26 April Friday

സഞ്ചാരികൾക്ക്‌ ഒരു സ്വപ്‌ന നിധി; 100ദിവസം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലൂടെ യാത്ര

ഷംസുദ്ദീൻ കുട്ടോത്ത്‌Updated: Sunday May 16, 2021

"ഇത്തിരി വിശപ്പും ഭൂമി എന്ന ഒരുരുളയും' നിധി ശോശാ കുര്യന്റെ ‘അശ്രദ്ധ’ എന്ന സമാഹാരത്തിലെ ഹൈക്കു കവിതയാണ്‌. ഇത്തിരികൂടിയ വിശപ്പുമായി ഭൂമിയിലെ കാഴ്‌ച കാണാനിറങ്ങിയ ഈ യുവതി നിധി പോലെ കാത്തു സൂക്ഷിച്ച സ്വപ്‌നമാണ്‌ ഈ മെയ്‌ 9ന്‌ സാക്ഷാത്‌കരിച്ചത്‌.

100ദിവസം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലൂടെ, ഗ്രാമങ്ങളിലൂടെ, കടലോരങ്ങളിലൂടെ, കുന്നിൻപുറങ്ങളിലൂടെയുള്ള യാത്ര. 100ദിവസവും സുര്യോദയവും അസ്‌തമയവും കണ്ട്‌  ആകാശം കണ്ട്‌  പ്രകൃതിയുടെ പല ഭാവങ്ങളറിഞ്ഞുള്ള സഞ്ചാരം.

കൊച്ചി കലൂർ സ്‌റ്റേഡിയത്തിൽ നിന്നും ഫെബ്രുവരി 7ന്‌ രാവിലെ ആരംഭിച്ച യാത്ര അവസാനിക്കേണ്ടത്‌ കന്യാകുമാരിയിലെ ഉദയാസ്‌തമയങ്ങൾ കൺകുളിർക്കെ കണ്ടുകൊണ്ടായിരുന്നു. അവിചാരിതമായുണ്ടായ ലോക്‌ഡൗൺ കാരണം തിരികെ കൊച്ചിയിലെത്തിയ നിധി കോവിഡ്‌ നിയന്ത്രണങ്ങൾ മാറുമ്പോൾ കന്യാകുമാരിയിലെ കടലിനെ തൊട്ട്‌ തന്റെ യാത്ര യാത്ര പൂർത്തിയാക്കും. യാത്ര പറഞ്ഞറിയിക്കേണ്ടതല്ല, അനുഭവിച്ചറിയേണ്ടതാണ്‌ എന്ന്‌ വിശ്വസിക്കുന്നു നിധി. കണ്ട ഉദയാസ്‌തമയങ്ങൾ ഓരോന്നും ഓർത്തെടുക്കാനുള്ള അത്രയും ഊർജം ഈ യാത്രയിൽ നേടി എന്നതു തന്നെയാണ്‌ ഈ യാത്ര പകർന്ന ശ്ക്തിയെന്ന്‌ നിധി പറയുന്നു.

92 ദിവസങ്ങൾ കൊണ്ടാണ് കൊച്ചിയിൽ നിന്നും ആരംഭിച്ച യാത്ര തിരികെ കൊച്ചിയിൽ എത്തിയത്.

സ്വപ്‌ന യാത്ര

മൂന്നുവർഷം കൊണ്ടുള്ള ഒരു സ്വപ്നമായിരുന്നു ഈ യാത്ര. കഴിഞ്ഞ വർഷം ഏപ്രിലിൽ പോകാനായിരുന്നു തീരുമാനം. കോവിഡ്‌ യാത്ര മുടക്കി.2015 തൊട്ടായിരുന്നു തുടർച്ചയായി യാത്രകൾ ചെയ്തു തുടങ്ങിയത്. ഒറ്റയ്ക്കല്ലാത്ത പല യാത്രകളിലും നിത എന്ന കൂട്ടുകാരിയും ഒപ്പമുണ്ടായിരുന്നു. ബാക്ക്‌പാക്കുമായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും യാത്ര പോയിട്ടുണ്ട്‌.

ട്രെയിൻ, ബസ്‌, വിമാനം, ബോട്ട്‌ തുടങ്ങിയവയിലെല്ലാമായിരുന്നു ആ യാത്രകളത്രയും. ഈജിപ്‌ത്‌, ഇസ്രായേൽ, ജോർദാൻ, സിറിയ, ദുബായ്‌, നേപ്പാൾ, ഭൂട്ടാൻ...തുടങ്ങി പല രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്‌.

ഒറ്റയ്‌ക്കുള്ള ഇന്ത്യകാണൽ എന്റെ സ്വപ്‌നമായിരുന്നു. എല്ലാം പ്ലാൻ ചെയ്‌ത ശേഷമാണ്‌ വീട്ടുകാരേയും കൂട്ടുകാരേയുമൊക്കെ അറിയിച്ചത്‌. സംവിധായകൻ സലിം അഹമ്മദിന്റെ അലൻസ്‌ മീഡിയ മൂവി പ്രൊഡക്ഷൻസ്‌ എന്ന കമ്പനിയിൽ ക്രിയേറ്റീവ്‌ ഹെഡ്‌ ആയി ജോലി ചെയ്‌തു വരി്കേയായിരുന്നു. ചില സിനിമകളുടെ ഷൂട്ടിങ്‌ കോവിഡ്‌ കഴിഞ്ഞ്‌ തുടങ്ങാൻ പ്ലാൻ ചെയ്‌തിരുന്നു. അതുകൊണ്ട്‌ എന്റെ സ്വപ്ന യാത്രയെ കുറിച്ചറിയാമായിരുന്ന സലിംക്കാ ജനുവരിയിൽ യാത്ര ചെയ്തു മടങ്ങി വരാൻ പറഞ്ഞു. എന്നാൽ പല കാരണങ്ങൾ കൊണ്ട്‌ ജനുവരി എന്നത് ഫെബ്രുവരി ആയി. യാത്ര തുടങ്ങിയപ്പോൾ അതിനോട്‌ ആളുകൾ കാണിക്കുന്ന താൽപര്യവും ഉത്സാഹവുമൊക്കെ കണ്ട സലിംക്ക, ഇഷ്ടംപോലെ സമയമെടുത്ത്‌ തിരിച്ചെത്തിയാൽ മതി എന്ന്‌ പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല. യാത്രകൾ തുടർന്നു.

ചായ വിറ്റ്‌ ലോകം കറങ്ങുന്ന വിജയൻ ചേട്ടനും  മോഹന ചേച്ചിയുമാണ്‌  ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തത്‌. ഫെബ്രുവരി 7 ഞായറാഴ്ച രാവിലെ 7 നു പുറപ്പെട്ടു.

ട്രാവൽ ട്രീ

അമ്മൂമ്മതിരി, ചേക്കൂട്ടി പാവ , വിത്ത്‌ പേന ...എന്നിവയെല്ലാം നിർമിച്ച ലക്ഷ്‌മി മേനോൻ യാത്രയ്‌ക്കു മുമ്പ്‌ 200 വിത്തു പേനകൾ സമ്മാനിച്ചിരുന്നു. താമസിച്ച സ്ഥലങ്ങളിലുള്ളവർക്കെല്ലാം ഓരോ പേന നൽകി. അതിലെ വിത്തുകൾ അവിടെയെല്ലാം കിളിർത്തിവരും എന്ന പ്രതീക്ഷയുണ്ട്‌. 200മരങ്ങൾ എന്റെ യാത്രകൊണ്ട്‌ ഭൂമിയെ കുളിരണിയിക്കുമെങ്കിൽ അതിൽപരം ആനന്ദം വേറെന്തുണ്ട്‌. സാധാരണ വീട്ടമ്മമാർക്കും ഒറ്റയ്‌ക്ക്‌ യാത്ര ചെയ്യാൻ കഴിയും എന്ന്‌ സമൂഹത്തെ  ഓർമപ്പെടുത്തുക എന്നതു  കൂടി ഈ യാത്രയുടെ സന്ദേശമായിരുന്നു.

കുരുവിയും ഞാനും

കുരുവി എന്ന്‌ പേരിട്ട ക്വിഡ്‌ കാറിലായിരുന്നു യാത്ര. ഒപ്പം കൂട്ടുകാർ സമ്മാനിച്ച ഡോറയും ബുജിയും. കോവിഡ്‌ കാലമായതിനാലാണ്‌ കാർ തെരഞ്ഞെടുത്തത്‌. ഗ്രാമങ്ങളിലൂടെയും മറ്റും ഇഷ്ടംപോലെ യാത്ര ചെയ്യാൻ കഴിയണം എന്നുണ്ടായിരുന്നു. ചെറിയ കാർ ആയതിന്റെ പരിമിതിയും സാധ്യതയുമെക്കെ അനുഭവിച്ചു. മണ്ണിടിച്ചിൽ കാരണം  ഉധംപൂർ നിന്നു ശ്രീനഗറിലേക്കകുള്ള യാത്രക്കിടെ രണ്ടു ദിവസം വഴിയിൽ പെട്ടു.  ജമ്മുവിൽ വെച്ച്‌ ഒരു ദിവസം കാറിൽ ഉറങ്ങേണ്ടിയും വന്നിട്ടുണ്ട്‌. മരുന്നുകൾ, ഗ്യാസ്‌, സറ്റൗ, കുക്കർ..തുടങ്ങിയവയെല്ലാം കാറിൽ കരുതിയിരുന്നു. പലസ്ഥലങ്ങളിലുള്ള  സുഹൃത്തുക്കൾ,  ബന്ധുക്കൾ എന്നിവരെല്ലാം ഭക്ഷണം പൊതിഞ്ഞു തന്നിട്ടുണ്ട്‌. ഹോസ്‌റ്റൽ, ഹോട്ടൽ, പള്ളികളിലെ ഗസ്‌റ്റ്‌ ഹൗസുകൾ, ദാൽ തടാകത്തിലെ ഹൗസ്‌ ബോട്ട്‌, പട്ടാള ക്യാമ്പ്‌, സുഹൃത്തുക്കളുടെ ഭവനങ്ങൾ, ഓർഫനേജ്‌....എന്നിവിടങ്ങളെല്ലാം അഭയമായി .

പുലർച്ചെ അഞ്ചിനാണ്‌ എല്ലാ ദിവസവും യാത്ര പുറപ്പെട്ടത്‌. 90–-100 കിലോമീറ്റർ വേഗതയിലാണ്‌ ഡ്രൈവ്‌ ചെയ്‌തിരുന്നത്‌. 250 തൊട്ട് 550 കിലോമീറ്റർ വരെ പല ദിവസങ്ങളിലും യാത്ര ചെയ്‌തിട്ടുണ്ട്‌. രാത്രി 10ന്‌ മുമ്പ്‌ താമസ സ്ഥലത്ത്‌ എത്തിയിരുന്നു. ഉറങ്ങും മുമ്പ്‌ ഓരോ ദിവസത്തേയും നോട്ടുകൾ തയ്യാറാക്കുകയും തൊട്ടടുത്ത ദിവസം പോകുന്ന സ്ഥലങ്ങളെ കുറിച്ച്‌ പഠിക്കുകയും ചെയ്യും.

സോനഗാച്ചിയിൽ

യാത്ര ചെയ്യാൻ ഏറ്റവും ഇഷ്ടം തോന്നിയ നാടാണ്‌ കൽക്കത്ത. അവിടുത്തെ കാഴ്‌കൾ  സംസ്‌കാരം എല്ലാം പ്രിയപ്പെട്ടവയാണ്‌. സോനഗാച്ചിയിൽ പോയപ്പോൾ അവിടുത്തെ കാഴ്‌ചക്ൾ ക്യോമറയിൽ പകർത്തിയിരുന്നു. ഒരു പെൺകുട്ടി വന്ന്‌ ‘‘ദീദീ ഫോട്ടോ എടുക്കരുത്‌, സാഹചര്യങ്ങൾ കാരണം എത്തിയവരാണ്‌. പലരുടേയും വീടുകളിൽ അവർ ഇത്തരം ജോലിയാണ്‌ ചെയ്യുന്നത്‌ എന്നറിയില്ല., ഇത്‌ കാണുമ്പോഴായിരിക്കും അറിയുക’ എന്നു പറഞ്ഞു. അവളുടെ മുന്നിൽ വെച്ച്‌ എടുത്തഫോട്ടോയും വീഡിയേയാും ഡിലീറ്റ്‌ ചെയ്‌തു. യാത്രയിൽ മറ്റുള്ളവരുടെ ജീവിതത്തിൽ അതിക്രമിച്ചു കടക്കരുതെന്ന്‌ അന്ന്‌ മനസിലാക്കി.

കാഴ്‌ചകൾ

എല്ലാ സ്ഥലങ്ങളിലേയും മണൽ, ശംഖ്‌ എന്നിവ ചെറിയ കുപ്പികളിലാക്കി സൂക്ഷിച്ചിട്ടുണ്ട്‌. പരന്ന്‌ കിടക്കുന്ന കടുക്‌ പാടങ്ങൾ, ഹിമാലയത്തിലെ മഞ്ഞ്‌ വീഴ്‌ച, മഴ, പലതരം ഭൂപ്രകൃതി, കാലാവസ്ഥ, ആകാശങ്ങൾ, ഗ്രാമങ്ങളിലെ കൂരിരുട്ട്‌ നിറഞ്ഞ രാത്രികൾ, നിലാവ്‌, കാറ്റ്‌.... എന്നിവയെല്ലാം ഹൃദയത്തിലുണ്ട്‌. എല്ലാ ദിവസങ്ങളിലും ഫേസ്‌ബുക്കിൽ ലൈവ്‌ വന്നിരുന്നു. കാത്തിരിക്കുന്ന ഒരുപാട്‌ കൂട്ടുകാരുണ്ടായിരുന്നു. അവരിൽ പലർക്കും വേണ്ടി അവർ ആവശ്യപ്പെട്ട സ്ഥലങ്ങളിലൊക്കെ പൊയി ലൈവ്‌ ചെയ്‌തിട്ടുണ്ട്‌.

ദാൽ തടാകത്തിലെ ഫ്ലോട്ടിങ്‌ പോസ്‌റ്റ്‌ ഓഫീസിൽ നിന്നും 100 പേർക്ക്‌ കത്തയച്ചു. പാടങ്ങളിലും മറ്റും പണിയെടുക്കുന്ന സ്‌ത്രീകളെ കാണാനും  അവരുടെ ജീവിതം അറിയാനുമൊക്കെ യാത്ര ഏറെ സഹായിച്ചു.

ചെലവ്‌

പെട്രോൾ, ടോൾ, താമസം, ഭക്ഷണം, ഗൈഡ്‌മാരുടെ ഫീസ്‌, പാർക്കിങ്‌...തുടങ്ങയവയെല്ലാം ചേർത്ത്‌ മൂന്നര ലക്ഷം രൂപ ചിലവായി. യാത്ര പകർന്ന കാഴ്‌കൾക്കും അനുഭവങ്ങൾക്കും വിലയിടാൻ കഴിയില്ലല്ലോ...
(മുൻപ് പറഞ്ഞിരുന്നല്ലോ ഇതൊരു സ്വപ്ന യാത്ര ആയിരുന്നെന്നു. എന്റെ യാത്ര മൂലം മറ്റാരും ബുദ്ധിമുട്ടരുത് എന്ന് നിർബന്ധം ഉണ്ടായിരുന്നു. മൂന്ന് വർഷത്തോളമായി സ്വരൂപിച്ചു വച്ച ചെറിയ സാമ്പാദ്യവും ചിട്ടിയും ഒക്കെയായിരുന്നു മുതൽക്കൂട്ട് )

തിരിച്ചറിവ്‌

മനുഷ്യന്‌ തിരിച്ചറിവിനുള്ള ഏറ്റവും നല്ല മാർഗം യാത്രയാണ്‌. ഹിമാലയത്തിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ നമുക്ക്‌ മനസിലാകും നമ്മളൊക്കെ എത്ര ചെറിയതാണെന്ന്‌. യാത്ര ചെയ്യുമ്പോൾ നമ്മുടെ ലോകവും വലുതാകും.

യാത്രയ്‌ക്കു ശേഷം

യാത്രകൾ അവസാനിക്കുന്നില്ലല്ലോ. ലോകം മുഴുവൻ ചുറ്റിക്കാണണമെന്നതാണ്‌ ഇനിയുള്ള ആഗ്രഹം. ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ടു വർഷം കൂടി കഴിയണം അത്തരം ഒരു യാത്രക്ക്‌.  കണ്ട കാഴ്‌ചകൾ  പറഞ്ഞനുഭവിപ്പിക്കാൻ കഴിയുമെന്ന വിശ്വാസം ഒട്ടുമില്ല. എങ്കിലും എന്നെതന്നെ ഒർമിപ്പിക്കാൻ കണ്ടതൊക്കെയും പുസ്‌തക രൂപത്തിലാക്കണം . ചില പ്രസാധകർ ചോദിച്ചിട്ടുണ്ട്‌. മാത്രമല്ല, എന്റെ അനുഭവങ്ങൾ ആരെയെങ്കിലും യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നുവെങ്കിൽ അതിൽ കൂടുതൽ എന്തു വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top