08 June Thursday

അഡ്‌മിനെ കല്ലെറിയണോ?

രശ്‌മിത രാമചന്ദ്രൻUpdated: Sunday Apr 19, 2020


കോവിഡ്-–-19 എന്ന പാൻഡെമിക്കിനൊപ്പം ലോകം നേരിടുന്ന മറ്റൊരു ഇൻഫോഡെമിക് ഉണ്ട്, -വാട്സാപ്‌ യൂണിവേഴ്‌സിറ്റിയിൽ രൂപംകൊണ്ട്‌ ലോകമാകെ വ്യാപിക്കുന്ന വ്യാജവാർത്തകൾ. അതിൽത്തന്നെ സുപ്രധാനം കൊറോണ സംബന്ധിച്ച സകല വാർത്തകളും വാട്സാപ് വഴി പങ്കുവയ്‌ക്കുന്നത് സർക്കാർ നിരോധിച്ചിരിക്കുന്നു എന്ന വ്യാജവാർത്തയാണ്‌. 

വാട്സാപ്പിൽ കോവിഡ്–-19 സംബന്ധിച്ച തമാശകൾ പങ്കുവച്ചാൽ ആ ഗ്രൂപ്പ് രണ്ടുദിവസം അടച്ചിടണം എന്ന്‌  മറ്റൊരു സന്ദേശം. യഥാർഥത്തിൽ നിലവിലുള്ള സാങ്കേതികവിദ്യ അനുസരിച്ച് ഗ്രൂപ്പുകൾ ഏതാനും ദിവസത്തേക്ക് മാത്രമായി അടച്ചിടാൻ നിവൃത്തിയില്ല എന്നിരിക്കെയാണ് ഈ പ്രചാരണം.

ഒരു വാട്സാപ് ഗ്രൂപ്പ് പൂർണമായും മായ്ച്ചുകളയാനോ (ഡിലീറ്റ് ചെയ്യൽ) ആളുകളെ അംഗത്വത്തിൽനിന്ന് നീക്കം ചെയ്യാനോ (റിമൂവ് ചെയ്യൽ) മാത്രമാണ് ഗ്രൂപ്പ് അഡ്മിന് കഴിയുക. പ്രസ് ഇൻഫർമേഷൻ ബ്യൂറോതന്നെ കൊറോണക്കാലത്തെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതുസംബന്ധിച്ച സന്ദേശം വ്യാജമാണെന്ന് കാണിച്ച് ട്വീറ്റ് ചെയ്യുകയുണ്ടായി.

ഇതിനിടയിൽ മുംബൈയിൽനിന്നും ഡൽഹിയിൽനിന്നുമൊക്കെ കൊറോണ  വാർത്തകൾ വന്ന ഗ്രൂപ്പിന്റെ അഡ്മിൻമാർ അറസ്റ്റിലായതോടുകൂടി  നാട്ടിലുള്ള പല ഗ്രൂപ്പ് അഡ്മിൻമാരും അങ്കലാപ്പിലായിരിക്കുകയാണ്‌. ലോക്ക്‌ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ വിനോദവിജ്ഞാന സൗഹൃദങ്ങൾക്ക് അഭയം തേടുന്ന ഒരു വലിയകൂട്ടം ജനങ്ങളുടെ ആശങ്ക കൂടെയാണത്. എന്നാൽ, ഈ ആശങ്കകൾക്ക്  വാട്സാപ് അഡ്മിനും അംഗവുമായുള്ള ബന്ധം ഉടമ–-സേവകൻ രീതിയിലുള്ളതല്ല. ലിങ്ക് വഴിയോ നേരിട്ടോ ഒരാളെ അംഗമോ അഡ്മിനോ ആക്കാനും അതല്ലാതാക്കാനും ഗ്രൂപ്പിൽ സന്ദേശം അയക്കാനുള്ള അവകാശം അഡ്മിൻമാർക്കു മാത്രമായി പരിമിതപ്പെടുത്താനും മാത്രമുള്ള പരിമിത അധികാരങ്ങൾ മാത്രമാണ് ഗ്രൂപ്പ് അഡ്മിനുള്ളത്. സന്ദേശങ്ങൾ അഡ്മിനുകൾക്ക് മാത്രമായി പരിമിതപ്പെടുത്താത്ത ഗ്രൂപ്പുകളിൽ അംഗങ്ങളുടെ സന്ദേശങ്ങൾക്കുമേൽ അഡ്മിന് വിശേഷാൽ ഒരധികാരവുമില്ല. അതുകൊണ്ടുതന്നെ, 2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിന്റെ സെക്‌ഷൻ2(w) പ്രകാരമുള്ള ഇടനിലക്കാരനായി ഒരു വാട്സാപ് അഡ്മിനെ കണക്കാക്കാൻ സാധിക്കുകയുമില്ല.


 

വ്യാജവാർത്തകൾ പടർത്തി കലാപവും ആശങ്കയും ജനങ്ങൾക്കിടയിൽ പടർത്തുന്നത് ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ  153, 295, 505 (1) എന്നീ വകുപ്പുകൾ പ്രകാരം കുറ്റകരമാണ്. ഐടി നിയമത്തിന്റെ സെക്‌ഷൻ 66 D - യും ഡിസാസ്റ്റർ മാനേജ്മെന്റ്‌ ആക്ടിന്റെ സെക്‌ഷൻ 54- ഉം മേൽപ്രകാരം അടിസ്ഥാനരഹിതമായ വ്യാജവാർത്തകൾ പരത്തുന്നതിനെതിരെ  തടവും കനത്ത പിഴയും ഉറപ്പുവരുത്തുന്നു. എന്നാൽ, ഇതൊന്നുംതന്നെ അഡ്മിന്റെ  നിർദേശമോ സഹായമോ ഇല്ലാതെ ഒരു ഗ്രൂപ്പംഗം ഗ്രൂപ്പിലിടുന്ന സന്ദേശത്തിന് /പോസ്റ്റിന് അഡ്മിനെ ഉത്തരവാദിയാക്കാൻ പര്യാപ്തമല്ല. ഗ്രൂപ്പ് അഡ്മിൻ സന്ദേശമിടുന്ന അംഗത്തിന്റെ രക്ഷിതാവോ തൊഴിലുടമയോ ആയാൽപ്പോലും ഇതാണ് നിയമം. ക്രിമിനൽ നിയമം ഒരാൾ ചെയ്ത കുറ്റത്തിന് പരോക്ഷ ഉത്തരവാദിത്തം (വൈക്കാരിയസ് ലയബിലിറ്റി) മറ്റൊരാളിൽ ചെലുത്തുന്ന തത്വത്തിന് എതിരാണ്. കുറ്റം ചെയ്യുന്ന ആളുടെ ലക്ഷ്യം, കുറ്റം ചെയ്യാനുള്ള ഉദ്ദേശ്യം, തയ്യാറെടുപ്പ്, കുറ്റം ചെയ്യൽ - ഇവ നാലുംകൂടിച്ചേർന്ന് കുറ്റകൃത്യം നടപ്പാകുമ്പോൾ കൂട്ടുദ്ദേശ്യത്തിലോ ഗൂഢാലോചനയിലോ പങ്കാളിയാകാത്ത മറ്റൊരാളെ കുറ്റവാളിയായി  കണക്കാക്കാൻ സാധിക്കുകയില്ല. അതുകൊണ്ടാണ് 2016ൽ ആഷിഷ് ഭല്ല v/s വി സുരേഷ് ചൗധരി എന്ന കേസിൽ ഗ്രൂപ്പംഗം നടത്തുന്ന അടിസ്ഥാനരഹിതമായ പോസ്റ്റുകൾക്ക് അഡ്മിനോ മറ്റംഗങ്ങളോ ഉത്തരവാദികളല്ല എന്നാണ്‌ ഡൽഹി ഹൈക്കോടതി  അസന്ദിഗ്ധമായി പറഞ്ഞത്.

എന്നാൽ, ഗ്രൂപ്പംഗങ്ങളോ അഡ്മിനോ ഇത്തരം വ്യാജവാർത്തകൾ ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുകയും തന്മൂലം സമൂഹത്തിൽ കടുത്ത ആശങ്കയും കലാപവും ഒക്കെ ഉണ്ടാകുകയും ചെയ്താൽ ഇന്ത്യൻ പീനൽ കോഡിന്റെയും ഐടി ആക്ടിന്റെയും ഡിസാസ്റ്റർ മാനേജ്മെന്റ്‌ ആക്ടിന്റെയും മേൽപ്പറഞ്ഞ വിവിധ സെക്‌ഷനുകൾപ്രകാരം പോസ്റ്റിട്ട അംഗത്തിനൊപ്പം ശിക്ഷാർഹരാകും. വേശ്യാവൃത്തി, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കൽ, സാമ്പത്തിക കുറ്റകൃത്യമടക്കമുള്ള നിയമവിരുദ്ധമായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ ലക്ഷ്യങ്ങൾക്കുവേണ്ടി മാത്രമായി സ്ഥാപിതമാകുന്ന വാട്സാപ് ഗ്രൂപ്പുകളിലെ അഡ്മിൻമാർക്ക് നിയമത്തിന്റെ പരിരക്ഷ ഉണ്ടാകില്ല. "വസ്തുതകളുടെ അറിവില്ലായ്മ' (ignorance of fact) എന്ന  ഒഴിവുകഴിവ് നിയമവിരുദ്ധത ലക്ഷ്യംവച്ചുതന്നെ രൂപം കൊടുക്കുന്ന ഒരു വാട്‌സാപ്‌ ഗ്രൂപ്പിന് അവകാശപ്പെടാൻ സാധിക്കുകയില്ല. പലപ്പോഴും അംഗങ്ങളുടെ സമ്മതം ഇല്ലാതെയാണ് ഗ്രൂപ്പുകളിൽ അവരെ കൂട്ടിച്ചേർക്കുന്നത്. ഗ്രൂപ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ നിയമവിരുദ്ധമെന്ന് തോന്നുന്നപക്ഷം അംഗങ്ങൾ "റിപ്പോർട്ട് & എക്സിറ്റ് "ഓപ്ഷൻ ഉപയോഗിച്ച് ഗ്രൂപ്പിൽനിന്ന് വിട്ടുപോരികയും ഗ്രൂപ്പിനെക്കുറിച്ച് പൊലീസിനും സൈബർ സെല്ലിനും അറിവു കൊടുക്കുകയും ചെയ്യണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top