1919 ജനുവരി 15. ബർലിനിലെ ഹോട്ടൽ ഈഡനിലെ ഒരു മുറിയിലാണ് റോസ താമസിച്ചത്. നോസ്‌കയുടെ അക്രമിസംഘം ആയുധസജ്ജമായി അവിടെയെത്തി. അവരിൽ ഒരാൾ കൈത്തോക്ക് ചൂണ്ടി, മറ്റൊരാൾറോസയുടെ മുഖത്ത് ആഞ്ഞിടിച്ചു. ചോര ഒലിക്കുന്ന മുഖവുമായി പുറത്തുകടന്ന് വരാന്തയിൽ എത്തിയപ്പോൾതലയിൽ തോക്കിന്റെ പാത്തികൊണ്ട് അടിച്ചു. ബോധരഹിതയായി വീണ അവരെ വാഹനത്തിലേക്ക് വലിച്ചിഴച്ചു. ഓർമ തെളിഞ്ഞപ്പോൾ റോസ തിരിച്ചറിഞ്ഞു, താൻ പോയിന്റ് ബ്ലാങ്കിലാണ്!!. വെടിവയ്‌ക്കരുതെന്ന കൽപ്പനയെ തലച്ചോറിൽതുളച്ചുകയറിയ വെടിയുണ്ടയാലാണ് കാപാലികർ മറുപടി പറഞ്ഞത്. കൊന്നിട്ടും പക തീർന്നില്ല. റോസയുടെ മൃതദേഹം ബർലിൻ നഗരത്തിന്റെ ആഴമേറിയ അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞു.
ജർമനിയിൽ വിപ്ലവത്തിന് സമയമായെന്ന ചിന്തയിൽ പ്രവർത്തിച്ചിരുന്ന റോസ ലക്‌സംബർഗിനെ നിരവധി നീക്കങ്ങൾക്കൊടുവിൽ ഭരണകൂടം ഇല്ലായ്‌മ ചെയ്‌തത് ഇങ്ങനെയാണ്. ഏതു നിമിഷവും മരണവാറന്റുമായി എത്തുന്നവരെയും കാത്ത് പോർക്കളത്തിനിന്ന് പിൻവാങ്ങാതെ മരണംവരെ നിലപാടുകൾ ഉയർത്തിപ്പിടിച്ചാണ് റോസ രക്തസാക്ഷിത്വത്തെ പുൽകിയത്.
പോളിഷ് ഗ്രാമത്തിലെ ജൂതകുടുംബത്തിൽ ജനിച്ച് വാഴ്‌സയിൽ പഠനകാലം പിന്നിട്ട റോസ ജൂതവിവേചനത്തിന്റെ അനുഭവങ്ങളുമായാണ് ജീവിച്ചത്. രോഗം ശരീരത്തെ തളർത്തിയെങ്കിലും രാഷ്ട്‌രീയ ജീവിതത്തിന്റെ വേഗത്തിന് വിലങ്ങുതടിയായില്ല.
സ്വിറ്റ്സർലൻഡിലെ പഠനകാലം സോഷ്യലിസത്തിലേക്ക് അടുപ്പിച്ചു. പോളണ്ടിലെ പരാജയപ്പെട്ട പോരാട്ടങ്ങൾക്ക് ജർമനിയിൽനിന്ന് നേതൃത്വമായി. ഗുസ്‌തഫ് ലൂബെക്ക് എന്ന ജർമൻകാരനുമായി വിവാഹനാടകം നടത്തിയാണ് റോസ ജർമനിയിലെത്തിത്. ജർമൻ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപകയായ റോസ മാർക്‌സിയൻ സാമ്പത്തിക സിദ്ധാന്തങ്ങളെ വിപുലപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു. സോഷ്യൽ ഡെമോക്രാറ്റിക് പാർടി ഓഫ് ജർമനി, ഇൻഡിപ്പെൻഡന്റ് സോഷ്യൽ ഡെമോക്രാറ്റിക് പാർടി എന്നിവയിലും പ്രവർത്തിച്ചു. 1914-ൽ സോഷ്യൽ ഡെമോക്രാറ്റിക് പാർടി ഒന്നാം ലോകമഹായുദ്ധത്തിൽ ജർമനി പങ്കെടുക്കുന്നതിനെ പിന്തുണച്ചപ്പോൾ കാൾ ലിബ്നെക്റ്റുമൊത്ത് സ്‌പാർട്ടകുസ്ബുണ്ട് (സ്‌പാർട്ടസിസ്റ്റ് ലീഗ്) രൂപീകരിച്ചു. ഇതാണ് 1919ൽ ജർമൻ കമ്യൂണിസ്റ്റ് പാർടിയായത്. 1918 നവംബറിൽ ജർമൻ വിപ്ലവകാലഘട്ടത്തിൽ ഡീ റോട്ട ഫാന (ചെങ്കൊടി) എന്ന ഇടതുപക്ഷ വിപ്ലവകാരികളുടെ കേന്ദ്രസംഘടനയും രൂപീകരിച്ചു.
മരണം മുന്നിൽക്കണ്ട അവസാന നാളുകളിൽ റോസ പറഞ്ഞത് ‘ഈ തോൽവിയിൽനിന്ന് ഭാവിയിലെ വിജയങ്ങൾ മുളപൊട്ടും. നാളെ വിപ്ലവം വീണ്ടും ഉയരും’ എന്നായിരുന്നു. ചുവപ്പുരാശിയുള്ള ലോകക്രമം പുലരുമെന്ന മാനവിക സ്വപ്‌നത്തിന്റെ കൊടിയടയാളമായി റോസയുടെ രാഷ്‌ട്രീയ ജീവിതവും രക്തസാക്ഷിത്വവും എന്നും ജ്വലിച്ചു നിൽക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..