30 September Saturday

താവകവീഥിയില്‍ എന്‍ മിഴിപ്പീലികള്‍

എസ് ശാരദക്കുട്ടിUpdated: Thursday Oct 20, 2016

അന്യദേശത്തെ തൊഴിലാളികളെക്കുറിച്ച് കവി സുഗതകുമാരിയുടെ വിവാദപരാമര്‍ശം വന്നപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം തോന്നിയ സംഗതി, മലയാളിപ്പെണ്ണുങ്ങള്‍ അവരുടെ വികാരങ്ങളുടെ അപൂര്‍വ സൌന്ദര്യങ്ങളെല്ലാം അറിഞ്ഞതും അനുഭവിച്ചതും അന്യഭാഷാഗായികമാരുടെ ശബ്ദത്തിലായിരുന്നുവല്ലോ എന്നതാണ്. ഒരിക്കല്‍ പോലും അത് മലയാളി ശബ്ദങ്ങളല്ലാത്തതിന്റെ വേവലാതികള്‍ ആര്‍ക്കും തോന്നിയില്ല എന്നു മാത്രമല്ല, ക്ഷുദ്രമായ ഒരു പ്രാദേശികവികാരത്തിന് ഇവിടെ ആരും അടിമപ്പെട്ടുപോയതുമില്ല. തങ്ങളുടെ ആയുസ്സിന്റെ ഒരു വലിയ ഭാഗം അവര്‍ മലയാളഗാനങ്ങള്‍ പാടുകയും ദേശീയ പുരസ്കാരങ്ങള്‍വരെ നേടുകയും ചെയ്തു. ആ ശബ്ദങ്ങളിലായിരുന്നു ഏറെക്കുറെ അറുപതുകള്‍ക്ക് ശേഷമുള്ള മലയാളിപ്പെണ്ണുങ്ങളുടെ സ്വപ്നങ്ങള്‍ തുയിലുണര്‍ന്നിരുന്നത്.

പി ലീലയും ശാന്താ പി നായരുമൊഴികെ മലയാളത്തില്‍ പാടിയിരുന്ന മിക്കവാറും എല്ലാ ഗായികമാരും തമിഴ്നാട്ടില്‍ നിന്നോ ആന്ധ്രയില്‍ നിന്നോ ഉള്ളവരായിരുന്നു. കെ എസ് ചിത്രക്കും സുജാതക്കും മുന്‍പുള്ള രണ്ടു ദശാബ്ദക്കാലം മലയാളചലച്ചിത്രഗാനരംഗത്തു നിറഞ്ഞു നിന്നവര്‍ പി സുശീലയും എസ് ജാനകിയും മാധുരിയും ബി വസന്തയും എല്‍ ആര്‍ ഈശ്വരിയും വാണി ജയറാമും ആയിരുന്നു. ഇന്നും ആ തലമുറയില്‍ പെട്ടവരെ അവരുടെ ശബ്ദമാധുരി പുതിയ കൌമാരത്തിലേക്കും പുതുയൌവനത്തിലേക്കും പുനരാനയിക്കുന്നു. പൂവിതളില്‍ പരാഗരേണു എന്നതു പോലെ ആ ശബ്ദങ്ങള്‍ ഞങ്ങളുടെ വികാരങ്ങളോട് അത്രമേല്‍ കൂടിപ്പിണഞ്ഞിരുന്നു, അവ അവിടെ പറ്റിപ്പിടിച്ചിരിക്കുന്നു ഇന്നും. ആ സംഗീതം കൂടു തുറന്നുവിട്ട എത്രയെത്ര കാമനകള്‍! ഒരു പക്ഷേ, ഇവര്‍ പാടിയ പാട്ടുകളിലൂടെ അല്ലാതെ ലൌകികതകളെയോ രതിവാഞ്ഛകളെയോ അതിവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്കു കഴിയുമായിരുന്നില്ല എന്ന് ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ തോന്നുകയാണ്.

സ്വനഗ്രന്ഥികളുടെ വ്യത്യസ്തതകളില്‍ നിന്നാണ് സംഗീതം ഉയിര്‍ക്കൊള്ളുന്നത്. ശാരീരിക വൈകല്യങ്ങളില്ലാത്ത എല്ലാ മനുഷ്യരുടെയും ഉച്ചാരണാവയവങ്ങള്‍ അടിസ്ഥാനപരമായി സമാനസ്വഭാവമുള്ളവയാണ്. വ്യത്യസ്ത നരവംശങ്ങളില്‍പ്പോലും ഉച്ചാരണാവയവങ്ങളുടെ വ്യവസ്ഥയില്‍ വ്യത്യാസമില്ല. എന്നാല്‍ ഓരോ ഭാഷയും സ്വീകരിക്കുന്ന സ്വനങ്ങളും അവയെ അന്യോന്യം ബന്ധിപ്പിക്കുന്ന നിയമങ്ങളും വ്യത്യാസപ്പെട്ടിരിക്കും. മാതൃഭാഷയിലേതല്ലാത്ത സ്വനങ്ങള്‍ ഉച്ചരിക്കാന്‍ ഓരോരുത്തര്‍ക്കും പ്രത്യേക പരിശീലനം വേണ്ടിവരുമെന്നു ചുരുക്കം. രണ്ടു ഭാഷകള്‍ തമ്മിലുള്ള അടുപ്പം എത്ര ഗാഢമാണെങ്കിലും അവയില്‍ സ്വനങ്ങളും സ്വനവ്യവസ്ഥകളും ഒരിക്കലും ഒരേ രീതിയില്‍ ആവര്‍ത്തിക്കപ്പെടുകയില്ല. ഗായകരെ സംബന്ധിച്ച് ഇതൊരു വലിയ വെല്ലുവിളി തന്നെയാണ്. മലയാളത്തിലെ അനുനാസിക ശബ്ദങ്ങള്‍ ഉച്ചരിക്കാന്‍ ഈ ഇതരഭാഷാഗായികമാര്‍ ഏറെ കഷ്ടപ്പെട്ടിരുന്നതായി കേട്ടിട്ടുണ്ട്.

അനുനാസികങ്ങളുടെ സന്ധാനത്തിന് ഉപയോഗപ്പെടുത്തുന്ന വിഭിന്ന സ്ഥാനങ്ങളുടെ എണ്ണത്തില്‍ മറ്റെല്ലാ ഭാഷകളെയും അതിശയിക്കുന്ന വൈചിത്യ്രം മലയാളത്തിനുണ്ട്. നദി എന്നതിലെ 'ന' ഉച്ചരിക്കുന്നതുപോലെയല്ല, മനസ്സ് എന്നതിലെ 'ന' ഉച്ചരിക്കുക. വാക്കിന് ആദിയില്‍ വരുന്ന 'ന' ദന്ത്യമായും രണ്ടാമതുവരുന്ന 'ന' വര്‍ത്സ്യമായുമാണ് മലയാളത്തില്‍ ഉച്ചരിക്കുക. ഉച്ചരിക്കുമ്പോള്‍ നാവുവന്നുമുട്ടുന്ന വദനാന്തര്‍ഭാഗങ്ങളെ ആശ്രയിച്ചാണ് ഈ ശബ്ദഭേദങ്ങള്‍ ഉണ്ടാവുക. 'ല'കാരവും 'ള'കാരവും തമ്മിലും 'റ' യും 'ര' യും തമ്മിലും ഉള്ള ഉച്ചാരണഭേദങ്ങള്‍ മലയാളി അല്ലാത്ത ഒരാള്‍ക്ക് മനസ്സിലാക്കിയെടുക്കുക എളുപ്പമല്ല. 'ന' ഉച്ചരിക്കാന്‍ ശ്രമിച്ച് നാവു മുറിഞ്ഞ് ചോര വന്ന അനുഭവം പി സുശീല ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സുശീലയുടെ അനുനാസികോച്ചാരണത്തിന് ഒരു പ്രത്യേക വശ്യതയും വൈകാരികതയും ഉണ്ടായിരുന്നുവെങ്കിലും അത് മലയാളി ഉച്ചരിക്കുന്നതുപോലെ ഉച്ചരിക്കാന്‍ അവര്‍ക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല. അതൊരു കുറവായല്ല, സുശീലയുടെ വ്യതിരിക്തതയായി ആ ഉച്ചാരണഭേദങ്ങളെ സ്വീകരിച്ച്, അതില്‍ സുശീലയുടെ പൂര്‍ണത അനുഭവിക്കുകയായിരുന്നു മലയാളി ഗാനാസ്വാദകര്‍. ബി വസന്തയില്‍ നിന്നും പി സുശീലയില്‍ നിന്നും വ്യത്യസ്തമായി, മലയാളത്തിലെ സ്വനഭേദങ്ങളെ, മലയാളി ഉച്ചരിക്കുന്നതുപോലെ തന്നെ കൃത്യമായി ഉള്‍ക്കൊണ്ട് ഉച്ചരിച്ച ഗായികയാണ് എസ് ജാനകി. അവരുടെ ആദ്യകാലഗാനങ്ങളിലൊന്നായ 'കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ' …ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാകും. ന, ണ, ര, റ,ല, ള ഈ ശബ്ദങ്ങള്‍ ആവര്‍ത്തിച്ചുവരുന്ന അതിന്റെ ഒന്നാം ചരണം അവര്‍ പാടിയത് സ്വനസ്ഥാനങ്ങളെ ശരിയാം വണ്ണം സ്പര്‍ശിച്ചുകൊണ്ടാണ്. ഒരു ഇതരഭാഷാഗായികക്ക് ഇതത്ര എളുപ്പമല്ല.

'കരളിലൊരായിരം തങ്കക്കിനാവുകള്‍
കരുതിയിട്ടുണ്ടെന്നു തോന്നുമോ
മണിമാരന്‍ കൈനീട്ടി നുള്ളിയ കവിളത്ത്
മൈലാഞ്ചി ഉള്ളതായി തോന്നുമോ'

വയലാര്‍, പി ഭാസ്കരന്‍, ഒ എന്‍ വി, ശ്രീകുമാരന്‍ തമ്പി, എന്നീ ഗാനരചയിതാക്കളും ദേവരാജന്‍, ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, എം എസ് വിശ്വനാഥന്‍, എം കെ അര്‍ജുന്‍, എ ടി ഉമ്മര്‍, സലില്‍ ചൌധരി, ജോണ്‍സണ്‍, എം ബി ശ്രീനിവാസന്‍ എന്നീ സംഗീതസംവിധായകരും അരങ്ങു വാണിരുന്ന കാലമാണ് ഈ ഗായികമാരുടെയും പുഷ്കലകാലം. ഇതില്‍ ഓരോ കൂട്ടുകെട്ടിനും പ്രത്യേക ഗായികാസങ്കല്‍പ്പങ്ങളും പ്രണയസങ്കല്‍പ്പങ്ങളും ഉണ്ടായിരുന്നു. പ്രണയത്തിലെ അദമ്യമായ രതി വയലാറിന്റെ ഗാനങ്ങളുടെ തീക്ഷ്ണതയായിരുന്നു. ആ രതിഭാവത്തിന്റെ പൂര്‍ണത ഉള്‍ക്കൊള്ളാന്‍ ദേവരാജനോളം മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. അതിനു പറ്റിയ ശബ്ദങ്ങളാണ് ദേവരാജന്‍ കണ്ടെത്തിയത്. രതിയുടെ തീവ്രാനുഭവങ്ങള്‍ ഒളിപ്പിച്ചുവച്ച വശ്യശബ്ദങ്ങളായ പി സുശീലയും മാധുരിയും ദേവരാജന്റെ സ്ഥിരം ഗായികമാരായി. എസ് ജാനകിയുടെ നേര്‍ത്ത ശബ്ദത്തിന് താങ്ങാനാവുന്നതിലധികമായിരുന്നു ദേവരാജന്റെ മനസ്സിലെ കാമുകീഭാവങ്ങള്‍. ഒരിക്കലും ജാനകിയുടെ ശബ്ദത്തില്‍ അഭിരമിച്ചില്ല ദേവരാജന്‍. ആ ശബ്ദത്തിന് താരള്യവും മൃദുത്വവും ഭക്തിയോടടുത്തുനില്‍ക്കുന്ന ഉദാത്തതയുമാണ് വഴങ്ങുക.

മലയാളിത്തവും നാട്ടു വഴക്കവും അടക്കിവച്ച ലോലപ്രണയവും ഗ്രാമീണപെണ്‍കുട്ടിയുടെ നിശ്ശബ്ദ വേദനകളും ലളിതമായ ഭാവങ്ങളുമായിരുന്നു പി ഭാസ്കരന്റെ ഗാനങ്ങളുടെ പ്രത്യേകത. ഗസലുകളുടെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും മീറ്ററുകള്‍ക്ക് അവ കൃത്യമായും പാകപ്പെടുമായിരുന്നു. അതാണ് പി ഭാസ്കരനെയും ബാബുരാജിനെയും ജാനകിയെയും തമ്മില്‍ ചേര്‍ത്തു നിര്‍ത്തിയത്. ബാബുരാജിന്റെ മനസ്സിലെ കാമുകിയുടെ ശബ്ദത്തിലാണ് ജാനകി പാടിയതത്രയും. നിങ്ങള്‍ എങ്ങനെ ഇത്ര മനോഹരമായി പാടുന്നുവെന്ന് ഓരോ പാട്ടിനു ശേഷവും ബാബുരാജ് ആരാധനയോടെയും ആശ്ചര്യത്തോടെയും ജാനകിയുടെ മുന്നില്‍ കണ്ണു നിറഞ്ഞ് കൈകൂപ്പി നിന്നു. നിങ്ങള്‍ ഇങ്ങനെ ഈണമിട്ടാല്‍ ഞാനെങ്ങനെ പാടാതിരിക്കും എന്ന് അവര്‍ വിനയാന്വിതയായി. തുളുമ്പുന്ന വശ്യത ഇഷ്ടപ്പെട്ടിരുന്ന ദേവരാജനൊഴിച്ചുള്ള മറ്റെല്ലാ സംഗീതസംവിധായകരും ഏറെ ഇഷ്ടപ്പെട്ടിരുന്ന ശബ്ദം എസ് ജാനകിയുടേതുതന്നെയായിരുന്നു. എന്റെ ഗാനങ്ങള്‍ക്ക് ആ ശബ്ദം ഇണങ്ങുന്നതല്ല എന്ന് ദേവരാജന്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്. ഒരിക്കല്‍പ്പോലും ആ ശബ്ദം ലൈംഗികത ഉണര്‍ത്തിയില്ല എന്നത് ഒരത്ഭുതമാണ്.

ഷീലയുടെ അതിവൈകാരികതയുള്ള ശബ്ദത്തിന് പി സുശീലയുടെ ആലാപനരീതിയും ജയഭാരതിയുടെ കഥാപാത്രങ്ങള്‍ പ്രസരിപ്പിച്ച തെറിപ്പിനും തുറസ്സിനും മാധുരിയുടെ ചിലമ്പിച്ചതും വരുതിയില്‍ നിലല്‍ക്കാത്തതുമായ തുറസ്സായ ആലാപനരീതിയും ഏറെ ഇണങ്ങുന്നതായിരുന്നു. എന്നാല്‍ അഭ്രപാളിയില്‍ ശാരദ എന്ന നടി അവതരിപ്പിച്ച നിശ്ശബ്ദ കാമുകിയുടെ ആശാഭംഗങ്ങള്‍ക്ക് ഏറ്റവും ഇണങ്ങുന്ന ശബ്ദമായി എസ് ജാനകിയുടേത്. നീറിപ്പിടിക്കുന്ന വേദനയാണ് ബാബുരാജിന്റെ സംഗീതത്തിന്റെ  പ്രത്യേകത. ആഴങ്ങളോളം സഞ്ചരിക്കാന്‍ കഴിയുന്ന വേദന, നേര്‍ത്ത പാടയായി വീണുകിടക്കുന്ന ശബ്ദവുമായി എസ് ജാനകി

അങ്ങനെ ബാബുരാജിന്റെ  ഈണങ്ങള്‍ക്ക് ചിറകും ജീവനും നല്‍കി.

'ഇരു കണ്ണീര്‍ തുള്ളികള്‍ ഒരു സുന്ദരിയുടെ
കരിമിഴികളില്‍വച്ചു കണ്ടു മുട്ടീ'
'ഈറനുടുത്തുംകൊണ്ടംബരം ചുറ്റുന്ന
ഹേമന്തരാവിലെ വെണ്‍മുകിലേ'
'നിദ്ര തന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍
സ്വപ്നത്തിന്‍ കളിയോടം കിട്ടീ'
 'എന്‍പ്രാണ നായകനെ എന്തു വിളിക്കും
എങ്ങനെ ഞാന്‍ നാവെടുത്തു പേരു വിളിക്കും'

ശാരദയുടെ പിന്തുടര്‍ച്ച പോലെ വന്ന  പൂര്‍ണിമാ ജയറാമിനും സുഹാസിനിക്കും സറീനാ വഹാബിനും ജലജക്കും ശാന്തി കൃഷ്ണക്കുമൊക്കെയാണ് ജാനകിയുടെ ശബ്ദം കൂടുതലായിണങ്ങിയത്. മൂകപ്രണയങ്ങളുള്ള നായികമാര്‍ക്കുവേണ്ടി എസ് ജാനകി ഇന്നും ആ ഗാനങ്ങള്‍ പാടിക്കൊണ്ടേയിരിക്കുന്നു.

'സൂര്യകാന്തീ സൂര്യകാന്തീ'…
'ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍…ആയിരം പേര്‍ വരും'
'തുമ്പീ വാ തുമ്പക്കുടത്തിന്‍'
'പൊന്നുരുകും പൂക്കാലം'
'നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍'
'സ്വര്‍ണമുകിലേ സ്വര്‍ണമുകിലേ'…
'ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന'
'കാത്തിരിപ്പൂ കുഞ്ഞരിപ്പൂവ് വെറും പൂവ'
'തുഷാരബിന്ദുക്കളേ'…

എസ് ജാനകിയുടെ ശബ്ദത്തിലെ വിനമ്രതാഭാവത്തെ, ഭക്തിയുടെ ഉദാത്തഭാവങ്ങള്‍ പൂകാനുള്ള അപാരമായ ശേഷിയെ തെളിയിക്കുന്ന അനേകം ഗാനങ്ങളുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച ഭക്തിഗാനമേതെന്നു ചോദിച്ചാല്‍ ആദ്യമായി മനസ്സിലെത്തുക 'ലോകം മുഴുവന്‍ സുഖം പകരാനായ്' ആയിരിക്കും. വിശുദ്ധമായ ഒരര്‍ച്ചന പോലെയാണ് അവര്‍ ആ ഗാനം ആലപിച്ചിരിക്കുന്നത്. മന്ത്രോച്ചാരണസമയത്തെന്നതു പോലെ ചുണ്ടുകള്‍ മാത്രം ചലിപ്പിച്ചുകൊണ്ടുനിന്നു പാടുന്ന ആ ആലാപന ശൈലിയും അതാണോര്‍മിപ്പിക്കുന്നത്. എല്ലാ മാലിന്യങ്ങളില്‍ നിന്നും കറകളില്‍ നിന്നും വിശുദ്ധിയെ അരിച്ചെടുക്കുകയാണവര്‍.

'താമരക്കുമ്പിളല്ലോ മമ ഹൃദയം'
'മനസ്സിലുണരൂ ഉഷസ്സന്ധ്യയായ്' …
'കേശാദിപാദം തൊഴുന്നേന്‍'
'വാകച്ചാര്‍ത്തു കഴിഞ്ഞൊരു ദേവന്റെ'
'എല്ലാം നീയേ ശൌരേ' 'മധുരമീനാക്ഷീ അനുഗ്രഹിക്കൂ'.
'ആലാപനം'
'വിശ്വമഹാക്ഷേത്ര സന്നിധിയില്‍'

ഭാവവും താളവും ചേതനയും തമ്മിലുള്ള ഈ സമന്വയനമാണ് ജാനകിയുടെ ഗാനങ്ങളുടെ സവിശേഷത. കാല്‍ച്ചിലങ്കകകളിലൂടെ അളവറ്റ ജലകണികകള്‍ മനസ്സിലേക്ക് പ്രവഹിക്കുന്നതുപോലെ നൃത്തത്തിന്റെ നേര്‍മ അവര്‍ ശബ്ദത്തിലും ഭാവത്തിലും ആവഹിച്ചു. ശാസ്ത്രീയമായി ഒരു ചിട്ടപ്പെടുത്തലും ഇല്ലാതെതന്നെ നൃത്തവും സംഗീതവും അവരുടെ ശാരീരത്തില്‍ ലയിച്ചു ചേര്‍ക്കപ്പെട്ടിരിക്കുന്നു. താഴ്വരകളെയും ഗിരിശൃംഗങ്ങളെയും ഓര്‍മിപ്പിക്കുന്ന തരത്തില്‍ ഉച്ചസ്ഥായിയലേക്കും കീഴ്സ്ഥായിയിലേക്കും സഞ്ചരിക്കുന്നു ആ മാസ്മരികത. കടലിരമ്പങ്ങളെയും മഹാപാതങ്ങളെയും അവ കാതുകളിലെത്തിക്കുന്നു.

'അകലെയകലേ നീലാകാശം'
'ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍'…
'നീരദലതാഗൃഹം പൂകിയിപ്പൊഴുതന്തി'
'വിവാഹ നാളില്‍'
'പൂവണിപ്പന്തല്‍ വിണ്ണോളമുയര്‍ത്തൂ ശില്‍പ്പികളേ'
'മൌനമേ നിറയും മൌനമേ'…
'ഏറ്റുമാനൂരമ്പലത്തില്‍ എഴുന്നള്ളത്ത്'
എണ്ണിയാല്‍ തീരില്ല. എത്ര തലമുറകള്‍ക്ക് കൊച്ചുമക്കളെ പാടിയുറക്കാനുള്ള താരാട്ടുകള്‍.
'മലര്‍ക്കൊടി പോലേ വര്‍ണത്തുടി പോലേ'
'ഓമനത്തിങ്കള്‍ക്കിടാവോ'
 'പാടിപ്പാടി ഞാന്‍ നിന്നെയുറക്കാം'
'ആരാരോ ആരിരാരോ അച്ഛന്റെ മോളാരാരോ'
'ഉണ്ണിയാരാരിരോ തങ്കമാരാരിരോ'

അവര്‍ നൂറു ജന്മങ്ങള്‍ക്കുള്ളത് പാടിത്തീര്‍ത്തു കഴിഞ്ഞു. പാട്ടവസാനിപ്പിക്കുകയാണ് എന്ന്, അവ്വയാറിനെയും അക്ക മഹാദേവിയേയും ഓര്‍മിപ്പിക്കുന്ന നിര്‍മമതയോടെ, കൈകൂപ്പി പറയുന്ന അവരുടെ രൂപം മനസ്സില്‍ വരുമ്പോള്‍ ഒന്നു മാത്രമാണ് പറയാന്‍ തോന്നുന്നത്;

'അശ്രുനീരിനാല്‍ കഴുകീടട്ടേ ഹൃദയം ഞാന്‍
കൊച്ചുമക്കളെപ്പറ്റി,ദൈവദൂതരെപ്പറ്റി
ഈശ്വരപാദങ്ങളെപ്പറ്റിയും ധ്യാനിച്ച–
ന്തരാശയം സുനിര്‍മലകോമളമാക്കീടട്ടേ
അല്ലാതെ വിചാരിപ്പതെങ്ങനെ പരിശുദ്ധ–
കല്യാണരൂപം കോലും നിങ്ങളെപ്പാഴുറ്റ ഞാന്‍'  (വൈലോപ്പിള്ളി).

(എസ് ശാരാദക്കുട്ടി ദേശാഭിമാനി വാരികയില്‍ എഴുതുന്ന പംക്തി ജ്ഞാനപ്പല്ല്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top