29 March Friday

റൊസാരിയോ സാഞ്ചസ് മോറ; പെണ്‍പോരാട്ട വീഥിയിലെ സ്‌പാനിഷ് ഡൈനാമിറ്റ്

പി എസ് പൂഴനാട്Updated: Monday Aug 1, 2022

റൊസാരിയോ സാഞ്ചസ് മോറ

1935ല്‍ ജനകീയ മുന്നണി എന്ന ആശയം സ്പെയിനിന്റെ മണ്ണിലും അതിന്റെ ജനകീയമായ വേരുകള്‍ ആഴ്ത്തുകയായിരുന്നു. മാനുവല്‍ അസാനാ ഡയസ് എന്ന മധ്യ - ഇടതുപക്ഷക്കാരനായ രാഷ്ട്രീയ നേതാവായിരുന്നു ജനകീയ മുന്നണിയുടെ മുഖമായി മുന്നില്‍ നിന്നത്. സ്പാനിഷ് കമ്യൂണിസ്റ്റ് പാര്‍ടിയുടെയും സ്പാനിഷ് സോഷ്യലിസ്റ്റുകളുടെയും പരിപൂര്‍ണ്ണമായ പിന്തുണയിലായിരുന്നു മാനുവല്‍ അസാനാ ഡയസ് മുന്നണിയിലേക്ക് ഉയര്‍ന്നുവന്നത്. സ്പാനിഷ് റിപ്പബ്ലിക്കന്‍ കക്ഷികളുടെയും പിന്തുണ അദ്ദേഹത്തിനായിരുന്നു.

അങ്ങനെ 1936ല്‍ മാനുവല്‍ അസാനാ ഡയസിന്റെ നേതൃത്വത്തിലുള്ള മധ്യ - ഇടതുപക്ഷ റിപ്പബ്ലിക്കന്‍ സര്‍ക്കാര്‍ സ്പെയിനിന്റെ ചരിത്രഭൂമികയിലേക്ക് ഉയര്‍ന്നു. സ്പാനിഷ് കമ്യൂണിസ്റ്റ് പാര്‍ടിയും സോഷ്യലിസ്റ്റുകളും റിപ്പബ്ലിക്കന്‍ പുരോഗമന കക്ഷികളും ഈ സര്‍ക്കാരിനെ സമരോത്സുകമായി പിന്തുണച്ചു. എന്നാല്‍ ഇടതുപക്ഷ സ്വഭാവമുള്ള ഈ റിപ്പബ്ലിക്കന്‍ സര്‍ക്കാരിനെതിരെ സ്പെയിനിലെ എല്ലാ വിഭാഗം വലതുപക്ഷക്കാരും ഒരുമിക്കുകയാണുണ്ടായത്. റിപ്പബ്ലിക്കന്‍ ഗവണ്‍മെന്റിനെ അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം.

റിപ്പബ്ലിക്കന്‍ ഗവണ്‍മെന്റിനെതിരെ നിലകൊണ്ടതാകട്ടെ ഫലാന്‍ജിസ്റ്റുകളും രാജവാഴ്ചയുടെ പിന്തുണക്കാരും അതിയാഥാസ്തികരും പാരമ്പര്യവാദികളും ചേര്‍ന്ന തീവ്രദേശീയതയിലൂന്നിയ നാഷണലിസ്റ്റുകള്‍ എന്നറിയപ്പെട്ട ഒരു ഫാസിസ്റ്റ് പാര്‍ടിയായിരുന്നു. സൈനികാധിപത്യത്തിലൂന്നിയ ആ പാര്‍ടിയുടെ നേതൃത്വം ഫ്രാന്‍സിസ്ക്കോ ഫ്രാങ്കോ എന്ന ഫാസിസ്റ്റ് പട്ടാള ജനറലിന്റെ കൈകളിലായിരുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്ത ഇടതുപക്ഷ റിപ്പബ്ലിക്കന്‍ ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കലായിരുന്നു ഫ്രാങ്കോയുടെയും അദ്ദേഹത്തിന്റെ പാര്‍ടിയുടെയും ലക്ഷ്യം. അങ്ങനെയാണ് 1936 ജൂലൈ മാസത്തില്‍ ഇടതുപക്ഷ റിപ്പബ്ലിക്കന്‍ സര്‍ക്കാരിനെതിരെയുള്ള അട്ടിമറിനീക്കം ആരംഭിക്കുന്നത്.

ഫാസിസ്റ്റ് അട്ടിമറിയില്‍നിന്നും ഇടതുപക്ഷ സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള പോരാട്ടം സ്പെയിനിന്റെ മണ്ണില്‍ ഉയര്‍ന്നു പൊങ്ങാന്‍ തുടങ്ങി. കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും എല്ലാവിധ പുരോഗമന ശക്തികളും റിപ്പബ്ലിക്കന്‍ ഗവണ്‍മെന്റിന്റെ പിന്നില്‍ അണിനിരക്കുകയും റിപ്പബ്ലിക്കന്‍ ജനാധിപത്യത്തെ ഫാസിസ്റ്റ് ശക്തികളില്‍നിന്നും വിമോചിപ്പിക്കാനുള്ള തീവ്രമായ പോരാട്ടരൂപങ്ങളെ കെട്ടഴിച്ചുവിടുകയും ചെയ്തു.
ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള ഈ വിമോചനപ്പോരാട്ട വേദിയിലേക്ക് അതിധീരമായി കടന്നുവന്ന പതിനേഴു വയസ്സുകാരിയായ പെണ്‍കുട്ടിയായിരുന്നു റൊസാരിയോ സാഞ്ചസ് മോറ.

റൊസാരിയോ സാഞ്ചസ് മോറ

റൊസാരിയോ സാഞ്ചസ് മോറ

ഒരു മെക്കാനിക്കിന്റെ മകളായി 1919 ഏപ്രില്‍ 21നാണ് റൊസാരിയോ സാഞ്ചസ് മോറ എന്ന പെണ്‍കുട്ടി ജനിക്കുന്നത്. സ്പെയിനില്‍ ഫാസിസ്റ്റ് അട്ടിമറിയെത്തുടര്‍ന്ന് ആഭ്യന്തരയുദ്ധം (1936-1939) ആരംഭിക്കുന്നതിനുമുമ്പു തന്നെ സാഞ്ചസ് മോറയുടെ അമ്മ മരണപ്പെട്ടിരുന്നു. സ്വന്തം ജന്മനാട്ടില്‍നിന്നും മാറി സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലുള്ള ഒരു ബന്ധുവിന്റെ വീട്ടിലായിരുന്നു പഠനാവശ്യങ്ങള്‍ക്കുവേണ്ടി ആ പെണ്‍കുട്ടി താമസിച്ചത്.

പഠനകാലത്തുതന്നെ രാഷ്ട്രീയ ആക്ടിവിസത്തിന്റെ വിശാലതയിലേക്ക് ആ പെണ്‍കുട്ടി നടന്നടുത്തിരുന്നു. കമ്യൂണിസ്റ്റ് -സോഷ്യലിസ്റ്റ് യുവജനസംഘങ്ങളില്‍ അവള്‍ അംഗമായി. ഇടതുപക്ഷ റിപ്പബ്ലിക്കന്‍ ഗവണ്‍മെന്റിനെ ഫാസിസ്റ്റുകള്‍ അട്ടിമറിക്കാനും തകര്‍ക്കാനും തുടങ്ങിയതിനെത്തുടര്‍ന്ന് 1936 ജൂലൈ പതിനേഴിനായിരുന്നു സ്പെയിനില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടത്.

1936 ജൂലൈ 20þാം തീയതി, യുവാക്കളായ ഒരു സംഘം കമ്യൂണിസ്റ്റുകാര്‍ സാഞ്ചസ് മോറയുടെ സ്കൂള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഫാസിസ്റ്റ് സംഘങ്ങള്‍ക്കെതിരെ പോരാട്ടം നയിക്കുന്ന സൈനികദളങ്ങളിലേക്ക് പുതിയ പോരാളികളെ റിക്രൂട്ട് ചെയ്യാനായിരുന്നു ആ കമ്യൂണിസ്റ്റ് യുവാക്കള്‍ അവിടെ എത്തിയത്. സാഞ്ചസ് മോറയാകട്ടെ ഒരു തരത്തിലുള്ള സംശയമോ വൈമനസ്യമോ കൂടാതെ ഉടന്‍തന്നെ ആ കമ്യൂണിസ്റ്റ് സംഘത്തിന്റെ ഭാഗമായിത്തീരുകയാണുണ്ടായത്.

അത്രയ്ക്ക് വിപുലവും വിശാലവും കരുത്തുറ്റതുമായിരുന്നു ആ പതിനേഴു വയസ്സുകാരിയുടെ രാഷ്ട്രീയ ബോധ്യങ്ങള്‍. അടുത്ത ദിവസം തന്നെ ആ പോരാട്ടഭൂമിയിലേക്ക് അവള്‍ യാത്രയാവുകയും ചെയ്തു. ഫാസിസ്റ്റുകള്‍ക്കെതിരെ നേരിട്ടുള്ള പോരാട്ടം നടത്തുന്ന മുന്നണിപ്പടയില്‍ പൊരുതാനായിരുന്നു സാഞ്ചസ് മോറയ്ക്ക് താല്‍പ്പര്യം.

ഫ്രാന്‍സിസ്കോ ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് വിരുദ്ധ ഫാസിസ്റ്റ് സൈന്യത്തിന് ഫാസിസ്റ്റ് ഇറ്റലിയില്‍നിന്നും നാസി ജര്‍മനിയില്‍നിന്നും എല്ലാ തരത്തിലുള്ള സൈനിക സഹായങ്ങളും ആയുധങ്ങളും സന്നാഹങ്ങളും ഒഴുകിയെത്തിക്കൊണ്ടിരുന്നു. ഈ സൈനികശേഷിയുടെ ബലത്തിലായിരുന്നു ഫ്രാങ്കോയുടെ ഫാസിസ്റ്റ് സൈന്യം സ്പെയിനിന്റെ മണ്ണിനെ ചോരക്കളമാക്കിക്കൊണ്ടിരുന്നത്. സ്പെയിനിലെ ജനാധിപത്യ - റിപ്പബ്ലിക്കന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളൊന്നും മുന്നോട്ടുവന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും നിഷ്പക്ഷതയുടെ മാളങ്ങളില്‍ ഒളിക്കുകയായിരുന്നു.

യഥാര്‍ത്ഥത്തില്‍ അവരുടെ നിഷ്പക്ഷത ഫ്രാങ്കോ എന്ന ഫാസിസ്റ്റിനോടുള്ള ഐക്യദാര്‍ഢ്യമായിരുന്നു. അതുകൊണ്ടായിരുന്നു പോരാട്ടത്തിനൊടുവില്‍ പിടിച്ചുനില്‍ക്കാനാവാതെ റിപ്പബ്ലിക്കന്‍ സര്‍ക്കാര്‍ തകര്‍ക്കപ്പെടുകയും ഫ്രാങ്കോയുടെ നേതൃത്വത്തില്‍ ഫാസിസ്റ്റുകള്‍ സമ്പൂര്‍ണ്ണമായി അധികാരം പിടിച്ചെടുക്കുകയും ചെയ്തപ്പോള്‍, ഫ്രാങ്കോയുടെ പട്ടാള ഏകാധിപത്യത്തെ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും അംഗീകരിച്ചത്!

സോവിയറ്റ് യൂണിയനില്‍നിന്നുള്ള സഹായങ്ങള്‍ കൊണ്ടായിരുന്നു റിപ്പബ്ലിക്കന്‍ സര്‍ക്കാര്‍ പൊരുതിനിന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അവിടങ്ങളിലെ സര്‍ക്കാരുകളുടെ നയങ്ങളൊന്നും വകവയ്ക്കാതെ, റിപ്പബ്ലിക്കന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ കമ്യൂണിസ്റ്റ് പോരാളികളും സ്പെയിനിലേക്ക് എത്തിക്കൊണ്ടിരുന്നു. ഇത്തരം പിന്‍ബലത്തിലായിരുന്നു 1936 മുതല്‍ 1939 വരെ റിപ്പബ്ലിക്കന്‍ സര്‍ക്കാര്‍ ഫാസിസ്റ്റുകള്‍ക്കെതിരെ പൊരുതിനിന്നത്. ഫാസിസ്റ്റുകള്‍ക്കെതിരെ ആയുധമേന്തിയാണ് സാഞ്ചസ് മോറ പോരാടിയത്.

ഫാസിസ്റ്റുകളുടെ ബോംബുകളെയും തോക്കുകളെയും ബോംബുകളും തോക്കുകളുംകൊണ്ടു തന്നെ അവര്‍ നേരിട്ടു. ഫാസിസ്റ്റുകളുടെ ആയുധങ്ങളെ നേരിടാനുള്ള പടക്കോപ്പുകളുടെ നിര്‍മാണത്തിലും പ്രയോഗത്തിലും അഗാധമായ വൈദഗ്ധ്യവും സാഞ്ചസ് മോറ നേടിയെടുത്തു.

ഫാസിസ്റ്റുകളുടെ ബോംബാക്രമണങ്ങളില്‍നിന്നും തന്റെ സംഘത്തിലെ പോരാളികളെ രക്ഷിക്കുന്നതിനിടയിലായിരുന്നു സാഞ്ചസിന്റെ ഒരു കൈ അറ്റുപോയത്. എന്നാല്‍ അതൊന്നും ഫാസിസത്തിനെതിരെയുള്ള അവരുടെ പോരാട്ടത്തെ പിറകോട്ടുവലിച്ചില്ല. സ്വന്തം ജീവിതംതന്നെ ആ പോരാട്ടത്തിനുവേണ്ടി അവര്‍ സമര്‍പ്പിക്കുകയായിരുന്നു. സാഞ്ചസ് മോറയെപ്പോലുള്ള പതിനായിരക്കണക്കിന് സ്ത്രീകളാണ് ഫ്രാങ്കോയുടെ ഫാസിസ്റ്റ് അട്ടിമറിക്കെതിരെ ജീവിതംകൊണ്ട് പോരാടിനിന്നത്.

എന്നാല്‍ എല്ലാ പോരാട്ടങ്ങളെയും തകര്‍ത്തെറിഞ്ഞുകൊണ്ട് ഫ്രാങ്കോയുടെ ഫാസിസ്റ്റ് സൈന്യം ഇടതുപക്ഷ റിപ്പബ്ലിക്കന്‍ സര്‍ക്കാരിനെ തരിപ്പണമാക്കുകയായിരുന്നു. അങ്ങനെ 1939 ജനുവരി മാസത്തില്‍ റിപ്പബ്ലിക്കന്‍ സര്‍ക്കാര്‍ പരിപൂര്‍ണ്ണമായി അട്ടിമറിക്കപ്പെട്ടു. എല്ലാവിധ വലതുപക്ഷകക്ഷികളുടെയും പിന്തുണയോടെ സ്പെയിനില്‍ ഫ്രാന്‍സിസ് ഫ്രാങ്കോയുടെ നേതൃത്വത്തില്‍ ഫാസിസ്റ്റ് പട്ടാള സ്വേച്ഛാധിപത്യം നിലവില്‍വന്നു.

ഈ ഫാസിസ്റ്റ് സ്വേച്ഛാധിപത്യമാകട്ടെ 1975 നവംബര്‍ വരെ സ്പെയിനിനെ അടക്കിഭരിച്ചുകൊണ്ടായിരുന്നു നിലനിന്നത്. എത്രയെത്ര കമ്യൂണിസ്റ്റുകളാണ് കൊലക്കളങ്ങളിലേയ്ക്ക് എടുത്തെറിയപ്പെട്ടത്. എത്രയെത്ര മനുഷ്യര്‍ക്കാണ് സ്പെയിനില്‍നിന്നും ഓടിപ്പോകേണ്ടിവന്നത്! എത്രയെത്ര മനുഷ്യരാണ് ജീവിതമില്ലാതെ ജീവിച്ചത്!.

റിപ്പബ്ലിക്കന്‍ സര്‍ക്കാര്‍ തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് സാഞ്ചസ് മോറയും അറസ്റ്റ് ചെയ്യപ്പെട്ടു. വധശിക്ഷയായിരുന്നു അവര്‍ക്ക് വിധിക്കപ്പെട്ടത്. ആയിരക്കണക്കിന് വിപ്ലവകാരികളായ വനിതകള്‍  സാഞ്ചസ് മോറയെപ്പോലെ വധശിക്ഷയും കാത്ത് ഫ്രാങ്കോയുടെ ജയിലറകളില്‍ കഴിയുകയായിരുന്നു. പലരും വധിക്കപ്പെട്ടു. കൊടുംക്രൂരതകള്‍ക്ക് വിധേയരാക്കപ്പെട്ടു. അവരുടെ കുഞ്ഞുങ്ങളെപ്പോലും ഫാസിസ്റ്റുകള്‍ അവര്‍ക്ക് നല്‍കിയല്ല.

സാഞ്ചസ് മോറയുടെ വധശിക്ഷ വര്‍ഷങ്ങള്‍ക്കുശേഷം പിന്‍വലിക്കപ്പെട്ടു. പിന്നീടത് ജീവപര്യന്തമായി മാറി. രാഷ്ട്രീയ തടവുകാരെക്കൊണ്ട് സ്പെയിനിലെ ജയിലറകള്‍ നിറഞ്ഞുകവിഞ്ഞതിനെത്തുടര്‍ന്നാണ് ജയിലില്‍നിന്നും സാഞ്ചസിന് പുറത്തുകടക്കാനായത്. എങ്കിലും അവര്‍ക്ക് സ്വന്തം ജന്മനാട് വിട്ടുപോകേണ്ടിവന്നു. ഫാസിസ്റ്റ് ഭരണക്രമത്തിന്റെ അവസാനകാലങ്ങളില്‍ മാഡ്രിഡിലെ തെരുവോരങ്ങളില്‍ സിഗററ്റ് വിറ്റായിരുന്നു നിത്യജീവിതത്തിനുള്ള വക സാഞ്ചസ് കണ്ടെത്തിയിരുന്നത്. 2008 ഏപ്രില്‍ 17ന് ഈ ലോകത്തോട് വിട പറയുമ്പോഴും അവരുടെ വിശ്വാസങ്ങള്‍ക്കും പോരാട്ടവീറിനും പുതിയൊരു ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ക്കും ഒരിടിവും സംഭവിച്ചിട്ടുണ്ടായിരുന്നില്ല.

(ചിന്ത വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top