09 December Saturday

നാടിന്റെ താങ്ങായി കുടുംബശ്രീ

ജയന്തി നരേന്ദ്രൻ Updated: Tuesday Sep 11, 2018

മഹാപ്രളയത്തിൽ ഒരേ മനസ്സോടെ എല്ലാവരും അണിനിരന്നപ്പോൾ അതിജീവനം അനായാസമായി. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും കേരളത്തിന്റെ പുനർ സൃഷ്ടിയിലും 43 ലക്ഷം അംഗബലമുള്ള കുടുംബശ്രീ വനിതകൾ  നെടുംതൂണായി മാറി എന്നു പറയുന്നതാകും ശരി. വീടുകൾ നഷ്ടപ്പെട്ട് പ്രളയക്കെടുതിയിൽ കിടന്നുഴലുമ്പോഴും കൂടെയുള്ളവരെയും ജില്ല  വിട്ടും രക്ഷിക്കാനോടിയെത്തി  ഈ വനിതകൾ .

സമൂഹ അടുക്കള, പ്രളയ ബാധിത പ്രദേശങ്ങളിൽ ആവശ്യമായ വസ്തുക്കൾ എത്തിക്കുക,കൗൺസിലിംഗ് സേവനങ്ങൾ, ധനസമാഹരണം, പാചകം, ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങി പന്ത്രണ്ടോളം ചുമതലകളാണ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ, ജില്ലാമിഷൻ കോർഡിനേറ്റർമാർക്ക്  നൽകിയത്. ഇതിനോടകം തന്നെ അയൽകൂട്ടാംഗങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്കായി ഓടിയെത്തിയിരുന്നു. കുടുംബശ്രീ  വനിതകൾ  രക്ഷാപ്രവർത്തനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും സംസ്ഥാനത്തിന്റെ പുനർ നിർമാണത്തിലും സജീവമായി ഏർപ്പെട്ടിരിക്കുന്നു. ഇതുവരെ രണ്ട് ലക്ഷം വീടുകളാണ് ശുചികരിച്ച്‌ പൂർവ സ്ഥിതിയിലാക്കിയത്. ശുചീകരണ പ്രവർത്തനങ്ങളുടെ വിവരം എന്നും വൈകിട്ട്‌ മൂന്നിനകം സംസ്ഥാനമിഷനിൽ ലഭ്യമാകും.

കണക്കെടുത്തു പ്രവർത്തിക്കുകയല്ല,  മറിച്ച് ഈ പെൺകരുത്തിന്റെ സാമൂഹിക പ്രതിബദ്ധത ഇവിടെ അടയാളപ്പെടുത്താനാണ് ശ്രമിക്കുന്നത്. കാണാതെ പോകരുത് ഈ പ്രവർത്തനങ്ങൾ.പ്രതിഫലമൊന്നും പ്രതീക്ഷിക്കാതെ  രാപ്പകൽ നവകേരള സൃഷ്‌ടിയുടെ  പ്രവർത്തനങ്ങളിൽ സജീവമാകുന്നവർ. ഇടുക്കിയിൽ ഇനിയും റോഡുകൾ സഞ്ചാരയോഗ്യമായിട്ടില്ല. ദുരന്ത ബാധിത പ്രദേശങ്ങളിലെ അവസ്ഥ കണ്ണ്‌ നനയിക്കുന്നതാണ്. ഓഫീസിലേക്കുള്ള റോഡ് ശരിയാകുന്നതേയുഉളൂ, എന്നാലും ഞങ്ങൾ എല്ലാവരും ശുചീകരണ പ്രവർത്തനങ്ങളിലാണ് എന്ന  പറഞ്ഞ എ ഡി എം സി ബിനുവിന്റെ വാക്കുകൾ ഞാനിവിടെ ഓർത്തുപോകുന്നു.

ഇന്ന് ഞങ്ങൾ ഇരുപത്തൊന്നായിരം ചോറ്‌ പൊതിഞ്ഞു എന്ന പറഞ്ഞ പത്തനം തിട്ട ജില്ലാമിഷൻ കോർഡിനേറ്റർ സാബിർ ഹുസൈൻ. ഇത്‌ അളന്നു നൽകുന്നതല്ല, പകരം നിറഞ്ഞ മനസോടെയുള്ള ഈ ചേച്ചിമാരുടെ  വേഗതയാർന്ന പ്രവർത്തനത്തെ കൺതുറന്നു കാണുകയാണ് എന്നു പറഞ്ഞു. ജില്ലയിൽ നിന്നും നിരവധി അയൽകൂട്ടാംഗങ്ങളെയും ഉദ്യോഗസ്ഥരെയും  മറ്റു ജില്ലകളിലേക്കയച്ച്‌ പാലക്കാട് ജില്ലാമിഷനും ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി. മഴ ശക്തമായിട്ടും ആയിരക്കണക്കിനാളുകൾ  മുന്നിട്ടിറങ്ങിയെന്ന് ജില്ലാ മിഷൻ കോർഡിനേറ്റർ  സെയ്തലവി സ്വകാര്യ സംഭാഷണത്തിൽ സൂചിപ്പിച്ചു. കൊല്ലം ജില്ലയിൽ  നിന്നു  1500 പേർ ചെങ്ങന്നൂരെത്തി സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. സഞ്ചാര യോഗ്യമാണോ എന്നു പോലും നോക്കാതെ ജില്ല വിട്ടും ഇടുക്കി ജില്ലാ മിഷൻ രക്ഷാപ്രവർത്തനങ്ങളിൽ മുൻപന്തിയിലെത്തി.

പ്രളയം ആഞ്ഞടിച്ചിട്ടും തകരാതെ താങ്ങും തണലുമായി വയനാട് .നാനൂറു ക്യാമ്പുണ്ടായിരുന്നു. ഇന്നത്‌ അമ്പത്താറായി  ചുരുങ്ങി എന്നു പറയുന്ന വയനാട് ഡി എം സി സാജിത. സാധ്യമായതെല്ലാം നടപ്പാക്കി എറണാകുളം ജില്ലയിലെ അംഗങ്ങളും ഉദ്യോഗസ്ഥരും ജില്ലയുടെ രക്ഷാപ്രവർത്തനങ്ങളുമായി എല്ലാ ഭാഗത്തും പറന്നു നടന്നു. കളമശ്ശേരിയിൽ  ഏറ്റെടുത്തു നടത്തുന്ന പാക്കിങ് സെന്ററും ശ്രദ്ധേയമായി. മറ്റുജില്ലകളിൽ ആവശ്യത്തിനു അംഗങ്ങളെ രക്ഷാ പ്രവർത്തനത്തിനയച്ചു തിരുവനന്തപുരവും കണ്ണുരും  കാസർകോഡും സഹായ ഹസ്തങ്ങൾ ഏകി. ചാലക്കുടിയും  മറ്റു പ്രളയ ബാധിത പ്രദേശങ്ങളും തിരിച്ചു പിടിക്കാൻ തൃശൂർ ജില്ലാ മിഷൻ ഊണും ഉറക്കവും ഉപേക്ഷിച്ചിറങ്ങി..

ഏതാണ്ട് 17000 കുടുംബശ്രീ പ്രവർത്തകരേയും ഒപ്പം കൂട്ടി.. വനിതാപ്രവർത്തകരെ സംഘടിപ്പിക്കുന്നതിലും മറ്റു സന്നദ്ധ പ്രവർത്തനങ്ങളിലും മലപ്പുറം ജില്ലാ മിഷൻ മാതൃകയായി.. ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹാരണത്തിലും  സേവനപ്രവർത്തനത്തിലും കോഴിക്കോട് ജില്ലാമിഷൻ മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു.കോട്ടയം ജില്ലയിൽ അയൽകൂട്ടാംഗങ്ങളും ഉദ്യോഗസ്ഥരും ജില്ലാമിഷൻ കോർഡിനേറ്ററുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു. സർക്കാർ പ്രഖ്യാപിച്ച 22 ഇന കിറ്റുകളുടെ  പാക്കിങ് ചുമതല ആലപ്പുഴ ജില്ലയിൽ കുടുംബശ്രീയെയാണ് ഏൽപ്പിച്ചത്. പാക്കിങിനായി മാത്രം 6 പന്തലുകളൊരുക്കിയും ശുചീകരണപ്രവർത്തനങ്ങളിലേർപ്പെട്ടും ആലപ്പുഴ ജില്ല സജീവ പങ്കാളികളായി.

കേന്ദ്രാവിഷ്‌കൃത പദ്ധതികളായ ദേശീയ നഗര ഉപജീവന മിഷൻ,പ്രധാൻ മന്ത്രി ആവാസ് യോജന,ദീൻ ദയാൽ ഉപാധ്യായ കൗശല്യ യോജന,ദേശീയ ഗ്രാമീണ ഉപജീവന മിഷൻ തുടങ്ങിയ പദ്ധതികളുടെ കേരളത്തിലെ നോഡൽ  ഏജൻസി കൂടിയാണ് കുടുംബശ്രീ. ഈ മഹാപ്രളയത്തിൽ ഈ ദേശീയ പദ്ധതികളുടെ പങ്കും പ്രാധാന്യമർഹിക്കുന്നു. മുനിസിപ്പൽ ചെയർമാന്റെ നേതൃത്വത്തിൽ എൻ യു എൽ എം ,പി എം എ വൈ ഉദ്യോഗസ്ഥരും ,സിറ്റി മിഷൻ മാനേജർമാർ,കമ്മ്യൂണിറ്റി ഓർഗനൈസർമാർ, മുനിസിപ്പൽ ഫിനാൻസ് സ്‌പെഷ്യലിസ്റ്റ് തുടങ്ങിയവരും,കൂടാതെ അർബൻ ടീമുമായി സഹകരിക്കാൻ തയ്യാറുള്ള അവിടുത്തെ സാധാരണക്കാരെയും കൂടെ കൂട്ടിയായിരുന്നു രാപ്പകൽ ശുചീകരണപ്രവർത്തനത്തിലേർപ്പെട്ടത്.

പ്രോഗ്രാം ഓഫീസർ ബിനു വർഗീസ്‌ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. ചാലക്കുടിയെ തിരിച്ചുപിടിക്കാൻ അവർ കൈകോർത്തു. നോർത്ത് പറവൂർ,ആലുവ,ഏലൂർ,കളമശ്ശേരി എന്നിവിടങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി വാസയോഗ്യമാക്കി. ഗ്രാമീണ മേഖലയിലെ തൊഴിൽരഹിതരായ യുവതീ യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകുക എന്നതാണ് ഈപദ്ധതിയുടെ മുഖ്യ ലക്ഷ്യം. പരിശീലനം നൽകുന്നതിനും തൊഴിൽ നൽകുന്നതിനും എംപാനൽ ചെയ്ത ഏജൻസികളും  ദുരിതാശ്വാസ പ്രവർത്തനങ്ങളിലേർപ്പെട്ടു എന്നത് സന്തോഷം പകരുന്നു.  മെഡിക്കൽ ക്യാമ്പുകളും ശുചീകരണ പ്രവർത്തനങ്ങളുമായി ഇവരും കുടുംബശ്രീയോടൊപ്പം കൈകോർത്തു.

പ്രളയത്തിലകപ്പെട്ടവരെ കരകയറ്റാൻ സർക്കാർ നിരവധി പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.സർക്കാർ പ്രഖ്യാപിച്ച ഒരുലക്ഷം രൂപ പലിശരഹിത വായ്പയായി നൽകുന്നതിന് കുടുംബശ്രീയെ ആണ് ഏല്പിച്ചിട്ടുള്ളത്. കേരളത്തിന്റെ പുനർനിർമാണത്തിനായി ആവിഷകരിച്ച  നവകേരള ലോട്ടറിയുടെ വില്പനയുടെ ചുമതലയും കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കായിരിക്കും.

ആരെയും പഴിക്കുന്നില്ല.. കുറച്ചു കാലങ്ങൾക്കു മുമ്പ‌് വരെ മാലിന്യങ്ങൾ എടുത്തുകൊണ്ടുപോകുന്ന ജോലി മാത്രം ചെയ്യുന്ന ഒരു സംഘമായിട്ടാണ് കുടുംബശ്രീ അറിയപ്പെട്ടിരുന്നത്. അതെ നാട്ടിൽ സുഗന്ധം പരത്തുന്ന ചേച്ചിമാരാണ് ഇവർ. ഒരാഴ്ച ഇവർ ഈ  ജോലി ചെയ്യാതെ മാറിനിന്നാൽ എന്തായിരിക്കും അവസ്‌ഥ. ഇന്ന് സംരംഭകരായും മാസ്റ്റർ കർഷകരായും ആർ പി മാരായും ഒക്കെ മാറിയിരിക്കുന്നു. പ്രതിസന്ധികൾ തരണം ചെയ്തു പടവെട്ടി ജയിച്ചു വന്ന നിശ്ശബ്ദ പോരാളികളാണവർ. ചരിത്രത്തിൽ അടയാളപ്പെടുത്തണം ഇവരുടെ പ്രവർത്തനങ്ങൾ .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top