20 April Saturday

‘ഞങ്ങൾ അശുദ്ധരാണ് ! ഞങ്ങളെ അകറ്റി നിർത്തൂ’

ആർ പാർവതി ദേവിUpdated: Wednesday Nov 7, 2018

 സ്ത്രീയായി ജനിച്ചു എന്ന കാരണത്താൽ ഒരു തരത്തിലുമുള്ള വിവേചനവും  പാടില്ല എന്നും ഏതിടവും സ്ത്രീക്ക് കൂടി
അവകാശപ്പെട്ടതാണെന്നും ഉള്ള പുരോഗമന നിലപാട് 21 ാം നൂറ്റാണ്ടിൽ ഒരു കലാപത്തിനിടയാക്കുന്നു  എന്ന അമ്പരപ്പിക്കുന്ന സത്യം ചില വസ്തുതകൾ കൂടി ഓർമിപ്പിക്കുന്നു.

 

തൊണ്ണൂറു വർഷങ്ങൾക്ക് മുൻപ് മഹാരാഷ്ട്രയിലെ കൊങ്കൺ തീരപ്രദേശത്തെ മഹദ്  എന്ന കൊച്ചു പട്ടണം ആവേശോജ്വലമായ പ്രക്ഷോഭത്തിന്‌ വേദിയായി. അവിടെയുള്ള ഏക പൊതു കിണറ്റിൽ നിന്നും അവർണ്ണർക്ക് വെള്ളം എടുക്കുന്നതിനു വേണ്ടിയായിരുന്നു ആ സമരം. ഭരണഘടനാ ശിൽപ്പിയായ സാക്ഷാൽ ഡോ ബി ആർ അംബേദ്‌കറിന്റെ നേതൃത്വത്തിൽ സമരത്തിന്റെ ഭാഗമായി ഹിന്ദുക്കളുടെ നിയമസംഹിതയായ മനുസ്മൃതി അന്ന് കത്തിച്ചു. 1927 ഡിസംബർ 25 ആണ് ചരിത്രം കുറിച്ച ആ ദിനം.  ഏവർക്കും കിണറ്റിൽ നിന്നും വെള്ളം എടുക്കാമെന്ന് മുനിസിപ്പാലിറ്റി ഉത്തരവായിട്ടും അവർണ്ണർക്ക് അനുമതി നൽകാതെ ശാരീരികമായി അവരെ തടഞ്ഞു കൊണ്ട് ഹിന്ദുത്വ ശക്തികൾ തങ്ങളുടെ അധികാരം സ്ഥാപിക്കുമ്പോഴാണ് അംബേദ്‌കർ ഉൾപ്പടെയുള്ളവർ പ്രക്ഷോഭത്തിന്‌ തയാറായത്. കിണർ പൊതുവായതാണെന്നും അതിന്റെ നടത്തിപ്പും ഉടമസ്ഥാവകാശവും സർക്കാരിനാണെന്നും അത് സ്വകാര്യ സ്വത്തല്ലെന്നും  നിരീക്ഷിച്ചു കൊണ്ട്  കലക്ടർ എല്ലാവർക്കും  വെള്ളം എടുക്കാൻ അനുമതി നൽകുന്ന ഉത്തരവും പുറപ്പെടുവിച്ചു. പക്ഷെ, ജാതി കോമരങ്ങൾ അടങ്ങിയില്ല.

ബ്രാഹ്മണ സമുദായത്തിൽ ജനിച്ച, അംബേദ്‌കറിന്റെ അനുയായിയായ ഗംഗാധർ നീലകണ്ഠ സഹസ്രബുദ്ധെ ആണ് മനുസ്മൃതി കത്തിക്കുവാനുള്ള പ്രമേയം അവതരിപ്പിച്ചത്. മഹദ് സത്യഗ്രഹ വേദിയിൽ വെച്ചാണ് അംബേദ്‌കർ ദളിത് സ്ത്രീകളോട് മുട്ടിനു താഴെ വരെ മറയുന്ന തരത്തിൽ സവർണർ ധരിക്കുന്നതു പോലെ ദളിത് സ്ത്രീകളും സാരി ഉടുക്കാൻ ആഹ്വാനം  ചെയ്തത് . പുരോഗമന മനസ്കരായ സവർണ സ്ത്രീകൾ അപ്പോൾ തന്നെ അവരെ അത്തരത്തിൽ സാരി ഉടുക്കാൻ പഠിപ്പിച്ചു.

പിന്നീട് രണ്ടു പതിറ്റാണ്ടു കഴിഞ്ഞപ്പോൾ ഈ അവസ്ഥക്ക് മാറ്റം വരുത്താൻ ഡോ. അംബേദ്‌കർ സമത്വവും സാമൂഹ്യ നീതിയും ഉറപ്പു നൽകുന്ന മഹത്തായ ഇന്ത്യൻ ഭരണഘടനക്ക് രൂപം നൽകി. 1950 ജനുവരി 26  നു പ്രാബല്യത്തിൽ  വന്ന ഭരണഘടന ഇന്ത്യയിലെ പരമോന്നത നിയമമാണ്.   രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്ര ഭരണത്തിനായുള്ള നിർദ്ദേശകതത്വങ്ങൾ, മുതലായവ ഭരണഘടന മുന്നോട്ടുവെയ്ക്കുന്നു. ഇന്ത്യയിലെ ഓരോ പൗരനും ഭരണഘടനക്ക് കീഴ്പെട്ടു ജീവിക്കാൻ ബാധ്യസ്ഥനാണ്. മതവും രാഷ്ട്രീയവും ആചാരങ്ങളും അനുഷ്‌ഠാനങ്ങളും വിശ്വാസവും ഭരണഘടനക്കു അനുസൃതമായി മാത്രമേ സാധ്യമാകൂ. ഭരണഘടനക്ക് ജവാഹർ ലാൽ നെഹ്‌റു എഴുതിയ ആമുഖം ഇങ്ങനെ പറയുന്നു:

പൂർണമായും ഭരണഘടനയുടെ അന്തഃസത്ത ഉയർത്തിപ്പിടിച്ചു കൊണ്ടാണ് 2018 സെപ്റ്റംബർ 28 നു ശബരിമലയിലെ യുവതീ പ്രവേശനത്തിൽ സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. നൂറു കണക്കിന് കക്ഷികളും അഭിഭാഷകരും നാല് അമിക്കസ് ക്യൂറിമാരും ഉൾപ്പെട്ട 12 വർഷം നീണ്ടു നിന്ന കേസ് പ്രശ്നത്തിന്റെ നാനാവശങ്ങൾ കൂലംകഷമായി ചർച്ച ചെയ്തു. മണിക്കൂറുകളും ദിവസങ്ങളും നീണ്ട വാദ  പ്രതിവാദങ്ങൾ. പുരാണങ്ങളും പുരാവൃത്തങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും ഭക്തിയുംയുക്തിയും മതവും അവകാശങ്ങളും ലിംഗ നീതിയും ചരിത്രവും നിയമവും ഭരണഘടനാമൂല്യങ്ങളും കോടതി മുറിയെ ഇത്രയേറെ പ്രകമ്പനം കൊള്ളിച്ച മറ്റു കേസുകൾ ഒരു പക്ഷെ കുറവായിരിക്കും. ഭരണഘടനയുടെ 14 , 15 ,25 , 51 A(ഇ) എന്നീ വകുപ്പുകളുടെ വ്യത്യസ്ത മാനങ്ങൾ സജീവമായ സംവാദങ്ങൾക്ക് പാത്രമായി. 2006 ൽ  ആർഎസ്‌എസ്‌ പ്രവർത്തക ഭക്തി പ്രഷീജാ സേഥി  സെക്രട്ടറിയായ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനാണ്  ഏതു പ്രായത്തിലുമുള്ള സ്ത്രീകൾക്ക്  ശബരിമലയിൽ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട്  കോടതിയെ സമീപിച്ചത് . ഇടതുപക്ഷ ജനാധിപത്യ സർക്കാർ ലിംഗനീതി ഉറപ്പാക്കുവാൻ യുവതീ പ്രവേശനതത്തോ‌ട്‌ യോജിക്കുകയായിരുന്നു. സ്ത്രീ ആയി ജനിച്ചു എന്ന കാരണത്താൽ ഒരു തരത്തിലുമുള്ള വിവേചനവും  പാടില്ല എന്നും ഏതു ഇടവും സ്ത്രീക്ക് കൂടി അവകാശപ്പെട്ടതാണെന്നും ഉള്ള പുരോഗമന നിലപാട് 21 ാം നൂറ്റാണ്ടിൽ ഒരു കലാപത്തിനിടയാക്കുന്നു  എന്ന അമ്പരപ്പിക്കുന്ന സത്യം ചില വസ്തുതകൾ കൂടി ഓർമിപ്പിക്കുന്നു.

കീഴാള വിഭാഗങ്ങളുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്കു  വേണ്ടി നടന്ന നവോത്ഥാനസമരങ്ങളുടെ അഭിമാനകരമായ ചരിത്രത്തിനു നേരെ കൊഞ്ഞനം കുത്തുന്നവർക്ക്‌ ചില ചെറു വിഭാഗം സ്ത്രീ-പുരുഷന്മാരുടെയെങ്കിലും പിന്തുണ ലഭിക്കുന്നതിന് പിന്നിൽ ഇക്കഴിഞ്ഞ മൂന്നു പതിറ്റാണ്ടിൽ ഇന്ത്യയിൽ ഉയർന്നു വന്ന ഭക്തി വ്യവസായത്തിന് നിർണായക പങ്കാണുള്ളത്. ആഗോളവൽക്കരണത്തിന്റെ ഒപ്പം ഇന്ത്യൻ മണ്ണിൽ തഴച്ചു വളർന്നത് ആത്മീയതയുടെ ചരക്കുവൽക്കരണം കൂടിയായിരുന്നു. ആഗോളവത്കൃത സമൂഹത്തിൽ സാധാരണക്കാർ അനുഭവിക്കുന്ന കടുത്ത ആശങ്കകൾക്കും ആകുലതകൾക്കും ഉള്ള ഉത്തരം ഗുളിക രൂപത്തിൽ ലഭിക്കുന്ന ആത്മീയതയാണ് എന്നവർ പറഞ്ഞു പഠിപ്പിച്ചു . ദുർമന്ത്രവാദവും അനാചാരങ്ങളും അനുഷ്ഠാനങ്ങളും മന്ത്ര തന്ത്രങ്ങളും വ്യാജ വാസ്തുവിദ്യകളും അത്ഭുത രോഗ ശാന്തിയും ഉപയോഗിച്ച് ആൾദൈവങ്ങൾ വൻ കോർപ്പറേറ്റുകൾ ആയി തങ്ങളുടെ ചോദ്യം ചെയ്യാൻ പാടില്ലാത്ത അധികാരം സ്ഥാപിച്ചത് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിലാണ്. ചരടും ശംഖും മന്ത്ര മോതിരങ്ങളും രുദ്രാക്ഷങ്ങളും കുബേര കുഞ്ചു കളും മാധ്യമങ്ങൾക്കു പരസ്യ വരുമാനത്തിന്റെ മുഖ്യ  ഉപാധികളായി.

യുക്തി ചിന്തയുടെയും ശാസ്ത്ര ബോധത്തിന്റെയും ലോകത്തു നിന്നും ഒരു വിഭാഗം  അകന്നു തുടങ്ങി. സംഘടിത മതങ്ങളുടെ  പ്രവർത്തന രീതികൾ കടമെടുത്തു സംഘ പരിവാർ കൗശലത്തോടെ ഹിന്ദുത്വ പ്രചാരണത്തിനായി ഭക്തിയെ മാറ്റാൻ  ശ്രമം തുടങ്ങി. സ്ത്രീകൾ കൂട്ടത്തോടെ ക്ഷേത്രങ്ങളിൽ നിന്നും ക്ഷേത്ര ങ്ങളിലേക്കു യാത്ര ചെയ്യുന്നത് കേരളത്തിൽ കണ്ടു വരുന്ന പുതിയ പ്രവണതയാണ്. ഭാഗവതവും രാമായണവും പഠിപ്പിക്കാനും വായിപ്പിക്കുവാനും , പിന്നാലെ സംഘ പരിവാർ രാഷ്‌ട്രീയം പ്രചരിപ്പിക്കുവാനും വഴികൾ തുറന്നു കിട്ടി. എൻഎസ്‌എസും  എസ്‌എൻഡിപി യും ദളിത് സംഘടനകൾ പോലും ഇതിന് ഒത്താശ ചെയ്തു കൊടുക്കുന്നു. ആട്ടിൻതോലിട്ട ചെന്നായയെ തിരിച്ചറിയാതെ ഈശ്വര സമർപ്പണത്തിന്റെ മറവിൽ യാഥാർഥ്യ ലോകത്തു നിന്നും സ്ത്രീകൾ ആട്ടി പായിക്കപ്പെട്ടു. അവരങ്ങനെ കൃത്യമായി നാമജപ ഘോഷയാത്രയിൽ പങ്കെടുക്കുന്നു. സ്ത്രീകൾക്ക് നേരെ ദിനംപ്രതി ഇന്ത്യയിൽ നടക്കുന്ന കൊടും ക്രൂരതകളോട് എന്നും മൗനം പാലിച്ചവരാണിവരെന്നോർക്കുക!  ഇന്ത്യയുടെ മതേതരത്വത്തിനും അഖണ്ഡതക്കും വൈവിധ്യത്തിൽ അധിഷ്‌ഠിതമായ പാരമ്പര്യത്തിനും സ്ത്രീ എന്ന നിലയിൽ തങ്ങളുടെ നിലപ്പിനു പോലും  അപകടകരമായ നിലപാടാണ് തങ്ങളുടേതെന്ന് തിരിച്ചറിയാതെ അവർ സ്വയം വിളിച്ചു കൂവുന്നു..."' ഞങ്ങൾ അശുദ്ധരാണ്, ഞങ്ങൾ തൊട്ടു കൂടാത്തവരാണ്,  ഞങ്ങളെ ഈശ്വര സന്നിധിയിൽ നിന്നും മാറ്റി നിർത്തൂ""



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top