26 April Friday

മതങ്ങളും പെണ്ണുങ്ങളും കല്യാണവീടുകളും

കീർത്തി പ്രഭUpdated: Saturday Apr 22, 2023

കീർത്തി പ്രഭ

കീർത്തി പ്രഭ

നാടകവേദിയിൽ അഭിനയിച്ചുകൊണ്ടിരിക്കെ  മതഭ്രാന്തന്മാർ നിലമ്പൂർ ആയിഷ എന്ന ധീരയായ കലാകാരിക്ക് നേരെ വെടിയുതിർത്തത് ഒരു ഏപ്രിൽ 20നാണ്. ആ ദിവസത്തിന്റെ എഴുപതാം വർഷത്തിലും മതത്തിനുള്ളിൽ നിന്നും പുറത്തു കടക്കാനാവാതെ സ്ത്രീ സ്വാതന്ത്ര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നമ്മൾ.മുസ്ലീം സമുദായത്തിൽ നിന്ന് മലയാള നാടകത്തിലേക്കും സിനിമയിലേക്കും വന്ന ആദ്യത്തെ വനിതയാണ് നിലമ്പൂർ ആയിഷ. എത്രയെത്ര എതിർപ്പുകളെ അതിജീവിച്ചു കൊണ്ടാണ് അവർ വർഷങ്ങളോളം തന്റെ നാടകജീവിതം തുടർന്നത്. വെറും 13 വയസ്സ് പ്രായമുള്ളപ്പോൾ  47 കാരനെ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചപ്പോളും കുഞ്ഞിനെയും കൊണ്ട് എല്ലാ രീതിയിലും അവർ ജീവിതത്തിൽ തനിച്ചായപ്പോളും ഒട്ടുമേ വേദനിക്കാത്ത മതങ്ങൾ ആയിഷ എന്ന പെണ്ണ് അഭിനയിക്കാൻ ഇറങ്ങിയപ്പോൾ  നീറിപ്പുകഞ്ഞു.ഒരുപക്ഷേ അന്ന് നിലനിന്നിരുന്ന കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ആയിരിക്കണം ആയിഷയ്ക്ക് പൊരുതാനുള്ള ശക്തി നൽകിയത്.

കുറച്ചു ദിവസം മുമ്പുണ്ടായ ഒരു മലയാള അഭിനേത്രിയുടെ കണ്ണൂരിലെ മുസ്ലിം കല്യാണ വീടുകളെക്കുറിച്ചുള്ള പ്രസ്താവനയും മതം ചേർത്ത് വിളമ്പേണ്ടതല്ല. ഇവിടെ ഹിന്ദു സ്ത്രീകളുടെ ആർത്തവവും മുസ്ലിം സ്ത്രീകളുടെ മറയും ഒന്നുമല്ല കാണേണ്ടത്. സ്ത്രീകളുടെ മാറ്റി നിർത്തപ്പെടലുകളാണ്.

ആ പ്രസ്താവന കേട്ടപ്പോൾ ആദ്യം ഓർമ്മ വന്നത് ഒരുപാട് വർഷങ്ങൾക്കു മുമ്പ് ഒരു പെൺകുട്ടിയുടെ വിവാഹത്തിന് അവളുടെ ചേട്ടൻ ഫോട്ടോഗ്രാഫറെ ഏർപ്പാടാക്കിയതിന് ആ വീട്ടിലെ ഒരു മൂത്ത കാരണവർ അയാളെ വഴക്ക് പറഞ്ഞതും ആ ഫോട്ടോഗ്രാഫറെ അപമാനിച്ച്  ഇറക്കിവിട്ടതുമായ  സംഭവമാണ്. അനുഭവസ്ഥർ പറഞ്ഞു കേട്ടതാണ് ഇത്തരം സംഭവങ്ങൾ. വിവാഹത്തിന് എന്നല്ല പെൺകുട്ടികളുടെ ഫോട്ടോ എടുക്കുന്നത് പോലും മോശമാണ് എന്ന ചിന്തിച്ചിരുന്ന ഒരു കൂട്ടം മനുഷ്യരുണ്ടായിരുന്നു. ഇന്നും ഉണ്ടാവാം. പെൺ സുരക്ഷകളെ പറ്റിയുള്ള ഉത്കണ്ഠകളും മറ്റൊരാളുടെ സംരക്ഷണയിലും നിയന്ത്രണത്തിലും ജീവിക്കേണ്ടവളാണ് പെണ്ണെന്നുള്ള ബോധവും എല്ലാം ഇത്തരം സദാചാര ചിന്തകൾക്ക് കാരണമാണ്. സോഷ്യൽ മീഡിയകളിൽ ഒരു പരിധിയിൽ കൂടുതൽ സുഹൃത്തുക്കളുള്ളതും ഏറ്റവും സന്തോഷത്തോടെ സാമൂഹികമായി ഇടപെടുന്നതുമായ സ്ത്രീകൾ മോശപ്പെട്ടവരാണ് എന്നുള്ള  പ്രസ്താവനയും കുറച്ചു വർഷങ്ങൾക്കു മുമ്പ് നമ്മൾ കേട്ടിരുന്നു. പക്ഷേ അതൊന്നും വകവയ്ക്കാതെ എത്രയെത്ര പെണ്ണുങ്ങളാണ് പുരുഷന്മാർ മാത്രം കയ്യടക്കി വച്ചിരുന്ന ഒരുപാട് മേഖലകളിലേക്കും പല നാടുകളിലേക്കും ചുറ്റുപാടുകളിലേക്കും ചിരിക്കുന്ന മുഖവുമായി ഇറങ്ങി നടക്കുന്നത്.ഇന്ന് നമുക്കിടയിൽ വനിതാ ഫോട്ടോഗ്രാഫർമാരുണ്ട് , ഡ്രൈവർമാരുണ്ട്, ഡെലിവറി ബോയ് എന്ന പോലെ ഡെലിവറി ഗേൾ എന്ന പ്രയോഗമുണ്ട്. പക്ഷേ ഇതെല്ലാം ഇനിയുമിനിയും സാധാരണവൽക്കരിക്കേണ്ടതുണ്ട്.പെണ്ണിതുപോലെ ഇറങ്ങി നടക്കുമ്പോൾ ഉള്ളു പൊട്ടി ഒലിക്കുന്നവരെല്ലാം ഏതെങ്കിലും ഒരു മതത്തിന്റെ അടിമകൾ തന്നെയാണ്. മലയാളത്തിലെ ആദ്യത്തെ നടിയെ നാടുകടത്തിയ ജാതി മത സദാചാരബോധങ്ങൾ ഇന്നും പല മനുഷ്യരുടെയും ഉള്ളിൽ ആട്ടിൻതോൽ ഇട്ട ചെന്നായയെ പോലെ ഒളിച്ചിരിക്കുന്നുണ്ട്.

മതം എപ്പോഴാണ് ചർച്ചയാവാ തിരുന്നിട്ടുള്ളത്. മതങ്ങളുടെയെല്ലാം ആവിർഭാവം ആണത്തം എന്ന ഒറ്റ മതത്തിൽ നിന്നാണ്. അതിൽ നിന്നാണ് മത നിയമങ്ങളെല്ലാം ഉണ്ടായത്. അതുകൊണ്ടുതന്നെ അതിൽ സ്ത്രീകൾക്ക് ചില ചട്ടക്കൂടുകൾ പണിതു വച്ചിട്ടുമുണ്ട്. കല്യാണവീടുകളിൽ അടുക്കള ഭാഗത്ത് സ്ത്രീകൾക്ക് ഭക്ഷണം ക്രമീകരിക്കുന്നത് ഏതു മതമാണ് എന്നതല്ല ഇവിടുത്തെ വിഷയം. അതുകൊണ്ടുതന്നെ ഒരു പ്രത്യേക മതത്തിന്റെ പേര് എടുത്തു പറയേണ്ട ആവശ്യവുമില്ല. എല്ലാ മതങ്ങളും വ്യത്യസ്ത രീതികളിലായി സ്ത്രീവിരുദ്ധമാണ്. എല്ലാ മതങ്ങൾക്കും ദൈവമുണ്ട്. അല്ലാഹുവിനും യേശുവിനും ഈശ്വരനും  എല്ലാം പുരുഷസ്വരൂപങ്ങളാണ് നൽകിയിട്ടുള്ളത്. ആ ഈശ്വരന്മാരെ സൃഷ്ടിച്ചതും മനുഷ്യർക്കും ഈശ്വരനും ഇടനിലക്കാരായി പ്രവർത്തിക്കുന്ന പുരോഹിത വൃന്ദങ്ങളെല്ലാം പുരുഷന്മാർ തന്നെയാണ്. ആർക്കൊക്കെ എന്തൊക്കെ നിയന്ത്രണങ്ങളാണ് ഉണ്ടാവേണ്ടത് എന്ന് തീരുമാനിക്കാനും അവരുണ്ടാക്കുന്ന മതങ്ങൾക്ക് കഴിയും. മതം എന്ന പദത്തിന്റെ അർത്ഥം മനുഷ്യനെ ഒന്നിപ്പിക്കുന്നത് എന്നാണ്. അതിനുവേണ്ടി ആയിരിക്കണം മതങ്ങൾ ഇവിടെ ഉണ്ടായതും. പക്ഷേ കാലം നീങ്ങുന്തോറും ഏറ്റവും കൂടുതൽ വിവേചനങ്ങൾക്കും സ്ത്രീവിരുദ്ധതയ്ക്കും കാരണമാവുകയാണ് മതങ്ങൾ.മനുഷ്യൻ എന്ന വാക്കിൽ സ്ത്രീകൾ ഉൾപ്പെടില്ല എന്നാണോ?

നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന  സ്ത്രീവിരുദ്ധത അറിയാൻ കല്യാണ വീടുകളിലൊന്നും പോകേണ്ട ആവശ്യമില്ല.മതനിയമങ്ങൾ ചികയേണ്ടതുമില്ല.കല്യാണവും ഘോഷങ്ങളും ഒന്നുമില്ലാത്തൊരു സാധാരണ വീട്ടിലെ ചെറിയ ചായ സൽക്കാരം തന്നെ ധാരാളമാണ്. പെണ്ണുങ്ങൾ അടുക്കളയിൽ സൊറ പറയുകയും ആണുങ്ങൾ ഹാളിലെ കസേരകളിൽ ഇരുന്ന് ലോകകാര്യങ്ങൾ ചർച്ച ചെയ്യുന്നുമുണ്ടാവും അവിടെ.യാതൊരു മുൻപരിചയവുമില്ലാത്ത വീടുകൾ ആണെങ്കിലും അത് തന്നെ നിയമം. ഈ അവസ്ഥയ്ക്ക് ചെറിയ മാറ്റമുണ്ടെങ്കിലും ജൻഡർ അനുസരിച്ചാണ് എഴുതപ്പെടാത്ത പല സാമൂഹിക നിയമങ്ങളും ഇവിടെ നടപ്പാക്കപ്പെടുന്നത്.ആ നിയമം അനുസരിക്കേണ്ടത് ഒരു സാമൂഹിക മര്യാദയാണ് എന്ന ബോധ്യം ഉണ്ടാക്കുന്നതും ആണത്ത ബോധവും അതുണ്ടാക്കിയ മതങ്ങളും തന്നെയാണ്.കാരണം എല്ലാ മതങ്ങളും പറഞ്ഞു വച്ചിട്ടുള്ളത് സ്ത്രീ പുരുഷന്റെ സംരക്ഷണത്തിൽ അവനു കീഴിൽ  ജീവിക്കേണ്ടവളാണ് എന്നാണ്.മറ്റൊരു വശം നോക്കിയാൽ അടുക്കള എന്നത് ഒരു വീട്ടിലെ മറ്റെല്ലാ മുറികളെക്കാളും താഴെയാണ് എന്ന ചിന്തയിൽ നിന്നാണ് എല്ലാ പ്രതിഷേധങ്ങളും ഉയർന്നു വരുന്നത്.അത്തരമൊരു പ്രതിച്ഛായ അടുക്കളയ്ക്ക് ഉണ്ടാക്കി കൊടുത്തത് തന്നെ അത് സ്ത്രീകൾ പെരുമാറുന്ന ഇടമാണ് എന്നതിൽ നിന്നും  ഉരുത്തിരിഞ്ഞുവന്ന സ്ത്രീവിരുദ്ധതയാണ്.

സാമ്പത്തികവും സാമൂഹികവും കുടുംബപരവുമായ പ്രിവിലേജുകൾക്ക് അപ്പുറത്ത് സ്വയം തന്നെ ഉയർത്തിക്കൊണ്ടു വരാനുള്ള ആത്മവിശ്വാസമാണ് ഉണ്ടാകേണ്ടതെന്ന് സ്ത്രീകൾ മനസ്സിലാക്കുന്നുണ്ട്. സാമൂഹിക ഇടങ്ങൾ പെണ്ണിന് നിഷിദ്ധമാണെന്നുള്ള 'അടക്കം, ഒതുക്കം ' ബോധങ്ങളെ വേരോടെ പിഴുതെറിയാതെ മതങ്ങൾക്കിടയിൽ നിന്ന് കലഹിച്ചിട്ട് ഗുണമില്ല.ഇത്തരം മത സാമൂഹിക നിയമങ്ങൾ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിൽ ജീവിക്കുന്നവർ വക വെക്കാറില്ല എന്നത് ശ്രദ്ധിച്ചിട്ടുണ്ടോ . ഒഴിച്ചുനിർത്തപ്പെടേണ്ടി വരുന്നവർ ഉണ്ടാകാം, എങ്കിലും നമുക്കറിയാവുന്ന പല സെലിബ്രിറ്റികളുടെ വിവാഹങ്ങൾക്കോ മറ്റു ചടങ്ങുകൾക്കോ ഇത്തരം മാറ്റി നിർത്തലുകൾ കാണാറില്ല. അവർ ഒരുമിച്ച് ഉണ്ണും നൃത്തം ചെയ്യും പാട്ട് പാടും. സെലിബ്രിറ്റികൾ മാത്രമല്ല അത്തരം ഉയർന്ന ചിന്താഗതികളോടെ ജീവിക്കുന്ന മറ്റനേകം മനുഷ്യർ നമുക്ക് ചുറ്റിലും ഉണ്ട്. എന്തുകൊണ്ട് ഒരു വിഭാഗം മനുഷ്യർ മത ബോധങ്ങൾക്കും ആൺ ബോധങ്ങൾക്കും അടിമപ്പെട്ടു പോകുന്നു?പെണ്ണിനെ മാറ്റി നിർത്തണം എന്ന ബോധം ഏറ്റവും കപടമായ സദാചാര ചിന്തയിൽ നിന്നും ആൺ-മത ബോധങ്ങളിൽ നിന്നും സമൂഹത്തിന്റെ മനസിൽ വേരുറച്ചു പോയിട്ടുണ്ട്. അത് മാറ്റിയെടുക്കാൻ ശ്രമിക്കുന്നവരെ വെറുപ്പും പരിഹാസവും കലർന്ന് നോക്കുന്നവർ എല്ലാ കാലങ്ങളിലും ഉണ്ടായിട്ടുണ്ട്. വർഷങ്ങൾ കഴിയുമ്പോൾ ഇതൊക്കെ കൗതുകങ്ങളായേക്കാം. പക്ഷേ ആ മാറ്റങ്ങൾക്ക് വേണ്ടി ഇന്ന് ശ്രമിക്കുന്നവരെ അംഗീകരിക്കാൻ കഴിയുന്ന മനുഷ്യർക്ക് മാത്രമാണ് ഈ ലോകത്തെ മുമ്പോട്ട് നയിക്കാൻ കഴിയുക.ലോകം ചൊവ്വയിൽ എത്തുമ്പോൾ നമ്മുടെ സ്ത്രീകൾ ഇനിയും മറയ്ക്കുള്ളിൽ നിന്ന് പുറത്തേക്ക് വന്നിട്ടില്ല എന്ന് പറയുന്നതിൽ തലകുനിച്ചു നിൽക്കൂ നിങ്ങൾ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top