26 April Friday

ആകാശ നീല ഏറെ ഇഷ്ടം

സൂരജ്‌ സുരേഷ്‌ soorajachu160@gmail.comUpdated: Sunday Jun 11, 2023

കൊച്ചുജീവിത കാലയളവിൽ ഈ പെൺകുട്ടി വരച്ച ചിത്രങ്ങൾ രണ്ടായിരത്തിൽപ്പരം. 93 രാജ്യത്തുനിന്നും 40,000 മത്സരാർഥികൾ പങ്കെടുത്ത 2019ലെ ക്ലിന്റ് മെമ്മോറിയൽ ഇന്റർനാഷണൽ ഓൺലൈൻ പെയിന്റിങ് മത്സരത്തിൽ പങ്കെടുത്തു വിജയിച്ച 40 അതുല്യപ്രതിഭകളിൽ ഒരാൾ. കോട്ടയം കങ്ങഴ സ്വദേശിയായ അലീന ഷെറിൻ ഫിലിപ്പിന്റെ വിശേഷങ്ങൾ ഇനിയുമുണ്ട്‌. പ്ലസ് ടു പരീക്ഷയിൽ 98.75 ശതമാനം മാർക്കോടെ ഫുൾ എ പ്ലസ്‌ നേടിയ മിടുക്കി. ഈ ചെറുപ്രായത്തിൽ ചിത്രകലയിലും പഠനത്തിലും മികവുപുലർത്തുന്ന അലീന നാടിനും നാട്ടാർക്കും അഭിമാനമാണ്. കങ്ങഴ മുണ്ടത്താനത്ത് ഫിലിപ്പ് ജോസഫ്‌ –- റെയ്നി ഫിലിപ്പ്‌ ദമ്പതികളുടെ മകളാണ്‌.

തുടക്കം  പെൻസിൽ ഡ്രോയിങ്ങിൽ

പെൻസിൽ ഡ്രോയിങ്ങിൽ ആയിരുന്നു തുടക്കം. സോമൻ സാർ ആയിരുന്നു ഗുരു. അലീന വരച്ച ചിത്രങ്ങൾ ഫെയ്‌സ്ബുക്കിൽ കണ്ട് കോട്ടയം ക്രൈംബ്രാഞ്ച് എസ്ഐ രാജേഷ്  തുടർപഠനത്തിന്‌ സഹായം വാഗ്‌ദാനംചെയ്‌തു. അങ്ങനെ പെൻസിൽ ഡ്രോയിങ്ങിൽനിന്ന്‌ വാട്ടർ കളറിലേക്ക് ചുവടുമാറ്റി. അതിനുശേഷം പെൻസിൽ, വാട്ടർ കളർ, ഓയിൽ പെയിന്റിങ്, അക്രെലിക് പെയിന്റിങ് തുടങ്ങി വരയുടെ വൈവിധ്യങ്ങളിലാണ്‌. കൂടുതലും ചെയ്യാൻ താൽപ്പര്യം വാട്ടർ കളറാണ്. തുടക്കത്തിൽ അബ്‌സ്ട്രാക്ട് പെയിന്റിങ് ചെയ്യുന്നതായിരുന്നു ഇഷ്ടം. ഇപ്പോൾ പ്രകൃതിയും മനുഷ്യരും ഉൾപ്പെടുന്ന റിയലിസ്റ്റിക് ചെയ്യാനാണ്‌ ഏറെ താൽപ്പര്യം.

ഈ പതിനേഴുകാരിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറം നീലയാണ്. ആകാശനിറം നീലയാണല്ലോ. അതുമല്ല പ്രാഥമിക വർണങ്ങളിൽ ഒന്നുമാണ്.  നിറങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നിറങ്ങളിൽ ഒന്നാണെന്നതും ഇഷ്ടം കൂടാൻ കാരണമായി. സ്കൂൾ തലത്തിൽ  സിബിഎസ്ഇ കലോത്സവങ്ങളിൽ പങ്കെടുത്താണ് അലീന മത്സരവേദികളിൽ എത്തുന്നത്. കോട്ടയം ഫ്ലവർ ഷോ, ജില്ല ഖാദി എക്സ്പോ, നിറച്ചാർത്ത്, മാനവീയം, ചങ്ങനാശേരി അതിരൂപത ചിത്രരചനാ മത്സരം, സഹോദയ കലോത്സവം തുടങ്ങി ഒട്ടനവധി മത്സരത്തിൽ പങ്കെടുത്തു വിജയിച്ചു. 2022ൽ ചങ്ങനാശേരി എസ്ബി കോളേജിൽ നടന്ന ഓൾ ഇന്ത്യ സയൻസ് ആൻഡ് കൾച്ചറൽ എക്സിബിഷൻ, ആലപ്പുഴയിൽ നടന്ന കേരള കോൺഗ്രസ്‌ എം സംസ്ഥാന കമ്മിറ്റി കൾച്ചറൽ എക്സിബിഷൻ, കോട്ടയം കലക്ടറേറ്റ് നടത്തിയ എക്സിബിഷൻ, ചങ്ങനാശേരി വ്യാപാരി –- വ്യവസായി അസോസിയേഷൻ നടത്തിയ എക്സിബിഷൻ, കേരള ചിത്രകലാ പരിഷത്തിന്റെ ഓൺലൈൻ എക്സിബിഷൻ തുടങ്ങിയവയിൽ  പ്രദർശനം നടത്താനും പുരസ്‌കാരങ്ങൾ നേടാനുമായി.  ബറോഡ എംഎസ് യൂണിവേഴ്സിറ്റിയിൽ ഫൈൻ ആർട്സിൽ ഉപരിപഠനമാണ് ലക്ഷ്യം.  ലോകപ്രശസ്തയായ  ചിത്രകാരിയാകണം, മൊണാലിസ  പോലുള്ള ചിത്രങ്ങൾ നേരിൽ കാണണം, അലീനയുടെ സ്വപ്‌നങ്ങൾ അവസാനിക്കുന്നില്ല. കോട്ടയത്ത്‌ ടൈൽ  ബിസിനസ്‌ നടത്തുന്ന അച്ഛനാണ് പ്രചോദനം. ആദ്യമൊക്കെ അച്ഛന്റെ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ട് വഴിയായിരുന്നു ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്‌തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top