29 March Friday

സി വി കൊത്തുന്ന രേണു

ആർ ഹേമലത hemalathajeevan@gmail.comUpdated: Sunday Mar 5, 2023


മറ്റുള്ളവരുടെ ജീവിത വിജയങ്ങൾ വാക്കുകളിൽ കൊത്തിയെടുക്കുകയാണ്‌ രേണു ഷേണായ്‌. ഒരാൾ ജീവിതത്തിൽ നേടിയെടുത്തതൊക്കെ ചെറിയ വരികളിലും വാക്കുകളിലും ഒതുക്കുന്ന ജോലിയായ ‘സി വി റൈറ്റിങ്‌’ എന്ന തൊഴിലിന് വരുമാനത്തിന്‌ ഒപ്പം സംതൃപ്‌തിയും ലഭിക്കുന്നതിനാൽ രേണുവും സന്തുഷ്‌ടയാണ്‌.

വളരെ യാദൃച്ഛികമായാണ്‌ സി വി റൈറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. 2011 ൽ ഒരു സുഹൃത്തിനെ സഹായിക്കാനാണ്‌ ആദ്യ സി വി  ചെയ്‌തത്‌. ആകർഷകമായി ചെയ്‌ത സി വി ഉപയോഗിച്ച്‌ സുഹൃത്തിന്‌ നല്ല ജോലി ലഭിച്ചതോടെ ഭർത്താവിന്റെ സി വി  കൂടി തയ്യാറാക്കി നൽകാൻ ആവശ്യപ്പെട്ടു. അതും ക്ലിക്ക്‌ ആയതോടെ സി വി  റൈറ്റിങ്‌ ഒരു പ്രൊഫഷൻ ആക്കിയാലോ എന്ന ചിന്തയായി. എച്ച്‌ ആർ വിഭാഗത്തിൽ മുമ്പ്‌ ജോലി ചെയ്‌തത്‌ പിന്തുണയായി. എച്ച്‌ആർ ഉദ്യോഗസ്ഥന്റെ കണ്ണ്‌ 30 സെക്കൻഡ്‌ മാത്രമാണ്‌ ഒരാളുടെ സി വി  അല്ലെങ്കിൽ ബയോഡാറ്റയിൽ തങ്ങിനിൽക്കുക. അത്രയും ചെറിയ സമയത്തിനുള്ളിൽ ഉദ്യോഗാർഥിയുടെ പ്രത്യേകത ശ്രദ്ധയിൽപ്പെട്ടാൽ മാത്രമേ അയാൾക്ക്‌ ചാൻസ്‌ ലഭിക്കുകയുള്ളു. അതിനാൽ ഏറ്റവും സൂക്ഷ്മതയോടെ വേണം സി വി  തയ്യാറാക്കാൻ. ഒരുപാട്‌ വലിച്ചു നീട്ടിയാൽ ബയോഡാറ്റയുടെ ഭംഗി പോകും. വ്യക്തി വിവരങ്ങൾക്കും വിദ്യാഭ്യാസ തൊഴിൽ നേട്ടങ്ങൾക്കും ഒപ്പം നമ്മൾ എന്താണ്‌ സ്ഥാപനത്തിന്‌ വേണ്ടി ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നു കൂടി വ്യക്തമാക്കുന്നതാകണം ബയോഡാറ്റ. നമ്മളെ കാണുന്നതിന്‌ മുമ്പ്‌ തന്നെ സി വി  തൊഴിൽ ദാതാവിനോട്‌ നമ്മളെക്കുറിച്ച്‌ സംസാരിച്ചു തുടങ്ങും എന്നോർത്താൽ അത്‌ ഏറ്റവും മനോഹരമാക്കാൻ ശ്രമിക്കും.

എച്ച്‌ആർ, മാർക്കറ്റിങ്‌, അഡ്‌മിനിസ്‌ട്രേഷൻ, ടീച്ചർ, ഡോക്‌ടർ, ഫിസിയോതെറാപ്പിസ്‌റ്റ്‌, ഫിറ്റ്‌നസ്‌ ട്രെയ്‌നർ, എൻജിനിയർ, അഭിഭാഷകർ, ഫാഷൻ ഡിസൈനേഴ്‌സ്‌, മീഡിയ പ്രൊഫഷണലുകൾ അങ്ങനെ പല മേഖലകളിൽ ഉള്ള ഏകദേശം ഇരുന്നൂറോളം സി വി  ഇതിനകം ചെയ്തു കഴിഞ്ഞു. പുതിയതായി ജോലിക്ക്‌ അപേക്ഷിക്കുന്നവർ മുതൽ കരിയർ ബ്രേക്ക്‌ വന്നവർ, പെൻഷൻപറ്റിയതിന്‌ ശേഷം ജോലി തേടുന്നവർ ഇങ്ങനെ എല്ലാ തുറയിലുള്ളവരും ഇവരിൽ ഉൾപ്പെടും. ഒരിടത്തും ജോലി കിട്ടാതെ മോശമായ ബയോഡാറ്റയുമായി നിരാശയോടെ സമീപിച്ചവർ പോലും സന്തോഷത്തോടെ മടങ്ങുന്നത്‌ തന്റെ കരിയറിലെ പൊൻതൂവലായി രേണു കരുതുന്നു.

കൊച്ചി സ്വദേശിയായ രേണു ഭർത്താവിനും രണ്ടു മക്കൾക്കും ഒപ്പം ദുബായിലാണ്‌ താമസം. ഓൺലൈനിലാണ്‌ ആവശ്യക്കാരുമായി സംവദിക്കുന്നത്‌. ഇലക്‌ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്‌ ബിടെക്‌ കഴിഞ്ഞ്‌ എംബിഎ ബിരുദധാരിയാണ്‌. കുടുംബം നൽകുന്ന പിന്തുണ കൂടിയായപ്പോൾ വീട്ടിൽ ഇരുന്നു തന്നെ തരക്കേടില്ലാത്ത വരുമാനം ഉണ്ടാക്കാൻ രേണുവിന്‌ കഴിയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top