19 April Friday

കോര്‍ട്ടിനെ നിശബ്‌ദമാക്കിയിരുന്ന ഫെഡറര്‍

ആൻസ്‌ ട്രീസാ ജോസഫ്‌ annsjoseph204@gmail.comUpdated: Sunday Oct 30, 2022

രാജശ്രീ വാര്യർ

രാജശ്രീ വാര്യർ

നൃത്തം അപാരസം​ഗീതത്തിന്റെ ദൃശ്യമാണെങ്കിൽ ഫെഡറർ ഏറ്റവും നന്നായി ടെന്നീസ് കളിക്കുന്നത് എന്റെ കണ്ണുകൾക്ക് ലയവും ചെവികൾക്ക് നാദവുമാണ്. അനു​ഗൃഹീതമായ മനോധർമമാണത് ലാവണ്യപരമായ മൗലികതയുടെ ബഹുർസ്‌ഫുരണമാണ് റോജർ ഫെഡറർ... ടെന്നീസ് ഇതിഹാസതാരം റോജർ ഫെഡററിന്റെ വിരമിക്കലിൽ നർത്തകി രാജശ്രീ വാര്യർ ട്വിറ്ററിൽ കുറിച്ച വാക്കുകൾ.

കോര്‍ട്ടിന് നിശബ്ദമാക്കിയിരുന്ന ഫെഡറര്‍

ഏതുകാര്യവും അനായാസതയിലേക്ക് എത്തുന്നത് പരിശീലനത്തിലൂടെയാണ്. ചിട്ടയോടെയുള്ള പരിശീലനവും പഠനവുമാണ് ശാസ്ത്രീയ കലകളെ മുന്നോട്ടുനയിക്കുന്നത്. അതുപോലെയാണ് ടെന്നീസും. തികച്ചും ശാരീരികമാണെങ്കിൽപ്പോലും പറഞ്ഞറിയിക്കാനാകാത്തൊരു സൗന്ദര്യമുണ്ട് ടെന്നീസിന്. വളരെക്കാലത്തെ പരിശീലനവും സമർപ്പണവുംകൊണ്ട് നേടിയെടുത്ത വ്യക്തതയുള്ള ചലനങ്ങളാണതിൽ. നൃത്തവും ഇതേപോലെയാണ്. ലളിതമാണെന്ന് തോന്നുന്ന പല ചുവടുകളുമാണ് ഏറ്റവും ​ഗൗരവമുള്ളത്. അതിലേക്ക് എത്തിപ്പെടാൻ ഒട്ടും എളുപ്പമല്ല. കാണുന്നയാളുടെ മനസ്സിലേക്ക് നർത്തകിയെന്ന നിലയിൽ എത്തണമെങ്കിൽ പൂർണ സമർപ്പണം വേണം. അതുപോലെയാണ് റോജറിന്റെ ടെന്നീസും.

കോർട്ടിലെ ശാന്തൻ

ഫെഡറർ കോർട്ടിലിറങ്ങമ്പോൾ ബ​ഹളങ്ങളോ ശബ്ദങ്ങളോ ഉണ്ടാകാറില്ല. വളരെ അപൂർവം മനുഷ്യർക്ക് മാത്രം സാധ്യമാകുന്നതാണിത്. ആ തലത്തിലേക്ക് എത്തണമെങ്കിൽ ആ കായികയിനത്തോടുള്ള അദ്ദേഹത്തിന്റെ സമീപനം സാധാരണതലത്തിൽനിന്നു മേലെയാണ്. ടെന്നീസ് അദ്ദേഹത്തിനൊരു തപസ്സാണ്, കാണുന്നവർക്കും അത് അനുഭവപ്പെടും. ഫെഡററിന്റെ ചലനങ്ങളുടെ വേ​ഗതയ്‌ക്കപ്പുറം അതിന്റെ സൗന്ദര്യമാണ് ആകർഷിച്ചിട്ടുള്ളത്. സ്വസ്ഥവും സ്വച്ഛവുമാണ് ചലനങ്ങൾ. സ്റ്റെഫാൻ എഡ്ബർ​ഗിന്റെ ചലനങ്ങളും ഇതേപ്പോലെ സ്വച്ഛമാണ്. ആദ്യ റൗണ്ടുകളിൽ ഈ സ്വച്ഛതയും അവസാന റൗണ്ടിൽ ഉള്ളിലെ ഫെഡററും കോർട്ടിലെത്തുന്നത് കാണാം. പക്ഷേ കണ്ണിൽ മാത്രമാണത്, ശരീരംകൊണ്ടുള്ള ഉദ്ഘോഷം ഒരിക്കലും ഫെഡററിൽനിന്നുണ്ടായിട്ടില്ല. ടെന്നീസ് ഇത്രയും ധ്യാനാത്മകമാകുന്നത് എങ്ങനെയെന്ന് പലപ്പോഴും തോന്നാറുണ്ട്. എന്നാലത് ഫെഡററിന്റെ കളിയിൽ മാത്രമാണുള്ളത്.

സിംഫണിയെന്നത് കണ്ണിലാണോ കാതിലാണോ അനുഭവപ്പെടുന്നതെന്നൊരു ചോദ്യമുണ്ട്. പല തട്ടുകളിലുള്ള സം​ഗീതത്തെ ഒന്നിലേക്ക് എത്തിക്കുന്നതാണ് സിംഫണി. നമ്മളറിയാതെ പല നിമിഷങ്ങളിലെ കൂടിച്ചേരലുകളായ സിംഫണി കാതിനും കണ്ണിനും സ്വസ്ഥതയേകി നമ്മിലേക്ക് എത്തുന്നതുപോലെയൊരു അനുഭവമാണ് ഫെഡററിന്റെ കളിയിലുമുള്ളത്.

രാജശ്രീയും ഫെഡററും

സാധാരണ മനുഷ്യരെപ്പോലെ കരയുകയും ചിരിക്കുകയും ചെയ്യുന്ന ഫെഡറർ കോർട്ടിൽ വ്യത്യസ്തനാണ്. അതേപോലെയാണ് വേദികളിലെ രാജശ്രീയും. വേദിയിലേക്ക് എത്തിയാൽ നൃത്തം മാത്രമാണ്. തനിക്കും അപ്പുറമാണ് നൃത്തമെന്ന ബോധ്യമുണ്ട്. ഞാനെന്നെ ഭാവത്തെ ജയിക്കുന്നിടത്താണ് നൃത്തമുണ്ടാകുക. നർത്തകിയല്ല, നൃത്തമെന്ന അനുഭവം മാത്രമാകണം പ്രേക്ഷകനിലേക്ക് എത്തേണ്ടത്. വേദിയിൽ നിൽക്കുമ്പോൾ ചുറ്റുമുള്ള ഊർജമാണ് നർത്തകിക്ക് പ്രചോദനം. അതാണ് ഓരോ വേദിയെയും വ്യത്യസ്തമാക്കുന്നത്. നർത്തകിക്ക് ചുറ്റുപാടുകൾ അവരവരെ ഓർമിപ്പിക്കുന്നത് ആകരുത്. പ്രേക്ഷകന് ഒരു ധർമ്മമുണ്ട്. സ്വച്ഛത നിലനിർത്താനുള്ള ധർമ്മം, എന്നാലത് പലപ്പോഴും മറന്നുപോകുന്നു. ടെന്നീസ് കാണാനിരിക്കുന്ന പ്രേക്ഷകനും ഇതേ ധർമ്മമുണ്ട്.

ജെക്കോവിച്ച് - നദാൽ - ഫെഡറർ

ഒരു രസച്ചരടിന്റെ രണ്ടറ്റമാണ് നദാലും ഫെഡററും. ഇതിന്റെ നടുക്കെവിടെയോ ആണ് ജോക്കോവിച്ച്. രണ്ടറ്റമായതുകൊണ്ടാകും ഇവരുടെ സൗ​ഹൃദവും പ്രത്യേകതയാണ്. വ്യത്യസ്തരായ മനുഷ്യർ, വ്യത്യസ്ത ടെന്നീസ്, വ്യത്യസ്ത എക്സ്പ്രഷൻ. ഓരോ എയ്സും പ്ലെയ്സ് ചെയ്യുന്നതിൽപ്പോലും വ്യത്യാസം മനസ്സിലാക്കാം. ടെന്നീസ് പഠിക്കുന്ന എല്ലാവരും റോജർ ഫെഡററോ റഫാൽ ന​ദാലുമോ ആയിത്തീരണമെന്നില്ല. സ്വന്തം കഴിവുതെളിയിക്കലാണ് കോർട്ടിൽ കാണുന്നത്. കഴിവും അച്ചടക്കവും കൂടിച്ചേരുന്നയിടമുണ്ട്. അത് കൃത്യമായ അളവാകണമെന്നില്ല. ചിലരിൽ ഒരുപാട് കഴിവുണ്ടാകും ചിലർക്കാകട്ടെ ടെക്നിക്കും അച്ചടക്കവും കുറവായിരിക്കും. അവിടെ ചിട്ടയായ പരിശീലനം ആവശ്യമാണ്. പക്ഷേ പരിശീലനത്തിനപ്പുറം നമ്മൾ നമ്മളായി പുറത്തുവരുന്നയിടത്താണ് മാറ്റം.

ഫെഡററില്ലാത്ത കോർട്ട്

പീറ്റ് സാംപ്രസിനെ ആരാധിച്ചിരുന്ന, ആ​ഗ്രഹിക്കാതെപോലും അതിനെ അതിജീവിച്ച റോജർ ഫെഡററുണ്ട്. ഒരുപാട് നല്ല മത്സരങ്ങളും മനോഹരമായ ഷോട്സുമുണ്ട്. റോജററുടെ ഒരുപാട് പത്ര കട്ടിങ്ങുകൾ സൂക്ഷിച്ചിട്ടുണ്ട്. ഫോട്ടോഫിനിഷുകളായിരുന്നു അദ്ദേഹത്തിന്റെ ലാൻഡിങ്ങുകൾ. അടുത്തകാലത്തെ കളികളിൽ അതുകാണാതിരുന്നതിൽ സങ്കടം തോന്നി. കാരണം ഫെഡറർ മറ്റൊന്നായി മാറുന്നത് കാണാൻ പറ്റുമായിരുന്നില്ല. പ്രതിപക്ഷ ബഹുമാനമുള്ള ഫെഡറർ. ഏതൊരു മനുഷ്യനുമത് പഠിക്കാവുന്നതാണ്. എങ്ങനെയാണ് മത്സരത്തിൽ നിന്നുകൊണ്ട മറ്റൊരു മനുഷ്യനെ അം​ഗീകരിക്കാനും ബഹുമാനിക്കാനുമുള്ള ഇടമുണ്ടെന്നത് ലോകത്തെ ഓർമിപ്പിക്കുകയാണ്. മികച്ച സൗഹൃദവലയങ്ങളും ഒരുപാടുപേരുടെ പ്രോത്സാഹനവുമായി തീർന്നു. കായികതാരങ്ങളും നർത്തകരും പ്രത്യേകഘട്ടത്തിൽ വിരമിക്കും. വേദികളിൽനിന്നും കോർട്ടിൽനിന്നുമുള്ള വിട്ടുനിൽക്കൽ മാത്രമാണത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top