26 April Friday

പിറവം ഡിപ്പോയ്ക്ക് രോഹിണിയുടെ ഡബിള്‍ബെല്‍

ആര്‍ ഹേമലതUpdated: Tuesday Jul 4, 2017

കെഎസ്ആര്‍ടിസിയിലെ പുരുഷമേല്‍ക്കോയ്മയെ പടിയിറക്കി ഡബിള്‍ ബെല്ലടിച്ച് എറണാകുളം പിറവം സ്‌റ്റേഷന്‍ മാസ്റ്ററായി രോഹിണിയുടെ തുടക്കം. 'ഒരു രൂപയ്ക്ക് പോലും ചീത്തവിളികേട്ട സന്ദര്‍ഭങ്ങളുണ്ട്....' കണ്ടക്ടറായിരുന്നപ്പോള്‍ ചില്ലറ നല്‍കാത്തതിന് ആളുകളുടെ കൈയില്‍നിന്ന് കണക്കിന് കിട്ടിയതിനെക്കുറിച്ച് സംസ്ഥാനത്തെ ആദ്യ വനിത കെഎസ്ആര്‍ടിസി സ്‌റ്റേഷന്‍ മാസ്റ്റര്‍ രോഹിണി പറയുന്നു. പിന്നിട്ട കഷ്ടപ്പാടുകളുടെ അതിജീവനമാണ് ഇവരുടെ ചരിത്രനേട്ടത്തിന് പിന്നില്‍. പിറവം ഡിപ്പോയില്‍ ആദ്യ സ്‌റ്റേഷന്‍ മാസ്റ്ററായി ജൂണ്‍ അഞ്ചിന് ചാര്‍ജെടുത്ത് ചരിത്രം തിരുത്തിക്കുകയായിരുന്നു രോഹിണി.

'ആവശ്യത്തിന് ചില്ലറയില്ലാതെ വരുമ്പോഴാണ് മിക്കവാറും മോശമായ പരാമര്‍ശങ്ങള്‍ നേരിടേണ്ടി വരുന്നത്.' രോഹിണി തന്റെ സര്‍വീസ് റെക്കോഡുകള്‍ നിരത്തി. 1997ല്‍ രോഹിണി പിഎസ്‌സി പരീക്ഷയെഴുതി കെഎസ്ആര്‍ടിസിയില്‍ ജോലിയ്‌ക്കെത്തുമ്പോള്‍ ആദ്യ വനിതാ കണ്ടക്ടര്‍മാര്‍ എന്ന പേരില്‍ അതും ചരിത്രത്തിന്റെ ഭാഗമായി. 20 വര്‍ഷം പിന്നിടുന്നതിനിടയില്‍ ഒപ്പമുണ്ടായിരുന്ന വനിതാ കണ്ടക്ടര്‍മാരില്‍ ഒരാള്‍ ജോലി ഉപേക്ഷിച്ച് മടങ്ങി. മറ്റൊരാള്‍ അലച്ചിലുള്ള ജോലിമടുത്ത് ഓഫീസിന്റെ സുരക്ഷിതത്വത്തിലേക്ക് മാറി. രോഹിണിമാത്രം അന്നും ഇന്നും ഈ ജോലിയെ അതിന്റെ എല്ലാ പ്രതികൂല സാഹചര്യത്തിലും ഇഷ്ടപ്പെടുന്നു.

കോട്ടയം പുതുപ്പള്ളി സ്വദേശിനിയായ രോഹിണിയുടെ കണ്ടക്ടറായുള്ള ആദ്യ നിയമനം ചെങ്ങന്നൂര്‍ ഡിപ്പോയിലായിരുന്നു. ചെങ്ങന്നൂര്‍കോട്ടയം റൂട്ടിലായിരുന്നു ആദ്യ ഡബിള്‍ബെല്‍ കൊടുക്കാന്‍ നിര്‍ദേശംവന്നത്. രോഹിണിയുടെ സ്വന്തം ഭാഷയില്‍ പറഞ്ഞാല്‍ 'ആരും ഇറങ്ങാനില്ലാത്ത എല്ലാവരും കയറുന്ന അത്ര തിരക്കുള്ള റൂട്ടായിരുന്നു' അത്. ചെങ്ങന്നൂര്‍ റൂട്ടില്‍ ബസുകള്‍ കുറവും യാത്രക്കാര്‍ കൂടുതലുമായിരുന്നു. ആളുകളെ കുത്തിനിറച്ച ബസിലൂടെ ഞെങ്ങിഞെരുങ്ങി 'ടിക്കറ്റ് ടിക്കറ്റ്' എന്നുപറഞ്ഞ് മുന്നോട്ടുപോകുമ്പോള്‍ അനാവശ്യ കമന്റുകള്‍ നിരവധി കേട്ടിട്ടുണ്ട്. എന്നാല്‍ ഡ്രൈവര്‍മാര്‍ എന്നും എല്ലാ പിന്തുണയും നല്‍കി. കുടുംബവും പ്രത്യേകിച്ച് ചേച്ചിയും കൂടെനിന്നു. കൂത്താട്ടുകുളം കോട്ടയം, അടൂര്‍ പന്തളം തുടങ്ങിയ റൂട്ടുകളിലും രോഹിണി നിയോഗിക്കപ്പെട്ടിട്ടുണ്ട്. രാത്രി വൈകിയും ജോലിചെയ്തു.

വ്യത്യസ്ത സ്വഭാവക്കാരുടെ ഇടയില്‍ മോശമായ കമന്റുകള്‍ കേട്ട് ക്ഷമയുടെ നെല്ലിപ്പലകകണ്ട് ജോലിതുടര്‍ന്നു. വീട്ടിലെ ബുദ്ധിമുട്ടുകള്‍, സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നം... അങ്ങനെ പല ഘടകങ്ങളാണ് ആരോടും ഒരു പരിഭവവും ഇല്ലാതെ ജോലി മുന്നോട്ട് കൊണ്ടുപോകാന്‍ രോഹിണിയെ സഹായിച്ചത്. അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചുപോയതിനാല്‍ അമ്മ കൂലിപ്പണിയെടുത്താണ് രോഹിണി അടക്കമുള്ള അഞ്ച് കുട്ടികളെ വളര്‍ത്തിയത്. കിട്ടിയ ജോലിയില്‍ പിടിച്ചുനില്‍ക്കാന്‍ വീട്ടിലെ ബുദ്ധിമുട്ടുകള്‍ അധിക പ്രേരണയായി. 

ഇപ്പോള്‍ തലയിലേറ്റിയിരിക്കുന്നത് വളരെ ഭാരിച്ച ഉത്തരവാദിത്തമാണെന്ന് രോഹിണിക്ക് ഉത്തമ ബോധ്യമുണ്ട്. ഒരു ഡിപ്പോയുടെ ചുമതലക്കാരിയായതിനാല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യേണ്ടി വരും. 24 മണിക്കൂറും ഫോണില്‍ ലഭ്യമാകണം. അങ്ങനെ തിരക്കേറിയതാകുന്നു രോഹിണിയുടെ ഓരോ ദിവസവും ഓരോ മണിക്കൂറുകളും.

പിറവം ഡിപ്പോയില്‍ രണ്ട് പുരുഷ സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്കൊപ്പമാണ് രോഹിണി ജോലിനോക്കുന്നത്. ചുമതല പങ്കിടാന്‍ കണ്‍ട്രോളിങ് ഓഫീസര്‍മാരും ഉണ്ട്. എങ്കിലും ബുദ്ധിമുട്ടുകള്‍ ഏറെയുള്ള കെഎസ്ആര്‍ടിസിക്ക് പരമാവധി വരുമാനം എങ്ങനെ ലഭ്യമാക്കാം എന്നതാണ് ലക്ഷ്യം. വീട്ടിലെത്തിയാലും പൂര്‍ണ്ണമായും ജോലിയില്‍നിന്ന് വിട്ടുനില്‍ക്കാനാകില്ല. കണ്ടക്ടറായ ശേഷമായിരുന്നു വിവാഹം. ഭര്‍ത്താവ് കെ ആര്‍ സുരേഷിന് ജോലിയുടെ സ്വഭാവം നന്നായി അറിയാം. പൂര്‍ണ്ണ സഹകരണമാണ് സുരേഷില്‍ നിന്നും വിദ്യാര്‍ഥിനികളായ മക്കളില്‍നിന്നും രോഹിണിക്ക് ലഭിക്കുന്നത്. സുരേഷ് സ്വകാര്യ വാഹനത്തിലെ ഡ്രൈവറാണ്. ഏഴിലും മൂന്നിലും പഠിക്കുന്ന മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം തൊടുപുഴ വഴിത്തല കണിയാംപറമ്പില്‍ വീട്ടിലാണ് രോഹിണി താമസിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top