പൂജകളും മന്ത്രങ്ങളും പുരുഷാധിപത്യത്തിൽ ഒതുങ്ങിയപ്പോൾ ആചാരങ്ങളുടെ അതിർവരമ്പുകൾ ഭേദിച്ച് മൂന്ന് യുവതികൾ തമിഴ്നാട്ടിൽ പുതുചരിത്രം കുറിക്കുകയാണ്. ക്ഷേത്രങ്ങളിൽ സ്ത്രീകൾക്കും ഉന്നത പദവിയിലിരിക്കുന്ന കീഴ്ജാതിയിൽപ്പെട്ടവർക്ക് പോലും അയിത്തം കൽപ്പിക്കുന്ന ഈ കാലഘട്ടത്തിൽ കൃഷ്ണവേണി, എസ് രമ്യ, എൻ രഞ്ജിത എന്നിവർ പൂജാരിമാരാകാനൊരുങ്ങി ലോകശ്രദ്ധ പിടിച്ചുപറ്റി. തമിഴ്‌നാട്ടിലെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് ഡിപ്പാർട്ട്മെന്റിന് കീഴിലെ ആറു ട്രെയിനിങ് സ്കൂളുകളിൽ ഒന്നായ തൃച്ചിയിലെ ശ്രീരംഗം ക്ഷേത്രത്തിൽനിന്നാണ് ബ്രാഹ്മണേതര സമുദായത്തിൽപ്പെട്ട മൂവരും പരിശീലനം പൂർത്തിയാക്കിയത്. ആദ്യമായാണ് സ്ത്രീകൾ പരിശീലനം നേടുന്നത്. സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ സഹപൂജാരിമാരായാണ് ഇവരെ നിയമിക്കുക. 17 വനിതാ പൂജാരിമാർ കൂടി ഈ വർഷം പരിശീലനം പൂർത്തിയാക്കും.
പുതുയുഗത്തിന്റെ സ്വരം
ലോകത്തിന്റെ സമസ്ത മേഖലകളുടെയും അമരത്ത് സ്ത്രീകളുടെ ഇച്ഛാശക്തിയും അർപ്പണബോധവുമുണ്ടെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ പെൺചുവടുകൾ. ഏതു ജാതിയിൽപ്പെട്ട സ്ത്രീകൾക്കും ക്ഷേത്ര പൂജാരിയാകാൻ പരിശീലനം നൽകുന്ന സ്ഥാപനത്തെക്കുറിച്ചറിഞ്ഞപ്പോൾ ഏറെ താൽപ്പര്യം തോന്നിയെന്ന് ബിഎസ് സി വിഷ്വൽ കമ്യൂണിക്കേഷൻസ് ബിരുദധാരി രഞ്ജിത പറയുന്നു. ചെന്നൈയിലെ സ്വകാര്യസ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചാണ് തന്റെ ഇഷ്ടമേഖല രഞ്ജിത തെരഞ്ഞെടുത്തത്. തുടക്കകാലത്ത് എതിർപ്പുകളുണ്ടാകുമെങ്കിലും എല്ലാവരും തുല്യരാണെന്ന് സമൂഹം മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് കണക്കിൽ ബിരുദാനന്തര ബിരുദധാരിയായ രമ്യ പറയുന്നു. കണക്കിൽ ബിരുദധാരിയായ കൃഷ്ണവേണിക്കും ഇതേ അഭിപ്രായമാണ്. ഏറെ സംതൃപ്തിയോടെ ചെയ്യുന്നതിനാൽ ശമ്പളത്തെക്കുറിച്ചോ പൊതു അഭിപ്രായങ്ങളെക്കുറിച്ചോ ആശങ്കയില്ലെന്നും കൃഷ്ണവേണി അഭിമാനത്തോടെ പറയുന്നു.
2021ൽ സുഹഞ്ജന ഗോപിനാഥ് എന്ന യുവതിയെ തമിഴ്നാട്ടിൽ പൂജാരിയായി നിയമിച്ചത് പ്രശംസ പിടിച്ചു പറ്റിയിരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വാക്കുകളിൽ അത് സുവ്യക്തവുമാണ്. ‘‘പൈലറ്റ്, ബഹിരാകാശ യാത്രികർ എന്നീ നേട്ടങ്ങൾ സ്ത്രീകൾ കൈവരിച്ചിട്ടും ക്ഷേത്രങ്ങളിൽ അവർക്ക് അശുദ്ധി കൽപ്പിച്ചിരിക്കുന്നു. ക്ഷേത്ര പൂജാരിമാരുടെ പദവിയിൽ നിന്നും അവരെ വിലക്കിയിരുന്നു. എന്നാൽ, മാറ്റം അനിവാര്യമാണ്. തമിഴ്നാട്ടിൽ എല്ലാ ജാതിയിൽപ്പെട്ടവരെയും പൂജാരിമാരായി നിയമിച്ച് സർക്കാർ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഈ പദവിയിലേക്ക് സ്ത്രീകളുമെത്തുന്നു. സമത്വത്തിന്റെ പുതുയുഗമാണ് നമ്മുടെ ലക്ഷ്യം.’’
മാറ്റിനിർത്തലുകളുടെയും വിലക്കുകളുടെയും കാലത്തുനിന്ന് ജെൻഡർ ജഡ്ജ്മെന്റ് ഇല്ലാത്ത ഒരു കാലത്തിലേക്ക് ഇനി ഏറെ ദൂരമില്ല. കീഴ്‌വഴക്കങ്ങളുടെ വേലിക്കെട്ടുകൾ തകർത്ത് സ്ത്രീകൾ സജീവസാന്നിധ്യമാകുമ്പോൾ നൂറ്റാണ്ടുകളായി തുടരുന്ന ആൺകോയ്മക്ക് കൂടിയാണ് ഇവിടെ അന്ത്യം കുറിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..