29 March Friday

സല്യൂട്ട്‌ റിട്ട. കമാൻഡർ പ്രസന്ന....

എ പി സജിഷUpdated: Sunday Apr 5, 2020


കോവിഡ്‌ ഏറ്റവും കൂടുതൽ ആശങ്ക വിതയ്‌ക്കുന്ന കാസർകോട്‌ ജില്ലയിൽനിന്ന്‌ മറ്റൊരു പോരാട്ടവിജയത്തിന്റെ കഥയുണ്ട്‌. ആ പോരാട്ടം സുപ്രീംകോടതി വരെയെത്തി. അതിന്റെ മാധുര്യത്തിലാണ്‌ നേവിയിലെ ഒരുപാട്‌ വനിതകൾ. വരാൻ പോകുന്ന തലമുറയ്‌ക്കായി നേവിയിൽനിന്ന്‌ വിരമിച്ച അഞ്ചു വനിതകൾ നടത്തിയ ആ പോരാട്ടത്തിൽ ഒരു മലയാളിയുമുണ്ട്‌. കാസർകോട്ട്‌ ജനിച്ച്‌, കൊച്ചിയിൽ വളർന്ന്‌, ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ റിട്ട. കമാൻഡർ ഇ പ്രസന്ന.

നേവിയിൽ ചേരുന്ന വനിതകൾക്ക്‌ സ്ഥിരനിയമനം നൽകുന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിട്ട്‌ അധികമായിട്ടില്ല. മുമ്പ്‌ 14 വർഷമായാൽ വിരമിക്കണം. പുരുഷന്മാർക്ക്‌ താൽപ്പര്യമുണ്ടെങ്കിൽ വീണ്ടും തുടരാം. ഇതിനു മാറ്റംവരുത്തിയതിൽ കാസർകോട്‌ മടിക്കൈയിൽ ജനിച്ച പ്രസന്നയുടെ പങ്കുമേറെ. കൊച്ചി ഫാക്ട്‌ സ്‌കൂളിൽ പഠിച്ച പ്രസന്ന റെഡ്‌ക്രോസിന്റെ ഭാഗമായിട്ടാണ്‌ തുടക്കം. ഹൈസ്‌കൂളിൽ ചേർന്നപ്പോൾ എൻസിസിയുടെ ഭാഗമായി. അച്ചടക്കമുള്ള യൂണിഫോം വേഷങ്ങളോട്‌ അന്നുമുതൽ ഒരു താൽപ്പര്യമുണ്ടായിരുന്നു. കോളേജ്‌ പഠനകാലത്തും പ്രസന്ന എൻസിസിയിലുണ്ടായിരുന്നു. പതുക്കെ താൽപ്പര്യം നേവിയിലേക്ക്‌ തിരിഞ്ഞു. നേവിയിൽ എയർട്രാഫിക്‌ കൺട്രോൾ വിഭാഗത്തിൽ കമാൻഡർ പദവിയിലായിരുന്നു പ്രസന്ന.

ജോലിക്കു ചേർന്ന കാലത്ത്‌ സ്‌ത്രീകൾക്ക്‌ ഒരു ശുചിമുറി പോലുമുണ്ടായിരുന്നില്ല. എന്നിട്ടും മികച്ച വനിതാ ഓഫീസറായി പ്രസന്ന പുരുഷന്മാർക്കൊപ്പം ജോലി ചെയ്‌തു. വിരമിക്കാൻ ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ല. 14 വർഷത്തിനപ്പുറം ഇനിയും ജോലിയിൽ തുടരണമെന്നുണ്ടായിരുന്നു. എന്നാൽ, സ്‌ത്രീകൾക്കെതിരായിരുന്നു ഈ നിയമം. ജോലിയിൽനിന്ന്‌ പിരിയുമ്പോൾ പെൻഷനും ആനുകൂല്യങ്ങളും ലഭിക്കില്ല. ഇതായിരുന്നു ചരിത്രം. ആ ചരിത്രം തിരുത്താൻ മറ്റു നാലു വനിതകൾകൂടി ഒപ്പംചേർന്നു. ആദ്യം ഡൽഹി ഹൈക്കോടതിയിലായിരുന്നു നിയമയുദ്ധം. അത്‌ സുപ്രീംകോടതിയിലെത്തി. വനിതകൾക്കും സ്ഥിരനിയമനത്തിന്‌ അർഹതയുണ്ടെന്ന്‌ സുപ്രീംകോടതി വിധിച്ചു. സൈന്യത്തിൽ ജോലിയിൽ തുടരുന്ന ഒരുപാട്‌ വനിതകൾക്ക്‌ അംഗീകാരമായി മാറി ഈ വിജയം. പട്ടാളത്തിലെ പ്രവർത്തനപരിചയം വച്ച്‌ മറ്റു ജോലികൾക്ക്‌ പിന്നീട്‌ കൂടുതൽ അവസരമൊന്നും ഉണ്ടാകില്ല. 36 വയസ്സിൽ വിരമിക്കും. പിന്നെ സ്‌ത്രീകൾക്ക്‌ മറ്റ്‌ ആനുകൂല്യങ്ങളൊന്നുമില്ല. തൊഴിൽ സുരക്ഷ കുറവായതിനാൽ സ്‌ത്രീകളിൽ പലരും വരാൻ മടിച്ചു. ഇതിനെതിരെയാണ്‌ പ്രസന്നയും സംഘവും  പൊരുതിയത്‌.

പ്രസന്ന ഇന്ന്‌ ബംഗളൂരുവിലാണ്‌. പ്രസന്ന എന്ന പേര്‌ കർണാടകയിലും തമിഴ്‌നാട്ടിലുമൊക്കെ പുരുഷന്മാരുടെ പേരാണ്‌. പുരുഷനാണെന്നു കരുതി വിളിച്ച്‌ പിന്നീട്‌ തിരിച്ചയച്ച സംഭവവും ഇവർക്കുണ്ടായിട്ടുണ്ട്‌.

മടിക്കൈ ഏച്ചിക്കാനത്ത്‌ അശ്വതിയിൽ ഇ കുഞ്ഞിരാമൻനായരാണ്‌ പിതാവ്‌. അമ്മ സത്യവതി ഇടയില്ലം. ഒരുപാട്‌ രാജ്യാന്തര ടെന്നീസ്‌ താരങ്ങളെ വാർത്തെടുത്ത ബാലചന്ദ്രൻ മാണിക്കത്താണ്‌ ഭർത്താവ്‌. മകൾ ഭാവന നമ്പ്യാർ വിദ്യാർഥിനിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top