24 April Wednesday

വരകളിൽ നിന്ന് വെള്ളിത്തിരയിൽ പത്മിനി

പി വി ജീജോUpdated: Tuesday Oct 30, 2018


കാൻവാസിൽ നിറമുള്ള ചിത്രങ്ങൾ സമ്മാനിച്ച ടി കെ പത്മിനി ഓർമ്മച്ചിത്രമായിട്ട് ഏകദേശം അമ്പതാണ്ടാകുന്നു. വരകളിലും വർണത്തിലും മാത്രമല്ല, നിലവിലുള്ള ജീവിതാവസ്ഥക്കെതിരായും പ്രതിരോധിച്ച കലാകാരി എന്ന നിലയിലാണ് പത്മിനിയുടെ കലാജീവിതം വായിക്കപ്പെടേണ്ടത്.
സ്ത്രീയെ അടിച്ചമർത്തുന്ന വർത്തമാനത്തിൽ പത്മിനിയുടെ വരയും ജീവിതവും ഇന്ന് വലിയ നിറപ്പൊലിമയോടെ കാണേണ്ടതാണ്. കാരണം ‘പെണ്ണായാൽ മണ്ണാകുവോളം  കുടുംബത്തിൽ’ എന്ന നിയതമായ പാരമ്പര്യവും സാമൂഹിക വഴക്കവും സർവ്വശക്തമായി നിലകൊണ്ട കാലത്താണ് വിലക്കുകളെ വകവെക്കാതെ സർഗജീവിതം പത്മിനി തെരഞ്ഞെടുത്തത്. അടുക്കള മുതൽ കിടപ്പറവരെ മാത്രമൊതുങ്ങുന്ന "ദാന ജീവിത''മാണല്ലോ പെണ്ണിന് . വെക്കാനും വിളമ്പാനും  ഭോഗിക്കാനും മാത്രമുള്ള ഉപകരണമായിരുന്നു പഴയതറവാടുകളിൽ പെൺജീവിതം.  വലിയമാറ്റമൊന്നും അതിൽ ഇന്നുമില്ലല്ലോ. ആരാധനക്കും ആവിഷ്കാരത്തിനുമെല്ലാം  പെണ്ണായതിനാൽ മാത്രം നിഷേധം അനുഭവിക്കേണ്ടിവരുന്ന സമകാലീന കേരളത്തിൽ പത്മിനിയുടെ ചിത്രവും ജീവിതവും വീണ്ടും വീണ്ടും അറിയേണ്ടതും വായിക്കേണ്ടതുമാണ്. അത്തരമൊരു സാംസ്കാരിക ദൗത്യത്തിന്റെ പ്രതിബദ്ധതാപൂർണമായ നിർവഹണമാണ് സുസ്മേഷ് ചന്ദ്രോത്തിന്റെ സിനിമ " പത്മിനി''.

കഥാകാരനായ സുസ്മേഷ് കാവ്യാത്മകമായി കാഴ്ചക്കാരന് ഒരുക്കിയ കലോപഹാരമെന്ന് പത്മിനിയെ വിശേഷിപ്പിക്കാം. സാമ്പ്രദായികതയും പാരമ്പര്യവും വീട്ടകങ്ങളെ അടക്കിഭരിച്ച കാലത്തായിരുന്ന പത്മിനി എന്ന യുവതി ചിത്രം വരച്ചിരുന്നത്. നാട്ടിലല്ല വീട്ടിൽപ്പോലും പെൺകുട്ടി വരയ്‌ക്കുന്നത് കുറ്റമായി കണ്ട കാലം. വരകളിൽ, വർണങ്ങളിൽ അവർ സഞ്ചരിച്ച വഴികൾ അതിനാൽ അന്നത്തെ ആ കാലത്തിൽ മാത്രമല്ല ഇന്ന് വിലയിരുത്തുമ്പോഴുംവിപ്ലവാത്മകമെന്നേ വിശേഷിപ്പിക്കാനാകൂ. പത്മിനിയുടെ ഹ്രസ്വമായ നിറജീവിതത്തെ ഹൃദ്യമായി തീവ്രത ചോരാതെ, അതേസമയം ഒട്ടും സിനിമാറ്റിക്കലോ സിനിക്കോ അല്ലാതെ വെള്ളിത്തിരയിൽ സുസ്മേഷ്് പകർത്തിവെച്ചിരിക്കുന്നു. കഥയിലും സംവിധാനത്തിലും കരുതലോടെയും കൈയടക്കത്തോടെയും  നടത്തിയ ഇടപെടലുകൾ ആ സർഗപരതയെ ഒട്ടും നിറംകെടുത്തിയില്ലെന്ന് കലാകാരിയെ വായിച്ചും ചിത്രം പരിചിയിച്ചുമുള്ള ആസ്വാദകർ സമ്മതിക്കും.  മലയാളത്തിൽ മനോഹരമായി ഒരുക്കിയ ബയോപിക്ചർ സിനിമയായി പത്മിനി അംഗീകരിക്കപ്പെടുമെന്നുറപ്പാണ്.

ഹ്രസ്വം ദീപ്തം പത്മിനീ ജീവിതം
ചെറുതായ ഒരു ജീവിതത്താൽ കലാലോകത്തെ വിസ്മയിപ്പിച്ച ചിത്രകാരിയായിരുന്നു ടി കെ പത്മിനി. പൊന്നാനിക്കടുത്ത കാടഞ്ചേരി എന്ന ഗ്രാമത്തിൽ ജീവിച്ച പത്മാവതിയുടെ പ്രതിഭാവിലാസം ഗ്രാമവും ദേശവും കടന്ന് ചുരുങ്ങിയകാലത്തിനുള്ളിൽ കലാലോകത്തിന്റെ ശ്രദ്ധയാകർഷിച്ചിരുന്നു. കേവലം 29 വർഷം മാത്രമായിരുന്നു അവർ ജീവിച്ചത്. എന്നാൽ ലളിതകലാഅക്കാദമി പുരസ്കാരമടക്കം ബഹുമതികൾ സ്വന്തമാക്കി. മദിരാശിയിലും മുംബെയിലും ഡൽഹിയിലും ഈ പൊന്നാനിക്കാരിയുടെ ചിത്രപ്രദർശനങ്ങളുണ്ടായി. പട്ടം പറപ്പിക്കുന്ന പെൺകുട്ടി, വുമൺ എന്നീ ചിത്രങ്ങൾ സ്ത്രീ പക്ഷ ചിത്ര രചനയിൽ മലയാളിയുടെ ആദ്യ സൃഷ്ടികളായി കലാനിരൂപകർ വിലയിരുത്തിയിട്ടുണ്ട്.  നീല നദി,  നിലാവ്,  ഡിസയർ, ഡ്രീംലാന്റ്, ഡോൺ, ഗ്രോത്ത്, ബറിയർ ഗ്രൗണ്ട് തുടങ്ങിയവയും വരയുടെ മികവിലും വിഷയത്തോടുള്ള സമീപനത്താലും ചർച്ചയായിരുന്നു. പ്രസവത്തിനിടയിൽ ചോരവാർന്ന് മരിച്ച പത്മിനിയുടെ വേർപാട് മലയാളത്തിന്റെ സ്ത്രീപക്ഷ ചിത്രരചനയിൽ വലിയൊരു ശൂന്യതയാണുണ്ടാക്കിയത്. രാജലക്ഷ്മിയും മാധവിക്കുട്ടിയമെല്ലാം എഴുത്തിന്റെ മണ്ഡലത്തിൽ നിർവഹിച്ചത് ചായത്തിലും ബ്രഷിലും അടയാളപ്പെടുത്തിയ കലാകാരിയാണ് ടി കെ പത്മിനി.

കലാസൗന്ദര്യമാർന്ന നിറക്കൂട്ട്
പത്മിനിയുടെ അധികമാർക്കുമറിയാത്ത കലാജീവിതത്തെ സരളമായും കലാസൗന്ദര്യത്തികവോടെയും സിനിമയിൽ പകർത്തിയിട്ടുണ്ട്.തറവാട്ടിൽ പിറന്ന പെണ്ണുങ്ങൾക്ക് പറഞ്ഞതല്ല ചിത്രംവര എന്ന് പറഞ്ഞ്  പെൺകുട്ടിയായിരിക്കുമ്പോഴേ അവളുടെ വരയ്‌ക്ക്മേൽ മുള്ളും മുനയുമേറെ വിതറുന്നുണ്ട്. എന്നാൽ മതിലിലും ചുമരിലുമായി ആ വരകൾ  ഒടുങ്ങാതെ വെളിച്ചമേകിയത് അമ്മാവനായ ദിവാകരമേനോനാണ്് . പണവും പണ്ടവുംവേണ്ട  പട്ടും എന്റെറ കുട്ടിക്ക് വേണ്ട ,വേണ്ടത് വരക്കാനുള്ള  സ്വതന്ത്രലോകമാണ്  എന്ന്  പറഞ്ഞ് പത്മിനിയെ പ്രോത്സാഹിപ്പിച്ച്‌ ദിവാകരമേനോന്റെ സതീർഥ്യരായി വി ടി ഭട്ടതിരിപ്പാടും പി കുഞ്ഞിരാമൻ നായരും ഇടശേരിയുമെല്ലാം സിനിമയിലെത്തുന്നുണ്ട്.

പെണ്ണിന് പേറ് മഹിമയായാണല്ലോ എന്നും പറഞ്ഞ് നടക്കാറ്. അഞ്ചും പത്തും പ്രസവിക്കുന്നവർ മാതൃകാ സ്ത്രീ രത്നങ്ങളായി വാഴ്ത്തപ്പെടുന്നു. എന്നാൽ പ്രസവത്തിനിടയിൽ മതിയായ ചികിത്സകിട്ടാതെ ചോര നഷ്ടമായി എത്ര അമ്മാരുടെ ജീവിതം നഷ്ടമായിട്ടുണ്ട്. അവരെക്കുറിച്ച് ഒരോർമ്മയുമില്ല നമ്മുടെ ചരിത്രത്തിൽ. പത്മിനിയുടെ ദാരുണമായ അകാലമരണം അത്തരത്തിലൊന്നാണ്. സൗകര്യമേറെയുണ്ടായിരുന്ന മദിരാശിപട്ടണത്തിൽ നിന്ന് കാടഞ്ചേരിയിലെ വീട്ടിൽ പ്രസവത്തിനായി പത്മിനിയെ കൊണ്ടുവരുന്നത്വീട്ടിലേ പ്രസവംപാടുള്ളു എന്ന ആചാര സംരക്ഷണത്തിനായിരുന്നു. അത്തരമൊരാചാരത്തിന്റെ രക്തസാക്ഷിയായി മാറി പത്മിനി.

പത്മിനിയായി അനുമോൾ

കാനഡയിലെ വാൻകൂവറിൽ നടക്കുന്ന ഡയറക്ടേഴ്സ് കട്ട് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട് 'പത്മിനി'. നടി അനുമോളാണ് പത്മിനിയായി വേഷമിട്ടിരിക്കുന്നത്. അമ്മാവൻ ദിവാകര മേനോനായി ഇർഷാദും. സഞ്ജു ശിവറാം, അച്യുതാനന്ദൻ, ഷാജു ശ്രീധർ, സംവിധായകൻ പ്രിയനന്ദനൻ, ശാരിക ലക്ഷ്മി, ശോഭന, സുമേഷ്, ആയില്യൻ, ജിജി ജോഗി എന്നിവരും മറ്റ് പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നു.

സുസ്മേഷ് ചന്ദ്രോത്ത് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിന്റെ നിർമ്മാണം  ടി കെ പത്മിനി മെമ്മോറിയൽ ട്രസ്റ്റിനുവേണ്ടി ടി കെ ഗോപാലനാണ്.  ഛായാഗ്രഹകനുള്ള സംസ്ഥാന പുരസ്കാരം നേടിയ മനേഷ് മാധവനാണ്  ക്യാമറ. ബി അജിത് കുമാർ ചിത്രസംയോജനവും  ശ്രീവത്സൻ ജെ മേനോൻ സംഗീതവും നിർവഹിച്ചിരിക്കുന്നു. ഗാനരചന: മനോജ് കുറൂർ, ആലാപനം: അശ്വതി സഞ്ജു, സൗണ്ട് ഡിസൈൻ: ജിയോ പയസ്, വിഷ്വൽ എഫക്ട്സ് ആൻഡ് ടൈറ്റിൽ ഡിസൈൻ: റാസി, ഗ്രാഫിക്സ്: സഞ്ജയ് സുരേഷ്, നിർമാണ നിർവഹണം: ഉത്തമൻ കാടഞ്ചേരി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top