24 April Wednesday

പടരും കാട്ടുചെടിപോലെ...

സി വി രാജീവ്Updated: Sunday Jan 30, 2022


"ചിറകേയില്ലാത്തൊരു വെറുമാകാശമായ് അറിയാതങ്ങനെ ഞാൻ അഴിഞ്ഞു പരന്നുപോയ്’ ഇ മീരയുടെ(മീര രമേഷ്) ബോധിവൃക്ഷത്തിലെ പരുന്ത് എന്ന കവിതയിലെ വരികൾ. അടുത്തിടെ, ഗോൾഡൻ ക്യാറ്റ് പുരസ്‌കാരം നേടിയ ഈ കാവ്യം പോലെ പ്രതിഭയുടെ വിശാലസഞ്ചാരമാണ് മീരയുടെ കലാലോകം. ആത്മാവിഷ്‌കാരത്തിന്റെ വിഭിന്ന ഭാവങ്ങളുടെ സഞ്ചയം. ചിത്രകാരി, കവയിത്രി, വിവർത്തക, ഡിസൈനർ...വിവിധ മേഖലകളിലൂടെയുള്ള ജീവിതയാത്ര. ‘അ' ഹൈദരാബാദ് സാംസ്‌കാരികവേദി ആഗോളതലത്തിൽ ഏർപ്പെടുത്തിയതാണ് ഗോൾഡൻ ക്യാറ്റ് പുരസ്‌കാരം. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണിത്. "ഒന്നും വെവ്വേറെയായി തോന്നിയിട്ടില്ല. എല്ലാം ഒന്നുതന്നെ,- വരയും കവിതയും മൊഴിമാറ്റവുമെല്ലാം സ്വയം ആവിഷ്‌കരിക്കുന്നതിനും അതിജീവനത്തിനുമുള്ള വഴികളാണെന്ന് മീര പറയുന്നു. ചിത്രകല ശാസ്‌ത്രീയമായി അഭ്യസിച്ചിട്ടില്ല. തോന്നലുകൾ വരച്ചു. ഇപ്പോൾ ഓൺലൈനിലൂടെ നിരവധി പേരെ വര പഠിപ്പിക്കുന്നു.  

പ്രകൃതിയുടെ രസഭേദങ്ങളും സ്‌ത്രീയുടെ വിഹ്വലതകളും ഉയിർപ്പും ആത്മവിശ്വാസവും പ്രമേയമാകുന്നതാണ് മീരയുടെ കൂടുതൽ ചിത്രങ്ങളും. നിരവധി പുസ്‌തകങ്ങൾക്ക് കവർചിത്രവും സാഹിത്യകൃതികൾക്ക് ഇല്യൂസ്ട്രേഷനും തയ്യാറാക്കി. ഗ്രീൻ പെപ്പർ പബ്ലിക്ക പ്രസിദ്ധീകരിച്ച ‘അഷിതയുടെ ഹൈക്കു കവിതക'ളുടെ ആദ്യ പതിപ്പിൽ വരികൾക്കൊപ്പം പ്രാധാന്യമുള്ള ചിത്രങ്ങളാണ് വരച്ചത്. അശോകൻ ചരുവിലിന്റെ കാട്ടൂർക്കടവ്-2018 എന്ന വെബ് നോവലിനായി ഈയിടെ വരച്ചത് ഇരുന്നൂറോളം ചിത്രങ്ങൾ. മ്യൂറൽ പെയിന്റിങ്ങിലും കൈവച്ചു. അതും പരമ്പരാഗതരീതിയിൽനിന്ന് വിഭിന്നമായി. ആദ്യംചെയ്‌ത മ്യൂറൽ ഒരു ഇറ്റലിക്കാരൻ വാങ്ങിക്കൊണ്ടുപോയി. ലളിതകലാഅക്കാദമി, പാണ്ടിക്കാട് കേന്ദ്രമായുള്ള ‘വരക്കൂട്ടം',  ചിത്രകലാപരിഷത്ത് എന്നിവർ പ്രോത്സാഹനമേകി.  സ്വന്തം കവിതകളെ പ്രമേയമാക്കിയും വരകളുണ്ട്.  ഇലവീട് എന്ന കവിതാസമാഹാരത്തിന് 2016ൽ ഇടശ്ശേരി സ്മാരക പ്രവാസി പുരസ്കാരം ലഭിച്ചു. കവിതാലാപനത്തിലും ശ്രദ്ധേയയാണ് മീര.

മൊഴിമാറ്റത്തിന്റെ ലോകം
ഡൽഹിയിലെ ജീവിതകാലത്താണ് വിവർത്തനത്തിൽ കൈവയ്‌ക്കുന്നത്. വിവർത്തകയായ സ്മിത മീനാക്ഷിയുമായുള്ള സൗഹൃദമാണ് ഇതിന് വഴി തെളിച്ചത്. സൈകതം ബുക്‌സ്‌ പ്രസിദ്ധീകരിച്ച ഒരു അടിമപ്പെൺകുട്ടിയുടെ ജീവിതാനുഭവങ്ങൾ ആണ് ആദ്യ വിവർത്തനപുസ്‌തകം.കവി സച്ചിദാനന്ദന്റെ ട്രഡീഷൻ ഓഫ് ഡിസന്റ്‌ ഇൻ ഇന്ത്യൻ പോയട്രി എന്ന ലേഖന സമാഹാരം ‘പ്രതിരോധ പാരമ്പര്യം ഇന്ത്യൻ കവിതയിൽ' എന്ന പേരിൽ മൊഴിമാറ്റി. ആമിന ഒന്നും മിണ്ടാത്തവൾ(ആമിന- ദ സൈലന്റ്‌ ഗേൾ, ഫിസ പഠാൺ), ജമൈക്ക ഇൻ(ഡാഫ്നി ഡു മൊറിയെ) എന്നിവയും വിവർത്തനപുസ്‌തകങ്ങളാണ്.  മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്‌ക്കടുത്ത് ആനമങ്ങാട് സ്വദേശിയാണ് മീര. അച്ഛൻ പരേതനായ ഇ വിജയകുമാർ. അമ്മ: രാജലക്ഷ്മി. ഭർത്താവ്: രമേഷ്. മകൻ നന്ദകിഷോർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top