13 June Thursday

'ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയിട്ട് എന്തു നേടി? എത്രകാലം ഒളിപ്പിച്ചുവെച്ചാലും ഒരിക്കല്‍ സത്യം പുറത്തുവരും'; നിലപാടുകള്‍ തുറന്നു പറഞ്ഞ് പ്രിയാമണി

എം എസ് ദാസ് മാട്ടുമന്തUpdated: Tuesday Oct 17, 2017

''ഗൗരി ലങ്കേഷ് എന്ന മാധ്യമപ്രവര്‍ത്തകയുടെ ശക്തി അവരുടെ പേനയാണ്. ആ പേനയില്‍നിന്നും പിറക്കുന്ന എഴുത്തിനും സ്റ്റോറികള്‍ക്കും എന്തെന്നില്ലാത്ത ശക്തിയുണ്ട്. അവരെ വെടിയുണ്ടകള്‍ കൊണ്ട് കൊലപ്പെടുത്തിയിട്ട് എന്ത് നേടി? ചില സത്യങ്ങള്‍ പുറത്തുവരാന്‍ പാടില്ലെന്ന് ഒരു കൂട്ടര്‍ തീരുമാനിക്കുന്നു. എന്നാല്‍ സത്യം എത്രകാലം ഒളിച്ചുവെച്ചാലും ഒരിക്കല്‍ പുറത്തുവരും. സത്യം ജയിക്കുകതന്നെ ചെയ്യും. അത് കാലത്തിന്റെ ആവശ്യമാണ്. ഞാന്‍ താമസിക്കുന്നതും ബംഗ്ലൂരുവിലാണ്. ഗൗരി ലങ്കേഷിന്റേത് ശരിക്കും നടുക്കമുണ്ടാക്കിയ കൊലപാതകമായിരുന്നു.'' പരുത്തിവീരന്‍ എന്ന സിനിമയിലൂടെ ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ പ്രിയാമണിയുടെ വാക്കുകളില്‍ ശക്തമായ പ്രതിഷേധമാണ് നിഴലിച്ചത്.

എവരെ അവഗാടുവിലൂടെ തെലുങ്കിലും കണ്‍കളാല്‍ കൈതിസെയ് എന്ന ചിത്രത്തിലൂടെ തമിഴിലും സത്യം സിനിമയിലൂടെ മലയാളത്തിലും റാമിലൂടെ കന്നഡത്തിലും രാവണിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ച പ്രിയാമണി നൈസര്‍ഗികമായ അഭിനയ ശൈലിയിലൂടെയാണ് ദക്ഷിണേന്ത്യന്‍ ചലച്ചിത്ര പ്രേക്ഷകരുടെ മനസ്സില്‍ ഈ കന്നഡക്കാരി ഇടം പിടിച്ചത്. പിന്നെ നായികയായി വളരുകയായിരുന്നു അവര്‍. പരുത്തിവീരനിലെ മുത്തഴകിനെ തന്മയത്വത്തോടെ അവതരിപ്പിച്ച പ്രിയ ദേശീയതലത്തില്‍ ശ്രദ്ധേയയായി. ക്യാമറ ചലിച്ചു തുടങ്ങിയാല്‍ കഥാപാത്രങ്ങളുടെ ഹൃദയം തൊട്ടറിയാന്‍ പ്രിയാമണിക്ക് നിമിഷങ്ങള്‍ മതി.

അഭിനയത്തിന്റെ തിരക്കുകള്‍ക്കിടയിലാണ് പ്രിയാമണിയുടെ മനസ്സില്‍ പ്രണയത്തിന്റെ തേന്‍മഴ പെയ്തിറങ്ങിയത്. തഞ്ചാവൂരിലെ കായാവരത്തുനിന്ന് പാലക്കാട്ടെത്തിയവരാണ് പ്രിയയുടെ മാതാപിതാക്കള്‍. നൂറണി ഗ്രാമത്തിലെ വാസുദേവ മണിഅയ്യരുടെയും ലതമണി അയ്യരുടെയും മകളായ പ്രിയാമണി പ്രമുഖ കര്‍ണാടകസംഗീതജ്ഞനായിരുന്ന കമലകൈലാസിന്റെ കൊച്ചുമകളാണ്. പ്രമുഖഹിന്ദിനടി വിദ്യ ബാലന്‍ കസിന്‍ ആണ്.

വിവാഹം: വര്‍ഷങ്ങള്‍ക്കുമുമ്പ് സെലിബ്രിറ്റി ക്രിക്കറ്റിന്റെ ഭാഗമായാണ് മുസ്തഫരാജിനെ ഞാന്‍ ആദ്യമായി കാണുന്നത്. ഞാനന്ന് ബ്രാന്‍ഡ് അംബാസഡറായിരുന്നു. യഥാര്‍ഥത്തില്‍ അന്നത്തെ സൗഹൃദം പ്രണയമായി വളരുകയായിരുന്നു. പല കാര്യങ്ങളും മനസ്സുതുറന്ന് സംസാരിച്ചപ്പോള്‍ ഒന്നിച്ചു ജീവിക്കേണ്ടവരാണെണ്ണ് തോന്നി. മതപരമായ ചിന്തകള്‍ക്കൊന്നും ഞങ്ങള്‍ക്കിടയില്‍ സ്ഥാനമുണ്ടായിരുന്നില്ല. ജാതിയും മതവുമൊക്കെ ഓരോരുത്തരുടെ മനസ്സിലാണ് പ്രശ്നം സൃഷ്ടിക്കുന്നത്. സ്വന്തം ജീവിതം എങ്ങനെയായിരിക്കണമെന്ന് സ്വയം തീരുമാനിക്കേണ്ട സമയത്ത് മറ്റുള്ളവര്‍ നമ്മളെക്കുറിച്ച് എന്ത് വിചാരിക്കുമെന്ന് ചിന്തിച്ച് മുന്നോട്ടു പോകാനൊന്നും എനിക്കാവില്ല.

ബംഗ്ലൂരുവില്‍ പ്രിയാമണിയുടെയും മുസ്തഫയുടെയും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് അവര്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞതും ഹൈദരാബാദില്‍ ഒരു ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് മലയാളത്തില്‍ ആഷിക് വന്ന ദിവസത്തിന്റെ ചിത്രീകരണ ജോലികള്‍ക്കെത്തി.

ചെറുപ്പം മുതല്‍ക്കേ സിനിമാ അഭിനയത്തില്‍ താല്‍പര്യമുണ്ടായിരുന്ന പ്രിയാമണി മോഡലിങിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഭാരതിരാജയുടെ കണ്‍കളാല്‍ കൈതിസെയ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയാമണിയുടെ അഭിനയപ്രതിഭ തിരിച്ചറിഞ്ഞത് ബാലു മഹേന്ദ്രയായിരുന്നു. ബാലു മഹേന്ദ്രയുടെ അത് ഒരു കനാകാലം എന്ന ചിത്രത്തിലെ അഭിനയം കണ്ടാണ് പരുത്തിവീരനിലെ നായികയാകാന്‍ പ്രിയാമണിക്ക് അവസരമൊരുങ്ങിയത്.

ദേശീയ അവാര്‍ഡ് : പരുത്തിവീരന്‍ എന്റെ കരിയറില്‍ വഴിത്തിരുവുണ്ടാക്കിയ ചിത്രമാണ്. ഓരോ സീക്വന്‍സുകളും അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഇതിലെ കഥാപാത്രത്തെ ഒരിക്കലും എനിക്ക് മറക്കാനാകില്ല. പ്രേക്ഷകസമൂഹം മുത്തഴകിനെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയപ്പോള്‍ അഭിനയത്തെ ഞാന്‍ ഗൗരവത്തോടെ കാണുകയായിരുന്നു. പരുത്തിവീരന്‍ എന്റെ അഭിനയജീവിതത്തിലെ സെക്കന്റ് ഇന്നിംഗ്സ് ആയിരുന്നു. 

മുസ്തഫയുടെ ഇഷ്ടകഥാപാത്രവും മുത്തഴക് തന്നെ. ഹിന്ദിയില്‍ രാവണ്‍, രക്തചരിത്ര തുടങ്ങിയ ചിത്രങ്ങളില്‍ നായികയായിരുന്ന പ്രിയാമണി സൂപ്പര്‍ഹിറ്റ് ചിത്രമായ ചെന്നൈ എക്സ്പ്രസിന്റെ ഹിന്ദി പതിപ്പിലും നായികയായിരുന്നു. മലയാളത്തില്‍ പുതിയമുഖം, തിരക്കഥ, പ്രാഞ്ചിയേട്ടന്‍, ഗ്രാന്റ്മാസ്റ്റര്‍ എന്നിവയാണ് ഇഷ്ടപ്പെട്ട മലയാളചിത്രങ്ങള്‍. ഇവയില്‍ മാളവികയും പത്മശ്രീയും തന്റെ പ്രിയ കഥാപാത്രങ്ങളാണെന്ന് പ്രിയാമണി പറയുന്നു.മലയാളത്തിലെ അഭിനയം: മലയാളത്തില്‍ തിരക്കഥ എനിക്ക് നല്ല ഒരു ബ്രേക്കായിരുന്നു. രഞ്ജിത്സാര്‍ പറഞ്ഞതുപോലെ അഭിനയിച്ചുവെന്നേയുള്ളു. മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും ഇതിന് ലഭിച്ചു. പ്രാഞ്ചിയേട്ടനില്‍ മമ്മുക്കയും രഞ്ജിത്സാറും എന്നെ ഒരുപാട് ഹെല്‍പ്ചെയ്തു. ഏത് ഭാഷാചിത്രങ്ങളിലാണെങ്കിലും എനിക്ക് ലഭിക്കുന്ന കഥാപാത്രത്തിന്റെ സ്വഭാവം മനസിലാക്കി അഭിനയിക്കുകയാണ് ചെയ്യുന്നത്. പ്രത്യേക ഹോംവര്‍ക്ക് ഒന്നും ചെയ്യാറില്ല. നല്ലൊരു വായനക്കാരിയായ പ്രിയാമണിയുടെ ഇഷ്ടഎഴുത്തുകാരന്‍ ഡാന്‍ ബ്രൗണ്‍ ആണ്. വായനയില്‍ ഏറെ സ്വാധീനിച്ച പുസ്തകം ഡാവിഞ്ചി കോഡ്.

സിനിമാനടികള്‍പോലും ആക്രമിക്കപ്പെടുന്ന സാഹചര്യം  നിര്‍ഭാഗ്യകരമാണെന്ന് പ്രിയാമണി പറഞ്ഞു. 'എനിക്ക് സുരക്ഷക്കായി സ്റ്റാഫുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ നടിമാര്‍ക്ക് ഇവിടെ സുരക്ഷ ഉറപ്പാക്കണം. കുറ്റക്കാര്‍ക്കെതിരെ നല്ല ശിക്ഷ ഉറപ്പാക്കണം. ഇപ്പോള്‍ എനിക്ക് ഡേനൈറ്റ് ഷൂട്ടിംഗ് ഉണ്ടെങ്കിലും എന്നോടൊപ്പം വരാനും കാര്യങ്ങള്‍ ഷെയര്‍ ചെയ്യാനും മുസ്തഫ കൂടെയുണ്ടെന്നത് എനിക്ക് ഏറെ ആശ്വാസമാണ്'.

തമിഴിലെ കൊടി എന്ന ചിത്രത്തിന്റെ കന്നഡ റീമേക്കായ ധ്വജക്ക് ശേഷം മലയാളത്തില്‍ ശ്രദ്ധേയമായ ഒരു പ്രോജക്ട് ചെയ്യാനുള്ള തയാറെടുപ്പിലാണ് പ്രിയ. സിനിമാ അഭിനയം തുടരാനും മനോരമ, കെപിഎസി ലളിത, ഉര്‍വ്വശി, കല്‍പന എന്നിവരെപ്പോലെ മറ്റുള്ളവരെ ചിരിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കണമെന്നുമാണ് ഇനിയുള്ള ആഗ്രഹം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top