28 March Thursday

ഞാനും സ്ത്രീയാണ് അവഗണിക്കരുത്

സിജി ഗോവിന്ദ്‌Updated: Tuesday Apr 30, 2019


നീറിപ്പുകയുന്ന ജീവിതത്തിനുടമയാണവള്‍. 30 വര്‍ഷത്തിനിടെ അനുഭവിക്കാത്ത വേദനകളില്ല. വിധിയെ പഴിച്ച് കണ്ണീര് തൂകാനും അവള്‍ക്കിഷ്ടമില്ല. തീരാവേദനകള്‍ ഇന്നല്ലെങ്കില്‍ നാളെ തീരുമെന്ന ശുഭാപ്തി വിശ്വാസത്തിലാണവള്‍. ഇത് പ്രീതി.

പങ്ങാരപ്പിള്ളി  കരുവാൻ കുന്നത്ത്  പരേതനായ വേലായുധന്റെ മകൾ . തൊലി അടർന്നുപോകുന്ന അപൂർവ രോഗത്താൽ അവളുടെ ജീവിതം വഴിമുട്ടി നിൽക്കുകയാണ്‌. ഈ യുവതിയുടെ  ദൈന്യാവസ്ഥ ചേലക്കരയുടെ മൊത്തം ദുഃഖമായി. ലക്ഷങ്ങളിൽ ഒരാൾക്ക് മാത്രമുണ്ടാകുന്ന അത്യപൂർവരോഗമാണിതെന്നാണ് ഡോക്ടർ പറയുന്നത്. രോഗത്തിന്റെ അവസ്ഥമൂലം മുഖത്തെ ഉൾപ്പടെ തൊലി അടർന്ന് പോകുന്നു. മറ്റുള്ളവർ കാണുമ്പോൾ മുഖം തിരിക്കുകയോ ഭയത്തോടെ പെരുമാറുകയോ ചെയ്യുന്നത് പ്രീതിയെ വല്ലാതെ ദുഃഖിതയാക്കി. ഇത് കാരണം മറ്റാളുകളുമായി സമ്പർക്കത്തിന് പ്രീതി മടിക്കുകയാണ്. അയൽപ്പക്കക്കാർ പ്രീതിയോട് സ്നേഹത്തോടെയാണ് ഇ‌ടപഴകുന്നത്. മറ്റിടങ്ങളിലേക്ക് പോകുമ്പോഴാണ് കൂടുതലും അവഗണന നേരി‌ടുന്നത്. ജനിച്ചപ്പോൾ മുതൽ ഈരോഗത്തിന്റെ പിടിയിലാണ് ഈ യുവതി . 

പ്രതിസന്ധികളിൽ തളരാതെ പത്താംക്ലാസ് വരെ പഠിച്ചു. അതും  ക്ലാസ്സിലെ  ബെഞ്ചിൽ ഒറ്റയ്ക്കിരുന്ന്. മറ്റാരും കൂട്ടുകൂടാൻ പോലും അധികം വരാറില്ലായിരുന്നു. വർഷങ്ങൾക്ക് മുമ്പേ അച്ഛൻ മരിച്ചു. അമ്മ കൂലിപ്പണിയെടുത്ത് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് ജീവിതം കഴിഞ്ഞിരുന്നത്. ചികിത്സയ്ക്കായി  സമ്പാദ്യമെല്ലാം ചെലവഴിച്ചു. ഇതിനിടെ പ്രീതിയുടെ അമ്മയ്ക്കും ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയായി. കടയിൽ ജോലിയെടുക്കുന്ന സഹോദരന്റെ വരുമാനമാണ് ഇപ്പോൾ കുടുംബത്തിനുള്ളത്. ശരീരത്തിൽ ചൂടേൽക്കാൻ പാടില്ലെന്നാണ് ചികിത്സിക്കുന്ന വൈദ്യർ പറഞ്ഞിരിക്കുന്നത്. ചൂടേറ്റാൽ ശരീരം വിണ്ടുകീറും.

തൊലി ഉരുകുന്ന വേദനയിൽ നിന്നും രക്ഷനേടാനായി പ്രീതി ഇടയ്ക്കിടെ ശരീരത്തിൽ വെള്ളമൊഴിക്കുന്നത് ശീലമാക്കി.  ചികിത്സയിലൂടെ ചെറിയൊരു ആശ്വാസം ലഭിച്ച് തുടങ്ങിയതായി പ്രീതി പറയുന്നു. അയൽക്കാരനായ ഹരിഹരൻ പങ്ങാരപ്പിള്ളിയുടെ നേതൃത്വത്തിൽ പങ്ങാരപ്പിള്ളി പ്രവാസി കൂട്ടായ്മയും , കൂടെ എന്ന സന്നദ്ധ സംഘടനയും ചെറിയ സാമ്പത്തിക സഹായങ്ങൾ നൽകിയിട്ടുണ്ട്. ഈയിടെ ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ പ്രീതിയെക്കുറിച്ചറിഞ്ഞ്, അവരുടെ ശ്രമഫലമായി ഒറ്റ ദിവസം കൊണ്ട് ഒരുലക്ഷത്തിപ്പതിനായിരം രൂപ പിരിച്ചു നൽകി. ഒപ്പം കോളേജിലേക്ക് വിളിച്ചുവരുത്തി ആദരിച്ചു. എല്ലാരാലും ഒറ്റപ്പെട്ടു കഴിയുന്ന പ്രീതിക്ക് ഈ അനുഭവം നേടിക്കൊടുത്ത ആത്മവിശ്വാസം ചില്ലറയല്ല. ഇതൊക്കെയാണ് എത്ര തിരിച്ചടി നേരിട്ടാലും മുന്നോട്ടു  പോകാനുള്ള കരുത്തായി മാറുന്നതെന്ന് പ്രീതി പറഞ്ഞു. ഇന്നിപ്പോൾ രോഗം മാറി പുതിയൊരു ജീവിതമുണ്ടാകുമെന്ന വിശ്വാസത്തിലാണ് പ്രീതി.

ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ ഭ്രഷ്ട്‌ കല്പിക്കുന്ന കാലമൊമൊക്കെ കഴിഞ്ഞിട്ടും സൗന്ദര്യമില്ലായ്മയുടെ പേരില്‍ എന്തിനീ അവഗണനയെന്നാണ് പ്രീതി സമൂഹത്തോട് ചോദിക്കുന്നത്. ഇത്തരം നിലപാടുകള്‍ സമൂഹം വെച്ചുപുലര്‍ത്തുന്നതിനാലാണ് അമ്മയുടെയും സഹോദരന്റെയും പേര് വെളിപ്പെടുത്താന്‍ തയ്യാറാവാത്തത് . താന്‍ മൂലം അവര്‍ക്കൊരു ബുദ്ധിമുട്ടും സമൂഹത്തില്‍ നിന്നുമുയരാന്‍ പാടില്ലെന്നത് പ്രീതിയുടെ വാശിയാണ്. എന്നെപ്പോലുള്ളവര്‍ക്കും ഇവിടെ ജീവിക്കണം. ജീവിതത്തില്‍ പുത്തന്‍ പ്രതീക്ഷകളോടെയിരിക്കുകയാണ് പ്രീതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top