈസി ആകട്ടെ എന്നും മറ്റും ചാനലുകളിൽനിന്നും ആവശ്യമുയരും. അങ്ങിനെ ചെയ്യുമ്പോൾ റേറ്റിംഗ് കൂടുന്നുമുണ്ട്. സീരിയലിന്റെ പ്രേക്ഷകർക്കാവശ്യവും അതാണ്.

കാരണം ഭൂരിഭാഗവും സ്ത്രീ പ്രേക്ഷകരാണ് സീരിയലുകൾക്ക് കൂടുതൽ. ഉദാത്തമായ ഒരു സൃഷ്ടി കാണിച്ചാൽ അത് കാണാനല്ല അവർ ഇരിക്കുന്നത്. അവർക്ക് താൽപര്യം കുറച്ച് നല്ല ഡ്രസ് കാണാനും അതുപോലെയുള്ള കാര്യങ്ങൾക്കുമാണ്.  ചിലപ്പോൾ ചിലർ ചോദിക്കാറുണ്ട് അടുക്കളയിൽ നിൽക്കുന്ന വേലക്കാരിക്കുപോലും ഭയങ്കര റിച്ച് ആയ കോസ്റ്റ്യുമും ലിപ്സ്റ്റിക്കും ഭയങ്കര മേക്ക് അപ്പും ചന്ദ്രനുദിക്കുന്ന തരത്തിലുള്ള പൊട്ടുമൊക്കെ എന്തിനാണെന്ന്. ഇതൊക്കെ ലോജിക്കലാണോ എന്ന് ചോദിക്കാറുണ്ട്. പക്ഷെ ടെലിവിഷൻ മീഡിയയിൽ ലോജിക്ക് നോക്കി അടുക്കളയിൽ നിൽക്കുന്ന വേലക്കാരിക്ക് കരിപുരണ്ട ഒരു മുണ്ടും കൊടുത്ത് മേക്കപ്പില്ലാതെ അവതരിപ്പിച്ചാൽ അത് കാണാൻ സ്ത്രീകൾക്ക് താൽപ്പര്യമില്ല. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങൾ കാണാനാണ് അവർക്ക് താൽപര്യം. അതിനർത്ഥം കാഴ്ചക്കാരന് ആവശ്യമുള്ളത് കൊടുക്കുക എന്നതാണ്.

ഫാക്കൽറ്റി പാനൽ

തിരുവനന്തപുരം യൂണിവേഴ്സിറ്റി സെന്ററിൽ സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യുക്കേഷനിൽ അവിടുത്തെ മീഡിയ ആങ്കറിംഗ് ആന്റ് ന്യൂസ് റീഡിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഫാക്കൽട്ടി പാനൽ മെമ്പർ കൂടിയാണ് സംഗീത. അവിടെ ആങ്കറിംഗിന് ക്ലാസുകൾ എടുക്കാറുണ്ട്. കൂടാതെ കൊല്ലം ടികെഎം ആർട്സ് കോളേജിലും ഡിഗ്രി കോഴ്സിനൊപ്പം വരുന്ന ആഡ് ഓൺ കോഴ്സിന്റെ ഫാക്കൽട്ടി പാനലിലും സംഗീതയുണ്ട്. അവിടെയും ക്ലാസുകൾ എടുക്കുന്നു.
2005‐ൽ ഏറ്റവും മികച്ച അവതാരകയ്ക്കുള്ള സംസ്ഥാനഅവാർഡ് സംഗീതയ്ക്കായിരുന്നു. ലേഡീസ് ഓൺലി എന്ന പേരിൽ ഏഷ്യാെനറ്റിൽ സംപ്രേഷണം ചെയ്ത പരിപാടിക്കായിരുന്നു അത്.

കുടുംബം

അച്ഛൻ ഗോപി മോഹൻ, കെഎസ്ആർടിസിയിലായിരുന്നു. അമ്മ പിഎസ്സി ഓഫീസിലും. ഒരു ചേച്ചിയുണ്ട്. സരിതാ മോഹൻ. അഗ്രികൾച്ചറൽ ഓഫീസറാണ്. ചേച്ചിയുടെ ഭർത്താവിന് ബാംഗ്ലൂരിൽ ബിസിനസാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top