02 February Thursday

ആകാശത്തു ജീവിക്കുന്നവരുടെ നാട്ടിൽ, മണ്ണിൽ ചവിട്ടി കാടിനൊപ്പം ജീവിക്കുന്ന ഒരു 'പത്മശ്രീ ജേതാവ്'

ആദർശ് ജോസഫ്Updated: Wednesday Feb 14, 2018

വിതുരയിൽ നിന്ന് പൊൻമുടി ബസിൽ കയറി കല്ലാറിലേക്ക്. കല്ലാർ വനം വകുപ്പ് ചെക്‌പോസ്റ്റിൽ നിന്ന് ഇടത്തേക്ക് ഒരു ഒറ്റയടി പാതയിലൂടെ കാട്ടിലേക്കുള്ള വഴിയിലൂടെ... രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരങ്ങളിലൊന്നായ പത്മശ്രീയും ഈ കാടു കയറി ലക്ഷ്‌മിക്കുട്ടി അമ്മയുടെ കുടിലിൽ എത്തി. കാട്ടിലേക്കു മാത്രമല്ല, കാട് പോലൊരു ജീവിതത്തിലേക്കുമുള്ള വഴിയും ഇതു തന്നെ. കാടിന്റെ നിർമലതയും ശാന്തതയും ഉള്ളിലുള്ള കല്ലാറിന്റെ വനമുത്തശ്ശി ! മാറാരോഗത്താൽ വലയുന്നവരും വിഷമേറ്റ് മരണശയ്യയിലായവരടക്കം നൂറു കണക്കിനാളുകൾ കാട്ടുപാത താണ്ടി ഈ കുടിലിൽ ആശ്രയം കണ്ടെത്തിയവർ.

ഇരുവശവും ഇടതൂർന്നു നിൽക്കുന്ന കാട്ടുചെടികൾ. കാടിനും കാട്ടുചെടികൾക്കും കൂടിയുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം. വഴിയിൽ കൊല്ലം സ്വദേശികളായ രാജനെയും സാവിത്രിയെയും കണ്ടു. കാലങ്ങളായി മാറാത്ത തലവേദനക്ക് മരുന്ന് വാങ്ങാൻ വന്നതാണവർ. നേരെ പോയാൽ മതി, ഏത് തീരാവ്യാധിക്കും അമ്മ മരുന്ന് തരും. 'പെട്ടെന്ന് മാറും'. സാവിത്രിയുടെ വാക്കുകളിൽ ലക്ഷ്മിക്കുട്ടി അമ്മയോടുള്ള വിശ്വാസമുണ്ട്.

കുറെയെത്തിയപ്പോൾ വഴിയുടെ വലത് ഭാഗത്ത് താഴെ ഒരു കുടിൽ. കുടിലിന് സമീപമുള്ള പണിതീരാത്ത വീട്ടിലാണ് ലക്ഷ്മിക്കുട്ടിയുടെ താമസം. വീടിനുള്ളിൽ നിറയെ രോഗികളും സന്ദർശകരും. വീടിന് മൂലയിലെ മേശ നിറച്ചും പുരസ്‌കാരങ്ങളും ട്രോഫികളും. ലക്ഷ്മിക്കുട്ടിയുടെ ശബ്ദം കേൾക്കാം. സഹായികളായ സ്ത്രീകളോട് ഏതോ മരുന്നിന്റെ കാര്യം പറയുകയാണ്. രോഗികൾ ഉൗഴം കാത്തു നിൽക്കുന്നു. രോഗികളെ പരിശോധിക്കുന്നതിനിടയിലും ഫോൺ വിളികൾ. അഭിനന്ദനം അറിയിച്ച് വിളിക്കുന്ന എല്ലാവരോടും 'സന്തോഷം' എന്നേ പറയാനുള്ളു. പത്മശ്രീ ലബ്ധിക്കു ശേഷം കാണാനെത്തുന്ന രോഗികൾക്ക് മരുന്ന് മാത്രം പോരാ, എല്ലാവർക്കും കൂടെ നിന്ന് സെൽഫിയും എടുക്കണം. കോട്ടയത്തു നിന്ന് എത്തിയ കുടുംബം മരുന്ന് കിട്ടിയ ശേഷം സെൽഫിയുടെ തിർക്കിലാണ്. സെൽഫിക്കു പോസു ചെയ്യുന്നതിനിടയിലും 'എല്ലാ ദിവസവും വെളിച്ചം തട്ടും മുൻപ് തന്നെ മരുന്ന് തേക്കണ'മെന്ന് ഓർമ്മിപ്പിക്കുകയാണ് കാട്ടിലെ ഭിഷഗ്വര. ആ വാക്കുകളിൽ വ്യക്തമാണ് രോഗിയോടുള്ള കരുതലും ശ്രദ്ധയും.

കൊല്ലത്ത് നിന്നെത്തിയ നേഴ്‌സിങ് വിദ്യാർഥികളേട് നിറചിരിയോടെ ''എന്തരാണ് വേണ്ടതെ'ന്ന് ലക്ഷ്മിക്കുട്ടി. മാഗസിനിലേക്ക് അഭിമുഖം വേണമെന്നായി വിദ്യാർഥികൾ.


ഊരുമൂപ്പനായ ശീതങ്കൻ കാണിയുടെ മകൾ കുഞ്ചു ദേവിയുടെയും ചാത്തടി കാണിയുടെയും മകളായി 1944 ലാണ് ലക്ഷ്മിക്കുട്ടി ജനിച്ചത്. അമ്മ നാട്ടിൽ അറിയപ്പെടുന്ന വയറ്റാട്ടിയായിരുന്നു. ലക്ഷ്മി ജനിച്ച് മാസങ്ങൾക്കകം അച്ഛൻ മരിച്ചു. രണ്ടാം വയസ്സിൽ മുത്തശ്ശിയും. പിന്നീടങ്ങോട്ട് ലക്ഷ്മിക്കുട്ടി അടക്കം നാലു മക്കളെ മുണ്ടുമുറുക്കിയുടുത്താണ് അമ്മ കുഞ്ചുദേവി പഠിപ്പിച്ചത്. കാട്ടിലെ കിഴങ്ങും പഴങ്ങളും കഴിച്ച് വളർന്ന ആ കാലത്തേക്കുറിച്ച് ഇന്നലെയെന്ന പോലെ ഓർക്കുന്നു. ഊരിൽ നിന്ന് അധികമാരും പഠിക്കാൻ പോകാതിരുന്ന കാലത്തും അമ്മയും മുത്തശ്ശൻ ശീതങ്കൻ കാണിയും ലക്ഷ്മിക്കുട്ടിയെ പള്ളിക്കൂടത്തിൽ അയച്ചു. അഞ്ചാം ക്ലാസ്സുവരെ വിതുരയിലെ സർക്കാർ സ്‌കൂളിലാണ് പഠിച്ചത്. അന്നു പഠിച്ച പാഠങ്ങളൊക്കെ ഇന്നും മനഃപാഠമാണ്. അന്ന് പഠിച്ച കവിതകൾ ചൊല്ലി കേൾപ്പിക്കുകയും ചെയ്തു. വന്യ മൃഗങ്ങൾ വിഹരിക്കുന്ന കൊടുംകാട്ടിലൂടെ 9 കി.മി നടന്നു പോയാണ് പഠിച്ചത്. കൂട്ടായി അമ്മാവന്റെ മകൻ മാത്തൻ കാണിയും. വന്യമൃഗങ്ങളുടെ മുന്നിൽ പെടാതെ പഠിക്കാൻ പോയ ആ കൂട്ട് ലക്ഷ്മിക്കുട്ടിക്ക് ജീവിതത്തിൽ ഉടനീളമുണ്ടായിരുന്നു. പതിനാറാം വയസ്സിൽ ഇരുവരും വിവാഹം കഴിച്ചു.

32 വയസുള്ളപ്പോൾ അമ്മ കുഞ്ചു മരിച്ചു. അമ്മ വയറ്റാട്ടിയും നാട്ടിൽ അത്യാവശ്യം ചികിത്സിക്കുന്നയാളുമായിരുന്നു. ആ ഊരിലെ ചെറിയ ക്ലിനിക്ക് തന്നെയായിരുന്നു വീട്. അമ്മയുടെ മരണ ശേഷം ലക്ഷ്മിക്കുട്ടിയും ഇത് പിന്തുടർന്നു. മാത്തന്റ അച്ഛൻ ഗുരുവായി. ഇന്ന് ഇപ്പോൾഅഞ്ഞൂറിലധികം കാട്ടുമരുന്നുകൾ മനഃപാഠമാണ്. കാട്ടിലെ ഏത് ചെടി കണ്ടാലും അതിന്റെ പ്രത്യേകതയും ഒൗഷധഗുണവു പറയും. വിഷചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മുന്നൂറിലധികം പേരുടെ രജിസ്റ്ററും ഇവർ സൂക്ഷിക്കുന്നുണ്ട്.

ഇതിനിടയിലും മക്കളായ ധരണിന്ദ്രന്റെയും ശിവപ്രസാദിന്റെയും അകാലത്തിലുള്ള മരണം ഈ അമ്മയെ പിടിച്ചുലച്ച സംഭവങ്ങളാണ്. വിദ്യാഭാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് മക്കളെ നല്ല നിലയിൽ പഠിപ്പിച്ചിരുന്നു ലക്ഷ്മിക്കുട്ടിയും മാത്തനും. മൈസൂരു സർവകലാശാലയിൽ നിന്ന് ബിഎ കഴിഞ്ഞിരുന്നു ധരണിന്ദ്രൻ. മരുത്വാമല ക്ഷേത്രത്തിൽ പോകും വഴി ആനയുടെ ആക്രമണത്തിലാണ് ധരണിന്ദ്രൻ മരിക്കുന്നത്. ഹൃദായാഘാതം വന്ന് ശിവ പ്രസാദും മരിച്ചു. രണ്ട് കൊല്ലങ്ങൾക്ക് മുൻപ് ഭർത്താവ് മാത്തൻ കാണിയും മരിച്ചു.ബോട്ടണി പഠിക്കുന്ന കൊച്ചുമകൾ അമ്മൂമ്മയുടെ വഴിയെ എത്തുമെന്ന പ്രതീക്ഷയിലാണ് ലക്ഷ്മിക്കുട്ടി. കൊച്ചുമകൾ കുടെ നടന്ന് എല്ലാം പഠിക്കുന്നുണ്ട്.

വൈദ്യത്തിനൊപ്പം സാഹിത്യവും ലക്ഷ്മിക്കുട്ടിക്ക് വഴങ്ങും. നിരവധി കവിതകളും കഥാപ്രസംഗങ്ങളും കഥകളും ലേഖനങ്ങളും  രചിച്ചിട്ടുണ്ട്. വായനയെക്കുറിച്ചു ചോദിച്ചപ്പോൾ ഇപ്പോൾ വായിക്കുന്ന തമിഴ് നോവൽ എടുത്തു കാണിച്ചു. നല്ല നോവലാണ്. തമിഴ്‌നാട്ടിലെ മുക്കുവരുടെ ജീവിതമാണ് കഥയിൽ.തിരിച്ചിറങ്ങാൻ നേരം സമീപത്തെ കാടിനെക്കുറിച്ച് ചോദിച്ചു. 'കാടല്ലേ എല്ലാം, എന്നാൽ പരിഷ്‌കാരമായി ഈ വീടിന് ടൈലിടണമെന്ന് പറയണ്, എനിക്ക് വേണ്ട. എനിക്ക് മണ്ണിൽ ചവിട്ടി ജീവിക്കണം'. അതെ, ലക്ഷ്മിക്കുട്ടിയമ്മ ഇങ്ങനെയാണ്. ആകാശത്തു ജീവിക്കുന്നവരുടെ നാട്ടിൽ മണ്ണിൽ ചവിട്ടി കാടിനൊപ്പം ജീവിക്കുന്ന പത്മശ്രീ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top