26 April Friday

മറക്കണ്ട, പോഷ് ആക്‌ട്

ഡോ. അനീഷ്യ ജയദേവ്‌ facultyimgdrajdev@gmail.comUpdated: Sunday Jun 5, 2022

ഒരു സ്‌ത്രീ തന്റെ പണിയിടത്തിൽ ഭർത്താവിന്റെ മുന്നിൽ ആറ്‌ പുരുഷന്മാരാൽ ബലാത്സംഗം ചെയ്യപ്പെടുന്നു. പൊലീസ് സ്റ്റേഷനിൽ അവളുടെ വസ്‌ത്രം തെളിവെടുപ്പിനെന്ന പേരിൽ അഴിച്ചുവാങ്ങുന്നു. ഭർത്താവ് തന്റെ ഉടുമുണ്ടിനാൽ അവളുടെ നഗ്നത മറയ്ക്കുന്നു. പുരുഷ ഡോക്‌ടർ തെളിവെടുക്കാൻ വിസമ്മതിച്ചു, അവളുടെ പ്രായംമാത്രം എഴുതി പൊലീസിന് നൽകുന്നു. സിനിമാക്കഥയൊന്നുമല്ല, രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ ഇത് സംഭവിച്ചത് 1992ൽ.

സാമൂഹ്യ പ്രവർത്തകയായിരുന്ന അവൾ ചെയ്‌ത കുറ്റം രാജസ്ഥാനിൽ അവളുടെ ഗ്രാമത്തിൽ ഒരു വയസ്സ് തികയാത്ത ഒരു പെൺകുഞ്ഞിന്റെ വിവാഹം തടയാൻ ശ്രമിച്ചതാണ്. ആ വിവാഹം നടന്നു. ബൻവാരീദേവി എന്ന ആ സ്ത്രീക്ക്‌ സാമൂഹ്യവിലക്ക് നേരിടേണ്ടിവന്നു. ആ കുഞ്ഞിന്റെ അച്ഛനും സുഹൃത്തുക്കളും അവളെ ബലാത്സംഗം ചെയ്‌തു.  
   
നീതി നിഷേധിക്കപ്പെട്ട ആ വനിതയ്ക്കുവേണ്ടി ഒരുസംഘം വനിതാപ്രവർത്തകരുടെ  കൂട്ടായ്‌‌മ വിശാഖ എന്നപേരിൽ, ഒരു പൊതുതാൽപ്പര്യ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചു. അഞ്ചുവർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ 1997ൽ സ്ത്രീകൾക്കുനേരെ തൊഴിലിടത്തുണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്ന വിശാഖ ഗൈഡ്‌ലൈൻസ് പ്രാബല്യത്തിൽവന്നു.  വർഷങ്ങൾക്കുശേഷം 2013ൽ പോഷ് ആക്‌ട് Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act, 2013 നിലവിൽ വന്നു.

പത്തിലധികം ജീവനക്കാരുള്ള സർക്കാർ, സർക്കാരിതര തൊഴിലിടങ്ങളിൽ ഒരു ഇന്റേണൽ കമ്മിറ്റി (ആദ്യം ഇന്റേണൽ കംപ്ലൈൻസ്‌ കമ്മിറ്റി എന്നായിരുന്നു പേര്) ഉണ്ടാകണമെന്നും അത് അതിക്രമം തടയുന്നതിനുള്ള കരുതൽ നടപടികളും അതിക്രമം നടന്നാൽ പ്രശാന്ത പരിഹാരവും ശിക്ഷാനടപടികൾക്കുള്ള മാർഗങ്ങളും സ്ഥാപനമേധാവിയെ ധരിപ്പിക്കുകയും ചെയ്യണമെന്നാണ്‌ നിയമം. ഇഷ്ടപ്പെടാത്ത രീതിയിൽ സ്ത്രീയെ ലൈംഗികമായി സമീപിക്കുക, ലൈംഗികമായ ആനുകൂല്യങ്ങൾ ആവശ്യപ്പെടുക,  സ്ത്രീയെ അസ്വസ്ഥമാക്കുകയോ അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ലൈംഗികസ്വഭാവമുള്ള നീക്കങ്ങൾ എന്നിവയെല്ലാം തൊഴിലിടങ്ങളിലെ ലൈംഗികമായ അതിക്രമമെന്ന പരിധിയിൽപ്പെടും.

കേരളത്തിൽ ഈ നിയമം 2013ൽ പ്രാബല്യത്തിൽ വന്നെങ്കിലും ചർച്ചകളിൽ ഇടംനേടിയത് സിനിമാമേഖലയിൽ 2017ൽ നടന്ന ലൈംഗിക അതിക്രമക്കേസിലൂടെയാണ്. സ്ത്രീകളെ ഇന്നും ഒരു ഉൽപ്പന്നമായോ സുഖോപാധിയായോ മാത്രമേ അംഗീകരിച്ചിട്ടുള്ളൂവെന്നതിനുള്ള തെളിവുകൂടിയായി അത്‌. നമ്മുടെ പരിഷ്‌കൃത മുഖത്തിനുണ്ടാകുന്ന വൈകൃതം മാറ്റാൻ സ്ത്രീശാക്തീകരണത്തിലൂടെയും അതിലുപരി ലിംഗസമത്വം ഉറപ്പാക്കുന്നതിലൂടെയും മാത്രമേ സാധിക്കൂ. ജാഗ്രതയോടെ നിയമങ്ങൾ ഉപയോഗിക്കാനും നീതിയിലേക്ക്‌ ചുവടുവയ്ക്കാനും സ്ത്രീകളെ പ്രേരിപ്പിക്കണം. ഒപ്പം ആശങ്കയില്ലാതെ നിയമം നടപ്പാക്കാൻ സ്ഥാപനങ്ങളെയും സമൂഹത്തെയും പ്രേരിപ്പിക്കണം. ശരീരം സ്ത്രീയുടെ അവകാശമാണെന്ന പൊതുതിരിച്ചറിവിലേക്ക്‌ നാം വളരണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top