26 April Friday

ആനി എർനോ ; എഴുത്തിലെ പോരാട്ടം

ആദിത്യ ശങ്കരിUpdated: Sunday Oct 9, 2022


ചരിത്രം ഒരിക്കൽക്കൂടി ഫ്രാൻസിലേക്ക്‌ തിരിയുന്നു. സ്വന്തം ജീവിത ചുറ്റുപാടുകളുടെ കഥപറഞ്ഞ ഒരു എൺപത്തിരണ്ടുകാരിയിലേക്ക്‌. ജീവിതം ആസ്വാദ്യങ്ങൾക്കും പരീക്ഷണങ്ങൾക്കുമപ്പുറം മറ്റു പലതിനുംകൂടിയാണെന്ന്‌ ആവർത്തിച്ചെഴുതിയ ആനി എർനോ ഇപ്പോൾ ലോക സാഹിത്യത്തിന്റെ പ്രതീകമാണ്‌. ഒരു കോടി സ്വീഡിഷ് ക്രോണ (ഏകദേശം 7.43 കോടി രൂപ)യുമായാണ്‌ ഈ ഫ്രഞ്ചുകാരി ഈ വർഷത്തെ സാഹിത്യ നൊബേൽ ഏറ്റുവാങ്ങുന്നത്‌. 2014ൽ പാട്രിക് മോഡിയാനോയ്ക്കുശേഷം ആദ്യമായാണ് സാഹിത്യ നൊബേൽ ഫ്രാൻസിലേക്ക്‌ എത്തുന്നത്. സാഹിത്യ നൊബേൽ നേടിയ 119 പേരിൽ 17–-ാമത്തെ സ്ത്രീയാണ് ആനി.  അപ്രതീക്ഷിതമായിരുന്നില്ല നൊബേൽ സാഹിത്യപുരസ്കാര പട്ടികയിലേക്കുള്ള ആനി എർനോയുടെ വരവ്‌.  പലവട്ടം ഇടംപിടിച്ച പേരാണ് ഇവരുടേത്‌. വ്യക്ത്യാനുഭവങ്ങളുടെ സൂക്ഷ്മവും ധീരവുമായ ആവിഷ്കാരത്തിനാണ് പുരസ്കാരമെന്ന്‌ അക്കാദമി വിലയിരുത്തി. ഇവരുടെ ഇരുപതിൽപ്പരം നോവലും  ആത്മകഥാംശമുള്ളതാണ്.  നോവലുകൾ കൂടാതെ നോൺഫിക്‌ഷൻ വിഭാഗത്തിലെ രചനകളും ഏറെ ശ്രദ്ധേയയാക്കി.

എന്നാൽ, ആനിയുടെ രാഷ്‌ട്രീയ ഇടപെടലുകളാണ്‌ യഥാർഥത്തിൽ ലോകം വാഴ്‌ത്തിയത്‌. അതിന്‌ അവരെ പ്രാപ്‌തയാക്കിയത്‌ സ്വന്തം ജീവിതസാഹചര്യവും. 1940ൽ നോർമാൻഡിയിൽ ലില്ലിബോണിൽ പലചരക്കുകടയും ഭക്ഷണശാലയും നടത്തിയിരുന്ന അച്ഛനമ്മമാരുടെ മകളായാണ് ജനനം. സാധാരണക്കാരായ തൊഴിലാളികളുടെ ദൈനംദിന  ഭക്ഷണശാലയായിരുന്നു അവരുടേത്‌. 20–-ാം വയസ്സിൽ ലണ്ടനിലേക്ക്‌ യാത്രയാകുംവരെ ആനിയും അതിന്റെ ഭാഗമായിരുന്നു. തിരികെയെത്തി ഫ്രാൻസിൽ വിദ്യാർഥിയും അധ്യാപികയും ഗവേഷകയുമൊക്കെ ആകുമ്പോഴും അസമത്വങ്ങൾക്കെതിരായ പോരാട്ടതൃഷ്‌ണ ആനിയിൽ ശക്തമായി വേരോടിയിരുന്നു.

സാഹിത്യരംഗത്ത്‌ പുതിയ വഴിതുറക്കാനാണ്‌ ആനി ശ്രദ്ധിച്ചത്‌. സാമ്പ്രദായിക എഴുത്തുരീതികളെ ചോദ്യംചെയ്‌തും സ്‌ത്രീവിരുദ്ധമെന്ന്‌ വിമർശകർ വിലയിരുത്തിയ തുറന്നെഴുത്തിൽനിന്ന്‌ വിട്ടുവീഴ്‌ച ചെയ്യാതെയുമാണ്‌  നൊബേൽ പുരസ്‌കാരത്തിലേക്ക്‌ അവരെത്തുന്നത്‌. ‘സ്വന്തം ചിന്തകളെ വിശ്വസിക്കാത്തവൾ’ എന്നാണ്‌ സാഹിത്യലോകം  ആനി എർനോക്ക്‌ നൽകുന്ന വിശേഷണം. 1974ൽ ഇറങ്ങിയ ക്ലീൻഡ് ഔട്ടാണ് ആദ്യ കൃതി. എ വുമൺസ് സ്റ്റോറി, എ മാൻസ് പ്ലേസ്, സിമ്പിൾ പാഷൻ തുടങ്ങിയവ ഏറെ  ശ്രദ്ധിക്കപ്പെട്ട  കൃതികളാണ്‌. അച്ഛനുമായുള്ള ബന്ധത്തെ ആസ്പദമാക്കിയാണ് ലാ പ്ലേസ് (എ മാൻസ് പ്ലേസ്) എന്ന നോവൽ. തന്റെ പിതാവ് നേരിട്ട അപമാനത്തെക്കുറിച്ചാണ്‌ കഥ. കുടുംബം നിലനിർത്താൻ പിതാവ് നടത്തിയ ജീവിതസമരം  നോവലിൽ പ്രതിഫലിക്കുന്നുണ്ട്.  ഫ്രാൻസിലെ സാധാരണ ജീവിതത്തിന്റെ നേർക്കാഴ്‌ച എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം.  2008ൽ ഇറങ്ങിയ ദി ഇയേഴ്സ് എന്ന നോവൽ രണ്ടാം ലോകയുദ്ധാനന്തരമുള്ള ഫ്രഞ്ച് സാമൂഹിക ജീവിതമാണ്.

സാമൂഹ്യ ലൈംഗിക അസമത്വങ്ങളും അവയുടെ സങ്കീർണ വൈകാരികതയും കഥാപാത്രങ്ങളിലൂടെ സമൂഹത്തിനുമുന്നിൽ എത്തിച്ചെന്നതാണ്‌ ആനിയുടെ ഏറ്റവും വലിയ കഴിവ്‌. അതിന്‌ നാട്ടുവഴക്കങ്ങളും ഭാഷയും അവർക്ക്‌ തുണയേകി. ലൈംഗികതയും  ജീവിതവും മരണവും മനഷ്യാവസ്ഥയുമായി കൂട്ടിക്കലർത്തുന്ന തികച്ചും തത്വചിന്താപരവും അതിനൊപ്പം സാധാരണവുമായ എഴുത്തുരീതിയാണ്‌ ആനി എർനോക്കുള്ളത്‌.
ഇന്ത്യൻ സുപ്രീംകോടതി ഗർഭച്ഛിദ്ര വിഷയത്തിൽ സുപ്രധാന നിരീക്ഷണം നടത്തിയിട്ട്‌ നാളുകളേ ആയിട്ടുള്ളൂ.  ഫ്രാൻസിൽ ഗർഭച്ഛിദ്രം നിയമപരമായി നിരോധിക്കപ്പെട്ടിരുന്ന 1960കളിൽ ഗർഭച്ഛിദ്രാനുമതി ലഭിക്കാൻ ആനി എർനോ പോരാടിയതിന്റെ ചരിത്രം ഇത്തരുണത്തിൽ ഓർത്തുവയ്‌ക്കേണ്ടതുണ്ട്‌. അതേക്കുറിച്ച്‌ അവരെഴുതിയ "ഹാനിങ്' ഏറെ കോളിളക്കം സൃഷ്ടിച്ച കൃതിയാണ്.

‘ഗെറ്റിങ്‌ ലോസ്റ്റ്‌’ എന്നത്‌ ആത്മകഥാപരമായ പുസ്തകമാണ്‌. 1988-ൽ സോവിയറ്റ് യൂണിയനിലേക്ക്‌ നടത്തിയ യാത്രയും  റഷ്യക്കാരനുമായുള്ള പ്രണയവും മുപ്പത്താറുകാരനായ റഷ്യൻ കാമുകന്റെ നിരാകരണവുമൊക്കെയാണ്‌ ‘ഗെറ്റിങ്‌ ലോസ്റ്റ്‌’. പ്രണയത്തിന്റെയും കാമത്തിന്റെയും തുറന്നെഴുത്തെന്നാണ്‌  ഈ പുസ്തകം വിശേഷിപ്പിക്കപ്പെട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top