27 March Monday

ഞാന്‍ അങ്ങനെ സിനിമ നിര്‍ത്തി; നെയ്യാറ്റിന്‍കര കോമളം ജീവിതം പറയുന്നു

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Jul 17, 2022

നെയ്യാറ്റിൻകര കോമളം എന്ന പേര്‌ മലയാളിക്ക്‌ ഒരുപക്ഷെ അത്ര പരിചിതമായിരിക്കില്ല. എന്നാൽ, പ്രേംനസീറിന്റെ ആദ്യ നായികയെന്ന്‌ പറഞ്ഞാൽ അറിയാത്ത മലയാളിയും ഉണ്ടാകില്ല. 1951ൽ 20–-ാം വയസ്സിൽ വനമാല എന്ന ചിത്രത്തിലൂടെ സിനിമയിൽ.  അഞ്ചുവർഷംമാത്രം നീണ്ട വളരെ ചെറിയൊരു സിനിമാ ജീവിതം. എന്നാൽ, ഹ്രസ്വകാലംകൊണ്ട്‌ തിരശ്ശീലയിൽ തിളങ്ങിയ സിനിമാ ജീവിതമായിരുന്നു നെയ്യാറ്റിൻകര കോമളം എന്ന കോമള മേനോന്റേത്‌.

വീട്ടകത്തെ എതിർപ്പുകളെ തോൽപ്പിച്ചായിരുന്നു സിനിമാ പ്രവേശം. ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ വളരെ പെട്ടെന്ന്‌ ഇടം ഉറപ്പിച്ച അവർക്ക്‌ പക്ഷേ, എല്ലാ പ്രതിബന്ധങ്ങളെയും അതീജിവിച്ച്‌ സിനിമാലോകത്ത്‌ തുടരാനായില്ല. 1955 മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക്‌ ചിത്രമായ ന്യൂസ്‌ പേപ്പർ ബോയ്‌ ആയിരുന്നു നായികയായ അവസാന ചിത്രം. പിന്നീട്‌ വർഷങ്ങൾക്കുശേഷം ആരാധന, ആ പെൺകുട്ടി നീ ആയിരുന്നെങ്കിൽ, പ്രിയം എന്നീ സിനിമകളിലൂടെ തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും അമ്മ വേഷങ്ങളിൽ തളയ്‌ക്കപ്പെട്ടു. തുടർന്ന്‌ സിനിമയെന്ന അഭിനിവേശം ഉപേക്ഷിച്ച്‌ വീട്ടിൽ ഒതുങ്ങിക്കൂടി.  ജീവിതം അധികവും നെയ്യാറ്റിൻകരയിൽ ജനിച്ച വീട്ടിൽത്തന്നെയായിരുന്നു. ആ വീടിന്റെ ഉമ്മറത്തിരുന്ന്‌ അവർ അനുഭവങ്ങളുടെ കെട്ടഴിച്ചു.

‘അച്ഛനും അമ്മയും ഉദ്യോഗസ്ഥരായിരുന്ന യാഥാസ്ഥിതിക കുടുംബമായിരുന്നു. സഹോദരീഭർത്താവ്‌ കൈയ്യാലം കൃഷ്ണൻ നായർ തിയറ്റർ മാനേജരായിരുന്നു. അദ്ദേഹം വഴിയാണ്‌ സിനിമയിൽ എത്തുന്നത്‌. ഞാൻ സിനിമയിൽ എത്തിയ കാലത്ത്‌ അങ്ങനെ ആരും സിനിമയിലൊന്നും ഇറങ്ങാറില്ല. വീട്ടിലൊക്കെ എതിർപ്പായിരുന്നു. അക്കാലത്ത്‌ ഇന്നത്തെപ്പോലെ അംഗീകാരങ്ങളൊന്നുമില്ല. അഭിനയിക്കുന്നത്‌ വളരെ മോശംകാര്യം പോലെയായിരുന്നു. ആത്മശാന്തി സിനിമയുടെ ചിത്രീകരണം ചെന്നൈയിലായിരുന്നു. ഞാനും മിസ്‌ കുമാരിയുമായിരുന്നു അഭിനയിച്ചിരുന്നത്‌. നാട്ടിൽ തിരിച്ചെത്തിയപ്പോൾ വീട്ടിൽ സഹായിച്ചിരുന്ന സ്‌ത്രീ ഓടിവന്ന്‌ ചോദിച്ചത്‌ കൊച്ചിന്റെ കുട്ടി എവിടെയെന്നാണ്‌. സിനിമയിൽ എനിക്ക്‌ ഒരു കുഞ്ഞ്‌ ഉണ്ടായിരുന്നു. അത്‌ എന്റെ കൊച്ചാണെന്നു കരുതിയാണ്‌ ചോദിച്ചത്‌. അതായിരുന്നു അക്കാലത്ത്‌ സിനിമയിൽ അഭിനയിക്കുന്നവരെക്കുറിച്ച്‌ ആളുകളുടെ ധാരണ. അന്ന്‌ മലയാള സിനിമ പിച്ചവയ്ക്കുന്ന കാലമാണ്‌. മലയാള സിനിമ വളർന്ന്‌ ഇപ്പോൾ ലോക പ്രശസ്‌തമായി.’

നെയ്യാറ്റിന്‍കര കോമളം

നെയ്യാറ്റിന്‍കര കോമളം

സിനിമയുടെ വളർച്ച വീട്ടിലിരുന്ന്‌ കണ്ടു

നസീറിന്റെ ആദ്യ സിനിമയും എന്റെ മൂന്നാമത്തെ സിനിമയുമായിരുന്നു മരുമകൾ. അഞ്ചുവർഷം മാത്രമാണ്‌ സിനിമയിൽ ഉണ്ടായിരുന്നത്‌. പിന്നീട്‌ സിനിമയിൽ തുടരാനുള്ള സാഹചര്യമുണ്ടായില്ല. അഭിനയിക്കാൻ പോകാൻ കൂടെവരാനൊന്നും ആരുമുണ്ടായില്ല. അതുകൊണ്ട്‌ പോകാനും സാധിച്ചില്ല. മെരിലാൻഡിൽ ചിത്രീകരിച്ച ഭക്തവിജയയിലേക്ക്‌ വിളിച്ചു, അതിന്‌ പോകാനായില്ല. അങ്ങനെ സിനിമ വിട്ടു. അറുപതുകളിൽ ഷീലയും ജയഭാരതിയുമൊക്കെ വന്നു. മലയാള സിനിമ അടിവച്ച്‌ അടിവച്ച്‌ കയറുന്ന കാലമായിരുന്നു. അതൊക്കെ വീട്ടിലിരുന്ന്‌ കണ്ടു. തിയറ്ററിൽ പോയി സിനിമ കാണുമായിരുന്നു. പിന്നെ എൺപതുകളിൽ വീണ്ടും സിനിമ ചെയ്‌തു. പക്ഷേ, അതിൽ നായികയൊന്നുമായിരുന്നില്ല. അമ്മയായിട്ടായിരുന്നു. അമ്മയായി ചെയ്‌ത ‘ആ പെൺകുട്ടി ഞാനായിരുന്നുവെങ്കിൽ’ ഇപ്പോൾ ഇടയ്‌ക്ക്‌ ചാനലിൽ കാണിക്കും. കുറച്ച്‌ സിരീയലും ചെയ്‌തു.

വലിയ നടിയാകുമായിരുന്നു

ഷീലയും ജയഭാരതിയുമൊക്കെ അഭിനയിക്കുന്നതു കാണുമ്പോൾ  സിനിമയിൽ നിന്നിരുന്നെങ്കിൽ ഞാനും വലിയ നടിയായി മാറുമായിരുന്നെന്ന്‌ തോന്നും. അന്ന്‌ സിനിമ വിട്ടത്‌ കഷ്ടമായി പോയെന്ന്‌ ഇപ്പോഴും ചിന്തിക്കാറുണ്ട്‌. എന്റെ ഭാവി ഞാൻ തന്നെ ഇല്ലാതാക്കിയെന്ന്‌ തോന്നും. എന്നാൽ, അതിൽ വലിയ പരാതിയൊന്നുമില്ല. വലിയ പണക്കാരിയായില്ലെന്ന്‌ മാത്രമേയുള്ളൂ. എന്റെ ബുദ്ധിമോശം കാരണം പറ്റിയതാണ്‌. അന്ന്‌ എനിക്ക്‌ തന്റേടവുമില്ല, സ്വയം ഒരുകാര്യം തീരുമാനിക്കാനുള്ള ധൈര്യമുണ്ടായില്ല. ഇന്ന്‌ അതൊക്കെയുണ്ട്‌. പക്ഷേ, അതുകൊണ്ട്‌ കാര്യവുമല്ല. സീരിയലൊക്കെ കാണുമ്പോൾ ഞാനിവിടെയിരുന്ന്‌ പറയും ആരിത്‌ സംവിധാനം ചെയ്‌തത്‌, അത്‌ ഇങ്ങനെയല്ല വേണ്ടത്‌. അങ്ങനെയാണ്‌ എന്നൊക്കെ. പഠിക്കുന്ന കാലത്ത്‌ നോവലുകൾ പോലും വായിക്കാൻ അമ്മ സമ്മതിക്കില്ല. അങ്ങനെ വളർന്ന ഞാനാണ്‌ സിനിമാ നടിയായത്‌. അതൊക്കെ വിചിത്രമല്ലേ…

തെണ്ണൂറുവർഷത്തെ തന്റെ ജീവിതം പറഞ്ഞുനിർത്തുമ്പോൾ കോമളത്തിന്റെ വാക്കുകളിലാകെ പോയ കാലത്തിന്റെ ഓർമപ്പെരുക്കമാണ്‌. ‘ഏതൊരു കാര്യത്തിനും നമ്മൾ ഇറങ്ങിയാൽ അതിന്റെ അറ്റംകണ്ടിട്ടു വേണം മടങ്ങാൻ, അല്ലാതെ എന്നെപ്പോലെ മുഖംകാണിച്ച്‌ വീട്ടിലേക്ക്‌ പോരരുത്‌. ഇത്‌ ഞാൻ എന്റെ ജീവിതാനുഭവത്തിൽനിന്ന്‌ പഠിച്ചതാണ്‌.’–-  അവർ സംസാരം നിർത്തി. തനിക്ക്‌ സാധിക്കാതെ പോയ ആഗ്രഹങ്ങളുടെ നഷ്ടബോധം പുതിയ തലമുറയ്‌ക്കുണ്ടാകരുതെന്ന ബോധ്യമായിരുന്നു ആ വാക്കുകളിലും കണ്ണുകളിലും നിറയെ. വൈകിയായിരുന്നു കോമളത്തിന്റെ വിവാഹം. ഭർത്താവ്‌ ചന്ദ്രശേഖരമേനോൻ നേരത്തെ മരിച്ചു. കുട്ടികളില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top