25 April Thursday

വര: സന

സതീഷ്‌ ഗോപിUpdated: Sunday Jul 18, 2021


‘ഹലോ.. സനയല്ലേ... ഞാൻ മമ്മൂട്ടിയാണ്‌’. ഫോണിൽ വിളിച്ച പരിചിതസ്വരം കേട്ടപ്പോൾ ആദ്യമൊന്ന്‌ തരിച്ചുനിന്നു.  331 സിനിമാ പേര്‌ ഉപയോഗിച്ച് 23 മിനിറ്റുകൊണ്ട് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഫെയ്സ് പോർട്രെയ്‌റ്റ് വരച്ചപ്പോൾ സന പ്രതീക്ഷിച്ചിരുന്നില്ല ആ വിളിയും അഭിനന്ദനവും. 

അച്ഛന്റെ ഫെയ്‌സ്‌ബുക്കിലൂടെ മമ്മൂട്ടി പോർട്രെയ്‌റ്റ്‌ തരംഗം സൃഷ്ടിച്ചതിലും മമ്മൂട്ടി വിളിച്ചതിലും മാത്രം ഒതുങ്ങിയില്ല, ആ ചിത്രത്തിനുള്ള അംഗീകാരം. ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിനും ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സിന്റെ ‘ഗ്രാൻഡ്‌ മാസ്റ്റർ' ബഹുമതിക്കും കണ്ണൂർ മാതമംഗലം താറ്റിയേരിയിലെ സന സുനുകുമാറിന്റെ ആ പടം അർഹമായി. ആരുടെയും മുഖം വരയ്‌ക്കാൻ ഈ അവസാനവർഷ ബിരുദവിദ്യാർഥിക്ക്‌ നിമിഷങ്ങൾ മതി. വിരലുകളുടെ ഒഴുക്കിലൂടെ ആളുകളുടെ മുഖം വിസ്‌മയകരമായി പൂർത്തിയാക്കപ്പെടും.

എഴുത്തുകാരും കലാകാരന്മാരും ഉൾപ്പെടെ വലിയ ഒരുനിര തന്നെ ഇതിനകം ‘സനവര’യ്‌ക്ക്‌ വിധേയമായി. മഹാമാരിയുടെ അടച്ചുപൂട്ടൽ കാലത്ത്‌ ആളുകൾ കലയിലൂടെ അതിജീവനം തേടുന്നത്‌ പുതുമയല്ല. എന്നാൽ, സനയുടെ വര ഇതിൽനിന്നെല്ലാം വേറിട്ടുനിൽക്കുകയാണ്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ കഴിഞ്ഞവർഷം കാൽലക്ഷം രൂപ സംഭാവന ചെയ്‌തതും വരയിലൂടെ. ‌ചെറുവരകളിലൂടെ നിമിഷങ്ങൾകൊണ്ട് പൂർത്തിയാക്കുന്ന ചിത്രങ്ങൾ ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുത്ത് സമ്മതം വാങ്ങിയതിനുശേഷം ഫെയ്സ്ബുക്കിൽ ഷെയർ ചെയ്യുന്നു.

മുഖ്യമന്ത്രിയുടെ വേഡ്‌ പോർട്രെയ്‌റ്റ്‌ ചെയ്‌തതിന്‌ അദ്ദേഹം വിളിച്ച്‌ അഭിനന്ദിച്ചത്‌ സനയ്‌ക്ക്‌ വിലമതിക്കാനാകാത്ത അനുഭവം. മമ്മൂട്ടിയെ നേരിട്ടുകാണണമെന്നും ആഗ്രഹമുണ്ട്‌. ചിത്രകലയിൽ പരിശീലനം നേടാതെയാണ്‌ സനയുടെ നിമിഷ വരയെന്നത്‌ കാഴ്‌ചക്കാരെയും വിസ്‌മയിപ്പിക്കുന്നു. 

തിരുവനന്തപുരം പിഎസ്‌സി ഓഫീസിലെ അണ്ടർ സെക്രട്ടറിയാണ്‌ അച്ഛൻ  സുനുകുമാർ. അമ്മ സ്‌മിത ആരോഗ്യവകുപ്പിലെ സീനിയർ ക്ലർക്കും. സഹോദരൻ: സായു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top