29 March Friday

ലേശംകൂടി സ്വാദ് കൂട്ടാം

ഐ സ്മിതUpdated: Sunday Jan 30, 2022

പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ മുന്നിലുണ്ട് കോഴിമുട്ട. മഹാമാരിക്കാലത്ത് അതിന് പ്രാധാന്യവും ഏറെ. മുട്ട കൊണ്ടുള്ള വിഭവങ്ങൾ കൂടുതൽ രുചികരമാക്കാൻ അൽപ്പം ടിപ്സ്. ഓംലെറ്റ് മയമുള്ളതാക്കാൻ മുട്ട വെള്ളയും മഞ്ഞയും വെവ്വേറെ ബൗളുകളിൽ എടുത്ത് നന്നായിട്ട്‌ ബീറ്റ് ചെയ്യുക. മുട്ട വെള്ളയിൽ ഒരു നുള്ള് സോഡാപ്പൊടി ഇട്ട് നന്നായിളക്കിയ ശേഷം മഞ്ഞക്കരു ബീറ്റ് ചെയ്‌തതിൽ ചേർത്ത് ഇളക്കുക. മുട്ട അടിച്ചതിൽ അൽപ്പം പാൽ കൂടി ചേർത്ത് ഇളക്കി ഓംലെറ്റ് ഉണ്ടാക്കി നോക്കൂ. നല്ല മയമുണ്ടാകും.

മുട്ട മഞ്ഞയിൽ ഒരു നുള്ള് കോൺഫ്ളോറും ഒരു നുള്ള് പഞ്ചസാരപ്പൊടിയും ചേർത്ത് യോജിപ്പിച്ചശേഷം വെള്ളക്കരുവിനൊപ്പം ചേർക്കുക.  ഇനി ഓംലെറ്റ് ഉണ്ടാക്കി നോക്കൂ. നല്ല ബ്രൗൺ നിറമുള്ള ഓംലെറ്റ് റെഡി. ഓംലെറ്റിന്റെ മറ്റു ചേരുവകൾ കൂടി ചേർക്കാൻ മറക്കണ്ട.  മുട്ട ബീറ്റ് ചെയ്യുന്നത് അലുമിനിയം  ബൗളിൽ ആകരുത്. ഒരു സ്റ്റീൽ ബൗളിൽ മുട്ട ഒഴിച്ച് എഗ്ഗ് ബീറ്ററിന്റെ സഹായത്താൽ ബീറ്റ് ചെയ്‌തു നോക്കിയാൽ നന്നായി പതഞ്ഞു വരുന്നതു കാണാം. അലൂമിനിയം പാത്രത്തിൽ മുട്ട വെള്ള ബീറ്റ് ചെയ്‌താൽ കറുത്ത് പോകാനിടയുണ്ട്.  

മുട്ട കേക്ക് അലങ്കരിക്കാനായും മറ്റും ബീറ്റ് ചെയ്യുമ്പോൾ കട്ടി ആയി ലഭിക്കാൻ മുട്ടവെള്ളയ്‌ക്ക് ഒപ്പം ഒരു നുള്ള് ക്രീം ഓഫ് റ്റാർട്ടാർ കൂടി ചേർക്കുക. മുട്ട വെള്ളം പോലെ ആകുന്നത് തടയുകയും ചെയ്യാം.   

മുട്ട മഞ്ഞ മിച്ചം വന്നത് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഒരു ബൗളിലെ തണുത്ത വെള്ളത്തിൽ ഇട്ട് വയ്‌ക്കണം എന്ന് മാത്രം. മൂന്നുദിവസംവരെ ഇപ്രകാരം സൂക്ഷിക്കാം.  

മുട്ട ഫ്രിഡ്ജിൽ വയ്‌ക്കുമ്പോൾ വെള്ളത്തോടെ  വയ്‌ക്കരുത്. ബാക്ടീരിയ, ദുർഗന്ധം എന്നിവയൊക്കെ ഉണ്ടാകാനുള്ള ഇടയുണ്ട്.  ഉപയോഗിക്കുന്നതിനു മുമ്പായി കഴുകാം.   പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ വയ്‌ക്കും മുമ്പ്‌ തോട് കളയുക.  ഇനി കുറച്ചു വെള്ളം എടുത്ത ഒരു ബൗളിൽ ഇട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുക . അൽപ്പം പൊട്ടിയ മുട്ട പുഴുങ്ങുമ്പോൾ ഒരു ടീസ്‌പൂൺ വിനാഗിരി കൂടി ആ വെള്ളത്തിൽ ഒഴിക്കുക.  മുട്ട 15 മിനിറ്റിൽ കൂടുതൽ നേരം പുഴുങ്ങരുത്. മുട്ട മഞ്ഞയ്‌ക്ക് പുറമെ കറുത്ത ഒരു വലയം പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കാനാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top