20 April Saturday

പെണ്ണിന് പാടില്ലാത്ത പാവക്കൂത്ത്‌

വിജയ് സി എച്ച് vijaych8222@gmail.comUpdated: Sunday Mar 12, 2023

തോൽപാവക്കൂത്ത് കലാശാഖയിൽ കേരള ഫോക്‌ലോർ അക്കാദമിയുടെ യുവപ്രതിഭാ പുരസ്കാരം നേടിയ ആദ്യ വനിതയാണ് രജിത രാമചന്ദ്രൻ. കേന്ദ്രസർക്കാരിന്റെ സാംസ്കാരിക മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന CCRT-യിലേക്ക്‌ സ്കോളർഷിപ്പിനു വേണ്ടി അപേക്ഷ കൊടുത്തപ്പോൾ, തോൽപാവക്കൂത്തിൽ സ്ത്രീകളില്ലെന്ന മറുപടി കേൾക്കേണ്ടിവന്ന കലാകാരിക്ക്‌, സംസ്ഥാന സർക്കാരിൽനിന്നെത്തിയ അംഗീകാരം സ്വാഭാവികമായും ഇരട്ടി മധുരം.
തെയ്യവും കാളവേലയും നന്തുണിപ്പാട്ടും ദഫ് മുട്ടും മുതൽ മാർഗംകളി വരെ നീണ്ടുകിടക്കുന്ന അനുഷ്ഠാന കലാരൂപങ്ങളിലൊന്നാണ് തോൽപാവക്കൂത്ത്. കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ  പട്ടികയിലുള്ള 27 അനുഷ്ഠാന കലകളിലൊന്നായ തോൽപാവക്കൂത്ത് സ്ത്രീകളുടേതു കൂടിയാക്കാൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന യുവ കലാകാരിയുടെ വാക്കുകളിലൂടെ.

പെണ്ണുങ്ങൾക്ക് വിധിച്ചത്  നിർമാണം മാത്രം
 

സ്വകാര്യ സ്ഥലങ്ങളിൽ ഇരുന്നുകൊണ്ടുള്ള പാവ നിർമാണം മാത്രമാണ് പെണ്ണുങ്ങൾക്ക് വിധിച്ചിട്ടുള്ളത്. കൂത്തുമാടത്ത് കയറാനോ പാവ കളിപ്പിക്കാനോ അവകാശമില്ല. പെണ്ണുങ്ങളെ കൂത്തുമാടത്ത് കയറ്റിയാൽ ആ ക്ഷേത്രം തന്നെ ബഹിഷ്കരിക്കപ്പെടുമെന്ന ഭീഷണി എന്റെ  അച്ഛൻ (പ്രശസ്ത തോൽപാവക്കൂത്ത് കലാകാരൻ രാമചന്ദ്ര പുലവർ) സദാ നേരിട്ടുകൊണ്ടിരിക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ഏറെ യാഥാസ്ഥിതിക സ്വഭാവമുള്ള പാവക്കൂത്തിനെ പുത്തൻ വഴികളിലേക്ക്‌ മുത്തച്ഛനും അച്ഛനും കൊണ്ടുവന്നത്.  അതിനാൽ, ഞങ്ങൾ സ്ത്രീകൾ ഔദ്യോഗികമായി പാവനിർമാണ കലയിൽ വ്യാപൃതരായിരിക്കുമ്പോൾത്തന്നെ ഈ മേഖലയിൽ അച്ഛന് വലിയ ധാർമിക പിന്തുണ നൽകിക്കൊണ്ടിരിക്കുന്നു. ക്ഷേത്രങ്ങൾക്കു സ്വാധീനമില്ലാത്ത പൊതു ഇടങ്ങളിൽ കൂത്തുകൾ അവതരിപ്പിക്കാറുണ്ട്. കാലം മാറുന്നതിനനുസരിച്ച് ഈ കലാരൂപം കൂടുതൽ ജനകീയവും മതേതരവുമാക്കുകയെന്ന ഉദ്ദേശ്യത്തോടെ വിവിധ വിഷയങ്ങൾ പാവക്കൂത്തിനായി തെരഞ്ഞെടുത്ത് പൊതു വേദികളിൽ അവതരിപ്പിക്കുന്നു. സ്വാതന്ത്ര്യസമര കഥ പറയുന്ന ഗാന്ധിക്കൂത്ത്, യേശുചരിതക്കൂത്ത്, അറബിക്കഥക്കൂത്ത്, കുമാരനാശാന്റെ  ചണ്ഡാലഭിക്ഷുകിക്കൂത്ത്, ഷെയ്ക്സ്പിയർ നടക കൂത്തുകൾ, ട്രാഫിക് ബോധവൽക്കരണക്കൂത്ത് മുതലായ ആവിഷ്‌കാരങ്ങൾ
പുതിയ മാനങ്ങൾ നൽകുന്നു.

ചവിട്ടുപടിയിൽ പോലും വിലക്ക്
|
അച്ഛന്റെ  അതിഥിയായി എത്തിയ ഒരു വിദേശ വനിതയ്ക്ക് അമ്പലക്കൂത്ത് കാണാനുള്ള അതിയായ ആഗ്രഹമുണ്ടായി. അച്ഛൻ അവരെ കൂത്തുമാടത്തിനു സമീപം കൂട്ടിക്കൊണ്ടുപോയി. നിഴൽപാവകളി രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെയാണ്. ധനു മാസത്തിലെ തണുപ്പും രാത്രിയിൽ ഒരു സ്ത്രീയെ ഒറ്റയ്ക്ക് പുറത്തിരുത്തുന്നതിലുള്ള നിർദയത്വവും കണക്കിലെടുത്ത് അച്ഛൻ അവരോട് കൂത്തുമാടത്തിന്റെ ചവിട്ടുപടിയിൽ ഇരിക്കാൻ പറഞ്ഞു. പക്ഷെ, അതിനെ തുടർന്ന് കൊടിയ പൊല്ലാപ്പാണുണ്ടായത്. ഒരു സ്ത്രീയെ കൂത്തുമാടം തൊടാൻ അനുവദിച്ച കുറ്റം ആരോപിച്ച് അച്ഛൻ വേട്ടയാടപ്പെട്ടു. സ്ത്രീകൾ കൂത്തുമാടത്ത് പ്രവേശിക്കാൻ പാടില്ലയെന്നത് ഇന്നും ഒരു അഭേദ്യ ആചാരമായി തുടരുന്നു. സമൂഹം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഇതിനൊരു വ്യത്യാസമുണ്ടാക്കാനാണ് ഇന്ന് എന്റെ  എല്ലാ പ്രവർത്തനങ്ങളും.

അനുഷ്ഠാന കല

ഓരോ പ്രദേശത്തുള്ളവരും താന്താങ്ങളുടെ ആചാരങ്ങൾ കലാപരതയോടെ അനുഷ്ഠിക്കുമ്പോഴാണ്‌ അവ കാലക്രമേണ അനുഷ്ഠാന കലകളായി രൂപപ്പെടുന്നത്. മനുഷ്യരെയും രാക്ഷസന്മാരെയും മൃഗങ്ങളെയും പക്ഷികളെയും പാവകളുടെ രൂപത്തിൽ വേണ്ടവിധം കൈകാര്യം ചെയ്ത് നാടകം അവതരിപ്പിക്കുന്ന കലാശാഖ പാലക്കാടു മുതൽ പടിഞ്ഞാറ് പൊന്നാനി വരെയുള്ള മണ്ണിലാണ് അനുഷ്ഠിച്ചു, വളർത്തി, വികസിപ്പിച്ചത്. വള്ളുവനാടെന്ന്  വിളിച്ചിരുന്ന ഈ പ്രദേശത്തെ ദേവീക്ഷേത്രങ്ങളോട് ബന്ധപ്പെട്ടാണ് പാവകളിയെന്ന്  അറിയപ്പെടുന്ന പാവക്കൂത്ത് അനുഷ്ഠിച്ചുപോരുന്നത്. എത്ര വർഷത്തെ ചരിത്രം തോൽപാവക്കൂത്തിനുണ്ടെന്ന് കൃത്യമായി പറയാൻ കഴിയില്ല. ഭാരതപ്പുഴയും അതിന്റെ  കൈവഴികളും ഒഴുകുന്ന മധ്യകേരളത്തിന്റെ  സമ്പത്താണ് പാവക്കൂത്ത്.

നിഴൽ പാവകളി ഏറ്റവും ജനപ്രിയം

കൈയുറ പാവകളി, കോൽ പാവകളി, ചരടു പാവകളി, നിഴൽ പാവകളി എന്നിവയിൽ ഏറ്റവും ജനപ്രിയമായത് അവസാനത്തെയാണ്. കൂത്തുമാടമാണ് അരങ്ങ്. അവതാരകൻ മാടപുലവർ. നിഴലുകൾ പതിക്കുന്നത് ആയപ്പുടവയിൽ. രാത്രിയിലാണ് കൂത്തുമാടം തെളിയുന്നത്. കലാകാരൻ നേരിട്ട് അരങ്ങിൽ വരാതെ, ആയപ്പുടവയുടെ പിറകിൽ വച്ചിരിക്കുന്ന വിളക്കിനു മുന്നിൽ പാവകളെ ചലിപ്പിച്ച്, അതിന്റെ  നിഴലുകളാലാണ് കഥാഖ്യാനം നടത്തുന്നത്. അതിനാൽ, ഇത് നിഴൽപ്പാവക്കൂത്ത്. മാനിന്റെ  തോലിൽ കൊത്തിയുണ്ടാക്കിയ പാവകളാണ് കഥാപാത്രങ്ങൾ. ഇതാണ് തോൽപാവക്കൂത്ത് എന്ന നാമകരണത്തിനാധാരം. ഏറ്റവും ജനപ്രിയമായതും പ്രചാരമുള്ളതും തോൽപാവക്കൂത്താണ്. പുലവർ എന്നതൊരു ജാതിപ്പേരല്ല, കൂത്തു കലാകാരന്റെ  സ്ഥാനപ്പേരാണ്. കേരളത്തിലെ പല വിഭാഗത്തിൽപ്പെട്ടവർക്കും പുലവർ സ്ഥാനമുണ്ട്.

അവതരണം

42 അടി നീളമുള്ള കൂത്തുമാടത്തിന്റെ  നടുവിൽ ഒരു തൂണാണ്. തൂണിന്റെ  വലതു ഭാഗത്ത് നന്മനിറഞ്ഞ കഥാപാത്രങ്ങളും ഇടതു ഭാഗത്ത് ദുഷ്ട കഥാപാത്രങ്ങളുമെത്തുന്നു. ആയപ്പുടവയുടെ പകുതി ഭാഗം വെളുപ്പും പകുതി  കറുപ്പുമാണ്. കമ്പരാമായണത്തിന്റെ  പത്തിൽ മൂന്നു ശ്ലോകങ്ങളാണ് ആധാരഭൂതമായ വർണനയെങ്കിലും മണിപ്രവാളവും തർക്കശാസ്ത്രവും തച്ചുശാസ്ത്രവുമെല്ലാം അവസരോചിതമായി കഥനം ചെയ്യപ്പെടുന്നു. വാദ്യവും പിൻപാട്ടും 160 പാവയെ കളിപ്പിക്കലും കൂടിയാകുമ്പോൾ മാടപ്പുലവരുടെ പ്രകടനം കാര്യബഹുലമാകുന്നു. പാവക്കൂത്തിന് അത് അർഹിക്കുന്ന പ്രാധാന്യം ലഭിച്ചിരുന്ന കാലത്ത് മുപ്പതോളം കലാകാരന്മാർ കൂത്തുമാടത്ത് അണിനിരക്കുമായിരുന്നു. ഇന്നത് ഒരാളായി ചുരുങ്ങി. ഏഴു ദിവസമെങ്കിലുമുണ്ടെങ്കിലേ ദൃശ്യവൽക്കരണം പൂർത്തിയാകൂ.

 CCRT മാറ്റി നിർത്തി

കുട്ടിക്കാലം മുതൽ മുത്തച്ഛനിൽ നിന്ന് ശിക്ഷണം സ്വീകരിച്ചും സഹോദരന്മാർക്കൊപ്പം ഇരുന്നും കൂത്തു പഠിച്ചു. തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ  (Centre For Cultural Resources And Training) സ്കോളർഷിപ്പിന് അപേക്ഷ കൊടുത്തത്.  ഇന്റർവ്യൂ കോൾ ലെറ്റർ പോലും ലഭിച്ചില്ല. അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി, താങ്കൾ ഒരു പെൺകുട്ടിയാണ്, തോൽപാവക്കൂത്തിൽ സ്ത്രീകളില്ലെന്ന് അറിഞ്ഞുകൂടെ, പിന്നെ എന്തിനാണ് അപേക്ഷ നൽകിയത് എന്നായിരുന്നു. എന്നാൽ, ഇന്ന് ഞാൻ കേരള ഫോക്‌ലോർ അക്കാദമിയുടെ യുവപ്രതിഭ പുരസ്കാരം ലഭിച്ച തോൽപാവക്കൂത്തിലെ ആദ്യത്തെ വനിതയാണ്. അഭിമാനമുണ്ട്. ഈ അംഗീകാരം തീർച്ചയായും കൂടുതൽ പെൺകുട്ടികൾക്ക് ഒരു ഭയവുമില്ലാതെ ഈ കലാരൂപത്തിലേക്ക്‌ പ്രവേശിക്കാൻ പ്രോത്സാഹനം നൽകും.

പെൺകുട്ടികൾക്ക് പരിശീലനം


ഷൊർണൂരിന് ഏഴു കിലോമിറ്റർ കിഴക്കുള്ള കൂനത്തറയാണ് ജന്മദേശം. അവിടെ ഒരു തോൽപാവക്കൂത്ത് പഠനകേന്ദ്രം നടത്തി വരുന്നു. കേന്ദ്രത്തിൽ പെൺകുട്ടികൾക്ക് പരിശീലനം നൽകുകയെന്ന ദൗത്യം ഞാൻ ഏറ്റെടുത്തിരിക്കുന്നു. തോൽപാവക്കൂത്തെന്ന പരമ്പരാഗത കല കലാഹരണപ്പെട്ടുപോകുന്നതിൽനിന്ന് സംരക്ഷിക്കുക, താൽപ്പര്യമുള്ളവർക്ക് പരിശീലനം കൊടുക്കുക, ഗവേഷക വിദ്യാർഥികൾക്ക് ആവശ്യമായ ജ്ഞാനം പകർന്നുകൊടുക്കുക, പുതിയ മേഖലകൾ കണ്ടെത്തുക എന്നിവയാണ് കേന്ദ്രത്തിന്റെ  ഉദ്ദേശ്യം. രാജ്യത്തുനിന്നുമാത്രമല്ല, അമേരിക്കയിൽനിന്നും യൂറോപ്പിൽനിന്നും തെക്കു കിഴക്കൻ ഏഷ്യയിൽനിന്നും വിദ്യാർഥികൾ ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു. താമസിച്ചു പഠിക്കാനുള്ള സൗകര്യവുമുണ്ട്. പുലവർ സമൂഹത്തിൽ നിന്നും പ്രേക്ഷകരിൽ നിന്നും നിശിത വിമർശങ്ങളും ബഹുവിധമായ എതിർപ്പുകളും സഹിച്ചാണ് പെൺകുട്ടികളെ പാവക്കൂത്ത് പരിശീലിപ്പിക്കുന്നത്. നാളെ ഞങ്ങൾക്കും കൂത്തുമാടത്ത് കയറാൻ കഴിയുമെന്നുതന്നെയാണ് വിശ്വാസം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top