24 April Wednesday

കേൾക്കാത്ത ചരിത്രം പറയാൻ വീരത്തായ്

സയൻസൺUpdated: Sunday Apr 17, 2022


ആരാലും പറയപ്പെടാത്ത സ്വാതന്ത്ര്യ സമരവേദിയിലെ പെണ്ണിന്റെ പോർവീര്യം അരങ്ങിന്റെ വെളിച്ചത്തിൽ നിറയുകയാണ്‌. 

"മനിതനേ പാക്കാമേ സാതിയെ
പാക്കറവങ്കൾക്ക്  
എൻ അരമനയിൽ അല്ലെ
ഇന്ത ശിവഗംഗയ് ദേശത്തിലേ ഇടം കെടയാത് ...
വെളിയേ പോ ... ’

എന്നുറക്കെ പറഞ്ഞ് സ്വന്തം രാജകൊട്ടാരത്തിലെ യാഥാസ്ഥിതികരെ ആട്ടിപ്പുറത്താക്കിയ ശിവഗംഗയുടെ മഹാറാണി വേലുനാച്ചിയാരുടെയും അടിയുറച്ച അനുയായി കുയിലിയുടെയും ശബ്ദം ഇനി അരങ്ങിലും നിറയും. റാണി ലക്ഷ്മിബായിയും ഝൽക്കാരിബായിയും ബ്രിട്ടീഷ് സർക്കാരിനെതിരെ 1857ൽ നടത്തിയ യുദ്ധമാണ്‌ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ തുടക്കം എന്ന് ചരിത്രപുസ്തകങ്ങൾ പറയുന്നു. പക്ഷേ, ഇതിനും 77 വർഷങ്ങൾക്കുമുമ്പ്‌ 1780ൽ രണ്ടു ദക്ഷിണേന്ത്യൻ വനിതകൾ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നട്ടെല്ലിനെ വിറപ്പിച്ചു. 

ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാൻ ത്യാഗോജ്വലം പോരാടിയ ഈ ധീരവനിതകളെക്കുറിച്ച് അർഹിക്കുന്ന പഠനം നടന്നിട്ടില്ല. അനീതികളോട് സ്വന്തം ജീവൻകൊണ്ട് മറുപടി പറഞ്ഞ ധീരവനിതയായിരുന്ന കുയിലിയെ നമ്മൾ അറിയാതെ പോയതിന്റെ രാഷ്‌ട്രീയം പറയുകയാണ്‌ വീരത്തായ്‌ ഡോക്യൂ ഡ്രാമ. തമിഴിലാണ്‌ അവതരണം. 

ശിവഗംഗയിലെ കുടഞ്ചാവടിയിൽ ഗ്രാമത്തിലെ അരുന്ധതിയാർ എന്ന ദളിത് സമുദായത്തിലെ കർഷകരായ പെരിയ മുത്തന്റെയും രാകുവിന്റെയും മകളായി ജനിച്ച കുയിലി ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ നാഴികക്കല്ലായി മാറിയതാണ്‌ ഈ നാടകം. ഉദയാൽപടൈ എന്ന  സൈന്യത്തിന്റെ  അധിപയായി കുയിലിയെ നിയമിച്ച മഹാറാണി വേലുനാച്ചിയാർ ബ്രിട്ടീഷുകാരെ യുദ്ധത്തിൽ തോൽപ്പിച്ച് മാപ്പ് പറയിപ്പിച്ച ചരിത്രവും നാടകത്തിൽ നിറയുന്നു.

ചരിത്ര പുസ്തകത്തിൽ അടയാളപ്പെടുത്താതെ പോയ, നാം ഓർക്കാതെ പോയ ധീര യോദ്ധാക്കളായ കുയിലിയും വേലുനാച്ചിയാരും അവരുടെ ത്യാഗോജ്വല വീരേതിഹാസ ജീവിതവും  ഫ്ലോട്ടിങ്‌  തിയറ്ററിന്റെ ആഭിമുഖ്യത്തിൽ ചിന്നൂസ്‌ ചിലങ്ക വേദിയിൽ അവതരിപ്പിക്കുകയാണ്‌. രണ്ടു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത് ചിന്നൂസ് ആണ്. നാടകരചനയും സംവിധാനവും നിർവഹിച്ചത്‌ ബിച്ചൂസ് ചിലങ്ക. കേന്ദ്രസർക്കാർ റിപ്പബ്ലിക്‌ദിന പരേഡിൽനിന്ന്‌ ഒഴിവാക്കിയ കുയിലിയുടെ കഥ മുഖ്യമന്ത്രി സ്റ്റാലിന്‌ മുന്നിലും ഇന്ത്യയുടെ വിവിധഭാഗങ്ങളിലും അവതരിപ്പിക്കണമെന്നാണ്‌ ചിന്നൂസിന്റെ ആഗ്രഹം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top