28 March Thursday

വയറെരിയുന്നവരുടെ മിഴി നിറയാതെ...

കൃഷ്‌ണകുമാർ പൊതുവാൾUpdated: Wednesday May 30, 2018

വിശക്കുന്നവർക്ക് ഭക്ഷണംനൽകുക, ആരുടെ കൈയിൽനിന്നും സൗജന്യമോ സംഭാവനയോ തേടാതെ കൂലിപ്പണിയെടുത്തു കിട്ടുന്ന പണം കൊണ്ട്, അതും വാടകവീട്ടിൽ താമസിച്ച്. തൃശൂർ, പാലക്കാട് ജില്ലകൾക്ക് അതിർത്തിയായ ഭാരതപ്പുഴ തീരത്ത്, വിശപ്പിന്റെ വില അറിയുന്ന വിജി നൂറുകണക്കിനാളുകളുടെ വിശപ്പകറ്റുകയാണ്. രണ്ടു വർഷത്തിലേറെയായി തുടരുകയാണ് ഈ തപസ്യ.

ചെറുതുരുത്തിക്കടുത്ത് അത്തിക്കപ്പറമ്പിലാണ് വിജിയുടെ താമസം. ഒരിക്കൽ കൂലിപ്പണി കഴിഞ്ഞ് വരുമ്പോൾ ഷൊർണൂർ റെയിൽവേ സ്റ്റേഷനടുത്ത് രണ്ടുപേർ ഓടയിൽനിന്ന് ഭക്ഷണം വാരിക്കഴിക്കുന്നതു കണ്ടപ്പോഴാണ് വിജിയുടെ മനസ്സ് പിടഞ്ഞത്. കൂലി കിട്ടിയ പണത്തിൽനിന്ന് നൂറു രൂപ അപ്പോൾതന്നെ അവർക്ക് കൊടുത്തു. പക്ഷേ, അവർ അത് വലിച്ചെറിഞ്ഞു. വീണ്ടും ഉച്ഛിഷ്ടം വാരി വലിച്ചു തിന്നു. ഇതിനൊരു പരിഹാരം കാണണമെന്ന് വിജി ഉറച്ചു. അതോടെയാണ് വിശക്കുന്നവർക്ക് അന്നമേകാൻ അവർ തീരുമാനിച്ചത്.  
പിറ്റേ ദിവസം ബാങ്കിൽ ചെന്ന് ഗ്യാസിന്റെ സബ്സിഡി തുക മുഴുവനായി പിൻവലിച്ചു. എല്ലാം കൂടി 3000 രൂപ. ചെറുതുരുത്തി പഴയ പാലത്തിനു താഴെ ഒഴിഞ്ഞുകിടന്ന സ്ഥലത്ത് ഭക്ഷണം വയ്ക്കാൻ ഒരുക്കി. എല്ലാ ഞായറാഴ്ചയും ഇറച്ചിയും ചോറും പാലത്തിനടിയിൽ വിതരണം ചെയ്യുന്നുണ്ടെന്ന് കാണുന്നവരോടൊക്കെ പറഞ്ഞു. ഊണ് കഴിക്കാൻ ക്ഷണിച്ചപ്പോൾ ചിലരെങ്കിലും കരുതിയത് പൈസക്കാണെന്നാണ്.

ആദ്യമാദ്യം പത്തോ ഇരുപതോ പേർ കഴിക്കാൻ വരുമായിരുന്നു. ഇപ്പോൾ നൂറിലേറെ പേർ വിശപ്പടക്കാൻ എത്തുന്നു. വിവരമറിഞ്ഞ് കച്ചവടക്കാർ സാധനങ്ങൾ വില കുറച്ചും സൗജന്യമായും നൽകി വിജിയെ സഹായിക്കാൻ തുടങ്ങി. പാലത്തിനടിയിൽ നല്ല തണലായിരുന്നു പക്ഷേ, ചിലർ വെറുതേ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചതോടെ ഷൊർണൂരിൽനിന്ന് ചെറുതുരുത്തിയിലേക്ക് കേന്ദ്രം മാറ്റി. വള്ളത്തോൾ നഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സുലൈമാനും സിപിഐ എം പ്രവർത്തകരും വിജിക്ക് വേണ്ട സഹായം നൽകി.
പൊലീസ് പിടിച്ചിട്ട വണ്ടികളുടെ അടുത്ത് ഒഴിവുള്ള സ്ഥലത്താണ് ഇപ്പോൾ ഭക്ഷണം ഉണ്ടാക്കുന്നതും വിതരണവും. ഒരു ദിവസം 5000 രൂപയോളം ചെലവുവരും. ഞായറാഴ്ച രാവിലെ ഒമ്പതോടെ വിജി അരിയും സാമാനങ്ങളുമായി സ്ഥലത്തെത്തും.അനിയൻ ഗോപാലനും സഹായത്തിനുണ്ട്. മിണ്ടാൻ വയ്യാത്ത ശിവദാസും ഒപ്പമുണ്ട്. ഒരിക്കൽ സഹായമനസ്കരായ ചിലർ ചേർന്ന് 20,000 രൂപ തന്നു. ഇതുപയോഗിച്ചാണ് പാത്രങ്ങൾ വാങ്ങിയത്. കുറേ വിറക് ഉണ്ടായിരുന്നത് ആരോ കട്ടെടുത്തതോടെ അധികം വിറക് ശേഖരിച്ചുവയ്ക്കാറില്ല.

അന്നദാനം തുടങ്ങി രണ്ടു മാസം കഴിഞ്ഞപ്പോൾ വിജിയുടെ മകൻ ഗൾഫിന് പോയി. വിജിയും പോകാൻ തയാറായിരുന്നു. "അമ്മ കൂടി വന്നാൽ ഈ പാവങ്ങൾ എങ്ങനെയാണ് വിശപ്പടക്കുക.ആഴ്ചയിലൊരു ദിവസം ആരാണ് ഭക്ഷണം കൊടുക്കുക'' എന്ന് മകൻ പറഞ്ഞതോടെ വിജി യാത്ര വേണ്ടെന്നുവച്ചു. നാലു സെന്റ് സ്ഥലമുണ്ട്. പഞ്ചായത്തിൽനിന്ന് രണ്ടുലക്ഷം വീടുവയ്ക്കാൻ സഹായമായി ലഭിച്ചു. മകൻ ഗൾഫിൽനിന്ന് കടം വാങ്ങി അയച്ച തുകയും കൂട്ടി വീടുപണി നടക്കുകയാണ്. 'ഇപ്പോൾ എനിക്ക് പണിയില്ല. എങ്കിലും ഞായറാഴ്ചവിരുന്ന് ഞാൻ മുടക്കില്ല' വിജിയുടെ വാക്കുകളിൽ നിശ്ചയദാർഢ്യവും കരുണയും.

റെയിൽവേയിൽ മെറ്റൽ കൂട്ടിയിടുന്ന പണിയായിരുന്നു വിജിക്ക്. ഇപ്പോൾ അതില്ല. മോന് നാല് മാസമുള്ളപ്പോൾ ഭർത്താവ് ഉപേക്ഷിച്ചുപോയി. തളരാതെ ഓരോ പണിചെയ്ത് മകനെ വളർത്തി. ഇപ്പോൾ ലോട്ടറി ടിക്കറ്റ് വിറ്റുകിട്ടുന്ന പണംകൊണ്ടാണ് അന്നദാനം നടത്തുന്നത്. പിന്നെ നല്ലവരായ ചിലരുടെ അകമഴിഞ്ഞ സഹായവും വിജിയുടെ സേവനങ്ങൾക്ക് പിൻബലമേകുന്നു.

തലയ്ക്ക് സുഖമില്ലാത്തവർ മുതൽ കഴുകൻകണ്ണുള്ളവർ വരെ ഇവിടെ എത്തുന്നുണ്ട്. എങ്കിലും തനിക്ക് കാര്യമായ ശല്യമുണ്ടായിട്ടില്ലെന്ന് വിജി പറഞ്ഞു. ചെറുതുരുത്തി നായനാർ സ്മാരക ട്രസ്റ്റ് പോലുള്ള നിരവധി സ്ഥാപനങ്ങളും സംഘടനകളും കരുണയുടെ പ്രതീകമായ വിജിയെ ആദരിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top