25 April Thursday

ഒരു ശബരിമല ഓര്‍മ്മ ...നിഷ മഞ്ചേഷ് എഴുതുന്നു

നിഷ മഞ്ചേഷ്Updated: Saturday Nov 24, 2018

നിഷ മഞ്ചേഷ്

നിഷ മഞ്ചേഷ്

ആറുവർഷം മുൻപുള്ള വൃശ്ചികം ഒന്നിന് അവർ രണ്ടുപേരും ശബരിമലയ്ക്ക് പോകാൻ മാലയിട്ടു , മഞ്ജനും പൊന്നുവും . അവൾ അന്ന് അഞ്ചുവയസ്സുള്ള കുട്ടിയാണ് .

ലേബർ റൂമിൽ നിന്നുള്ള എന്റെ കരച്ചിൽ കേട്ട മഞ്ജന്റെ മനസ്സിൽ തെളിഞ്ഞ ഒരു ഇമേജ് ആയിരുന്നു  മഞ്ജന്റെ കൈപിടിച്ചു മലകയറുന്ന ഒരു കുട്ടി . അത് പിന്നീട് പറഞ്ഞു പറഞ്ഞു പൊന്നുവിനെ മലയ്ക്ക് കൊണ്ടുപോകണം, നേർച്ചയുണ്ട് എന്ന രീതിയിലേക്ക് എത്തുകയായിരുന്നു.

കുറച്ചു വർഷങ്ങൾ മുൻപുവരെ വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയ്ക്ക് ചാഞ്ചാടിക്കളിച്ച എനിക്ക് അക്കാലത്ത്  ഭക്തി എന്നത് ഒരു രസമുള്ള ഏർപ്പാട് ആയിരുന്നു എന്നത് ശരിയാണ്. അതുകൊണ്ട് തന്നെ ആ രസം ആസ്വദിച്ച് പൂർണ്ണമനസ്സോടെ , സന്തോഷത്തോടെ ഒരുമാസത്തെ വ്രതം വീട്ടിൽ ഭംഗിയായി ഞങ്ങൾ പാലിച്ചു.

ഒടുവിൽ കാണ്‍പൂരില്‍ നിന്ന് മൂന്ന് ദിവസത്തെ ട്രെയിൻ യാത്ര നടത്തി ഞങ്ങൾ  നാട്ടിലെത്തി .

സത്യത്തിൽ അപ്പോഴൊക്കെ ആഴവും അന്ധതയുമില്ലാത്ത എന്റെ ദൈവവിശ്വാസത്തെക്കുറിച്ചു എനിക്ക് ചുറ്റും അസ്വസ്ഥതകൾ പുകയുന്നത് ഞാൻ അറിഞ്ഞിരുന്നില്ല . 'മാർഗ്ഗം കൂടിയ' വിശ്വാസികൾ സത്യവിശ്വാസികൾക്കിടയിൽ തഴയപ്പെടുന്നത് പോലെ ഞാനും എന്റെ മകളും തഴയപ്പെടുമെന്ന് ഞാന്‍  ഊഹിച്ചതേയില്ല.എന്റെ ദൈവവിശ്വാസത്തിൽ മറ്റുള്ളവർക്ക് തീരെ വിശ്വാസമില്ല എന്ന് ഞാൻ അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം.

എന്തായാലും ഡിസംബറിലെ തണുപ്പിനും മഞ്ഞിനും  ഇടയിൽ കെട്ട് നിറയ്ക്കുന്ന ദിവസം വന്നു.

മുറ്റത്ത് കുരുത്തോലകൊണ്ടു പന്തൽ ഉണ്ടാക്കാനും മറ്റും ഞാനും മഞ്ജനും ഓടി നടന്നപ്പോൾ അടുത്ത ബന്ധുക്കളുടെ മുഖത്തെല്ലാം കണ്ട പരിഹാസം എന്തിനായിരുന്നു എന്ന് സത്യത്തിൽ എനിക്ക് ഇപ്പോൾ മനസ്സിലാകുന്നുണ്ട്.

വൈകിട്ടോടെ എല്ലാ കാര്യങ്ങളും റെഡിയാക്കി ഞങ്ങൾ ഗുരുസ്വാമിയെ കാത്തിരുന്നു .

അഞ്ചുവയസ്സിനിടയിൽ വളരെ അത്യാവശ്യമായി വന്ന രണ്ടു സാഹചര്യങ്ങളിൽ മാത്രം ഞങ്ങൾക്ക് ഒപ്പം വന്ന പരിചയമേ പൊന്നുവിന് നാടുമായി ഉണ്ടായിരുന്നുള്ളു എന്നത് സത്യത്തിൽ ഞങ്ങളുടെ മാത്രം ഗതികേട് ആയിരുന്നു, ഒരിക്കലും അവളുടെ കുറ്റമായിരുന്നില്ല .

കറുത്ത ഉടുപ്പിട്ടു അവൾ നിന്ന ആ സന്ധ്യയ്ക്ക് , ഇരുട്ടും തണുപ്പും ചീവീടിന്റെ ശബ്ദവും ചേർന്ന് നാട് എന്ന അവസ്ഥ അവളെ ഒറ്റപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്തിട്ടുണ്ടാവണം. വീട്ടിലേയ്ക്ക് കെട്ടുനിറയ്ക്ക് വന്നുകൊണ്ടിരുന്ന ഓരോരുത്തരും അവളെ അടുത്ത് വിളിക്കുകയും കവിളിൽ നുള്ളി സ്നേഹിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ അവൾ എന്നെ കൂടുതൽ മുറുകെ പിടിച്ചുകൊണ്ടിരുന്നു. അതു വരെ ഒരു പകലോ രാത്രിയോ ഒരിക്കലും എന്റെ അടുത്ത് നിന്ന് അവൾ മാറി നിൽക്കുകയോ എനിക്കും മഞ്ജനും അപ്പുറം മറ്റാരെ എങ്കിലും അടുത്ത് അറിയാനുള്ള സാഹചര്യം അവൾക്ക് ഉണ്ടാവുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല.

ഇരുട്ടും തോറും അവൾ കൂടുതൽ എന്നോട് ഒട്ടിനിന്നു. ഇരുട്ടത്ത് മുറ്റത്ത് തെളിഞ്ഞ വിളക്കുകളോ അലങ്കാര പന്തലുകളോ അയവക്കങ്ങളിൽ നിന്ന് വന്ന കുട്ടികളോ അവളെ സന്തോഷിപ്പിച്ചില്ല.

ഒടുവിൽ കെട്ട് നിറച്ചു തുടങ്ങിയപ്പോൾ മുഴങ്ങിത്തുടങ്ങിയ ശരണം വിളി കൂടി ആയപ്പോൾ അവൾ എന്നെ ഇറുകെപിടിച്ചു തോളിൽ ഇരുന്നു.  കെട്ടിൽ അരി നിറയ്ക്കാൻ ഓരോരുത്തരെയായി ഗുരുസ്വാമി വിളിക്കുമ്പോൾ അവിശ്വാസിയുടെ മകളുടെ കെട്ടിനോട് ചിലർ അയിത്തം കാണുക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു .

കുഞ്ഞിനെ കെട്ട് എടുക്കാൻ വിളിച്ചപ്പോൾ മുതൽ അതുവരെ ഉണ്ടായിട്ടില്ലാത്ത വിധം അവൾ കരഞ്ഞു തുടങ്ങി . അറപ്പുണ്ടാക്കുന്ന എന്തോ കണ്ടത് പോലെ  മൂക്കത്ത് വിരൽ വച്ചും പരസ്പ്പരം സ്വരം താഴ്ത്തി അത്ഭുതം പറഞ്ഞും ഓരോരുത്തരായി പന്തലിൽ നിന്നും അതോടെ അകന്നു നിൽക്കാൻ തുടങ്ങി .

നിർബന്ധിച്ചു തലയിൽ വെക്കാൻ ശ്രമിച്ച കെട്ട് അവൾ തട്ടിമാറ്റാൻ നോക്കി. കാര്യങ്ങൾ അതുവരെ എത്തിച്ചിട്ടു അവളേയും കൊണ്ട് മലയ്ക്ക് പോവുക അല്ലാതെ മറ്റ് മാർഗം ഒന്നുമല്ലല്ലോ എന്ന നിസ്സഹായവസ്ഥയിൽ മഞ്ജൻ അവിടെ തളർന്നു നിന്നു.

ഒടുവിൽ മലയ്ക്ക് പോകാനുള്ളവർ വാഹനത്തിൽ കയറി തുടങ്ങിയപ്പോൾ 'എനിക്ക് പോകണ്ട അച്ഛാ' എന്ന് പറഞ്ഞുള്ള അവളുടെ കരച്ചിൽ നിലവിളിയായി മാറി. അവളെ കൈയ്യിൽ എടുക്കാൻ മഞ്ജൻ ശ്രമിക്കുമ്പോൾ 'എന്നെ വിടല്ലേ അമ്മേ' എന്നു പറഞ്ഞ് എന്റെ ഉടുപ്പിൽ മുറുകെപിടിച്ചു വലിച്ചു.

അതുവരെ കാണാത്തത് കണ്ടത് പോലെ ലോകം മുഴുവൻ ഞങ്ങൾ മൂന്ന് പേരെ തുറിച്ചു നോക്കുന്നത് പോലെ ഞങ്ങൾ ഒറ്റപ്പെട്ടു . മഞ്ജൻ പൊന്നുവിനെ വലിച്ചു വണ്ടിയിൽ കയറ്റി. കുതറി ഓടാൻ നോക്കിയ അവളെ വായ പൊത്തി സീറ്റിലേക്ക് അമർത്തി പിടിച്ചു. കരച്ചിൽ നിർത്താൻ അടികൊടുത്തു. വണ്ടിയുടെ ഇരമ്പലിനും മുകളിൽ ആ കുഞ്ഞു നിലവിളി ഉയർന്നു നിന്നെങ്കിലും വണ്ടി ആ നിലവിളിയുമായി വീട് വിട്ടു .

ദൂരേയ്ക്ക് പൊയ്ക്കൊണ്ടിരുന്ന വണ്ടിയിൽ മറ്റുള്ളവരുടെ ശരണം വിളി ഒതുങ്ങി കഴിഞ്ഞിട്ടും ആ നിലവിളി മാറാതെ ഇരുന്നു. ഒടുവിൽ അത് കരച്ചിലിനപ്പുറം തൊണ്ട പൊട്ടിയ മറ്റെന്തോ ഒരു ശബ്ദമായി മാറിയിട്ടും അവൾ അടങ്ങിയില്ല. മനസ്സ് നിറയുന്ന വേദനയും നിരാശയുമായി അവളെ ചേർത്ത് പിടിച്ചിരിക്കാൻ ശ്രമിക്കുമ്പോൾ വണ്ടി നിർത്തി കുഞ്ഞുമായി ഏതെങ്കിലും കാട്ടിലേക്ക് ഇറങ്ങി ഓടിയെങ്കിൽ എന്ന് മഞ്ജൻ ആഗ്രഹിച്ചു. ഒടുവിൽ ശേഷിയില്ലാതെ അവൾ തളർന്നു വീണുറങ്ങി. ആ വഴിയിൽ , ആ ഇരുട്ടിനെമാത്രം സാക്ഷിനിർത്തി മഞ്ജൻ സത്യം ചെയ്തു , 'അമ്മയിൽ നിന്ന് കുഞ്ഞിനെ പറിച്ചെടുക്കുന്ന ഈ ആചാരത്തിലേയ്ക്ക് ഇനി കാല് വയ്ക്കില്ല'.

ഞാൻ അപ്പോഴും വീട്ടുമുറ്റത്തെ ഇരുട്ടിൽ വിറങ്ങലിച്ചു നിന്നപ്പോൾ ഒന്നും മിണ്ടാതെ ഓരോരുത്തരായി പിൻവലിഞ്ഞു.

അതുവരെ എനിക്ക് പരിചയം ഇല്ലാതിരുന്ന ഒരു അയൽക്കാരി വല്യമ്മയുടെ ശബ്ദം ആ നിൽപ്പിൽ ഞാൻ കേട്ടു. അത് ഒരു വിളംബരം ആയിരുന്നു .

'അയ്യപ്പസ്വാമി കൂടെയില്ല, അതാ ആ കൊച്ച് കെടന്നു കരയുന്നേ , തിരിച്ചു വന്നാ വന്നെന്ന് പറയാം '

അതായിരുന്നു ആ വിളംബരം.

എല്ലാവരും മൗനം കൊണ്ട് അയ്യപ്പസ്വാമി കൂടെയില്ല എന്ന ആ പ്രസ്താവനയെ ഉൾക്കൊണ്ടു . ഇനി തിരിച്ചുവന്നില്ലെങ്കിലും തക്കതായ കാരണമായി ഞാൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു.

അവർ തിരിച്ചു വന്നു.

"ഒത്തിരി വെള്ളം ഉള്ള ഒരിടത്ത് ഒരു കല്ലേൽ ഇരുത്തി അച്ഛൻ എന്നെ കുളിപ്പിച്ചു അമ്മേ" എന്നു പമ്പയിലെ കുളിയെ അവൾ എന്നോട് വിശദീകരിച്ചു.

അവിടെ ഏതോ കടയിൽ നിന്നും വാങ്ങിയ പട്ടിക്കുട്ടി ഇന്നും പ്രിയപ്പെട്ട കളിപ്പാട്ടമായി അവൾ സൂക്ഷിക്കുന്നു .

മോൻ എന്തിനാ അന്ന് കരഞ്ഞത് എന്ന് ചോദിക്കുമ്പോൾ 'ആ അറിയില്ല , അമ്മ വരാഞ്ഞിട്ടാരിക്കും' എന്ന് പറഞ്ഞു മറ്റ് തിരക്കിൽ അവൾ മുഴുകുന്നു.

ചാഞ്ചാട്ടങ്ങൾ ഇല്ലാത്തവിധം എനിക്കിപ്പോൾ ദൈവവിശ്വാസം എന്ന അന്ധവിശ്വാസത്തെക്കുറിച്ചു ബോധ്യമുണ്ട്. മകൾക്ക് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഉണ്ടെന്നും ഭൂമി ഉരുണ്ടതാണ് എന്നും പറഞ്ഞു കൊടുക്കുന്ന കൂടെ ദൈവം ഇല്ലെന്നും പറഞ്ഞു കൊടുക്കുന്നുണ്ട്. അല്ലാതെ വിശ്വസിക്കണോ വേണ്ടയോ എന്ന് നീ വളർന്നിട്ടു സ്വയം തീരുമാനിക്കൂ എന്ന ന്യായം അവിടെ പ്രയോഗിക്കുന്നില്ല.

വിശ്വാസികളെ ഇനി നിങ്ങളോടാണ് , നിങ്ങളുടെ ഉള്ളിലെ തിന്മ അത്രയും നിങ്ങളുടെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടാണ് . നിങ്ങൾക്ക് ജയിക്കാൻ ഒരു അഞ്ചുവയസുകാരി കാറ് മറിഞ്ഞു മരിച്ചു പോകാൻ വരെ നിങ്ങൾ ആഗ്രഹിക്കും . സ്വന്തം രക്തത്തെ പോലും നിങ്ങൾ ഒരുപിടി അരിയിടാൻ പേടിച്ചു തള്ളിപ്പറയും . നിങ്ങളുടെ ആ പേടി മാറുമ്പോൾ നിങ്ങൾ മനുഷ്യനായി തീരും , അന്ന് നിങ്ങൾ വിശ്വാസി ആയിരിക്കില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top